»   » നടി ആയില്ലെങ്കില്‍, കല്യാണം കഴിച്ച് രണ്ട് മൂന്ന് കുട്ടികളുടെ അമ്മയായി സുഖമായി കഴിയാമായിരുന്നു;കാവ്യ

നടി ആയില്ലെങ്കില്‍, കല്യാണം കഴിച്ച് രണ്ട് മൂന്ന് കുട്ടികളുടെ അമ്മയായി സുഖമായി കഴിയാമായിരുന്നു;കാവ്യ

Posted By: Rohini
Subscribe to Filmibeat Malayalam

കളിച്ചു നടക്കുന്ന പ്രായത്തില്‍ സിനിമയില്‍ എത്തിയതാണ് കാവ്യ മാധവന്‍. പൂക്കാലം വരവായി എന്ന ചിത്രം മുതല്‍ ഇപ്പോള്‍ ഏറ്റവും ഒടുവില്‍ പിന്നെയും എന്ന ചിത്രം വരെ വന്നു നില്‍ക്കുന്നു അഭിനയ ജീവിതം. പ്രേക്ഷകര്‍ക്ക് മുന്നിലാണ് കാവ്യ വളര്‍ന്നത്. കാവ്യയുടെ വ്യക്തിപരമായ കാര്യങ്ങളും ആരാധകര്‍ക്ക് നന്നായി അറിയാം.

സിനിമയില്‍ വന്നില്ലായിരുന്നെങ്കില്‍ ആരാകുമായിരുന്നു എന്ന ചോദ്യം പല സെലിബ്രിറ്റികളോടും ചോദിച്ചിട്ടുള്ളതാണ്. പലരും പറയും അതേ കുറിച്ച് ചിന്തിച്ചിട്ടില്ല എന്ന്. എന്നാല്‍ കാവ്യ പറയുന്നു, തീര്‍ച്ചയായും ഞാനത് ചിന്തിച്ചു നോക്കിയിട്ടുണ്ട്.

മോഹന്‍ലാലിനെ കല്യാണം കഴിക്കാനായിരുന്നു ആഗ്രഹം; സൂപ്പര്‍താരങ്ങളെ കുറിച്ച് കാവ്യ

നടിയായി സിനിമയില്‍ എത്തിയില്ലായിരുന്നുവെങ്കില്‍ ഒരു കല്യാണമൊക്കെ കഴിച്ച് രണ്ട് മൂന്ന് കുട്ടികളുടെ അമ്മയൊക്കെയായി നീലേശ്വരത്തെ ഏതെങ്കിലും പ്രാന്തപ്രദേശത്ത് നല്ലൊരു വീട്ടമ്മയായി സുഖമായി കഴിയുന്നുണ്ടാകുമായിരുന്നു. തീര്‍ച്ചയായും ജോലിക്കു പോകുന്ന സ്ത്രീ ആയിരിക്കില്ല- കാവ്യ പറഞ്ഞു.

പക്ഷെ സിനിമയില്‍ എത്താന്‍ കഴിഞ്ഞത് അനുഗ്രഹമാണെന്നും നടി കൂട്ടിച്ചേര്‍ത്തു. മനോരമയിലെ മി മൈസെല്‍ഫ് എന്ന അഭിമുഖ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കാവ്യ. കാവ്യയുടെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം.

സിനിമയെ ഒരിക്കലും തള്ളിപ്പറയാന്‍ സാധിക്കില്ല

എന്റെ ജീവിതത്തിന്റെ 95 ശതമാനവും സിനിമയുമായി ബന്ധപ്പെട്ടതാണ്. ഒരു അഞ്ച് വയസ്സുവരെ മാത്രമേ ഞാനൊരു സാധാരണ ജീവിതം നയിച്ചിട്ടുള്ളൂ. പിന്നെ എനിക്കുണ്ടായതെല്ലാം സിനിമ തന്നിട്ടുള്ളതാണ്. എന്റെ ബന്ധങ്ങളും അറിവും എല്ലാം സിനിമയില്‍ നിന്നുണ്ടായതാണ്. ആ സിനിമയെ ഒരിക്കലും തള്ളിപ്പറയാനോ മാറ്റി നിര്‍ത്താനോ കഴിയില്ല. ഒരു സിനിമാ പാരമ്പര്യവുമില്ലാത്ത കുടുംബത്തില്‍ നിന്ന് സിനിമയില്‍ എത്തിയിട്ടുണ്ടെങ്കില്‍ അത് എന്റെ യോഗമാണെന്നാണ് വിശ്വസിക്കുന്നത്.

ന്യൂ ജനറേഷന്‍ സിനിമയെ മാറ്റി നിര്‍ത്തിയിട്ടില്ല

ന്യൂ ജനറേഷന്‍ സിനിമയെ ഞാനൊരിക്കലും മാറ്റി നിര്‍ത്തിയിട്ടില്ല. ന്യൂ ജനറേഷന്‍ സിനിമകള്‍ എന്നെ മാറ്റി നിര്‍ത്തുന്നു എന്നതാണ് സത്യം. സിനിമ മാറി എന്ന് പറഞ്ഞ് അഭിനയം നിര്‍ത്താന്‍ കഴിയുമോ. പിന്നെ എന്നെ വച്ച് ന്യൂ ജനറേഷന്‍ സിനിമ ചെയ്യുക എന്ന റിസ്‌ക്ക് എടുക്കാന്‍ സംവിധായകര്‍ തയ്യാറായാല്‍ അഭിനയിക്കാം

ക്യാമറയ്ക്ക് മുന്നില്‍ മാത്രമാണ് താരം

ക്യാമറയ്ക്ക് മുന്നില്‍ മാത്രമാണ് ഞാന്‍ താരം. അല്ലാത്തപ്പോള്‍ ശരിക്കും ഒരു സാധാരണക്കാരിയാണ്. ആര്‍ട്ടിസ്റ്റ് എന്നത് വീട്ടില്‍ ഒരിക്കലും ഒരു ചര്‍ച്ചാ വിഷയം ആകാറില്ല. എന്നെ വളര്‍ത്തി കൊണ്ടുവന്നതും അങ്ങനെയാണ്. അതുകൊണ്ട് തന്നെ സാധാരണ ജീവിതത്തിന് തന്നെയാണ് എന്നും മുന്‍തൂക്കം.

സിനിമയില്‍ പുരുഷമേധാവിത്വം ഉണ്ടെന്ന് വിശ്വസിക്കുന്നില്ല

സിനിമയില്‍ പുരുഷമേധാവിത്വം എന്ന് പറയുന്നതില്‍ വിശ്വസിക്കുന്നില്ല. അതിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കി കഴിഞ്ഞാല്‍ ഒരു പ്രശ്‌നവുമില്ല. ഇപ്പോള്‍ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരങ്ങളൊക്കെ വര്‍ഷങ്ങളായുള്ള അവരുടെ അധ്വാനം കൊണ്ട് നേടിയെടുത്തതാണ് സ്റ്റാര്‍ഡം. അത് ജനങ്ങള്‍ കൊടുക്കുന്ന അംഗീകാരമാണ്. സിനിമ എന്ന ബിസിനസ് നടക്കുന്നതും നായകന്മാരെ അടിസ്ഥാനമാക്കിയാണ്. വ്യക്തിപരമായി എനിക്കങ്ങനെ ഒരു അനുഭവവും ഉണ്ടായിട്ടില്ല. ഞാന്‍ പോകുന്ന സ്ഥലത്തൊക്കെ എനിക്ക് ലഭിയ്‌ക്കേണ്ട ബഹുമാനവും പരിഗണനയും കിട്ടിയിട്ടുണ്ട്.

എന്റെ ശബ്ദം നല്ലതല്ല എന്ന് തോന്നിയത്

എന്റെ ശബ്ദം ഒരേ സമയം തന്നെ നല്ലതും ചീത്തയുമായി തോന്നിയിട്ടുണ്ട്. സാഹചര്യം അനുസരിച്ച് ഒരാളുടെ സ്വഭാവം മാറുന്നത് പോലെയാണ് എന്റെ ശബ്ദവും. മലയാളം പദ്യം ചൊല്ലല്‍, കഥകളി സംഗീതം, ശാസ്ത്രീയ സംഗീതം പോലുള്ള പരിപാടികള്‍ക്ക് എന്റെ ശബ്ദം നല്ലതാണ്. പക്ഷെ ലളിതഗാനം പോലുള്ള പരിപാടിയ്ക്ക് എന്റെ ശബ്ദം യോജിക്കില്ല. പിന്നെ എന്റെ ശബ്ദം ആണിന്റേതാണെന്ന് ആള്‍ക്കാര്‍ പറയാന്‍ തുടങ്ങിയപ്പോള്‍ വിഷമം തോന്നുമായിരുന്നു.

പ്രശ്‌നങ്ങളെ തരണം ചെയ്യാന്‍ സിനിമ സഹായിച്ചു

എന്റെ സങ്കടങ്ങളെ തരണം ചെയ്യാന്‍ പലപ്പോഴും സിനിമ സഹായിച്ചിട്ടുണ്ട്. ജീവിതത്തിലെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ ചെയ്ത കഥാപാത്രങ്ങളോ, ഒപ്പം അഭിനയിച്ചവരുടെ സ്വാധീനമോ സഹായിച്ചിട്ടുണ്ട്. സിനിമ എനിക്ക് നല്ലതേ തന്നിട്ടുള്ളൂ

ആഗ്രഹിക്കുന്നത് പോലെയല്ല ജീവിതം പോകുന്നത്

വളരെ അധികം ആലോചിച്ച് പ്ലാന്‍ ചെയ്ത് ചെയ്യുന്ന കാര്യങ്ങളൊക്കെ പണ്ടേ നിര്‍ത്തി. ആഗ്രഹിച്ചത് പോലെയൊന്നുമല്ല ജീവിതം മുന്നോട്ട് പോകുന്നത്. എന്നെ സംബന്ധിച്ച് ഞാന്‍ അര്‍ഹിയ്ക്കുന്നതിലും കൂടുതല്‍ എനിക്ക് ദൈവം തന്നിട്ടുണ്ട്. സിനിമ ചെയ്യുമ്പോള്‍ ഇനി കൂടുതല്‍ ശ്രദ്ധിയ്ക്കും. വെറുതേ ഒരു കഥാപാത്രം ചെയ്യാനിനി ഇല്ല. ലക്ഷ്യയുടെ കാര്യങ്ങളും നോക്കണം. അത്രമാത്രം

ആരാധന തോന്നുന്നത് ആരോടാണ്

ഞാന്‍ ആഗ്രഹിച്ച കാര്യം, എനിക്ക് ചെയ്യാന്‍ സാധിക്കാത്ത കാര്യം മറ്റാര് ചെയ്യുന്നത് കണ്ടാലും എനിക്ക് അവരോട് ആരാധനയാണ്. അതിപ്പോള്‍ ചെറിയ കുട്ടിയാണെങ്കിലും എനിക്കവരോട് ആരാധന തോന്നും. സിനിമയില്‍ സുകുമാരി ചേച്ചിയോട് ആരാധന തോന്നിയിട്ടുണ്ട്.

ചെയ്ത് കഴിഞ്ഞ ഒരു സിനിമ വേണ്ടായിരുന്നു എന്ന് തോന്നിയിട്ടില്ല

സിനിമ പരാജയപ്പെടുമ്പോള്‍, അയ്യോ ആ കഥാപാത്രം ചെയ്യേണ്ടായിരുന്നു എന്ന് തോന്നിയിട്ടില്ല. തോന്നിയാലും പറയാന്‍ പാടില്ല. ഒരു സിനിമ ഏറ്റെടുക്കുന്നതിന് മുമ്പ് പറയാം. പക്ഷെ കരാറൊപ്പിട്ടാല്‍ പറയരുത്. നമ്മളെ ആരും നിര്‍ബന്ധിച്ചിട്ട് പോയി അഭിനയിച്ചതല്ലല്ലോ. ഇഷ്ടപ്പെട്ടു ചെയ്തു. പ്രേക്ഷകര്‍ക്കിഷ്ടപ്പെട്ടില്ലെങ്കില്‍ അത് നഷ്ടം.

സിനിമയില്‍ ദുരനുഭവങ്ങള്‍ ഉണ്ടായോ?

സിനിമയില്‍ എനിക്ക് ദുരനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. പാരവെപ്പൊന്നും എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. പക്ഷെ സിനിമയില്‍ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയ സൗഹൃദങ്ങള്‍ കുറവാണ്- കാവ്യ മാധവന്‍ പറഞ്ഞു.

English summary
If i am not became an actress, i will be a good house wife says Kavya Madhavan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam