സാന്ത്വനത്തിലേക്ക് രണ്ട് തവണ എന്നെ റിജക്ട് ചെയ്തതാണ്! ഇന്നും ഞാന്‍ സേതുവാണ്: ബിജേഷ് അവണൂര്‍

ഒത്തിരി ആഗ്രഹിച്ചാല്‍ അത് നമ്മളെ തേടി എത്തും. കാലചക്രം നമുക്ക് വേണ്ടി സാഹചര്യം ഒരുക്കി തരുമെന്ന് പറയുകയാണ് നടന്‍ ബിജേഷ് അവണൂര്‍. കുടുംബപ്രേക്ഷകരുടെ സാന്ത്വനം സീരിയലിലെ സേതു എന്ന കഥാപാത്രമാണ് ബിജേഷിനെ ജനകീയനാക്കുന്നത്. ആദ്യമായി അഭിനയിച്ച സീരിയലിലെ കഥാപാത്രത്തിലൂടെയാണ് നടന്‍ ഇന്നും അറിയപ്പെടുന്നത്.

അഭിനയമോഹം ഉള്ളിലൊതുക്കി ബിസിനസുകാരനായെങ്കിലും കാത്തിരുന്നത് തന്നെ തേടി എത്തുകയായിരുന്നു. ദുരന്തങ്ങള്‍ പലതും അതിജീവിച്ച് ലക്ഷ്യത്തിലേക്ക് എത്തുന്നതിന്റെ സന്തോഷം ബിജേഷ് ഫില്‍മിബീറ്റ് മലയാളത്തോട് പങ്കുവെച്ചിരിക്കുകയാണ്....

bijesh

ചെറുപ്പത്തിലേ അഭിനയമോഹം ഉണ്ടായിരുന്നോ? എങ്ങനെ ഇവിടെ എത്തി?

ചെറുപ്പം മുതലേ അഭിനയിക്കാന്‍ വലിയ ആഗ്രഹമായിരുന്നു. പക്ഷേ വീട്ടിലെ സാഹചര്യങ്ങള്‍ കൊണ്ട് അതിലേക്ക് എത്തിപ്പെടാന്‍ ബുദ്ധിമുട്ടായിരുന്നു. കാലചക്രം നമുക്ക് വേണ്ടി സാഹചര്യം ഒരുക്കി തരുമെന്ന് പറയുന്നത് പോലെ എന്റെ മുപ്പത്തിയഞ്ചാമത്തെ വയസിലാണ് ഞാന്‍ അഭിനയത്തിലേക്ക് കടന്ന് വരുന്നത്. കുഞ്ഞ് കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ തുടങ്ങിയ നാടകാഭിനയമായിരുന്നു. ആഗ്രഹം സഫലീകരിച്ചും ജനങ്ങള്‍ എന്നെ തിരിച്ചറിഞ്ഞതും സീരിയലില്‍ അഭിനയിച്ച് തുടങ്ങിയതോടെയാണ്. ടിക്ക്‌ടോക്കില്‍ വീഡിയോ ചെയ്തതാണ് എല്ലാത്തിനും തുടക്കം.

സാന്ത്വനത്തിലെ സേതുവിനെ കുറിച്ച്...

സേതു എന്ന കഥാപാത്രത്തിലൂടെയാണ് ഞാന്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴും എന്നെ പലരും സേതു എന്നാണ് വിളിക്കുന്നതും. സാമ്പത്തികമായി ബുദ്ധിമുട്ടിയിരുന്ന കാലത്ത് മാനസിക ഉല്ലാസത്തിന് വേണ്ടിയാണ് ടിക്ക് ടോക്കില്‍ വീഡിയോ ചെയ്ത് തുടങ്ങുന്നത്. ടിക്ക് ടോക്കിലൂടെ കുറേ പേര്‍ക്കിടയില്‍ അറിയപ്പെടാന്‍ തുടങ്ങി. ലാലേട്ടനെ ഇമിറ്റേറ്റ് ചെയ്തതൊക്കെ നന്നായെന്ന് ആളുകള്‍ പറഞ്ഞ് തുടങ്ങിയതോടെ ഒരു പ്രതീക്ഷ വന്നു. എന്റെ വീഡിയോ കണ്ടിട്ടാണ് സീരിയലിലേക്ക് വിളിക്കുന്നത്.

എന്നെ പോലെയുള്ള പുതുമുഖത്തെ മേക്ക് ചെയ്ത് എടുത്തത് സാന്ത്വനത്തിന്റെ സംവിധായകന്‍ ആദിത്യനാണ്. അദ്ദേഹം മരിച്ച് പോയി. ഞാന്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ ശിഷണം കൊണ്ട് മാത്രമാണ്. സാന്ത്വനത്തിലേക്ക് രണ്ട് തവണ സംവിധായകന്‍ റിജക്ട് ചെയ്ത നടനാണ് ഞാന്‍. മൂന്നാം തവണയും എന്നെ തന്നെ വിളിച്ചാല്‍ മതിയെന്ന് വാശി പിടിച്ചത് ചിപ്പി(നടി)ചേച്ചിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ രഞ്ജിത്തേട്ടനാണ്. ഞാന്‍ തന്നെ ചെയ്യണമെന്നത് അദ്ദേഹത്തിന്റെ നിര്‍ബന്ധമാണ്. അതെന്റെ ജീവിതത്തില്‍ വഴിത്തിരിവായി. ഏറ്റവും നല്ലൊരു ടീമിനൊപ്പം വര്‍ക്ക് ചെയ്യാനും സാധിച്ചു.

രജപുത്ര ക്രിയേഷന്‍സ് എന്ന് പറയുന്ന കമ്പനി ഇപ്പോള്‍ അവന്തിക ക്രിയേഷന്‍സായി. അവര്‍ പെര്‍ഫെക്ടാണ്. പ്രതിഫലവും നമ്മളോടുള്ള സമീപനവും തുടങ്ങി സ്ത്രീകള്‍ക്കും കംഫര്‍ട്ടായി വര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന അന്തരീക്ഷമൊരുക്കി തരുന്ന നിര്‍മാതാക്കളാണ്. ആ സെറ്റിലൊരു മോശം അനുഭവം ആര്‍ക്കും ഉണ്ടാവുമെന്ന് തോന്നുന്നില്ല. അത്രയും പെര്‍ഫെക്ടാണ്.

പേരിനൊപ്പം സ്വന്തം ഗ്രാമത്തെയും ചേര്‍ത്ത് പിടിക്കാന്‍ കാരണം?

ബിജേഷ് എന്ന പേരിനൊപ്പം ഗ്രാമത്തിന്റെ പേരായ അവണൂര്‍ കൂടി ചേര്‍ത്തത് മന:പൂര്‍വ്വമാണ്. ഗ്രാമത്തിനോട് അമിത സ്‌നേഹമാണെനിക്ക്. അവിടെ എല്ലാവരും കലാകാരന്മാരാണ്. എന്തെങ്കിലും കല എല്ലാവര്‍ക്കും ഉണ്ടാവും. അവിടെ വളര്‍ന്നതാണ് എന്റെ ഏറ്റവും വലിയ ക്വാളിറ്റി. എന്റെ കഴിവുകളെ പ്രോത്സാഹിപ്പിച്ചതും അവരാണ്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഞാന്‍ എന്തെങ്കിലുമൊക്കെ ആവുമെന്ന് എല്ലാവരും കരുതി. പക്ഷേ ഒരു പത്ത് മുപ്പത് വയസ് കഴിഞ്ഞതോടെ എന്നെ കുറിച്ചുള്ള പ്രതീക്ഷകള്‍ നാട്ടുകാര്‍ക്കും ഇല്ലാതെയായി.

ചാന്‍സ് ചോദിച്ച് പോവാറുണ്ടോ?

ഒത്തിരി സുഹൃത്തുക്കള്‍ സിനിമയില്‍ ഉണ്ടെങ്കിലും ആരും എന്നെ വിളിച്ച് ഒരു വേഷം തന്നിട്ടില്ല. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ വരെ സിനിമാ മേഖലയിലുണ്ട്. ആരും എന്നെ വിളിക്കുകയോ ഒരു കഥാപാത്രമുണ്ടെന്ന് പറയുകയോ ചെയ്തിട്ടില്ല. സിനിമയെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ഞാന്‍ അടുത്തുണ്ടെങ്കിലും നിനക്ക് പറ്റിയൊരു വേഷം തരാമെന്ന് അവരാരും പറഞ്ഞിട്ടില്ല. അതിലെനിക്ക് പരിഭവമില്ല.

ഒരു പക്ഷേ എനിക്ക് യോജിക്കുന്ന വേഷങ്ങള്‍ ഇല്ലാത്തത് കൊണ്ടാവാം. സീരിയല്‍ നടനായതിന് ശേഷം നമുക്ക് ഒരുമിച്ച് സിനിമ ചെയ്യണമെന്ന് പറയുന്നവരുണ്ട്. കൂടെ നടക്കുന്നവരെ പലരും തിരിച്ചറിയുന്നില്ലെന്നതാണ് സത്യം. നമ്മള്‍ ഒരു നിലയിലെത്തി കഴിയുമ്പോഴാണ് ഇവന് ഈ കഴിവുകളൊക്കെ ഉണ്ടായിരുന്നോ എന്ന് തിരിച്ചറിയുക. ഒരു കഥാപാത്രത്തിന് ഞാന്‍ ചേരുമെന്ന് തോന്നുമ്പോഴാണ് കൂട്ടുകാരനായാലും അവസരം തരാന്‍ പറ്റുകയുള്ളു. അല്ലാത്ത പക്ഷം ആ സിനിമയെയും എന്നെയും അത് നെഗറ്റീവായി ബാധിക്കും. ചാന്‍സ് ചോദിക്കുന്നത് തെറ്റാണെന്ന് പറയുന്നില്ല. പക്ഷേ ഞാന്‍ ആരോടും അവസരം ചോദിക്കാറില്ലെന്നതാണ് സത്യം. ഒരിക്കലൊരു നടനും സംവിധായകനുമാവുമെന്നൊരു വിശ്വാസം എനിക്കുണ്ട്.

bijesh-1

സീരിയല്‍ താരങ്ങളും സിനിമാ താരങ്ങളും തമ്മിലുള്ള അന്തരമെങ്ങനെയാണ്?

സീരിയല്‍ താരങ്ങള്‍ക്ക് സിനിമയിലേക്കുള്ള അവസരങ്ങള്‍ കിട്ടാത്തതിന് കാരണം സിനിമയും സീരിയലും തമ്മിലുള്ള അന്തരം കൊണ്ടാണ്. സീരിയലിന് കുടുംബ പ്രേക്ഷകരാണുള്ളത്. അതിന് അനുസരിച്ച് കഥാപാത്രത്തിന്റെ ലെംഗ്ത് കൂട്ടുകയും ചെയ്യും. അതൊക്കെ കൊണ്ടായിരിക്കും സിനിമകളിലേക്കുള്ള സാധ്യത കുറയുന്നത്. കഴിവും ഭാഗ്യവും കൊണ്ട് കുറേ ആളുകള്‍ സീരിയലില്‍ നിന്നും സിനിമയിലേക്ക് എത്തുന്നുണ്ട്. എങ്കിലും അതത്ര എളുപ്പമല്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. നമുക്കുള്ള അവസരം നമ്മളെ തന്നെ തേടി എത്തുമെന്നാണ് തോന്നാറുള്ളത്.

ദുബായിലേക്കുള്ള യാത്ര...

സാമ്പത്തിക പ്രശ്‌നം കാരണം പത്തൊന്‍പതാമത്തെ വയസിലാണ് ദുബായിലേക്ക് പോകുന്നത്. അവിടെ ജോലി ബാര്‍ബര്‍ ഷോപ്പില്‍ ചെയ്യുന്നതിനിടയില്‍ ഷെയിഖ് ഷായിദിന്റെ ചിത്രം വരച്ചത് കണ്ടിട്ട് ഇബ്ര എന്ന ഫാഷന്‍ ഡിസൈനിങ് കമ്പനിയില്‍ എനിക്ക് ജോലി കിട്ടി. അവിടുന്ന് കാശൊക്കെ സമ്പാദിച്ച് സ്വന്തമായി കടയിട്ടു. 2009 ല്‍ വേള്‍ഡ് മണി ക്രൈസിസില്‍ എല്ലാം പൊളിഞ്ഞു. ഒന്നുമില്ലാതെ നാട്ടിലേക്ക് പോരേണ്ടി വന്നു. ഇവിടെ ബിസിനസ് ചെയ്ത് കാശൊക്കെ ഉണ്ടാക്കിയെങ്കിലും കൊറോണയോട് കൂടി എല്ലാം നശിച്ചു. ഒന്നുമില്ലാതെയായി നശിച്ച സമയത്താണ് ടിക്ക്‌ടോക്കില്‍ സജീവമാകുന്നത്.

പ്രണയാഭ്യാര്‍ഥന കിട്ടാറില്ലേ? ഇപ്പോഴും സിംഗിളായി തുടരുന്നതിന് കാരണം?

കുറേ പേരോട് ഇഷ്ടമൊക്കെ തോന്നിയിട്ടുണ്ട്. സൗന്ദര്യമുള്ള എല്ലാത്തിനെയും ആസ്വദിക്കും. പക്ഷേ പ്രണയത്തിലേക്ക് എത്തുമ്പോള്‍ നമ്മുടെ ഇഷ്ടങ്ങളിലൂടെയും കടന്ന് പോകണം. ഞാന്‍ എഴുത്തുകാരനാണ്, യാത്രകള്‍ ചെയ്യുന്ന ആളുമാണ്. സമാധാനമാണ് പ്രധാനമായിട്ടും വേണ്ടത്. സ്‌നേഹ കൂടുതല്‍ കൊണ്ടുള്ള വഴക്കും പിണക്കവുമൊന്നും ഞാന്‍ ഇഷ്ടപ്പെടുന്നില്ല. സ്‌നേഹം കൂടിയത് കൊണ്ട് ആരും പിണങ്ങുകയും അസൂയപ്പെടുകയും ചെയ്യില്ല. അത് നമ്മുടെ ഉള്ളിലുള്ള ഈഗോ കൊണ്ടാണ്. പ്രണയവും പ്രണയവിവാഹവും രസമാണ്. അതിനിടയില്‍ വരുന്ന ഈഗോ പ്രശ്‌നമാവുമ്പോഴാണ് വഴക്കുകളുണ്ടാവുന്നത്. എന്നെ മനസിലാക്കുന്ന ഒരാള്‍ വന്നാല്‍ തീര്‍ച്ചയായിട്ടും ഞാന്‍ പ്രണയിക്കും.

സിനിമയെന്ന ലക്ഷ്യത്തിലേക്ക് എത്താനായോ?

എഴുത്തുകാരനും ചിത്രക്കാരനുമാണ് ഞാന്‍. സിനിമയില്‍ സംവിധായകനാവണമെന്ന മോഹം കൂടിയുണ്ട്. ഒരു സിനിമയുടെ കഥ എഴുതി കഴിഞ്ഞു. സുഹൃത്താണ് സംവിധാനം. വൈകാതെ അത് നടന്നേക്കും. നല്ലൊരു പ്രണയകഥ സിനിമയായി ചെയ്യണമെന്നാണ് ആഗ്രഹം. മദ്യപാനമോ മറ്റ് ലഹരികളോ എനിക്കില്ല. ആകെയുള്ള സന്തോഷം സിനിമ, വര, യാത്ര എന്നിവയാണ്.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X