സീരിയലുകള്‍ നിരോധിക്കുകയല്ല ക്വാളിറ്റി കൂട്ടണമെന്നാണ് പറയേണ്ടത്! സാന്ത്വനം 2 വിശേഷങ്ങളുമായി ദീപന്‍ മുരളി
മെഗാ സീരിയലുകള്‍ക്കെതിരെ വ്യാപക വിമര്‍ശനങ്ങളും വിവാദങ്ങളും ഉയരുന്നതിനിടയില്‍ ഏഷ്യാനെറ്റ് സൂപ്പര്‍ ഹിറ്റായി മാറിയിരിക്കുകയാണ് സ്വാന്തനം 2. സ്‌നേഹവും സൗഹാര്‍ദവും നിറഞ്ഞ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന സീരിയല്‍ 200 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സാന്ത്വനത്തിലെ ആനന്ദ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയ നടന്‍ ദീപന്‍ മുരളി തന്റെ കഥാപാത്രത്തെ കുറിച്ചും സീരിയലിന്റെ വിശേഷങ്ങളും മലയാളം ഫില്‍മിബീറ്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലൂടെ പങ്കുവെക്കുകയാണ്....

200 എപ്പിസോഡ് പൂര്‍ത്തിയാക്കിയ സാന്ത്വനത്തിന്റെ വിശേഷങ്ങള്‍ എന്തൊക്കെയാണ്...?
ആനന്ദ്-ശ്രീദേവി വിവാഹമാണ് പുതിയ വിശേഷം. ഒരു സിനിമാറ്റിക് ആന്‍ഡ് റിയല്‍ എഫക്ട് തരുന്ന രീതിയില്‍ പല ഗെറ്റപ്പുകളില്‍ ആയിട്ടാണ് ആനന്ദ്-ശ്രീദേവി വിവാഹം നടക്കുക. ഹല്‍ദിയും മെഹന്തിയും സംഗീതുമടക്കം ഒരുപാട് എപ്പിസോഡുകളായി നീളുന്ന ചടങ്ങിലാണ് വിവാഹം. പിന്നെ സീരിയലിലെ എല്ലാ താരങ്ങളും തമ്മില്‍ ഭയങ്കര ബോണ്ടുണ്ട്. അമ്മയും അച്ഛനും മക്കളും മരുമക്കളും തുടങ്ങി എല്ലാവരും തമ്മില്‍ ഭയങ്കര സ്‌നേഹമാണ് അതാണ് ഈ സീരിയലിന്റെ പ്രധാന സവിശേഷത. അത് സ്‌ക്രീനിന് മുന്നിലും പ്രതിഫലിക്കുന്നുണ്ട്. അങ്ങനെ സാന്ത്വനം 200 എപ്പിസോസുകള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്.
സാന്ത്വനത്തിലേക്ക് സെലക്ടാവുന്നത് എങ്ങനെയാണ്?
നാല് തവണ സെലക്ട് ആയതിന് ശേഷമാണ് ഞാന്‍ സ്വാന്തനത്തിന്റെ ഭാഗമാകുന്നത്. കഥാനായിക, സുഖമോ ദേവി എന്നിങ്ങനെ രണ്ട് സീരിയല്‍ ചെയ്യുമ്പോഴാണ് സ്വാന്തനത്തിലേക്കുള്ള ആദ്യ ക്ഷണം വരുന്നത്. പക്ഷേ അത് മുന്നോട്ടു പോയില്ല. രണ്ടാമതൊരു പ്രൊഡക്ഷന്‍ കമ്പനി കൂടി വന്നപ്പോള്‍ വീണ്ടും ക്ഷണം ലഭിച്ചു. പക്ഷേ അതും മുന്നോട്ടു പോയില്ല. വേറൊരാളെ വെച്ച് ഷൂട്ട് ചെയ്തു നോക്കിയെങ്കിലും അത് സെറ്റ് ആവാതെ വന്നതോടെ എന്നെ തന്നെ വീണ്ടും വിളിച്ചു. പക്ഷേ മൂന്നാം തവണ വിളിച്ചത് അതിലെ വില്ലന്‍ കഥാപാത്രം ചെയ്യാനാണ്. എനിക്ക് അതിനോട് തീരെ യോജിപ്പുണ്ടായിരുന്നില്ല. ഒരുപാട് കണ്‍ഫ്യൂഷനുകള്‍ക്കും ആലോചനക്കും ശേഷമാണ് സാന്ത്വനത്തിലേക്ക് എത്തിപ്പെടുന്നത്.
സീരിയലിന് വേണ്ടി മുന്നൊരുക്കങ്ങള്‍ എടുക്കാറുണ്ടോ?
തമിഴിലിലെ പാണ്ഡ്യന്‍ സ്റ്റോഴ്‌സിന്റെ മലയാളമാണ് സാന്ത്വനമായി വന്നത്. ഈ സീരിയലിലേക്ക് അവസരം വന്നത് മുതല്‍ തമിഴിലെ സീരിയല്‍ ഞാന്‍ കാണുന്നുണ്ടായിരുന്നു. എന്റെ പേഴ്‌സണാലിറ്റിയുമായി ഒട്ടും കമ്പയര്‍ ചെയ്യാന്‍ പറ്റാത്ത കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. ബോഡി ലാംഗ്വേജ് വളരെ ഒതുക്കി, വീട്ടില്‍ നില്‍ക്കുമ്പോള്‍ ഭസ്മക്കുറി ഒക്കെ തൊട്ട്, സംസാരത്തില്‍ മിതത്വമുള്ള ഇരുത്തം വന്ന കഥാപാത്രമാണിത്. അപ്പോള്‍ എന്റെ സ്‌റ്റൈലിങ്ങൊന്നും അതില്‍ വരാന്‍ പാടില്ല. അതുകൊണ്ട് തന്നെ ഞാന്‍ അത്രയും തയ്യാറെടുപ്പുകള്‍ ഇതിനുവേണ്ടി നടത്തിയിട്ടുണ്ട്.
സാധാരണഗതിയില്‍ സീരിയലിന്റെ കഥയുടെ വണ്‍ലൈന്‍ വായിച്ചിട്ടാണ് അഭിനയിക്കാന്‍ പോവുക. പക്ഷേ ഇവിടെ വര്‍ക്ക് സ്പീഡ് ആണ്. കഥാപാത്രത്തിന്റെ മൂഡും ഇമോഷനും കണ്ടന്റുമൊക്കെ മനസ്സിലാക്കുന്നതിന് വേണ്ടി തമിഴ് ഫോളോ ചെയ്യുന്നുണ്ട്. തമിഴിലെ കഥാപാത്രവും ഇതും തമ്മില്‍ വളരെ വ്യത്യാസങ്ങള്‍ ഉണ്ട്.

അഭിനയിച്ച 15 സീരിയലുകളില്‍ ഏറ്റവും മികച്ചതായി തോന്നിയിട്ടുള്ളത്?
ഇന്‍ഡസ്ട്രിയല്‍ വന്നിട്ട് എന്റെ പതിനാലാമത്തെ വര്‍ഷമാണിത്. ഇതുവരെ ചെയ്ത സീരിയലുകളില്‍ പത്തോ ഇരുപതോ എപ്പിസോഡുകള്‍ക്ക് ശേഷമേ കഥാപാത്രം പ്രേക്ഷകരുടെ മനസ്സിലേക്ക് കയറുകയുള്ളൂ. പക്ഷേ ഈ സീരിയലില്‍ ഞാനും മേഘ്‌നയും ഒരുമിച്ചുള്ള ഫോട്ടോഷൂട്ട് നടത്തിയത് പുറത്തുവന്നത് മുതല്‍ ഞങ്ങളെ ചേര്‍ത്തുള്ള റീല്‍സുകളും മറ്റും വരാന്‍ തുടങ്ങി. ആനന്ദ് -ശ്രീ എന്ന പേരിലൊക്കെ ഫാന്‍സ് ഗ്രൂപ്പുകളും പ്രത്യക്ഷപ്പെട്ടു. ഞങ്ങള്‍ ഒരുമിച്ചുള്ള കോമ്പോ സീനുകള്‍ ഇനിയും വന്നു തുടങ്ങിയിട്ടില്ല. അതിനു മുന്‍പ് തന്നെ പേജുകള്‍ വരാന്‍ തുടങ്ങി. ശരിക്കും ഒരു ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ചിടത്തോളം വലിയ അനുഗ്രഹമാണിത്.
സോഷ്യല്‍ മീഡിയയില്‍ എന്തിനും നെഗറ്റീവ് പറയുന്ന കാലമാണിത്. അപ്പോഴാണ് ടെലികാസ്റ്റ് പോലും ചെയ്യുന്നതിന് മുന്നേ പിന്തുണ ലഭിക്കുന്നത്. പ്രേക്ഷകര്‍ക്ക് ഇഷ്ടമുള്ള ആര്‍ട്ടിസ്റ്റുകള്‍ ആയതുകൊണ്ടും ഞങ്ങളില്‍ വിശ്വാസം ഉള്ളതു കൊണ്ടുമായിരിക്കാം അങ്ങനെ ചെയ്യുന്നതെന്ന് തോന്നുന്നു. ഞങ്ങള്‍ക്ക് അപ്പോള്‍ കമ്മിറ്റ്‌മെന്റും ഉത്തരവാദിത്വവും കൂടുതലാവും.
നടി മേഘ്‌നയുമായിട്ടുള്ള സൗഹൃദത്തെ പറ്റി ചോദിച്ചാല്‍...
മേഘ്‌നയെക്കുറിച്ച് പറയുകയാണെങ്കില്‍ അത്രയും നല്ല സഹതാരത്തെ കിട്ടിയെന്നേ പറയാനുള്ളു. ഒരു സീന്‍ ചെയ്യുമ്പോള്‍ തന്നെ നമ്മുടെ മനോധര്‍മ്മത്തിന് അനുസരിച്ച് ചെയ്യാന്‍ സാധിക്കുന്നത് പരസ്പരം അത് ഷെയര്‍ ചെയ്യാന്‍ സാധിക്കുന്നത് കൊണ്ടാണ്. പ്രേക്ഷകരുടെ പ്രതീക്ഷകള്‍ നഷ്ടമാവാതെ ഇരിക്കാനാണ് ഞങ്ങള്‍ രണ്ടാളും ശ്രമിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരിചയമുണ്ടെങ്കിലും മേഘ്‌നയും ഞാനും അത്ര ക്ലോസ് ഒന്നുമായിരുന്നില്ല. സാന്ത്വനത്തിലൂടെയാണ് ഞങ്ങള്‍ കൂടുതല്‍ പരിചയത്തിലാവുന്നത്. എനിക്കുള്ള അതേ ഭ്രാന്തുകള്‍ ഉള്ള ആളാണ് മേഘ്‌ന. എല്ലാ കാര്യത്തിലും ഓവറായി സംശയമുള്ളവരാണ് ഞങ്ങള്‍. കഥാപാത്രത്തെക്കുറിച്ച് മറ്റുമൊക്കെ സംശയം ചോദിച്ചു കൊണ്ടേയിരിക്കും. ലൊക്കേഷനില്‍ ഭയങ്കര സ്‌പേസ് ഞങ്ങള്‍ക്ക് കിട്ടുന്നുണ്ട്. വളരെ പ്രൊഫഷണലും സപ്പോര്‍ട്ടീവുമായ ആര്‍ട്ടിസ്റ്റാണ് മേഘ്‌ന.

മെഗാ സീരിയലുകള്‍ നിരോധിക്കണമെന്ന അഭിപ്രായത്തോടുള്ള മറുപടി എന്താണ്?
ലൈം ലൈറ്റില്‍ നില്‍ക്കുന്ന ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ കലയ്ക്ക് പ്രാധാന്യം കൊടുക്കുന്ന നല്ല കണ്ടന്റ് ഉള്ള പ്രോജക്ടുകള്‍ വരണമെന്നാണ് എനിക്ക് പറയാനുള്ളത്. ഏഷ്യാനെറ്റ് തന്നെ കളര്‍ മാറ്റിയിട്ടുണ്ട്. മുന്‍പ് ഉണ്ടായിരുന്ന പാറ്റേണില്‍ നിന്ന് മാറി ക്വാളിറ്റിയുള്ള സീരിയലുകളാണ് ഇപ്പോള്‍ വരുന്നത്. പ്രമോ ഷൂട്ട് പോലും അത്രയും ക്വാളിറ്റിയോട് കൂടിയാണ് ചെയ്യുന്നത്.
സീരിയല്‍ മോശമാണെന്നും സ്ത്രീകള്‍ക്ക് മാത്രം കാണാന്‍ പറ്റുന്ന അടുക്കള കഥകള്‍ ആണെന്നും തുടങ്ങി പണ്ട് ഡിഗ്രേഡ് ചെയ്യുന്ന ആളുകള്‍ ഉണ്ടായിരുന്നു. അത് മാറി, പല ചാനലുകളും പുതിയ കണ്ടന്റ് കൊണ്ടുവരാന്‍ തുടങ്ങി. ലൊക്കേഷനില്‍ വെള്ളം കൊടുക്കുന്ന ആള് മുതല്‍ സംവിധായകന്‍ വരെ 45 ഓളം ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. ഇവരുടെയൊക്കെ കുടുംബം മുന്നോട്ട് പോകുന്നത് ഈ ജോലി കൊണ്ട് കൂടിയാണ്. ഇവിടെ കുറെ കുടുംബങ്ങള്‍ രക്ഷപ്പെടുകയാണ്. ഇതിനെ നിരോധിക്കുകയല്ല വേണ്ടത്. എടുക്കുന്ന കഥകള്‍ ചാനല്‍ ശ്രദ്ധിക്കുക.
സബ്ജക്റ്റുകള്‍ കുറച്ചുകൂടി സീരിയസ് ആക്കുക. ജനങ്ങളെ അരോചകപ്പെടുത്തുന്നതും വെറുപ്പ് ഉണ്ടാക്കുന്ന കണ്ടന്റുകളും ഡയലോഗുകളും ചെയ്യാതിരിക്കുക. ഇതാണ് ശ്രദ്ധിക്കേണ്ടത് അല്ലാതെ ഒരു പ്രൊഫഷന്‍ നിര്‍ത്തി മറ്റുള്ളവരുടെ ജോലി ഇല്ലാതാക്കുകയല്ല വേണ്ടത്. അതിനോട് ഞാന്‍ തീരെ യോജിക്കുന്നില്ല. എന്റെ വരുമാനവും എന്റെ കുടുംബം കഴിയുന്നതും ഈ സീരിയല്‍ കൊണ്ടാണ്.
സീരിയലുകള്‍ എന്‍ഡോസല്‍ഫാനാണ് എന്ന പരാമര്‍ശം ഒന്നും ശരിയല്ല. ഒരിടത്ത് ഒരു കള്ളന്‍ ഉണ്ടെന്നു കരുതി അവിടെയുള്ള എല്ലാവരും കള്ളന്മാര്‍ അല്ലല്ലോ... എന്നും ദീപന്‍ ചോദിക്കുന്നു.


Click it and Unblock the Notifications











