എന്റെ വ്യക്തി ജീവിതത്തില്‍ ഞാനറിയാത്ത കാര്യങ്ങളാണ് പലരും ചോദിക്കുന്നത്! ഫാന്‍സിന്റെ പിന്തുണയെ പറ്റി മോഹന്‍ലാൽ
പുതിയ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ മലയാള സിനിമയില്‍ സൂപ്പര്‍ഹിറ്റുകള്‍ വന്ന് നിറയുകയാണ്. ജനുവരി ഇരുപ്പത്തിയഞ്ചിന് മോഹന്‍ലാല്‍ നായകനാവുന്ന മാലൈക്കോട്ടെ വാലിബന്റെ റിലീസുമായി ബന്ധപ്പെട്ടുള്ള ആഘോഷങ്ങള്‍ തുടങ്ങിയിരിക്കുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലെത്തുന്ന സിനിമയുടെ പ്രൊമോഷന്‍ തിരക്കുകളിലാണ് താരരാജാവ്.
ഇതിനിടെ തന്റെ സിനിമാജീവിതത്തെ കുറിച്ചും ആരാധകരെ കുറിച്ചുമൊക്കെ തുറന്ന് പറഞ്ഞിരിക്കുകയാണ് മോഹന്‍ലാലിപ്പോള്‍. വ്യക്തി ജീവിതത്തെ കുറിച്ചടക്കമുള്ള ചോദ്യങ്ങളില്‍ നിന്നും താന്‍ മാറി നില്‍ക്കുന്നത് എന്തിനാണെന്നും ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലൂടെ മോഹന്‍ലാല്‍ പറഞ്ഞിരിക്കുകയാണ്.

എന്റെ പിള്ളേര്‍ ഉണ്ടെടാ.. എന്ന് ഫാന്‍സിനെ പറ്റി പറഞ്ഞതിനെ കുറിച്ച് മോഹന്‍ലാല്‍ പറയുന്നതിങ്ങനെയാണ്... '25 വര്‍ഷത്തെ ആഘോഷമായിരുന്നു അത്. അത്രയും വര്‍ഷം അതില്‍ പ്രവര്‍ത്തിച്ച ആളുകള്‍ അതിലുണ്ടായിരുന്നു. 25 വര്‍ഷം മുതലുള്ളവരും അതിന് ശേഷം വന്നവരുമൊക്കെ അതിലുണ്ട്. എന്റെ സിനിമ കണ്ട അമ്മൂമ്മയും അമ്മയും മകളും കൊച്ചുമകളുമടക്കം നാല് തലമുറ വരെ ഉണ്ടായിരുന്നു. അതൊക്കെ വലിയ ഭാഗ്യമാണ്. ഈ കാലമത്രയും ഇവരാണ് നമ്മളെ നിലനിര്‍ത്തി കൊണ്ട് പോകുന്നത്.
എന്റെ പ്രായം വെച്ചിട്ട് ഫാന്‍സിനെ പിള്ളേര്‍ എന്ന് വിളിക്കുന്നതില്‍ കുഴപ്പമില്ല. ലൂസിഫര്‍ എന്ന സിനിമയില്‍ പറഞ്ഞൊരു ഡയലോഗ് കൂടിയാണിത്. ഒരു അപകടത്തില്‍ എന്നെ രക്ഷിക്കാന്‍ എന്റെ പിള്ളേര്‍ ഉണ്ടെടാ എന്നാണ് പറഞ്ഞത്. ഇരുപത്തിയഞ്ച് വര്‍ഷത്തോളം അവര്‍ കാണിച്ച സ്‌നേഹത്തിനുള്ള നന്ദിയും മര്യാദയും കൂടിയായിരുന്നു അത്. പക്ഷേ അതിനുപയോഗിച്ച വാക്ക് അങ്ങനെയായി പോയി എന്നേയുള്ളുവെന്ന്', മോഹന്‍ലാല്‍ പറയുന്നു.
എന്റെ ഫാന്‍സ് എന്ന് പറയുന്നത് സിനിമയുടെ വിജയത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നവരല്ല. അറിഞ്ഞും അറിയാതെയും മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ഒരുപാട് ജീവകാരുണ്യ പ്രവൃത്തികള്‍ ചെയ്യുന്നുണ്ട്. വിദേശത്തും ലാല്‍ കെയര്‍ എന്ന സംഘടന ആശുപത്രികൡലും മറ്റുമായി ഒരുപാട് സഹായങ്ങള്‍ ചെയ്യുന്നുണ്ട്. ഇവിടെയും ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്ന ആളുകളാണ്. അതുകൊണ്ടാണ് എനിക്കെന്റെ പിള്ളേരുണ്ടെന്ന് ഞാന്‍ പറഞ്ഞതെന്ന് താരം പറയുന്നു.

അഭിമുഖങ്ങളില്‍ പ്രതികരിക്കുന്ന രീതിയെ കുറിച്ചും മോഹന്‍ലാല്‍ സംസാരിച്ചിരുന്നു. 'ഞാന്‍ ആദ്യത്തെ സിനിമയില്‍ വരുന്ന സമയത്ത് അഭിമുഖങ്ങളും ചോദ്യങ്ങളുമൊക്കെ ഇങ്ങനെയായിരുന്നില്ല. അന്ന് ഒരു കുടുംബം പോലെ കുറച്ച് പേരെ ഉണ്ടായിരുന്നുള്ളു. നമ്മളെ പറ്റിയും നമ്മുടെ സ്വഭാവത്തെ പറ്റിയുമൊക്കെ നല്ലോണം അറിയാം.
ഇവര്‍ ചോദിക്കുന്നതൊന്നും മോശമാണെന്ന് ഞാന്‍ പറയുന്നില്ല. എന്തും ചോദിക്കാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്. അതുപോലെ എന്ത് ഉത്തരം പറയണമെന്നുള്ള അവകാശം എനിക്കും ഉണ്ട്. പിന്നെ നമ്മുടെ വളരെ പേഴ്‌സണലായിട്ടുള്ള കാര്യമൊക്കെയാണ് ചിലര്‍ ചോദിക്കുന്നത്. ചിലപ്പോള്‍ എനിക്ക് പോലും അതെന്താണെന്ന് കൃത്യമായി അറിയാറില്ലെന്നുള്ളതാണ് വസ്തുത.
ഞാനെന്റെ വ്യക്തി ജീവിതത്തില്‍ എന്തു ചെയ്യുന്നു എന്നല്ല, സിനിമയില്‍ ഞാനെന്തൊക്കെ ചെയ്തിട്ടുണ്ടെന്ന് പറയാനാണ് ആഗ്രഹിക്കുന്നത്. ഞാന്‍ ഒളിച്ച് ജീവിക്കുന്ന ആളല്ല. എന്തെങ്കിലും ഒളിച്ച് ചെയ്താല്‍ തന്നെ നിങ്ങളത് കണ്ടുപിടിക്കും. അതില്‍ പരിഭവങ്ങളൊന്നുമില്ലെന്നും മോഹന്‍ലാല്‍ പറയുന്നു.


Click it and Unblock the Notifications











