ഞാന്‍ ശരിക്കും തമിഴത്തിയാണെന്നാണ് പലരും കരുതിയത്; എന്നെ പോപ്പുലര്‍ ആക്കിയത് ഉപ്പും മുളകിലെയും കനകം

അമല്‍ നീരദിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ബോഗന്‍വില്ല തിയേറ്ററുകളില്‍ വലിയ വിജയം നേടി പ്രദര്‍ശനം തുടരുകയാണ്. സിനിമയില്‍ അഭിനയിച്ച ഓരോ താരങ്ങള്‍ക്കും അവരുടെ കഥാപാത്രങ്ങളിലൂടെ മികവ് പുലര്‍ത്താന്‍ സാധിച്ചിരുന്നു. കുഞ്ചാക്കോ ബോബന്റെ കുട്ടിക്കാലം അവതരിപ്പിച്ച കഥാപാത്രത്തിന്റെ അമ്മ വേഷത്തിലൂടെ ഗംഭീര പ്രകടനം കാഴ്ച വെച്ചിരിക്കുകയാണ് നടി രോഹിണി രാഹുല്‍. ഉപ്പും മുളകിലൂടെയും ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ രോഹിണി ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ്.

rohini-rahul

അഭിനയത്തിലേക്കുള്ള തുടക്കം എങ്ങനെയായിരുന്നു?

വളരെ യാദൃശ്ചികമായിട്ടാണ് ഈ ഫീല്‍ഡിലേക്ക് വരുന്നത്. ഏഷ്യാനെറ്റ് പ്ലസില്‍ ഉണ്ടായിരുന്ന അമ്മയും കുഞ്ഞും ഒരുമിച്ചുള്ള 'രാരി രാരീരം രാരോ' എന്ന പരിപാടിയിലൂടെയാണ് ഞാന്‍ ടെലിവിഷനിലേക്ക് വരുന്നത്. 2014 ലാണ് ഷോ നടന്നത്. സീസണിലെ ടൈറ്റില്‍ വിന്നറും ഞാനായിരുന്നു. അങ്ങനെ മീഡിയ ഫീല്‍ഡില്‍ ഒരു എന്‍ട്രി ഓപ്പണ്‍ ആയി കിട്ടി.

സിനിമയിലേക്ക് എത്തുമെന്ന് സ്വപ്നം കണ്ടിരുന്നോ?

ടിവിയിലൊക്കെ നമ്മുടെ മുഖം വന്നാല്‍ എങ്ങനെയുണ്ടാവും എന്ന ഒരു ആകാംഷയുടെ പുറത്താണ് ആദ്യം പരസ്യം ചെയ്യുന്നത്. പിന്നീടങ്ങോട്ട് തുടരെത്തുടരെ ആഡ് വര്‍ക്കുകള്‍ വന്നു. ഇതിനകം എഴുപതോളം ആഡുകള്‍ ചെയ്തു കഴിഞ്ഞു. അന്ന് സിനിമ ചെയ്യാന്‍ ഒട്ടും ധൈര്യം ഉണ്ടായിരുന്നില്ല. സിനിമയിലേക്ക് അന്നും വിളിച്ചിരുന്നു. പക്ഷേ പരിചയമില്ലാത്ത മേഖലയായതുകൊണ്ട് അതൊന്നും സ്വീകരിക്കാന്‍ തോന്നിയില്ല. പിന്നീട് നല്ല ഓഫറുകള്‍ വന്നതോടെ അഭിനയിക്കാന്‍ തീരുമാനിച്ചു. സിനിമയിലെത്തുമെന്ന് ഒട്ടും പ്രതീക്ഷിച്ചതല്ല.

ഉപ്പും മുളകിലെയും കനകം നല്‍കിയ ജനപ്രീതി?

എന്നെ പോപ്പുലര്‍ ആക്കിയത് ഉപ്പും മുളകിലെ കനകം എന്ന കഥാപാത്രമാണ്. ഉപ്പും മുളകിലും തമിഴത്തി ആയിട്ടാണ് അഭിനയിച്ചത്. അതോടെ ഞാന്‍ ശരിക്കും തമിഴത്തിയാണെന്ന് പലരും കരുതിയിരുന്നു. പക്ഷേ ശരിക്കും ഞാനൊരു മലയാളിയാണ്, പാലക്കാട് ആണ് സ്വദേശം. പിന്നെ എന്റെ വോയ്‌സിലൂടെയാണ് ആളുകള്‍ എന്നെ തിരിച്ചറിയുന്നത്. കോള്‍ സെന്ററില്‍ നിന്ന് വിളിക്കുമ്പോള്‍ പോലും എന്റെ ശബ്ദം കേട്ടിട്ട് ചേച്ചി ഉപ്പും മുളകിലെ കനകമാണോന്ന് പലരും ചോദിക്കാറുണ്ട്. അതെനിക്ക് സന്തോഷം തരുന്ന കാര്യമാണ്.

നാലഞ്ചു വര്‍ഷം മുന്‍പ് ചെയ്ത പരിപാടിയുടെ പേരില്‍ ഇന്നും സ്വീകാര്യത ലഭിക്കുന്നെന്ന് പറയുന്നത് വലിയ കാര്യമാണ്. പുറത്തു പോകുമ്പോള്‍ ആളുകള്‍ വന്ന് സംസാരിക്കുന്നത് തന്നെ കനകമല്ലേ എന്ന് ചോദിച്ചാണ്. അത് കേള്‍ക്കുമ്പോള്‍ ഭയങ്കര സന്തോഷമാണ് തോന്നാറുള്ളത്. കനകത്തിലൂടെ ലഭിച്ച പോപ്പുലാരിറ്റിക്ക് ഉപ്പും മുളകിന്റെയും ടീമിനോട് എനിക്കൊന്നും നന്ദിയുണ്ട്.

ബോഗയ്ന്‍വില്ലയിലെ റോയിസിന്റെ അമ്മയിലേക്ക് എങ്ങനെ എത്തി?

ബോഗണ്‍വില്ല സിനിമയിലേക്ക് എന്റെ സുഹൃത്തും കോസ്റ്റ്യൂമറുമായ സമീറ സനീഷ് വിളിച്ചിട്ടാണ്. അമല്‍ നീരദ് സാറിന്റെ ടീമിന് നിന്റെ നമ്പര്‍ കൊടുത്തിട്ടുണ്ട് കുഴപ്പമില്ലല്ലോ എന്നാണ് അവര്‍ ചോദിച്ചത്, ആദ്യം അതൊരു പ്രാങ്ക് കോള്‍ ആണെന്നാണ് കരുതിയത്. പിന്നീട് അവിടുന്ന് കോള്‍ വന്നു. സിനിമയുടെ ഡീറ്റെയില്‍സ് ഒക്കെ പറഞ്ഞപ്പോഴും വിശ്വസിക്കാന്‍ സാധിച്ചില്ല. കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോള്‍ ഓവര്‍ എക്‌സൈറ്റഡ് ആയി. പിന്നെ അത് ചെയ്യുന്നതിനെ പറ്റി ചിന്തിക്കാനൊന്നും നിന്നില്ല.

ചെറുപ്പം മുതലേ ഏറ്റവും ഇഷ്ടപ്പെട്ട ഹീറോയാണ് കുഞ്ചാക്കോ ബോബന്‍. അവരുടെ കൂടെ സ്‌ക്രീന്‍ സ്‌പേസ് ഷെയര്‍ ചെയ്യാനും അഭിനയിക്കാനുമൊക്കെ സാധിക്കുക എന്ന് പറയുന്നത് വലിയൊരു ഭാഗ്യമാണ്. അതുകൊണ്ടുതന്നെ നിസംശയം ചെയ്യാന്‍ സമ്മതിച്ചു.

അമ്മ വേഷം ചെയ്യുന്നതില്‍ ബുദ്ധിമുട്ട് തോന്നിയോ?

അമ്മ വേഷം ചെയ്തുകൊണ്ടാണ് ഞാന്‍ ഈ ഇന്‍ഡസ്ട്രിയിലേക്ക് വരുന്നത് തന്നെ. അങ്ങനെയുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ എനിക്കിഷ്ടമാണ്. അതുകൊണ്ടു തന്നെ അമ്മ വേഷമാണെന്ന യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. മാത്രമല്ല ഞാന്‍ ഭയങ്കര ഇഷ്ടത്തോടെ ചെയ്ത കഥാപാത്രം കൂടിയാണിത്.

വാഴ സിനിമയെ കുറിച്ച്....

വാഴ എന്ന സിനിമയിലേക്കും വളരെ യാദൃശ്ചികമായിട്ട് തന്നെയാണ് ഞാന്‍ എത്തുന്നത്. ശരിക്കും ഭാഗ്യം ഉള്ളതുകൊണ്ടാണ് ആ സിനിമയില്‍ ഞാന്‍ അഭിനയിക്കുന്നത്. വേറെ ഒരു ആര്‍ട്ടിസ്റ്റിന് ചെയ്യാന്‍ വച്ച കഥാപാത്രമായിരുന്നു. അവര്‍ക്ക് എന്തോ ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് എന്റെ ഒരു സുഹൃത്താണ് ഇങ്ങനെ ഒരു കഥാപാത്രം ഉണ്ടെന്ന് വിളിച്ചു പറയുന്നത്. മാത്രമല്ല തൊട്ടടുത്ത ദിവസം അതിന്റെ ഷൂട്ടിംഗ് ഇരിങ്ങാലക്കുട വച്ച് തുടങ്ങാന്‍ പോവുകയാണെന്ന് തലേന്ന് രാത്രിയാണ് വിളിച്ചു പറയുന്നത്.

വളരെ നല്ലൊരു ടീം ആയിരുന്നത് കൊണ്ട് അതും സന്തോഷത്തോടെ ചെയ്യാമെന്ന് തീരുമാനിച്ചു. എനിക്ക് അതില്‍ നാലഞ്ച് സീനുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ഒരിക്കല്‍ പോലും ചിന്തിക്കാന്‍ കഴിയാത്ത രീതിയില്‍ അത് ശ്രദ്ധിക്കപ്പെട്ടു. ഞാന്‍ ചെയ്ത കഥാപാത്രത്തിന്റെ ഡയലോഗുകള്‍ വൈറലാവുകയും ആളുകള്‍ സ്വീകരിക്കുകയും ചെയ്തു. ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ വലിയൊരു ഭാഗ്യമാണ് വാഴ...

അമല്‍ നീരദ് സിനിമയുടെ ഭാഗമായപ്പോഴുണ്ടായ അനുഭവം?

ഏതൊരു ആര്‍ട്ടിസ്റ്റായാലും അവരുടെ ഏറ്റവും വലിയ ആഗ്രഹം അമല്‍ നീരദ് സാറിനെ പോലെയുള്ള പ്രമുഖ സംവിധായകരുടെ സിനിമയുടെ ഒരു ഭാഗമാവുക എന്നതാണ്. അത് വലിയൊരു ഓപ്പര്‍ച്യൂണിറ്റിയാണ്. അതും എന്നെ പോലെയുള്ള ഒരു തുടക്കക്കാരിക്ക് അങ്ങനെ ഒരു അവസരം കിട്ടിയെന്ന് പറയുന്നത് ലോട്ടറി അടിച്ചതിന് സമാനമാണ്. മൂന്നു ദിവസമാണ് എനിക്ക് ഷൂട്ടിംഗ് ഉണ്ടായിരുന്നത്. ആ ദിവസങ്ങളില്‍ സാറിന്റെ ടീം നമുക്ക് തന്നത് നല്ല അനുഭവങ്ങള്‍ മാത്രമാണ്.

ഓരോ ആര്‍ട്ടിസ്റ്റിനെയും വളരെ നല്ല രീതിയിലാണ് അവര്‍ ട്രീറ്റ് ചെയ്യുന്നത്. എല്ലാ സൗകര്യങ്ങളും അവിടെയുണ്ടായിരുന്നു. അതുപോലെ കഥാപാത്രത്തെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും നേരത്തെ പറഞ്ഞു തന്നത് കൊണ്ട് അഭിനയിക്കാന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല. ഭയങ്കര പ്രൊഫഷണല്‍ ആയിട്ടാണ് അമല്‍ നീരദ് സാറിന്റെ സെറ്റ് ഉണ്ടായിരുന്നത്. പറഞ്ഞ സമയത്ത് തന്നെ ഷൂട്ടിംഗ് തുടങ്ങും, നമ്മള്‍ എന്ത് ചെയ്യണം എന്നുള്ള കൃത്യമായ ചാര്‍ട്ട് ഉണ്ടാവും, സിങ്ക് സൗണ്ടിലാണ് ഈ സിനിമ ഷൂട്ട് ചെയ്തത്. അതുകൊണ്ട് സെറ്റ് മൊത്തം സൈലന്റ് ആയിരുന്നു.

rohini-rahul

കുഞ്ചാക്കോ ബോബനെ പോലൊരു നടന്റെ അമ്മയാവണമെന്ന് പറഞ്ഞപ്പോള്‍ എന്ത് തോന്നി?

കുഞ്ചാക്കോ ബോബന്റെ അമ്മ എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഭയങ്കരമായി തുള്ളിച്ചാടുകയായിരുന്നു. ചാക്കോച്ചന്റെ കുട്ടിക്കാലം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അമ്മയാണെന്ന് നേരത്തെ പറഞ്ഞിരുന്നു. മാത്രമല്ല ചാക്കോച്ചനും ജ്യോതിര്‍മയിക്കും ഒപ്പം കോമ്പിനേഷന്‍ സീനുകള്‍ ഇല്ലെന്നും അറിയാമായിരുന്നു. പക്ഷേ അതില്ലെങ്കില്‍ പോലും എനിക്ക് ഭയങ്കര സന്തോഷം ആയിരുന്നു. കാരണം നമ്മള്‍ ആരാധിച്ചിരുന്ന താരത്തിന്റെ അമ്മയായിട്ടോ സഹോദരി ആയിട്ടൊക്കെ ചെയ്യുന്നത് വലിയ സന്തോഷമുള്ള കാര്യമാണ്.

മോശം അനുഭവം, അഥവ വേദനിപ്പിക്കുന്ന എന്തെങ്കിലും അനുഭവങ്ങള്‍ ഈ മേഖലയില്‍ നിന്നും നേരിട്ടിട്ടുണ്ടോ?

സിനിമയിലും സീരിയലിലും വന്നതിനുശേഷം ദൈവം സഹായിച്ച് മോശമായ അനുഭവങ്ങള്‍ ഒന്നും എനിക്ക് ഉണ്ടായിട്ടില്ല. ഇതുവരെയും നല്ല അനുഭവങ്ങള്‍ തന്നെയാണ് ഉണ്ടായിട്ടുള്ളത്.

സിനിമയോ സീരിയലോ എവിടെയാണ് സജീവമാകാന്‍ ഉദ്ദേശിക്കുന്നത്...?

സിനിമ, സീരിയല്‍ എന്നൊന്നുമില്ല, നമുക്ക് പറ്റുന്നത് ഏതു മേഖലയാണ് അവിടെ വര്‍ക്ക് ചെയ്യാം എന്നുള്ളതാണ് എന്റെ ഒരു തീരുമാനം. പിന്നെ ചലഞ്ചിങ് ആയിട്ടുള്ള കഥാപാത്രം കിട്ടുകയാണെങ്കില്‍ സന്തോഷം.

പുതിയ പ്രോജക്ടുകള്‍..

ഷറഫ് സാറിന്റെ പെറ്റ് ഡിക്ടറ്റീവ് എന്ന സിനിമയാണ് പുതിയതായി വരാനിരിക്കുന്ന പ്രോജക്റ്റ്. അതില്‍ അനുപമ പരമേശ്വരന്റെ അമ്മയായിട്ടാണ് അഭിനയിക്കുന്നത്. അതൊരു ഡിഫറെന്റ് മൂവി ആണ്. ആകാംഷയോടെ അതിനുവേണ്ടി കാത്തിരിക്കുകയാണ്. മേജര്‍ രവി സാറാണ് എന്റെ പെയറായിട്ട് അഭിനയിച്ചത്. നല്ല അനുഭവമുള്ള സിനിമയാണ്.

കുടുംബത്തിന്റെ പിന്തുണ...

കുടുംബത്തിന്റെ പിന്തുണ എനിക്കേറ്റവും വലുതാണ്. ഞാന്‍ ഏറ്റവും വില കല്‍പ്പിക്കുന്നതും കുടുംബത്തിന്റെ പിന്തുണയ്ക്കാണ്. എനിക്ക് ഇതൊക്കെ ചെയ്യാന്‍ സാധിച്ചത് ഭര്‍ത്താവിന്റെയും അമ്മയുടെയും സപ്പോര്‍ട്ട് കൊണ്ടാണ്.

More from Filmibeat

Read more about: rohini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X