ഇന്നും ഹിറ്റായി 90 കിഡ്‌സിന്റെ സുന്ദരിയെ വാ...! പ്രണയദിനത്തിൽ പാട്ട് വിശേഷങ്ങളുമായി സംഗീത സംവിധായകൻ ശ്യാം ധർമൻ

ലോകം മുഴുവന്‍ പ്രണയദിനം ആഘോഷിക്കുകയാണ് ഇന്ന്. റീല്‍സും ട്രോളുകളുമൊക്കെ സോഷ്യല്‍ മീഡിയ ഭരിക്കുമ്പോള്‍ പ്രണയത്തെ കുറിച്ചുള്ള സങ്കല്പം പോലും മാറി. എന്നാല്‍ തൊണ്ണൂറുകളിലെ കുട്ടികളെ സംബന്ധിച്ചടത്തോളം ആല്‍ബം സോങ്ങുകളിലൂടെയായിരുന്നു അക്കാലത്തെ ആഘോഷം.

സുന്ദരിയെ വാ, ചെമ്പകമേ... എന്നിങ്ങനെ ഒരുകാലത്ത് പ്രണയം തുളുമ്പുന്ന ഹിറ്റ് ആല്‍ബങ്ങളാണ് പുറത്തിറങ്ങിയിരുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നും അതിനൊക്കെ ആരാധകരുണ്ട് എന്നുള്ളതാണ് ശ്രദ്ധേയം. യുവതലമുറ ഏറെ ആഘോഷമാക്കിയ ആ സംഗീതത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സംഗീത സംവിധായകന്‍ ശ്യാം ധര്‍മന്‍ ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ തന്റെ പാട്ട് വന്ന വഴികളെ കുറിച്ച് മനസ് തുറക്കുകയാണ്.

chembakame

എവര്‍ഗ്രീന്‍ മലയാളം ആല്‍ബമായ ചെമ്പകമേയുടെ തുടക്കം എങ്ങനെയാണ്?

നാട്ടില്‍ പാട്ടുകാരായ കുറച്ചു കൂട്ടുകാര്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ എല്ലാവരും കൂടിയാണ് ആല്‍ബം ചെയ്യുന്നതിനെ കുറിച്ചൊക്കെ സംസാരിച്ചിരുന്നത്. ചെമ്പകമേ ചെയ്യുന്നതിന് മുന്‍പ് 'വണ്ണാത്തി പുള്ളിന് ദൂരെ' എന്ന ആല്‍ബമാണ് ഞാന്‍ ആദ്യം ചെയ്യുന്നത്. ഏകദേശം 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞങ്ങള്‍ പലരുടെയും പുറകെ ചാന്‍സ് ചോദിച്ചു നടക്കുകയായിരുന്നു. അങ്ങനെ നടന്നാലെ ഏതേലും ഒരു പ്രൊഡ്യൂസര്‍ അതിനു സമ്മതിക്കുകയുള്ളൂ. അത് പോലും നടക്കാത്ത അവസ്ഥകളുണ്ടായിരുന്നു. കാരണം ഒരു നിശ്ചിത ആളുകള്‍ക്ക് മാത്രമേ അതൊക്കെ കിട്ടുകയുള്ളൂ എന്നതാണ്.

എപ്പോഴെങ്കിലും ആവശ്യം വരുമെന്ന് പറഞ്ഞ് ആ സമയത്ത് ഞാന്‍ ചെറുതായി കമ്പോസിംഗ് ചെയ്ത് തുടങ്ങി. എങ്കിലും ബാക്കിയുള്ള പണി തീര്‍ക്കാന്‍ ആരും ഉണ്ടായിരുന്നില്ല. ആ സമയത്ത് ഇതുമായി യാതൊരു ബന്ധമില്ലാത്ത കുമാരേട്ടന്‍ എന്നൊരാളാണ് ആല്‍ബത്തിലെ പാട്ടുകള്‍ എഴുതിയ രാജു രാഘവന്‍ എന്ന ആളെ നമ്മളുമായി പരിചയപ്പെടുത്തുന്നത്. ധൈര്യമായി തുടങ്ങിക്കോ എല്ലാത്തിനും ഞാനും കൂടെയുണ്ടെന്ന് പറഞ്ഞ് കുമാരേട്ടനാണ് കൂടെ നിന്നത്.

വിതരണക്കാരെ കിട്ടാത്തത് കൊണ്ട് പാട്ട് പൂര്‍ത്തിയാക്കി ആറു മാസത്തോളം ഞങ്ങള്‍ക്കിത് കൊണ്ട് നടക്കേണ്ടി വന്നു. അന്ന് നിരാശ ഒന്നും തോന്നിയില്ല. എന്നെങ്കിലും ഇത് വര്‍ക്കാവുമെന്ന് ഉള്ളില്‍ ഉണ്ടായിരുന്നു. കാലങ്ങള്‍ കഴിഞ്ഞാലും പ്രധാന്യം നഷ്ടപ്പെടാത്തത് പോലെയാണ് ചെയ്തിരുന്നത്. അന്ന് 80,000 രൂപയ്ക്കാണ് നിര്‍മ്മാതാവ് ആല്‍ബം കൊടുത്തത്. അവിടുന്ന് ഒരു കത്തി കയറല്‍ ആയിരുന്നു. ഞങ്ങള്‍ക്ക് കൂടുതല്‍ പണി എടുക്കേണ്ടി വന്നില്ല.

അതിന് മുന്‍പേ പാട്ട് ഹിറ്റ് ആയി മാറിയിരുന്നു. സുഹൃത്തുക്കള്‍ക്കിടയിലൊക്കെ നല്ല അഭിപ്രായം ലഭിച്ചിരുന്നു. പിന്നീട് സിഡി ഇറക്കിയെങ്കിലും സിഡി കിട്ടാന്‍ ഇല്ലാതെ വന്നതോടെ വ്യാജ സിഡി വരെ ഇറങ്ങി. ഒടുവില്‍ 15 ലക്ഷത്തിന് മറ്റോ ആണ് സത്യം ഓഡിയോസ് അത് വാങ്ങുന്നത്.

ഇറങ്ങിയ പാട്ടുകളെല്ലാം ഒരു പോലെ ഹിറ്റായി, ഇന്നും ഹിറ്റാണ്.. സംഗീതമൊരുക്കിയ ആളെ സംബന്ധിച്ച് എത്ര സന്തോഷമുണ്ട്?

ഇത്രയും വര്‍ഷം മുന്‍പ് ചെയ്തുവെച്ച പാട്ട് ഇപ്പോള്‍ കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. പക്ഷേ അന്ന് അത്ര ഫീല്‍ തോന്നിയിരുന്നില്ല. കാരണം ആ സമയത്ത് ഒരെണ്ണം കഴിഞ്ഞ് പുതിയത് ഉണ്ടാക്കി കൊണ്ടിരിക്കുകയാണല്ലോ. കഴിഞ്ഞതിനെക്കാളും നല്ലത് വരണമെന്നാണ് ഓരോന്നും ചെയ്യുമ്പോള്‍ തോന്നുക. പിന്നെ കഴിഞ്ഞ് പോയത് തിരിഞ്ഞു നോക്കാറില്ല. അങ്ങനെ നോക്കിയാല്‍ നമ്മള്‍ അവിടെ തന്നെ നിന്നു പോകും. ഞാന്‍ ആ വഴിയ്ക്ക് പോയിട്ടില്ല. കഴിഞ്ഞ വിജയത്തിന്റെ മഹിമയോ ഒന്നും നോക്കാറില്ലെന്ന് ശ്യാം പറയുന്നു.

സുന്ദരിയെ വാ ഇന്നും തരംഗമാണ്... 2025 ലും പാട്ട് കാണുന്നവരുണ്ടോ എന്നാണ് കമന്റുകള്‍... അതൊക്കെ ശ്രദ്ധിക്കാറുണ്ടോ?

ആ ഹിറ്റായ പാട്ട് എന്റേതാണെന്ന് പറഞ്ഞു നടക്കുന്ന സ്വഭാവം എനിക്കില്ല. പബ്ലിസിറ്റി വല്ലാതെ ആഗ്രഹിക്കുന്ന വ്യക്തിയുമല്ല. അതുകൊണ്ടാണ് എന്നെ എവിടെയും ആരും കാണാത്തത്.

പിന്നെ സോഷ്യല്‍ മീഡിയ വന്നപ്പോഴാണ് ഞങ്ങളെ കുറിച്ച് കൂടുതല്‍ എല്ലാവരും അറിയുന്നത്. അപ്പോഴാണ് കൂടുതല്‍ കാര്യങ്ങള്‍ ഞങ്ങള്‍ക്കും കിട്ടുന്നത്. അന്നത്തെ കാലത്ത് ഇതിനെക്കുറിച്ച് ഒക്കെ അറിയാന്‍ സാധ്യതകള്‍ കുറവാണ്. സിഡി വച്ച് കണ്ടതിനെ പറ്റി ആരും പറയില്ലല്ലോ. സോഷ്യല്‍ മീഡിയ വന്നതിനുശേഷം നമുക്കും എല്ലാ അഭിപ്രായങ്ങളും അറിയാന്‍ പറ്റുന്നുണ്ട്.

chembakame

ഫ്രാങ്കോ, ജോത്സ്യന തുടങ്ങി വലിയ ഗായകരുടെ കൂട്ടുക്കെട്ടിനെ കുറിച്ച് എന്താണ് പറയാനുള്ളത്...?

അവരൊക്കെ ഇന്നും സുഹൃത്തുക്കളായി ഉണ്ട്. എന്നും രാത്രിയില്‍ വിളിക്കുന്ന സുഹൃത്താണ് ഫ്രാങ്കോ. ഞങ്ങള്‍ പഴയ പോലെ എല്ലാം തുടര്‍ന്ന് പോരുകയാണ്.

ഇനിയും അതുപോലെയുള്ള ആല്‍ബങ്ങള്‍ വരുമോ? വന്നാല്‍ അതുപോലൊരു പിന്തുണ കിട്ടുമോ?

ആല്‍ബം എന്നല്ല, നല്ല പാട്ടുകളോ സിനിമയോ ഒക്കെ എപ്പോള്‍ ഇറങ്ങിയാലും ശ്രദ്ധിക്കപ്പെടും. ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഒരുപാട് സാധ്യതകളുമുണ്ട്. മലയാളത്തില്‍ ഇപ്പോഴാണ് റാപ്പ് സോങ്ങുകള്‍ ഒക്കെ വരുന്നത്. പക്ഷേ എത്രയോ വര്‍ഷം മുന്‍പ് നോര്‍ത്ത് ഇന്ത്യയില്‍ നിന്നും തമിഴ്‌നാട് വരെ അതൊക്കെ എത്തി. നമ്മള്‍ അതൊക്കെ ഇപ്പോഴാണ് കേള്‍ക്കുന്നത്. അങ്ങനെയുള്ള വ്യത്യാസങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണ്. എങ്കിലും നല്ല പാട്ട് ആണെങ്കില്‍ ആല്‍ബങ്ങള്‍ക്ക് സ്വീകാര്യത എന്നും ഉണ്ടാവും.

പുതിയ പരിപാടികള്‍ എന്തൊക്കെയാണ്..

നമ്മുടെ സമയവും കാലവും ഒക്കെ ഇങ്ങനെ കടന്നു പോയികൊണ്ടിരിക്കുകയാണല്ലോ. ഇപ്പോള്‍ ഞാന്‍ എല്ലാവര്‍ക്കും പാട്ട് ചെയ്തു കൊടുക്കുന്നുണ്ട്. അന്ന് ചെയ്യാന്‍ പറ്റാത്തത് ഇന്ന് പുതിയ ആളുകള്‍ക്ക് ചെയ്തു കൊടുക്കുകയാണ്. അതുപോലെ പ്രോഗ്രാമിംഗും ചെയ്തു കൊടുക്കുന്നുണ്ട്. ഡിവോഷണല്‍ സോങ്ങുകള്‍ക്ക് സ്ഥിരമായി വര്‍ക്ക് ചെയ്യുന്നു.

കുറേ വര്‍ഷം ദുബായില്‍ ആയിരുന്നു. അവിടെ കീബോര്‍ഡ് പ്രോഗ്രാമര്‍ ആയിരുന്നു. ഇപ്പോള്‍ നാട്ടില്‍ വന്നിട്ട് സിനിമ ചെയ്യുന്നുണ്ട്. പാട്ടുകാരന്‍ ഹരിഹരന്‍ അഭിനയിച്ച ദയഭാരതി എന്ന സിനിമയുടെ ഗ്രൗണ്ട് സ്‌കോര്‍ മാത്രം ചെയ്തു. പിന്നെ നമ്മുടെ തന്നെ ഒരു സിനിമ കൂടി വരാനുണ്ട്. അതിന്റെ പരിപാടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്... ശ്യാം പറയുന്നു.

Read more about: interview
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X