ആ ഫോട്ടോയാണ് എനിക്ക് കാമുകിയുണ്ടെന്ന കഥയ്ക്ക് പിന്നില്‍! സൂരജ് ഉടനെ വിവാഹിതനാവുമോ? ഉത്തരമിങ്ങനെ
മലയാളം സിനിമയിലും ടെലിവിഷന്‍ പരിപാടികളിലും സ്റ്റേജ് ഷോ കളിലും സജീവമായിട്ടുള്ള താരമാണ് സൂരജ് തേലക്കാട്. ഹാസ്യ കഥാപാത്രമായിട്ടാണ് സൂരജ് പലയിടത്തും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. എന്നാല്‍ പ്രേക്ഷകര്‍ പോലും തിരിച്ചറിയപ്പെടാതെ സൂരജ് അഭിനയിച്ച സിനിമയാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍. സിനിമ ഇറങ്ങി എഴുപത്തിയഞ്ച് ദിവസത്തിന് ശേഷമാണ് സിനിമയില്‍ സൂരജുണ്ടായിരുന്നുവെന്ന് പുറംലോകം അറിയുന്നത്.
ചിത്രത്തിലെ റോബര്‍ട്ട് കഥാപാത്രത്തെ അവതരിപ്പിച്ചത് സൂരജായിരുന്നു. പിന്നീട് ബിഗ് ബോസ് മലയാളത്തിലും നടന്‍ എത്തിയിരുന്നു. നാലാം സീസണില്‍ മത്സരിച്ച താരം അവസാനം വരെ ഷോ യില്‍ പിടിച്ച് നിന്നതും ശ്രദ്ധേയമായി. ഇതിന് ശേഷമാണ് സൂരജിനെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് ചര്‍ച്ചയായി തുടങ്ങിയത്.

പൊക്കക്കുറവുകള്‍ അടക്കം പല പ്രതിസന്ധികളെയും തരണം ചെയ്ത് ഉയരങ്ങളില്‍ എത്തിയ താരമാണ് സൂരജ്. സ്വന്തം കഴിവുകള്‍ കൊണ്ട് വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയ താരം സ്വന്തമായി വീടും കാറുമൊക്കെ വാങ്ങി. ഇതിനിടയില്‍ സൂരജ് വിവാഹിതനാവാന്‍ പോവുകയാണെന്നും താരത്തിന് കാമുകിയുണ്ടെന്ന തരത്തിലുമൊക്കെ കഥകള്‍ വന്നിരുന്നു. സത്യത്തില്‍ ഇതിന് പിന്നിലെ കഥയെന്താണെന്ന് വെളിപ്പെടുത്തുകകയാണ് താരം. ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സൂരജ്.
ബിഗ് ബോസിലേക്ക് പോകുന്നതിന് മുന്‍പും ഒരുപാട് സുഹൃത്തുക്കള്‍ എനിക്കുണ്ട്. ഞാനൊന്ന് ഡൗണായി പോകുമ്പോള്‍ പിന്തുണ തരുന്നത് അവരാണ്. പിന്നെ ബിഗ് ബോസിലൂടെ കിട്ടിയ സൗഹൃദം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുണ്ട്. വീടിനകത്ത് വച്ച് അടി കൂടിയവരും സുഹൃത്തുക്കളാണ്. അതൊക്കെ ഗെയിമിന്റെ ഭാഗമാണല്ലോ. പിന്നെ ഗ്രൂപ്പുകളൊക്കെ ആക്ടീവാണ്. എല്ലാവരും അവിടെ സംസാരിക്കാറുണ്ടെന്നും സൂരജ് പറയുന്നു.
എനിക്ക് കാമുകിയുണ്ടെന്ന് വെളിപ്പെടുത്തിയെന്ന് പറഞ്ഞുള്ള വാര്‍ത്തകളൊന്നും ഞാന്‍ കണ്ടിട്ടില്ല. അതാരാണെന്ന് എന്നോട് കൂടി പറയുകയാണെങ്കില്‍ സുഖമായല്ലോ എന്നാണ് സൂരജ് പറയുന്നത്. സത്യത്തില്‍ അഭിമുഖത്തിനിടെ പറഞ്ഞ കാര്യങ്ങളാണ് ഇങ്ങനൊരു വാര്‍ത്തയ്ക്ക് കാരണമായതെന്ന് താരം പറയുന്നു.

ഞാനൊരു കാറ് വാങ്ങിയപ്പോള്‍ എന്റെ ഒരു സുഹൃത്തും വന്നിരുന്നു. സുഹൃത്തിന്റെയും വണ്ടിയുടെയും കൂടെ നില്‍ക്കുന്നൊരു ഫോട്ടോ അന്ന് എടുത്തിരുന്നു. അത് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്തു. പുതിയ സ്വപ്‌നം യാഥാര്‍ഥ്യമാക്കി സൂരജ് എന്നൊക്കെ പറഞ്ഞ് അന്ന് ചില വാര്‍ത്തകളും വന്നു.
സത്യത്തില്‍ ഞാന്‍ വണ്ടി എടുത്തതിനെ പറ്റിയാണ് പറഞ്ഞത്. ഇവളും അതിനൊപ്പം നിന്നപ്പോള്‍ ഞങ്ങള്‍ രണ്ട് പേരെയും പറ്റിയായി വാര്‍ത്തകള്‍. പിന്നീട് ഞങ്ങളെ കുറിച്ചുള്ള വാര്‍ത്ത അവള്‍ തന്നെ എനിക്ക് എടുത്ത് അയച്ച് തന്നിരുന്നു. നിന്റെ വീട്ടുകാര്‍ ഇതിനെ പറ്റി എന്തേലും പറഞ്ഞോ, വേണമെങ്കില്‍ ഞാന്‍ അവരോട് സംസാരിക്കാമെന്ന് പറഞ്ഞിട്ടാണ് ആ വിഷയം ഒഴിവാക്കിയതെന്ന് സൂരജ് പറയുന്നു.
ഇതൊക്കെ എപ്പോഴാണ് സംഭവിച്ചതെന്ന് ചോദിച്ച് ഈ വാര്‍ത്ത എന്റെ അമ്മായിമാരൊക്കെയാണ് എനിക്ക് അയച്ച് തന്നത്. തന്റെ കല്യാണം എപ്പോഴാണെന്നുള്ള ചോദ്യങ്ങള്‍ക്ക് ആദ്യം ഞാനൊറ്റയ്ക്ക് നടക്കാന്‍ പഠിക്കട്ടെ. എന്നിട്ടല്ലേ കൂടെ ഒരാളെയും കൊണ്ട് നടക്കുക. ആദ്യം ഞാന്‍ സ്വതന്ത്രനാവട്ടെ എന്നിട്ടല്ലേ, ഇനി എന്നാവുമോ എന്തോ എന്നും തമാശരൂപേണ സൂരജ് പറയുന്നു.


Click it and Unblock the Notifications











