»   » ഭര്‍ത്താവ് മരിച്ചു കിടക്കുമ്പോള്‍ ഞാന്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യണമായിരുന്നോ; കലാഭവന്‍ മണിയുടെ ഭാര്യ

ഭര്‍ത്താവ് മരിച്ചു കിടക്കുമ്പോള്‍ ഞാന്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യണമായിരുന്നോ; കലാഭവന്‍ മണിയുടെ ഭാര്യ

Posted By: Rohini
Subscribe to Filmibeat Malayalam

കലാഭവന്‍ മണി വേര്‍പിരിഞ്ഞിട്ട് ഒരു വര്‍ഷം തികയുന്നു. ആരാധകര്‍ക്കെന്നപോലെ അദ്ദേഹത്തിന്റെ പ്രിയ പത്‌നിയ്ക്കും ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല, മണിച്ചേട്ടന്‍ പോയി എന്ന്. തിരിച്ചുവരും എന്ന വിശ്വാസമാണ് ഇപ്പോഴും. പക്ഷെ അതുണ്ടാവില്ല എന്ന് സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിയ്ക്കുകയാണ് താനെന്ന് മണിയുടെ ഭാര്യ നിമ്മി പറയുന്നു.

'മണിയെ വീഴ്ത്താന്‍ ശ്രമിച്ച ആ നടന്‍ വേര്‍പാടില്‍ കണ്ണീര്‍ പൊഴിക്കുന്നത് കണ്ടപ്പോള്‍ ഞെട്ടിപ്പോയി'

കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ ഇപ്പോഴും മാറിയിട്ടില്ല. ഒരു ഘട്ടത്തില്‍ മണിയും ഭാര്യയും തമ്മില്‍ അകല്‍ച്ചയാണെന്നൊക്കെയുള്ള വാര്‍ത്തകള്‍ വന്നിരുന്നു. അതിനോടൊന്നും പ്രതികരിക്കാന്‍ നിമ്മിയില്ല. മണിയുടെ മരണത്തെ കുറിച്ചും തങ്ങളുടെ പ്രണയത്തെ കുറിച്ചും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിമ്മി സംസാരിക്കുകയുണ്ടായി.

സത്യം പുറത്ത് വരണം

എല്ലാ സത്യവും പുറത്ത് വരണം എന്ന് തന്നെയാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. എല്ലാവര്‍ക്കും നല്ലത് മാത്രം വരാന്‍ ആഗ്രഹിച്ചയാളാണ് അദ്ദേഹം. പലതും കേള്‍ക്കുന്നുണ്ട്. പൊലീസ് പറയുന്നതും വാര്‍ത്തകളില്‍ വരുന്നതുമൊക്കെ. മറ്റാരെക്കാളും ഞങ്ങള്‍ക്ക് പ്രിയപ്പെട്ട ആളാണ് പോയത്. ഏറ്റവും വലിയ നഷ്ടമുണ്ടായതും ഞങ്ങള്‍ക്കാണ്. പിന്നെ മണിച്ചേട്ടനെ ഒരുപാട് സ്‌നേഹിയ്ക്കുന്ന ചാലക്കുടിക്കാര്‍ക്കും. എന്താണ് സംഭവിച്ചത് എന്ന സത്യം ഞങ്ങള്‍ക്കെല്ലാം അറിയണം.

നിങ്ങള്‍ തമ്മില്‍ അകല്‍ച്ചയുണ്ടായിരുന്നോ?

ഒരിക്കലുമില്ല. ആളുകള്‍ക്ക് എന്തും പറയാം. സത്യം ഞങ്ങള്‍ക്കും ദൈവത്തിനുമറിയാം. മണിച്ചേട്ടന്‍ മരിച്ചുകിടക്കുന്ന ഇടത്ത് എന്നെ കണ്ടില്ല, ഞാന്‍ കരയുന്നത് കണ്ടില്ല എന്നൊക്കെ ചിലര്‍ പറയുന്നത് കേട്ടു. ഒന്നാലോചിച്ചു നോക്കൂ, ഭര്‍ത്താവ് മരിച്ചു കിടക്കുമ്പോള്‍ ഏത് ഭാര്യയ്ക്കാണ് പോസ് ചെയ്തു കൊടുക്കാന്‍ സാധിയ്ക്കുക. എല്ലാവരും ഫോട്ടോ എടുക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കാന്‍ പറ്റുക? എന്താ നമ്മുടെ നാടിങ്ങനെ ആയിപ്പോയത്. ഏതൊരു കുടുംബത്തിലും ഉണ്ടാകുന്ന പിണക്കങ്ങള്‍ മാത്രമേ ഞങ്ങളുടെ വീട്ടിലും ഉണ്ടാകാറുള്ളൂ. അല്ലാതെ ഒരിക്കലും വഴക്കിട്ടിട്ടില്ല.

പ്രണയ വിവാഹമായിരുന്നോ?

ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നില്ല, എന്നാലും പരസ്പരം കണ്ട് ഇഷ്ടപ്പെട്ടതിന് ശേഷമാണ് വിവാഹം കഴിച്ചത്. മണിച്ചേട്ടന്‍ എന്നെ പെണ്ണുകാണാന്‍ വീട്ടില്‍ വന്നിരുന്നില്ല. അഥവാ കല്യാണം നടന്നില്ലെങ്കില്‍, കലാഭവന്‍ മണി കണ്ടു പോയ പെണ്‍കുട്ടി എന്ന ചീത്തപ്പേര് എനിക്കുണ്ടാവരുത് എന്ന് കരുതിയാണ് അദ്ദേഹം വീട്ടില്‍ വരാതിരുന്നത്. കണ്ണമ്പുഴ ക്ഷേത്രത്തില്‍ വച്ചാണ് ഞങ്ങള്‍ കണ്ടത്. ചാലക്കുടിയില്‍ ഇങ്ങനെ ഒരു സിനിമ നടന്‍ ഉണ്ട് എന്നറിയാമല്ലാതെ, വിവാഹത്തിന് മുന്‍പ് ഞാന്‍ മണിച്ചേട്ടനെ കണ്ടിട്ടില്ല.

മണിക്കൊപ്പം പൊതു സ്ഥലത്ത് പോകാത്തതിന് കാരണം?

എനിക്കത് ഇഷ്ടമല്ലായിരുന്നു. ആദ്യമൊക്കെ ലൊക്കേഷനിലൊക്കെ പോകും. പിന്നെപ്പിന്നെ എനിക്ക് ബോറടിച്ചു തുടങ്ങി. ഒന്നുകില്‍ ലൊക്കേഷനില്‍ പോയി വെറുതേയിരിക്കണം അല്ലെങ്കില്‍ റൂമിലിരിക്കണം. മോളുണ്ടായപ്പോള്‍ ഇനി പരിപാടിയ്‌ക്കൊന്നും വരുന്നില്ല എന്ന് ഞാന്‍ പറഞ്ഞു. അവധിയ്ക്ക് ഞങ്ങള്‍ വിദേശത്ത് പോകുമായിരുന്നു. സത്യം പറഞ്ഞാല്‍ അപ്പോഴാണ് ആള്‍ക്കൂട്ടമില്ലാതെ മണിച്ചേട്ടനെ കാണാന്‍ കഴിയുന്നത്.

ഞങ്ങളുടെ സ്വകാര്യ നിമിഷം

കല്യാണം നിശ്ചയിച്ചതിന് ശേഷം മാത്രമേ ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിട്ടുള്ളൂ. എന്നെ പാപ്പാ എന്നാണ് അദ്ദേഹം വിളിച്ചിരുന്നത്. ഞാന്‍ മണിച്ചേട്ടന്‍ എന്നും. നീ എന്നെ മണിച്ചേട്ടന്‍ എന്ന് വിളിയ്‌ക്കേണ്ട, മറ്റെന്തെങ്കിലും വിളിച്ചാല്‍ മതി എന്ന് പറയും. അങ്ങനെ ഞാനും പാപ്പാ എന്നാണ് വിളിച്ചിരുന്നത്. ഒരുമിച്ച് ഭക്ഷണം കഴിക്കുമ്പോളെല്ലാം ഒരു ഉരുള ചോറ് എന്റെ വായില്‍ വച്ചു തരും. എന്നെ കുട്ടിയെ പോലെയാണ് സ്‌നേഹിച്ചത്. എനിക്ക് രണ്ട് കുട്ടികളുണ്ട് എന്നാണ് എല്ലാവരോടും മണിച്ചേട്ടന്‍ പറയാറുള്ളത്.

മണിയുടെ കൂട്ടുകാര്‍

വീട്ടില്‍ അദ്ദേഹം ഒരിക്കലും കൂട്ടുകാരെ കൊണ്ടു വന്നിരുന്നില്ല. വീടിനകം ബന്ധുക്കള്‍ക്ക് മാത്രമുള്ളതായിരുന്നു. വീടിന് പുറത്തുള്ള അദ്ദേഹത്തിന്റെ സൗഹൃദങ്ങളിലൊന്നും ഞങ്ങള്‍ ഇടപെട്ടിരുന്നില്ല. അദ്ദേഹത്തിന് അത് ഇഷ്ടമായിരുന്നില്ല. ഇപ്പോള്‍ തോന്നുന്നു ചില സൗഹൃദങ്ങളാണ് അദ്ദേഹത്തെ വഴിതെറ്റിച്ചത് എന്ന്.

അസുഖം വിവരം പറഞ്ഞില്ല

മൂന്ന് മാസം മുന്‍പാണ് എന്തൊക്കയോ പ്രശ്‌നങ്ങളുണ്ടെന്ന് പറയുന്നത്. രോഗത്തെ കുറിച്ചൊന്നും പറഞ്ഞിരുന്നില്ല. ആരെങ്കിലും എന്തെങ്കിലും രോഗമുണ്ടോ എന്ന് ചോദിയ്ക്കുന്നത് പോലും അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. ഒരു പനി വന്നാല്‍ പോലും അദ്ദേഹം അസ്വസ്ഥനാകും. അസുഖമുള്ള ഒരാളായിട്ട് അദ്ദേഹത്തെ കാണാന്‍ അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു - നിമ്മി പറഞ്ഞു.

English summary
Kalabhavan Mani's wife Nimmi about their love life

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam