എന്റെ മാത്രമല്ല, മണിരത്നത്തിന്റെ മനോഭാവവും മാറ്റിയത് മലയാള സിനിമ; കമൽ ഹാസൻ ഫിൽമിബീറ്റിനോട്
കമൽ ഹാസന്റെ പുതിയ ചിത്രം തഗ് ലെെഫ് റിലീസിന് ഒരുങ്ങുകയാണ്. മണിരത്നം സംവിധാനം ചെയ്ത ചിത്രത്തിൽ കമൽ ഹാസൻ നായകനായെത്തുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷകൾ ഏറെയാണ്. 1987 ൽ പുറത്തിറങ്ങിയ നായകൻ എന്ന സിനിമയ്ക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന സിനിമയാണ് തഗ് ലെെഫ്. ഫിൽമിബീറ്റിന് നൽകിയ അഭിമുഖത്തിൽ തഗ് ലെെഫിനെക്കുറിച്ചും സിനിമകളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെക്കുറിച്ചും കമൽ ഹാസൻ സംസാരിക്കുന്നുണ്ട്. മലയാള സിനിമകൾ സിനിമയോടുള്ള തന്റെ മനോഭാവം മാറ്റിയതിനെക്കുറിച്ച് അഭിമുഖത്തിൽ നടൻ പരാമർശിച്ചു.
എന്റെ മാത്രമല്ല സിനിമയോടുള്ള ഇദ്ദേഹത്തിന്റെ (മണിരത്നം) ആറ്റിറ്റ്യൂഡും മാറ്റിയത് മലയാളം സിനിമയാണ്. ഇദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമ മലയാളത്തിലായിരുന്നു. അത് വ്യത്യസ്ത അന്തരീക്ഷമാണ്. ഒരുപാട് ഇന്റലിജന്റായ ആളുകൾ. സിനിമയോട് പാഷനുള്ള ആളുകൾ. ഒരുപാട് കൊമേഴ്ഷ്യൽ സിനിമകൾ വരുന്നുണ്ട്. പക്ഷെ അവരുടെ പ്രധാന ലക്ഷ്യം മെച്ചപ്പെട്ട സിനിമയുണ്ടാക്കുകയാണ്. ഒരുപാട് ചെറുപ്പക്കാർ ആത്മവിശ്വാസത്തോടെ വരുന്നു, കമൽഹാസന്റെ വാക്കുകളിങ്ങനെ. ഉണരൂ ആണ് മണിരത്നം സംവിധാനം ചെയ്ത മലയാള ചിത്രം. 1984 ലാണ് ഈ സിനിമ റിലീസ് ചെയ്തത്.

സിനിമകളുടെ വിജയ പരാജയങ്ങളെ അഭിമുഖീകരിക്കുന്നതിനെക്കുറിച്ചും കമൽ ഹാസൻ സംസാരിച്ചു. പരാജയങ്ങൾക്കും വിജയങ്ങൾക്കും എനിക്കുള്ള ഡെഫിനിഷൻ വ്യത്യസ്തമാണ്. അതിനാൽ എന്റെ പ്രതികരണം മറ്റുള്ളവർക്ക് തമാശയായിരിക്കാം. എന്നെ സംബന്ധിച്ച് വളരെ സക്സ്ഫുളായ സിനിമ തൃപ്തിപ്പെടുത്തില്ല. കാരണം അത് ഫിലിം ബഫുകളുടെ സിനിമയായിരിക്കില്ല. പരാജയപ്പെട്ട സിനിമ എന്നെ സംബന്ധിച്ച് പൂർണമായും തള്ളിക്കളയേണ്ട സിനിമയായിരിക്കില്ല.
ആർട്ട് സിനിമ, കൊമേഴ്ഷ്യൽ സിനിമ എന്നൊന്നില്ല. സിനിമ ഒരു ആർട്ടാണെന്ന് രാജ് കപൂർ സർ പറഞ്ഞത് ഓർക്കുന്നു. ചില ആളുകൾ പണത്തിന് വേണ്ടി മാത്രം ചെയ്യും. ചിലർ രണ്ടും ചേർത്ത് സിനിമ ചെയ്യും. ചില ആളുകൾ പണത്തെക്കുറിച്ചോ മാർക്കറ്റിനെക്കുറിച്ചോ ചിന്തിക്കില്ല. അവരുടെ ഏസ്തെറ്റിക് കൊണ്ട് വരും.
അഭിമുഖത്തിൽ മണിരത്നവും സിനിമകളെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ബോക്സ് ഓഫീസ് കണക്കുകളല്ല താൻ നോക്കാറെന്ന് മണിരത്നം പറയുന്നു. ഞാൻ ക്ലബ് മെമ്പറല്ല. നല്ല സിനിമകൾ ഉണ്ടാക്കുന്നതാണ് നല്ലതെന്ന് ഞാൻ കരുതുന്നു. തമിഴ് ഇൻഡസ്ട്രിയിൽ കുറച്ച് നല്ല സിനിമകളേ ഉണ്ടാകുന്നുള്ളൂ. 500 കോടിയോ 1000 കോടിയോ അല്ല കാര്യം. അത് വന്നോളും. നല്ല സിനിമകൾ വിജയിക്കുമ്പോൾ നമ്പറുകൾ വരും. പ്രേക്ഷകരെ വിശ്വസിക്കണം.
കോടി ക്ലബുകളിൽ വരാനല്ല നമ്മൾ സിനിമാ രംഗത്തേക്ക് വന്നത്. നമ്മൾ വിശ്വസിക്കുന്ന സിനിമകൾ ഉണ്ടാക്കാനാണെന്നും മണിരത്നം പറഞ്ഞു. ഇതേക്കുറിച്ച് കമൽ ഹാസനും സംസാരിച്ചു. ഞാൻ ചാർളി ചാപ്ലിന്റെ കൊച്ചുമകനെ പോലെയാണ്. സർക്കസ് കോമാളിലെ പോലെ അദ്ദേഹം കളിക്കും. എന്നാൽ ഇന്റലിജൻസ് ഉണ്ടാകും. അത് താൻ ആരാധിക്കുന്നെന്നും കമൽ ഹാസൻ പറഞ്ഞു. ജൂൺ അഞ്ചിനാണ് തഗ് ലെെഫ് റിലീസ് ചെയ്യുന്നത്.
സിമ്പു, തൃഷ, അഭിരാമി തുടങ്ങി വലിയ താരനിര തഗ് ലെെഫിൽ അണിനിരക്കുന്നുണ്ട്. തഗ് ലെെഫിന്റെ ട്രെയിലറിനും ഗാനങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അതേസമയം ചിത്രം കർണാടകയിൽ വിലക്ക് നേരിടുന്നുണ്ട്. കന്നഡ ഭാഷയെ അപമാനിച്ചു എന്ന ആരോപണം നേരിടുന്ന കമൽ ഹാസൻ മാപ്പ് പറഞ്ഞാൽ മാത്രമേ റിലീസിന് അനുമതി നൽകൂ എന്നാണ് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് പറയുന്നത്. അതേസമയം മാപ്പ് പറയില്ലെന്ന് കമൽ ഹാസന്റെ വ്യക്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications











