ആരെക്കുറിച്ചും കുറ്റം പറയാത്ത ഹണി റോസ്; ഭാവനയുടെ കരിയറിലെ പ്രതിസന്ധി ഘട്ടം കാണുമ്പോൾ...; രഞ്ജു രഞ്ജിമാർ
സെലിബ്രിറ്റി മേക്കപ്പ് രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള രഞ്ജു രഞ്ജിമാർക്ക് മലയാള സിനിമാ രംഗത്ത് തന്റേതായ സ്ഥാനമുണ്ട്. മുൻനിര നായിക നടിമാരുടെ മേക്കപ്പ് ആർട്ടിസ്റ്റായി മാറിയ രഞ്ജുവിന് പല താരങ്ങളുടെയും അടുത്ത സുഹൃത്തുമാണ്. സെലിബ്രിറ്റി മേക്കപ്പ് മേക്കപ്പ് രംഗത്ത് കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ വന്ന മാറ്റങ്ങൾ കണ്ടയാളാണ് രഞ്ജു. ഫിൽമിബീറ്റ് മലയാളവുമായുള്ള അഭിമുഖത്തിൽ കരിയറിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണിപ്പോൾ രഞ്ജു രഞ്ജിമാർ.
സെലിബ്രിറ്റി മേക്കപ്പിലും വെഡ്ഡിംഗ് മേക്കപ്പിലും ഏറ്റവും കൂടുതൽ സംതൃപ്തി നൽകുന്നത് ഏതാണ്?
ഏറ്റവും സംതൃപ്തി ലഭിക്കുന്നത് എപ്പോഴും വിവാഹങ്ങൾക്ക് മേക്കപ്പ് ചെയ്യുമ്പോഴാണ്. കാരണം വിവിധ തരത്തിലുള്ള ആൾക്കാരാണ്. അവരുടെ സംസ്കാരവും പെരുമാറ്റ രീതിയുമെല്ലാം വ്യത്യസ്തമായിരിക്കും. സെലിബ്രിറ്റി എന്ന് പറയുമ്പോൾ ഒരു പ്രത്യേക ഏരിയ മാത്രമാണ്. അവരെ നമ്മൾ സ്ഥിരമായി കാണുന്നു. പക്ഷെ ഇന്ന് ചെയ്ത് വധുവിനല്ല നാളെ മേക്കപ്പ് ചെയ്യുന്നത്. വ്യത്യസ്തമായ വർക്കുകൾ നമുക്ക് ചെയ്യാൻ പറ്റും. അതിലൂടെ നമ്മുടെ സ്കില്ലുകൾ കുറേക്കൂടി വളർത്താനും സാധിക്കുന്നു.
ഇക്കഴിഞ്ഞ വർഷങ്ങൾക്കുള്ളിൽ മോളിവുഡിലെ ഫാഷൻ, മേക്കപ്പ് ലോകത്ത് വന്ന മാറ്റങ്ങളെ എങ്ങനെ കാണുന്നു?
കഴിഞ്ഞ കുറച്ച് വർഷങ്ങളായി മോളിവുഡ് ഹോളിവുഡ് ആയിക്കൊണ്ടിരിക്കുകയാണെന്ന് എനിക്ക് തോന്നുന്നു. കാരണം പണ്ട് കാലങ്ങളിൽ ഉണ്ടായിരുന്ന ഒരുക്കമല്ല ഇപ്പോൾ കാണുന്നത്. ഡ്രസിംഗിലും മേക്കപ്പിലും ഹെയർ സ്റ്റെെലിലും വ്യത്യസ്തത കണ്ട് വരുന്നുണ്ട്. ഭൂരിഭാഗം ആർട്ടിസ്റ്റുകളും ബോളിവുഡ് താരങ്ങളുടെ സ്റ്റെൽ കോപ്പി ചെയ്യാറുണ്ട്. അത് മേക്കപ്പ് ആർട്ടിസ്റ്റുകളുടെ കഴിവാണ്. ഒരു കാര്യം കണ്ട് അത് പോലെ ചെയ്യണമെങ്കിലും അതിനൊരു കഴിവ് വേണം. കേരളത്തിലെ മേക്കപ്പ് ആർട്ടിസ്റ്റുകൾ വളരെ ടാലന്റഡ് ആണ്.

പെർഫെക്ഷന് പ്രാധാന്യം നൽകുന്ന മംമ്തയും പാൻ ഇന്ത്യൻ താരമായ പ്രിയാമണിയും. രണ്ട് പേരുടെയും പ്രൊഫഷണലിസത്തെ എങ്ങനെ നോക്കിക്കാണുന്നു.
മംമ്തയുടെയും പ്രിയാമണിയുടെയും സ്വഭാവരീതികൾ വ്യത്യസ്തമാണ്. രണ്ട് പേരും രണ്ട് ധ്രുവങ്ങളാണ്. പക്ഷെ പെർഫെക്ഷന്റെ കാര്യത്തിലും പ്രൊഫഷണലിസത്തിന്റെ കാര്യത്തിലും രണ്ട് പേരും തുല്യരാണ്. ഒരു ഫൗണ്ടേഷൻ ചെയ്യുമ്പോഴും ഹെയർ സ്റ്റെെൽ ചെയ്യുമ്പോഴും അതിന്റെ എല്ലാ കറക്ഷനുകളോടെ ചെയ്യണമെന്ന് നിർബന്ധമുള്ളവരാണ്. ഇവർ എപ്പോഴും എനിക്ക് മോട്ടിവേഷനാണ്. പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ഇൻസ്റ്റിറ്റ്യൂട്ട് ആണ് എനിക്കെന്റെ ആർട്ടിസ്റ്റുകൾ. പ്രത്യേകിച്ചും മംമ്തയും പ്രിയാമണിയും.
മംമ്ത, പ്രിയാമണി, ഭാവന എന്നീ ഒരേ ജനറേഷനിൽ വന്ന നടിമാരുടെ വളർച്ച കണ്ടയാളെന്ന നിലയിൽ പുതുമുഖ നടിമാരെയും ഇവരെയും താരതമ്യം ചെയ്താൽ
പ്രിയാമണിയും മംമ്തയും ഞാനും കൂടെ ഒരുപാട് വർക്കുകൾ ചെയ്തിട്ടുണ്ട്. അതിൽ എടുത്ത് പറയാനുള്ളത് ഡി ഫോർ ഡാൻസാണ്. മറ്റൊന്ന് ഐഫ അവാർഡ് നെെറ്റും. മംമ്തയുടെ റൂമിൽ വെച്ചാണ് പ്രിയാമണി മേക്കപ്പ് ചെയ്തത്. മംമ്തയ്ക്ക് വേണ്ട സജഷനുകൾ പ്രിയാമണിയാണ് കൊടുത്തത്. ഫ്രണ്ട്ലിയായാണ് ഞങ്ങൾ എപ്പോഴും വർക്ക് ചെയ്യാറ്.
ഇവർ ഒരേ ജനറേഷനിൽ വരുന്ന നടിമാരാണെങ്കിലും ഇവരിൽ ഒരുപാട് കഥാപാത്രങ്ങൾ ചെയ്യാൻ കഴിഞ്ഞത് പ്രിയാമണിക്കാണ്. മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലും കന്നഡയിലും വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാൻ പ്രിയാമണിക്ക് കഴിഞ്ഞു. മംമ്ത കുറച്ച് നാൾ ബ്രേക്ക് എടുത്തത് മംമ്തയുടെ കരിയറിനെ ഒരുപാട് ബാധിച്ചിട്ടുണ്ട്. ഇന്ന് ബോളിവുഡിലെ ഒരാൾക്കൊപ്പം നിൽക്കാനുള്ള കഴിവുള്ള നടിയാണ് മംമ്ത.

അത് പോലെ തന്നെയാണ് ഭാവനയും. ഭാവനയുടെ വളർച്ച വളരെ വേഗത്തിലായിരുന്നു. അങ്ങനെയൊരു ആർട്ടിസ്റ്റിന്റെ വളർച്ച ഇന്ന് വല്ലാത്തൊരു പ്രതിസന്ധി ഘട്ടത്തിൽ നിൽക്കുന്നത് കാണുമ്പോൾ സങ്കടം തോന്നാറുണ്ട്. പുതുമുഖങ്ങളിൽ മിക്കവരും അന്യഭാഷ സിനിമകളിൽ അഭിനയിക്കാനാണ് താൽപര്യപ്പെടുന്നത്. അതുകൊണ്ട് തന്നെ മലയാളത്തിൽ സ്ട്രോങായ നടി എന്ന് ചൂണ്ടിക്കാണിക്കാൻ പുതുമുഖങ്ങളിൽ ആരുമില്ല. കുറേ കുട്ടികൾ വരുന്നുണ്ടെങ്കിലും അവർ സ്റ്റീരിയോടൈപ് ആകാറുണ്ടോ എന്ന സംശയം പലപ്പോഴും തോന്നാറുണ്ട്.
കരിയറിനോട് കാണിക്കുന്ന ആത്മാർത്ഥത വിലമതിക്കപ്പെടാതെ പോയ ഘട്ടം ഉണ്ടായിട്ടുണ്ടോ?
പുതിയൊരു മേക്കപ്പ് പ്രൊഡക്ട് കണ്ടാൽ എത്രയും പെട്ടെന്ന് വാങ്ങണമെന്ന് ആഗ്രഹമുള്ളയാളാണ്. അത് എങ്ങനെയും വാങ്ങിക്കാൻ ശ്രമിക്കും. ഒരു പ്രൊഡക്ട് സെലക്ട് ചെയ്യുമ്പോൾ ഒരു ആർട്ടിസ്റ്റിന് വേണ്ടി ഉപയോഗിക്കാം എന്ന ചിന്തയായിരിക്കും. നമ്മുടെ മുമ്പിൽ ആ ആർട്ടിസ്റ്റിന്റെ ചിത്രം വന്ന് നിൽക്കും. പക്ഷെ ചില സാഹചര്യങ്ങളിൽ അവരുമായി സഹകരിച്ച് പോകാൻ പറ്റാതാകുമ്പോൾ വിഷമം തോന്നും.
സ്വപ്ന താരം ഐശ്വര്യ റായ് മുതൽ മോളിവുഡിലെ മുൻനിര നടിമാർ വരെ നേരിടുന്ന ബോഡി ഷെയ്മിംഗും മേക്കപ്പ്, ഫാഷൻ ചോയ്സിന്റെ പേരിലുള്ള വിമർശനങ്ങളും...
ഐശ്വര്യ റായ് മാത്രമല്ല. പരിചിതമായ പലരും ബോഡി ഷെയ്മിംഗ് നേരിടുന്നുണ്ട്. മലയാളത്തിൽ ഹണി റോസ്. എത്രത്തോളം ബോഡി ഷെയ്മിംഗ് നേരിടുന്ന പെൺകുട്ടിയാണവൾ. അതൊക്കെ തരണം ചെയ്യുന്നത് വലിയൊരു ശക്തിയാണ്. ഇനി ദീപിക പദുകോൺ കുഞ്ഞിന് ജന്മം നൽകി പുറത്തിറങ്ങുമ്പോൾ കുറച്ച് കൂടെ തടി വെക്കും. അവർക്കും കുറേ ട്രോളുകൾ വരും. ഇതിനെയെല്ലാം തരണം ചെയ്യുന്ന ശക്തിയെ അഭിനന്ദിച്ചേ മതിയാവൂ.

ഹണി റോസ് വളരെ ശാന്തയാണ്. ഒത്തിരി ബഹളം ഒന്നുമില്ലാത്ത അവനവന്റെ കാര്യം നോക്കുന്ന ആർട്ടിസ്റ്റ്. ഒരാളുടെയും കുറ്റങ്ങൾ പറയില്ല. ഇന്നേ വരെ ഒരാളെ പറ്റി മോശം പറയുന്നത് കേട്ടിട്ടില്ല. ഒരുപാട് വർക്കുകൾ ഒരുമിച്ച് ചെയ്തിട്ടില്ല, പക്ഷെ ചെയ്തെല്ലാം സന്തോഷത്തോടെ ചെയ്യാൻ കഴിഞ്ഞു. അവളുടെ കാര്യങ്ങൾ നോക്കി ജീവിക്കുന്ന ആർട്ടിസ്റ്റ്. 'ഷി ഈസ് ഡിഫറന്റ്...'
കരിയറിൽ തെറ്റായി പോയെന്ന് തോന്നിയ തീരുമാനം. മുന്നോട്ടുള്ള പോക്കിൽ കൊണ്ടു വരാൻ ആഗ്രഹിക്കുന്ന മാറ്റം.
കരിയറിൽ തെറ്റായിപ്പോയി എന്ന് തോന്നിയ തീരുമാനം ഇല്ല. എന്റെ പ്രസ്താവനകളും അഭിപ്രായങ്ങളും വർക്കുകൾ നഷ്ടപ്പെടാനുണ്ടായ സാഹചര്യവും തെറ്റായിപ്പോയതായി എനിക്ക് തോന്നിയിട്ടില്ല. അതൊക്കെ നിമിത്തമായേ തോന്നിയിട്ടുള്ളൂ. ആ നിമിത്തം എനിക്ക് അടുത്ത നല്ല വഴി കിട്ടാൻ കാരണം ആയിട്ടുണ്ട്. പക്ഷെ വേണ്ടിയിരുന്നില്ല എന്ന് തോന്നിയ ചില സൗഹൃദങ്ങളുണ്ട്. അത് കാരണം എനിക്ക് മാനസിക വിഷമം ഉണ്ടായിട്ടുണ്ട്.


Click it and Unblock the Notifications