കുടുംബവും കരിയറും മാനേജ് ചെയ്ത് പോകാൻ പറ്റുന്നുണ്ട്; മുന്നോട്ട് എന്താണ് ചെയ്യേണ്ടത് എന്ന നിലയ്ക്ക് ചർച്ച വരണം!
സീരിയലിൽ നിന്നും സിനിമയിലേക്ക് എത്തി മുൻനിര നായികമാരുടെ ലിസ്റ്റിൽ ഇടംനേടിയവർ മലയാളത്തിൽ ചുരുക്കമാണ്. അക്കൂട്ടത്തിൽ ഒരാളാണ് നടി മിയ ജോർജ്. മുപ്പത്തിരണ്ടുകാരിയായ താരം പതിനാല് വർഷത്തെ സിനിമാ ജീവിതത്തിനടിയിൽ തമിഴിലും തെലുങ്കിലും മലയാളത്തിലുമായി നായികയായും സഹനടിയായുമെല്ലാം നിരവധി കഥാപാത്രങ്ങൾ ചെയ്തു. സീരിയലുകളാണ് കുടുംബപ്രേക്ഷകർക്കിടയിൽ മിയയ്ക്ക് സ്ഥാനം നേടി കൊടുത്തത്. ഏത് തരം കഥാപാത്രവും അനായാസം കൈകാര്യം ചെയ്യുമെങ്കിലും മിയയെ മലയാള സിനിമ വേണ്ടത്ര ഉപയോഗിച്ചിട്ടുണ്ടോയെന്നത് സംശയമാണ്.
അണ്ടറേറ്റഡ് നായിക എന്നൊരു ടാഗും മിയയ്ക്ക് സിനിമാ പ്രേമികൾക്കിടയിലുണ്ട്. ആദ്യമായി ഒരു വെബ് സീരിസിന്റെ ഭാഗമായതിന്റെ സന്തോഷത്തിലാണ് താരം ഇപ്പോൾ. സോണി ലിവിന്റെ ആദ്യ മലയാളം ഒറിജിനൽ സീരിസായ ജയ് മഹേന്ദ്രനിൽ നായിക വേഷം ചെയ്തപ്പോഴുള്ള അനുഭവങ്ങളും തന്റെ പുതിയ വിശേഷങ്ങളും ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ മിയ പങ്കുവെച്ചു.

സർക്കാർ ഓഫീസുകൾ സന്ദർശിച്ചിട്ടുള്ളവർക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥ
സീരിസിന്റെ ഭാഗമാകുന്നത് ആദ്യമാണ്. സോണി ലിവ് പോലെ എല്ലാവർക്കും സുപരിചിതമായ ഒരു ഒടിടി പ്ലാറ്റ്ഫോമിന്റെ ആദ്യ മലയാളം ഒറിജിനൽ സീരിസിന്റെ ഭാഗമാകുന്നുവെന്നതിൽ ഒത്തിരി സന്തോഷമുണ്ട്. താലൂക്ക് ഓഫീസിനെ കേന്ദ്രീകരിച്ചാണ് സീരിസിന്റെ പ്ലോട്ട് സെറ്റ് ചെയ്തിരിക്കുന്നത്. താലൂക്ക് ഓഫീസ്, മുൻസിപ്പാലിറ്റി, പഞ്ചായത്ത് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളിൽ കയറി ഇറങ്ങിയിട്ടുള്ളവർക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥയാണ് ഈ സീരിസിന്റേത്.
പോലീസ് സ്റ്റേഷൻ പോലുള്ളവയൊക്കെ പലപ്പോഴും സിനിമയ്ക്കും സീരിസിനും ആധാരമായിട്ടുണ്ട്. പക്ഷെ താലൂക്ക് ഓഫീസ് പ്രധാന കഥാപശ്ചാത്തലം വെച്ച് സിനിമയോ സീരിസോ ഇതിന് മുമ്പ് വന്നതായി ഞാൻ ഓർക്കുന്നില്ല. എല്ലാവർക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥയാണ് സീരിസിന്റേത് എന്നതാണ് എന്നെ കൂടുതൽ അട്രാക്ട് ചെയ്യിപ്പിച്ച ഒരു ഘടകം. ടൈറ്റിൽ റോൾ ചെയ്യുന്ന സൈജു കുറിപ്പിന്റെ ഭാര്യ റോളാണ് എനിക്ക്. മെച്വേഡായും സെൻസിബിളായും സംസാരിക്കുന്ന ഒരു ടീച്ചർ കൂടിയാണ് എന്റെ കഥാപാത്രം.
കള്ളത്തരങ്ങളുള്ള മഹേന്ദ്രന്റെ സ്ട്രെയ്റ്റ് ഫോർവേഡായ ഭാര്യ
എങ്ങനെ വീണാലും നാല് കാലിലെ വീഴുകയുള്ളു എന്ന രീതിയിലുള്ള കഥാപാത്രമാണ് സൈജുവിന്റേത്. കുറച്ച് കള്ളത്തരവും ഗ്രെ ഷെയ്ഡുമെല്ലാം മഹേന്ദ്രൻ എന്ന കഥാപാത്രത്തിനുണ്ട്. അതിന് നേരെ വിപരീതവും സ്ട്രെയ്റ്റ് ഫോർവേഡുമാണ് എന്റെ കഥാപാത്രം. മഹേന്ദ്രൻ നിലനിൽപ്പിന് വേണ്ടി പറയുന്ന കള്ളങ്ങളോട് പോലും യോജിപ്പിലാത്തയാളാണ് എന്റെ പ്രിയ എന്ന കഥാപാത്രം.
കുട്ടിക്കാലം മുതൽ സ്ക്രീനിൽ കണ്ട മുഖം... സുഹാസിനി മാം ഈ സീരിസിന്റെ പ്രധാന ആകർഷണം
സുഹാസിനി മാം ഈ സീരിസിന്റെ വലിയൊരു ചാം തന്നെയാണ്. നമുക്ക് എല്ലാവർക്കും ഇഷ്ടമുള്ള അഭിനേത്രിയാണല്ലോ. കുട്ടിക്കാലം മുതൽ നമ്മളൊക്കെ കാണുന്ന മുഖമാണല്ലോ. സുഹാസിനി മാമിനൊപ്പം കോമ്പിനേഷൻ സീനുണ്ടായിരുന്നു. മാമിമൊപ്പം അഭിനയിക്കാൻ സാധിച്ചപ്പോൾ എനിക്കും സന്തോഷമായി. വളരെ സ്വീറ്റായിട്ടുള്ളയാളാണ്. ഞാനും മാമിന്റെ കൂടെ അഭിനയിച്ചിട്ടുണ്ടെന്ന് എല്ലാവർക്കും കാണിച്ച് കൊടുക്കാൻ വെയ്റ്റിങാണ്. സീരിസ് ഇറങ്ങിയിട്ട് വേണം എല്ലാം വീണ്ടും ഒന്നുകൂടി കാണാൻ.
സിനിമയിൽ നിന്നും വെബ് സീരിസുകളെ വ്യത്യസ്തമാക്കുന്ന ഘടകങ്ങൾ
സിനിമ-വെബ് സീരിസ് എന്നുള്ള വ്യത്യാസങ്ങളൊന്നും അഭിനയിക്കുമ്പോൾ ഇല്ല. രണ്ടിലും ഒരുപോലെ തന്നെയാണ് രീതികൾ. പക്ഷെ വെബ് സീരിസിലേക്ക് വരുമ്പോൾ അതിന്റെ ക്രിയേറ്റീവ് സൈഡിൽ പ്രവർത്തിക്കുന്നവർക്ക് കോർപ്പറേറ്റ് സ്വഭാവം സീരിസ് ചെയ്യുമ്പോൾ ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കാരണം സീനുകൾ ഷൂട്ട് ചെയ്യുന്നതിൽ അടക്കം കൃത്യമായ പ്ലാനിങ്ങുണ്ടാകും.
മാത്രമല്ല ഓരോ ദിവസവും പ്ലാൻ ചെയ്തതിന് അനുസരിച്ച് പൂർത്തിയായോ എന്നുള്ളത് അപ്ഡേറ്റ് ചെയ്യണം. കൂടാതെ ഷൂട്ട് ചെയ്ത ഭാഗങ്ങൾ സോണി ലിവ് ടീം കണ്ടുകഴിയുമ്പോൾ സജഷൻസ് പറഞ്ഞാൽ റീ ഷൂട്ട് ചെയ്യേണ്ടതായി വരും. എല്ലാ ദിവസവും ഒരു മോണിറ്ററിങ് നടക്കുന്നത് സീരിസുകളുടെ ഒരു പ്രത്യേകതയായി തോന്നി. ആർട്ടിസ്റ്റുകളെ ഇത് പക്ഷെ ബാധിക്കില്ല.

ഫെയിം വന്നതിനുശേഷവും സർക്കാർ ഓഫീസുകളിൽ കയറി ഇറങ്ങാറുണ്ട്
ശ്രീകാന്ത് മോഹൻ ആദ്യമായി സംവിധാനം ചെയ്യുന്ന വെബ് സീരിസാണ് ജയ് മഹേന്ദ്രൻ. ശ്രീകാന്ത് മുമ്പ് മറ്റൊരു വെബ് സീരിസിന്റെ അസോസിയേറ്റായി പ്രവർത്തിച്ചിട്ടുണ്ട്. കുറച്ച് സിനിമകളിൽ പ്രവർത്തിച്ചിട്ടുമുണ്ട് അഭിനയിച്ചിട്ടുമുണ്ട്. ഫെയിം വന്നതിനുശേഷവും സർക്കാർ ഓഫീസുകളിൽ ആവശ്യങ്ങൾക്കായി പലവട്ടം പോകേണ്ടി വന്നിട്ടുണ്ട്. വീട് വെച്ച സമയത്തെല്ലാം പേപ്പർ വർക്കുകൾക്കും കാര്യങ്ങൾക്കും കരമടക്കാനും എല്ലാം വേണ്ടി പോയിട്ടുണ്ട്. പപ്പ മരിക്കുന്നതിന് മുമ്പ് വരെ അദ്ദേഹമായിരുന്നു ഇതിനെല്ലാം പിറകെ നടന്നിരുന്നത്. പപ്പ മരിച്ചതിനുശേഷമാണ് അത്തരം കാര്യങ്ങളിലേക്ക് ഞാൻ ഇറങ്ങിയത്.
ചേട്ടായീസ് മുതൽ പരിചയമുള്ള സുരേഷേട്ടൻ
സുരേഷേട്ടന് കൺവിൻസിങ് സ്റ്റാറെന്ന പേര് കിട്ടിയതിനെ കുറിച്ച് ജയ് മഹേന്ദ്രൻ ടീമിനിടയിലും സംസാരമുണ്ടായിരുന്നു. ഞങ്ങളുടെ ട്രെയിലർ റിലീസ് ചെയ്ത സമയത്തായിരുന്നു സുരേഷേട്ടന് കൺവിൻസിങ് സ്റ്റാറെന്ന ടാഗ് ഹോട്ട് ടോപ്പിക്കായതും. ചേട്ടായീസിലൊക്കെ സുരേഷേട്ടനൊപ്പം അഭിനയിച്ചിട്ടുണ്ട് ഞാൻ.
ഞാനും വെബ് സീരിസുകളുടെ ആരാധിക
ഒടിടി പ്ലാറ്റഫോമുകളുടെ സബ്സ്ക്രിബ്ഷൻ ദിവസവും വർധിക്കുന്നുണ്ട്. കൊവിഡിനുശേഷം എല്ലാവരും പല ഭാഷകളിലേയും വെബ് സീരിസുകൾ കണ്ട് തുടങ്ങി. ഒടിടിയിലും തിയേറ്ററിലുമെല്ലാം വരുന്ന സിനിമകളും സീരികളും എല്ലാവരും കാണട്ടേയെന്ന് ആഗ്രഹിക്കുന്നു. ഒടിടി പ്ലാറ്റ്ഫോമുകളുടെ ഹൈലൈറ്റായി എല്ലാവരും പറയുന്നത് എവിടെ വെച്ചും ഏത് സാഹചര്യത്തിലും സൗകര്യപ്രദമായി കാണാൻ സാധിക്കും എന്നതാണ്. ആ ഒരു ബെനിഫിറ്റ് ആസ്വദിക്കുന്ന വലിയൊരു വിഭാഗം നമുക്കിടിയിലുണ്ട്. എല്ലാ ഭാഷകളിലേയും സീരിസുകൾ കാണാറുള്ളയാളാണ് ഞാനും.
ഇനി മുന്നോട്ട് എന്ത് ചെയ്യാമെന്ന് വേണം ചിന്തിക്കാൻ
ഇനി മുന്നോട്ട് എന്താണ് ചെയ്യേണ്ടത്. എങ്ങനെയാണ് മെച്ചപ്പെടുത്തേണ്ടത് എന്നുള്ള നിലയിലേക്ക് വേണം നമ്മൾ ചിന്തിക്കാനെന്ന് തോന്നുന്നു. പഠനം നടത്തി ഹേമ കമിറ്റി റിപ്പോർട്ട് പുറത്ത് വന്നപ്പോൾ പ്രതിഫലം കൃത്യമായി കിട്ടാത്തതും ടോയ്ലെറ്റ് സൗകര്യങ്ങൾ ഇല്ലത്തതും ഓവർ ടൈം വർക്ക് ചെയ്യേണ്ടി വരുന്നതും തുടങ്ങി പലവിധ കാര്യങ്ങളിൽ പ്രശ്നങ്ങളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. പക്ഷെ അതിലേക്കൊന്നും ആരുടെയും ശ്രദ്ധ വരുന്നില്ല. ഇനി മുന്നോട്ട് ഇതെങ്ങനെ കറക്ട് ചെയ്യാം എന്ന നിലയിലേക്ക് ഡിസക്ഷൻ എത്രമാത്രം പോയി എന്നതിൽ എനിക്ക് സംശയമുണ്ട്. ഇപ്പോൾ ഒരേ കാര്യത്തിൽ പിടിച്ചാണ് ചർച്ചകളും മറ്റും ഇപ്പോൾ പോകുന്നത്.
എല്ലാ തൊഴിൽ മേഖലകളും ക്ലീനാവണം
എനിക്ക് മോശം അനുഭവങ്ങളോ പ്രശ്നങ്ങളോ അഭിനയത്തിൽ വന്നശേഷം ഉണ്ടായിട്ടില്ല. ഞാൻ സംസാരിച്ചിട്ടുള്ള പല ആർട്ടിസ്റ്റുകൾക്കും ഇത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടില്ല. പ്രശ്നം നേരിടേണ്ടി വന്നവർ ഉണ്ടായിരിക്കാം. അങ്ങനെയുണ്ടെങ്കിൽ ആ പ്രശ്നം ഇനി ഇല്ലാതാവണം. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് വന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ചുക്കാൻ പിടിച്ച് മറ്റ് എല്ലാ തൊഴിൽ മേഖലകളും ക്ലീനാവണം എന്നൊരു അഭിപ്രായമുണ്ട്.
സ്ക്രിപ്റ്റ് നല്ലതായിരുന്നു... തലവന്റേത് പ്രതീക്ഷിച്ച വിജയം
തലവൻ വർക്കാകുന്ന മൂവിയാണെന്ന് തോന്നിയിരുന്നു. സ്ക്രിപ്റ്റ് നല്ലതായിരുന്നു. അതുകൊണ്ട് തന്നെ നല്ലൊരു ത്രില്ലർ സിനിമയായി മാറുമെന്ന് തോന്നിയിരുന്നു. രണ്ടാം ഭാഗവും ഇപ്പോൾ അനൗൺസ് ചെയ്തിട്ടുണ്ട്. സെക്കന്റ് പാർട്ടിൽ എന്റെ കഥാപാത്രവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
മകനും കുടുംബവും കരിയറും...
മോന് മൂന്ന് വയസായി. പ്ലേ സ്കൂളിൽ പോകാൻ തുടങ്ങിയിട്ടുണ്ട്. ഇതുവരെ അവനേയും കരിയറും മാനേജ് ചെയ്ത് കൊണ്ടുപോകാൻ പറ്റിയിട്ടുണ്ട്. ടോട്ടലി അവനെ ഇട്ടിട്ട് പോകുന്ന സാഹചര്യം എനിക്ക് ഇതുവരെ വന്നിട്ടില്ല. ചിലപ്പോൾ അവനേയും ഷൂട്ടിങ് സെറ്റിലേക്ക് കൊണ്ടുപോകാറുണ്ട്. കുഞ്ഞിനേയും കുടുംബത്തേയും മാനേജ് ചെയ്ത് പോകാൻ എനിക്ക് പറ്റുന്നുണ്ട്. മുന്നോട്ടും അങ്ങനെ പറ്റട്ടേയെന്ന് ആഗ്രഹിക്കുന്നു.
പ്രസവശേഷവും കാത്ത് സൂക്ഷിക്കുന്ന ഫിറ്റ്നസ്
ഡയറ്റ് നോക്കാറുണ്ട്. ഈ ഒരു ഇന്റസ്ട്രിയിലായിരിക്കുമ്പോൾ നമ്മൾ നമ്മുടെ ഫിഗർ മെയിന്റൈൻ ചെയ്യണം. അതുകൊണ്ട് അത് ചെയ്യാറുണ്ട്. മാത്രമല്ല പരിധിയിൽ കൂടുതൽ ശരീരഭാരം എനിക്കും ഇഷ്ടമല്ല. അതുകൊണ്ട് തന്നെ വെയിറ്റ് കൂടുന്നുവെന്ന് തോന്നുമ്പോൾ അത് കുറയ്ക്കാൻ ശ്രമിക്കാറുണ്ട്. എന്റെ ആഗ്രഹം കൊണ്ടാണ് ഞാൻ ഇങ്ങനെ ഇരിക്കുന്നത്. അതിനാൽ ഡയറ്റിനും മറ്റും ശ്രദ്ധ കൊടുക്കുന്നുവെന്ന് മാത്രം.


Click it and Unblock the Notifications











