മോഹന്‍ലാല്‍ തികച്ചും മഹാനായ മനുഷ്യന്‍
ജോഷിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ലൈല ഓ ലൈല എന്ന ചിത്രത്തിലൂടെ ഉത്തരേന്ത്യയില്‍ നിന്ന് ഒരു താരം കൂടെ മലയാള സിനിമയില്‍ എത്തുകയാണ്, കൈനത് അറോറ. ആദ്യ മലയാള ചിത്രമായ ലൈല ഓ ലൈലയുടെ ചിത്രീകരണ വേളയില്‍ മറക്കാന്‍ കഴിയാത്ത എന്തെങ്കിലും അനുഭവമുണ്ടായോ എന്ന് ചോദിച്ചപ്പോള്‍, മോഹന്‍ലാലെന്ന മഹാ നടനെ പരിചയപ്പെട്ടതു തന്നെയാണ് തനിക്ക് മറക്കാന്‍ കഴിയാത്ത അനുഭവമെന്ന് കൈനത് അറോറ പറഞ്ഞു.
വളരെ ചുരുങ്ങിയ സമയം കൊണ്ട് മോഹന്‍ലാലിനെ അടുത്തറിയാനും, അദ്ദേഹത്തില്‍ നിന്നും അഭിനയത്തിന്റെ പാഠങ്ങള്‍ പഠിക്കുവാനും കഴിഞ്ഞു. വളരെ രസികനായ വ്യക്തിയാണ് അദ്ദേഹം. കലയുടെ തികഞ്ഞ ആരാധകനും.

പെയ്ന്റിങ്ങുകള്‍ ഏറെ ഇഷ്ടമുള്ള അദ്ദേഹം തന്റെ ശേഖരത്തിലുള്ള ചില ചിത്രങ്ങള്‍ കാണിച്ചു തരികയും, അവയെകുറിച്ച് പറഞ്ഞു തരികയും ചെയ്തു. ലോകം മുഴുവന്‍ ബഹുമാനിക്കുന്ന വലിയ ഒരു വ്യക്തിയാണ് താന്‍ എന്ന് തോന്നിപ്പിക്കാത്ത രീതിയിലാണ് അദ്ദേഹത്തിന്റെ പെരുമാറ്റം. തികച്ചും മഹാനായ മനുഷ്യന്‍- അറോറ പറഞ്ഞു.
മോഹന്‍ലാല്‍ സര്‍ ആയാലും ജോഷി സര്‍ ആയാലും ശരി, രണ്ട് ലിവിംഗ് എന്‍സൈക്ലോപീഡിയ എന്ന് വേണം പറയാന്‍. ഒരു മികച്ച അഭിനേതാവ് എന്ന നിലയില്‍ മോഹന്‍ലാലും സംവിധായകന്‍ എന്ന നിലയില്‍ ജോഷിയും എന്നെ ഏറെ സഹായിച്ചു. ആദ്യം എനിക്ക് കുറച്ച് പേടി ഉണ്ടായിരുന്നു. മലയാളം എന്നെ സംബന്ധിച്ച് ഒരു പുതിയ ഭാഷയാണ്, അത് കൊണ്ട് തെറ്റ് പറ്റുമോ എന്ന ഭയം എന്നെ വല്ലാതെ പിന്തുടര്‍ന്നിരുന്നു.
എന്നാല്‍ അഭിനയത്തിന്റെ ഓരോ ഘട്ടത്തിലും ഇവര്‍ രണ്ടു പേരും തന്ന ഉപദേശങ്ങള്‍, പിന്തുണ, ആത്മവിശ്വാസം എന്നിവയെല്ലാം ഒരു തുടക്കക്കാരി എന്ന നിലയില്‍ വളരെ വിലപ്പെട്ടതാണ്. ലൈല ഓ ലൈല തനിക്ക് വലിയൊരു ബ്രേക്കാണ് നല്‍കുന്നതെന്നും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഉത്തരേന്ത്യക്കാരിയായ കൈനത് അറോറ പറഞ്ഞു.


Click it and Unblock the Notifications