രാജാവിന്റെ മകന് രണ്ടാം ഭാഗം വരണമെന്ന് ആഗ്രഹിച്ചിരുന്നു! തമ്പി കണ്ണന്താനത്തെക്കുറിച്ച് മോഹന്‍ലാല്‍
സംവിധായകന്‍ തമ്പി കണ്ണന്താനത്തിന്റെ വിയോഗം മലയാള സിനിമാ ലോകവും പ്രേക്ഷരും ഞെട്ടലോടെയായിരുന്നു അറിഞ്ഞിരുന്നത്. പ്രേക്ഷക മനസുകളില്‍ നിന്നും മായാത്ത നിരവധി ശ്രദ്ധേയ സിനിമകള്‍ അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചിരുന്നു. വേറിട്ട മേക്കിങ് ശൈലിയും വ്യത്യസ്ത സിനിമകള്‍ കൊണ്ടുമായിരുന്നു അദ്ദേഹം മലയാളത്തില്‍ ശ്രദ്ധേയനായിരുന്നത്. 1980-90 കാലഘട്ടത്തില്‍ മലയാളത്തിലെ മുന്‍നിര സംവിധായകനായി തിളങ്ങാന്‍ തമ്പി കണ്ണന്താനത്തിന് സാധിച്ചിരുന്നു.
മോഹന്‍ലാല്‍ നായകനായ സിനിമകളാണ് തമ്പി കണ്ണന്താനത്തെ ഓര്‍ക്കുമ്പോള്‍ മലയാളികളുടെ മനസിലേക്ക് ആദ്യം എത്തുക. ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ രാജാവിന്റെ മകന്‍ എന്ന സിനിമ മലയാളി പ്രേക്ഷകര്‍ ഇപ്പോഴും ഇഷ്ടപ്പെടുന്ന സിനിമകളിലൊന്നാണ്. മോഹന്‍ലാലിന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ ചിത്രം ലാലേട്ടന്‍ ആരാധകരുടെ പ്രിയപ്പെട്ട സിനിമകളിലൊന്നാണ്. കഴിഞ്ഞ ദിവസം തമ്പി കണ്ണന്താനത്തെക്കുറിച്ചുളള ഓര്‍മ്മകള്‍ മോഹന്‍ലാല്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പങ്കുവെച്ചിരുന്നു. ലൂസിഫറിന്റെ ഷൂട്ടിംഗിനിടെയായിരുന്നു അദ്ദേഹത്തിന്റെ വിയോഗം ലാലേട്ടന്‍ അറിഞ്ഞിരുന്നത്.

രാജാവിന്റെ മകന് രണ്ടാം ഭാഗം
മോഹന്‍ലാലിന് സൂപ്പര്‍സ്റ്റാര്‍ പദവി നേടിക്കൊടുത്ത ചിത്രത്തിന് ഒരു രണ്ടാം ഭാഗം വരണമെന്നത് ആരാധകരുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു. ചിത്രത്തിലെ വിന്‍സെന്റ് ഗോമസ് എന്ന ലാലേട്ടന്റെ കഥാപാത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു സിനിമാ പ്രേമികള്‍ നല്‍കിയിരുന്നത്. രാജാവിന്റെ മകനു ശേഷമായിരുന്നു മാസ് ഹീറോ പരിവേഷമുളള ചിത്രങ്ങള്‍ മോഹന്‍ലാലിന് കൂടുതലായി മലയാളത്തില്‍ ലഭിച്ചിരുന്നത്. ഒരു സാധാരണ താരത്തില്‍ നിന്ന് നിരവധി ആരാധകരുളള ഒരു നടനായി മാറാന്‍ ലാലേട്ടനെ സഹായിച്ചത് ഈ ചിത്രം തന്നെയായിരുന്നു.

മോഹന്‍ലാല്‍ പറഞ്ഞത്
രാജാവിന്റെ മകന് ഒരു രണ്ടാം ഭാഗം ഒരുക്കണമെന്നത് ഞങ്ങളുടെയൊക്കെ ആഗ്രഹമായിരുന്നു എന്ന് തമ്പി കണ്ണന്താനത്തെ ഓര്‍ത്ത് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. പല തവണ അതുമായി ബന്ധപ്പെട്ട് സംസാരിച്ചിട്ടുണ്ടെന്നും ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും ലാലേട്ടന്‍ പറയുന്നു. എന്നാല്‍ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഒരുക്കുക എന്നത് സാധ്യമാകാതെ പോവുകയാണ് ചെയ്തത്. ഇപ്പോള്‍ ഇനി അദ്ദേഹമില്ല എന്ന് കേള്‍ക്കുമ്പോള്‍ എന്താണ് പറയേണ്ടത് എന്നറിയില്ല,ദുഖമുണ്ട് ഒരുപാട്, മോഹന്‍ലാല്‍ പറഞ്ഞു

ജ്യേഷ്ടതുല്യനാണ് അദ്ദേഹം
പ്രണവിനെ സിനിമയിലെത്തിക്കണമെന്ന് വിചാരിക്കുക പോലും ചെയ്തിട്ടില്ലാതിരുന്ന കാലത്ത് നിര്‍ബന്ധം പിടിച്ച് ഒന്നാമനിലൂടെ സിനിമയില്‍ അഭിനയിപ്പിച്ചത് തമ്പി കണ്ണന്താനമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. ജ്യേഷ്ഠതുല്ല്യനാണ് അദ്ദേഹം,തമ്പിച്ചേട്ടനുമായി സിനിമാ ജീവിതത്തിലല്ല,വ്യക്തിപരമായി തന്നെ എറ്റവും അടുപ്പം സൂക്ഷിച്ചിരുന്നു. എഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ലാലേട്ടന്‍ പറഞ്ഞു.

ശ്രദ്ധേയമായ ഡയലോഗ്
രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലെ ശ്രദ്ധേയമായ ആ ഡയലോഗ് പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നവയാണ്. ഒരിക്കല്‍ രാജുമോന്‍ എന്നോട് ചോദിച്ചു അങ്കിളിന്റെ അച്ഛന്‍ ആരാണെന്ന് എന്ന ഡയലോഗ് പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെട്ട ലാലേട്ടന്റെ ഡയലോഗുകളിലൊന്നായിരുന്നു. പ്രേക്ഷകരുടെ ഇഷ്ട സിനിമ ആയതുകൊണ്ടും തിയ്യേറ്ററുകളില്‍ വലിയ ഹിറ്റായതുകൊണ്ടുമായിരുന്നു ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഒരുക്കണമെന്ന ആഗ്രഹം തമ്പി കണ്ണന്താനത്തിന് ഉണ്ടായിരുന്നത്. രാജാവിന്റെ മകന് ഒരു രണ്ടാം ഭാഗം വന്നാല്‍ അത് വലിയ വിജയമാകുമെന്ന പ്രതീക്ഷയും അദ്ദേഹത്തിനുണ്ടായിരുന്നു.

മറ്റു താരങ്ങള്‍ക്കും വഴിത്തിരിവായ ചിത്രം
മോഹന്‍ലാലിനെന്ന പോലെ സുരേഷ് ഗോപി, അംബിക, രതീഷ് തുടങ്ങിയവര്‍ക്കും ബ്രേക്ക് നല്‍കിയൊരു ചിത്രമായിരുന്നു രാജാവിന്റെ മകന്‍. മോഹന്‍ലാലിനൊപ്പം തുല്ല്യ പ്രാധാന്യമുളള വേഷങ്ങളിലായിരുന്നു സുരേഷ് ഗോപിയും രതീഷും ചിത്രത്തില്‍ എത്തിയിരുന്നത്. രാജാവിന്റെ മകനു ശേഷമായിരുന്നു ശ്രദ്ധേയ വേഷങ്ങള്‍ സുരേഷ് ഗോപിക്ക് മലയാളത്തില്‍ ലഭിച്ചു തുടങ്ങിയത്. മലയാളത്തിലും മറ്റു ഭാഷകളിലും തിരക്കേറിയ സമയത്തായിരുന്നു അംബികയും ചിത്രത്തില്‍ അഭിനയിച്ചിരുന്നത്.


Click it and Unblock the Notifications











