»   » കടുത്ത നടുവേദന, കൈവിരല്‍ ചലിപ്പിക്കാന്‍ പറ്റുന്നില്ല, പക്ഷേ എല്ലാം മറന്ന് വിജയലക്ഷ്മി ചിരിക്കുകയാണ്‌

കടുത്ത നടുവേദന, കൈവിരല്‍ ചലിപ്പിക്കാന്‍ പറ്റുന്നില്ല, പക്ഷേ എല്ലാം മറന്ന് വിജയലക്ഷ്മി ചിരിക്കുകയാണ്‌

Posted By: Nihara
Subscribe to Filmibeat Malayalam

എല്ലാ വേദനകളും മറക്കാന്‍ സംഗീതം മികച്ചൊരു ഉപാധിയാണെന്ന് ചിലരൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. ചികിത്സയ്ക്കു പോലും സംഗീതത്തെ പോസിറ്റീവായി ഉപയോഗിക്കാറുണ്ട്. തന്റെ വൈകല്യത്തെ സംഗീതത്തിലൂടെ തോല്‍പ്പിച്ച അതുല്യ കലാകാരിയാണ് വൈക്കം വിജയലക്ഷ്മി. ഇരുള്‍ മൂടിയ ലോകത്തു നിന്നും സംഗീതത്തില്‍ ആശ്വാസം കണ്ടെത്തുന്ന ഈ കലാകാരി ഇപ്പോള്‍ ലോക റെക്കോര്‍ഡ് നേടിയിരിക്കുകയാണ്. വേദനകള്‍ക്കു മുന്നില്‍ തളരാതെ പതറാതെ തന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിച്ച വിജയലക്ഷ്മിയെ ഇനിയും അറിയാതെ പോവരുത്.

വേദനകള്‍ക്കു മുന്നില്‍ പുഞ്ചിരിച്ചു കൊണ്ട് തന്റെ സ്വപ്‌നങ്ങള്‍ക്കു പിന്നാലെ സഞ്ചരിച്ച വിജയലക്ഷ്മിയുടെ കൂടെ വിജയവുമുണ്ടായിരുന്നു. ഗായത്രി വീണയില്‍ ലോകറെക്കോര്‍ഡ് എന്ന സ്വപ്‌നം ഞായറാഴ്ചയാണ് ഗായിക സാക്ഷാത്കരിച്ചത്. അപൂര്‍വ്വം പേര്‍ക്കേ ഗായത്രി വീണയില്‍ പ്രാഗത്ഭ്യമുള്ളൂ. അഞ്ചു മണിക്കൂറില്‍ 69 ഗാനങ്ങളാണ് ഗായത്രി വീണയില്‍ വിജയലക്ഷ്മി വായിച്ചത്. കച്ചേരിയില്‍ തുടങ്ങിയ വായന പിന്നീട് സിനിമാ ഗാനങ്ങളിലേക്ക് വഴി മാറി.

മധുരിക്കുന്ന വേദന

അഞ്ചു മണിക്കൂര്‍ നീണ്ട പെര്‍ഫോമന്‍സ് തനിക്ക് കടുത്ത നടുവേദനയാണ് സമ്മാനിച്ചത്. കൈവിരലുകള്‍ നേരായ വിധത്തില്‍ നിവര്‍ത്താനും മടക്കാനും പോലും പറ്റിയിരുന്നില്ല. മധുരമുള്ളൊരു വേദനയാണിത്.ആഗ്രഹ സഫലീകരണത്തിനിടയിലെ ഇത്തരം വേദനകളൊന്നും തനിക്കൊരു പ്രശ്‌നമേയല്ലെന്നാണ് വിജയലക്ഷ്മി പറയുന്നത്.

മൂന്നു മണിക്കൂറിനുള്ള്ല്‍ റെക്കോര്‍ഡ്, വീണ്ടും തുടര്‍ന്നു

തുടര്‍ച്ചയായി മൂന്നു മണിക്കൂര്‍ ഗായത്രി വീണ വായിച്ചപ്പോള്‍ത്തന്നെ വിജയലക്ഷ്മി ഗിന്നസ് പട്ടികയില്‍ ഇടം പിടിച്ചിരുന്നു. 51 ഗാനങ്ങളാണ് വായിച്ചത്. എന്നാല്‍ റെക്കോര്‍ഡ് നേട്ടത്തിനുള്ളതെല്ലാമായെങ്കിലും ഗായിക പ്രകടനം തുടരുകയായിരുന്നു . അഞ്ച് മണിക്കൂറിലായി 69 ഗാനങ്ങള്‍ അവതരിപ്പിച്ചിട്ടാണ് ഗായിക കച്ചേരി നിര്‍ത്തിയത്.

രക്ഷിതാക്കളുടെ ആഗ്രഹം

നിഴലു പോലെ എപ്പോഴും കൂടെയുള്ള രക്ഷിതാക്കളാണ് ആദ്യം ഇത്തരമൊരു കാര്യത്തെക്കുറിച്ച് സൂചിപ്പിച്ചത്. പിന്നീട് ഗുരുക്കന്‍മാരും സുഹൃത്തുക്കളും നിര്‍ബന്ധിച്ചു. വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുന്ന സമയമായിരുന്നു. പ്രിയപ്പെട്ടവരുടെ നിര്‍ബന്ധത്തെത്തുടര്‍ന്ന് തനിക്കും ആഗ്രഹം തോന്നി. അങ്ങനെയാണ് പെര്‍ഫോം ചെയ്യാന്‍ തീരുമാനിച്ചത്.

കൂടുതല്‍ ധൈര്യം നല്‍കിയ തീരുമാനം

നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നും പിന്‍മാറിയതിന് ശേഷം കൂടുതല്‍ ധൈര്യവും ആത്മവിശ്വാസവുമാണ് തോന്നിയത്. കൂടുതല്‍ നന്നായി കച്ചേരി നടത്താനും സാധിച്ചു.

വീണയില്‍ തൊടാന്‍ പോലും കഴിഞ്ഞിരുന്നില്ല

വിവാഹ ആലോചനകള്‍ നടക്കുന്ന സമയത്തൊക്കെ മനസ്സില്‍ റെക്കോര്‍ഡ് പെര്‍ഫോമന്‍സിനെക്കുറിച്ചുള്ള ചിന്തകളായിരുന്നു. എന്നാല്‍ വിവാഹം നിശ്ചയിച്ച് കുറച്ചു ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ മുതല്‍ മാനസികമായി അസ്വസ്ഥതകള്‍ തോന്നിത്തുടങ്ങി. മാസങ്ങളോളം വീണയില്‍ തൊടാന്‍ പോലും കഴിഞ്ഞിരുന്നില്ല. പിന്നീട് വിവാഹത്തില്‍ നിന്നും പിന്‍മാറിയതോടെയാണ് താന്‍ കൂടുതല്‍ കരൂത്താര്‍ജ്ജിച്ചതെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ഗായിക വ്യക്തമാക്കി.

സംഗീതത്തിനു വേണ്ടി ഉഴിഞ്ഞു വെച്ച ജീവിതം

കാഴ്ചയില്ലെങ്കിലും സംഗീതത്തെ ഏറെ സ്‌നേഹിക്കുന്ന വൈക്കം വിജയലക്ഷ്മിയുടെ ജീവവായു സംഗീതം തന്നെയാണ്. കാഴ്ചയില്ലെന്നത് തന്റെ സ്വപ്‌നങ്ങള്‍ എത്തിപ്പിടിക്കുന്നതിന് ഒരു തടസ്സമല്ലെന്ന് ഈ അതുല്യ കലാകാരി തെളിയിച്ചു കഴിഞ്ഞു.

ആകാശത്തെ ലക്ഷ്യമാക്കൂ, നിങ്ങള്‍ക്ക് ചന്ദ്രനിലെത്താം

ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് കരുത്തു നല്‍കുന്നതാണ് വൈക്കം വിജയലക്ഷ്മിയുടെ ജീവിതം. ഇരുളടഞ്ഞ തന്റെ ജീവിതത്തില്‍ വെളിച്ചമായി സംഗീതത്തെ സ്വീകരിച്ചതാണ് വിജയലക്ഷ്മി. ആഗ്രഹിച്ചതിനും അപ്പുറത്തെത്തിയ ചാരിതാര്‍ത്ഥ്യത്തിലാണ് ഈ കലാകാരി ഇപ്പോള്‍.

വിജയമന്ത്രത്തെക്കുറിച്ച്

കഠിനാധ്വാനം, ഉറച്ച തീരുമാനം എത്തിപ്പിടിക്കാനുള്ള ആഗ്രഹം ഇവ മുന്നും ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും ലക്ഷ്യത്തിലെത്താന്‍ കഴിയും. നക്ഷത്രങ്ങളെ ലക്ഷ്യമാക്കിയാല്‍ നിങ്ങള്‍ ആകാശത്തില്‍ എത്തും. ആകാശത്തെ ലക്ഷ്യം വെച്ചാല്‍ ചന്ദ്രനിലും എത്തുമെന്നും വൈക്കം വിജയലക്ഷമി പറയുന്നു.

English summary
Vaikom Vijayalakshmi is all smiles as she talks to us about a long cherished dream which she achieved on Sunday. The singer and instrumentalist set a new world record by playing the maximum number of songs on a single string musical instrument, the Gayathri Veena, in the shortest possible time.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam