പത്മപ്രിയ നടിയാണെന്ന് ജാസ്മിന് അറിയില്ലായിരുന്നു
വിവാഹ ദിവസമാണ് പത്മപ്രിയയുടെ വിവാഹ വാര്‍ത്ത ആരാധകര്‍ അറിയുന്നത്. എല്ലാം വളരെ പെട്ടന്നായിരുന്നു. പത്മപ്രിയയോട് ഇഷ്ടം തുറന്ന് പറഞ്ഞതിന് ശേഷമാണ് തന്റെ കാമുകി ദക്ഷിണേന്ത്യയില്‍ ഇത്രയും ജനസമ്മതിയുള്ള നടിയാണെന്ന് ജാസ്മിന്‍ അറിയുന്നത്. ജാസിമിനെ കണ്ടുമുട്ടിയതും പ്രണയത്തിലായതുമായ കാര്യങ്ങള്‍ പത്മപ്രിയ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞു.
പൊതുഭരണ വിഷയത്തില്‍ ഗവേഷണം നടത്താനാണ് പത്മപ്രിയ ന്യൂയോര്‍ക്കില്‍ പോയത്. അവിടെ ഒരു സെമിനാറില്‍ വച്ചാണ് ജാസിമനെ കാണുന്നത്. ആദ്യ കാഴ്ചയില്‍ സംസാരിച്ചിരുന്നില്ല. മാസങ്ങള്‍ക്ക് ശേഷം ജാസ്മിന്‍ ഗവേഷണം നടത്തുന്ന സ്ഥാപനവുമായി ബന്ധപ്പെടേണ്ടിവന്നു. അന്ന് മൂന്ന് മണിക്കൂറോളം സംസാരിച്ചു. രണ്ടാമത്തെ കൂടിക്കാഴ്ചയില്‍ രാത്രി വെളുക്കുവോളം സംസാരിച്ചു. അന്നാണെന്ന് തോന്നുന്നു ജാസ്മിന്‍ വിവാഹക്കാര്യം തന്നോട് പറയാന്‍ തീരുമാനിച്ചതെന്നാണ് പത്മപ്രിയ പറയുന്നത്.

അടുത്ത കൂടിക്കാഴ്ചയില്‍ അത് ചോദിക്കുകയും ചെയ്തു. ആദ്യ രണ്ട് കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പത്മപ്രിയ ഒരു നടിയാണെന്ന് തിരിച്ചറിഞ്ഞതെന്നാണ് ജാസ്മിന്‍ പറഞ്ഞത്. അതിന് ശേഷം ഒന്ന് രണ്ട് സിനിമകള്‍ കണ്ടു. പക്ഷെ നടിയെന്നതിനെക്കാള്‍ തനിക്കിഷ്ടം ഇടത്തരം ഇന്ത്യന്‍ കുടുംബത്തില്‍ നിന്ന് വന്ന, ധാരാളം മൂല്യങ്ങള്‍ സംരക്ഷിക്കുന്ന കുട്ടി എന്ന നിലയിലാണ്- ജാസ്മിന്‍ പറഞ്ഞു.
നടിയെന്ന നിലയില്‍ എന്നെ മോഹിച്ചുവരുന്ന ഒരാളെ വിവാഹം കഴിക്കരുതെന്ന് പണ്ടുമുതലേയുള്ള ആഗ്രഹമായിരുന്നു എന്നാണ് പത്മപ്രിയ പറയുന്നത്. എന്നെക്കാള്‍ ആ ആഗ്രഹം അച്ഛനും അമ്മയ്ക്കും ഉണ്ടായിരുന്നു. ഐഐടിയില്‍ നിന്ന് എന്‍ജിനിയറിങ്ങില്‍ ബിരുദമെടുത്ത ശേഷമാണ് ജാസ്മിന്‍ ഈ ഗവേഷണം നടത്തുന്നത്. ദാരിദ്രം ഇല്ലാതാക്കാനുള്ള പ്രായോഗിക മാര്‍ഗങ്ങളില്‍ ഗവേഷണം നടത്തുകയും അത് സര്‍ക്കാറിന് നല്‍കുകയും ചെയ്യുന്ന ജെ പാല്‍ എന്ന സഘടനയില്‍ ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്.

കൊളംബിയ ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പോടുകൂടിയാണ് ജാസ്മിന്‍ അമേരിക്കയിലെത്തിയത്. നാടിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്നു സ്വപ്‌നമുള്ളയാളെ കണ്ടുമുട്ടുക വലിയ കാര്യമാണ്. ഇന്ത്യയിലെ പവര്‍ട്ടി ആക്ഷന്‍ ലാബിലാണ് ജാസ്മിന്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്. ഇടത്തരക്കാരനായ മനുഷ്യന്‍. ഗുജറാത്തിലെ സില്‍വ്ഹ എന്ന ഗ്രാമത്തില്‍ നിന്ന് വന്ന ജാസ്മിന്‍ ആ പ്രദേശത്തെ ഐഐടിയില്‍ എത്തിയ ആദ്യത്തെ ആളാണ്. രാജ്യത്തെ പാവപ്പെട്ടവര്‍ക്കായി എന്തെങ്കിലും ചെയ്യാന്‍ വലിയ ശന്പളം ലഭിക്കുന്ന ജോലി ഉപേക്ഷിച്ചയാളാണ് ജാസ്മിന്‍- പത്മപ്രിയ പറഞ്ഞു.


Click it and Unblock the Notifications