അമ്മയ്ക്ക് വിഷമമാകുമോ എന്നാണ് മുകേഷേട്ടന്; അച്ഛൻ മരിച്ചപ്പോൾ അമ്മ സ്ട്രോങായി: സന്ധ്യ രാജേന്ദ്രൻ പറയുന്നു
അടുത്ത കാലത്ത് ഏറ്റവും ശ്രദ്ധ നേടിയ മലയാള സിനിമകളിൽ ഒന്നാണ് പൊന്മാൻ. നടി സന്ധ്യ രാജേന്ദ്രൻ പൊന്മാനിൽ ശ്രദ്ധേയ വേഷങ്ങളിലൊന്ന് ചെയ്തിട്ടുണ്ട്. നടനും എംഎൽഎയുമായ മുകേഷിന്റെ സഹോദരിയാണ് സന്ധ്യ രാജേന്ദ്രൻ. നാടക രംഗത്തെ പ്രതിഭകളായിരുന്ന ഒ മാധവന്റെയും വിജയകുമാരിയുടെയും മകൾ.
ഫിൽമിബീറ്റ് മലയാളവുമായുള്ള അഭിമുഖത്തിൽ കരിയറിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ് സന്ധ്യ രാജേന്ദ്രൻ. സിനിമാ രംഗത്ത് സജീവമാകാതിരുന്നതിനെക്കുറിച്ച് സന്ധ്യ രാജേന്ദ്രൻ സംസാരിച്ചു.
സിനിമ വേണ്ടെന്ന് വെച്ചിട്ടല്ല. അന്നത്തെ സാഹചര്യം കൊണ്ടാണ്. രണ്ട് സിനിമയിൽ നായികയാക്കാൻ വന്നപ്പോൾ ഞാൻ പഠിച്ച് കൊണ്ടിരിക്കുകയാണ്. പഠിത്തം വിട്ട് പോകാൻ അച്ഛൻ സമ്മതിക്കില്ല. എനിക്കും താൽപര്യമില്ലായിരുന്നു. പഠിത്തം ബ്രേക്ക് ചെയ്താൽ പിന്നെ പഠിക്കില്ല. മകനോടും അത് തന്നെയാണ് ഞാൻ പറഞ്ഞത്. അച്ഛന് പെട്ടെന്ന് സുഖമില്ലാതായി. നാടകം നിർത്താൻ അച്ഛൻ തീരുമാനിച്ചു. അത് ഞാൻ ഏറ്റെടുത്തു. പിന്നെ ടെലിവിഷനിലേക്ക് കടന്നു. ക്യാരക്ടർ ഇഷ്ടമായാലേ ഞാൻ അഭിനയിക്കൂ.
പരസ്യ ഏജൻസി, സീരിയൽ പ്രൊഡക്ഷൻ, നാടകം എന്നിവയെല്ലാം മുന്നോട്ട് കൊണ്ട് പോയി. അതിനിടയിൽ അഭിനയിക്കാനുള്ള ദാഹം പോയിരുന്നു. അവസരം വന്നപ്പോൾ താൻ അഭിനയിക്കുകയായിരുന്നെന്നും സന്ധ്യ രാജേന്ദ്രൻ വ്യക്തമാക്കി. മുകേഷേട്ടന് ഞാൻ അഭിനയിക്കണമെന്ന് നേരത്തെ ആഗ്രഹമുണ്ട്. ഇനി അഭിനയിച്ചില്ലെങ്കിൽ അവിടെ വന്ന് തല്ലുമെന്നാണ് മുകേഷേട്ടൻ പറഞ്ഞത്. അമ്മ സിനിമ മുഴുവനും കണ്ടില്ല. എക്സെെറ്റഡായി തിയറ്ററിൽ ഇരിക്കാനായില്ല. ഷുഗറെല്ലാം കുറഞ്ഞു.
അതോടെ ഞാൻ അമ്മയെയും കൊണ്ട് തിരിച്ച് വന്നു. ഇനി ടിവിയിൽ കാണിച്ച് കൊടുക്കണമെന്നും സന്ധ്യ രാജേന്ദ്രൻ വ്യക്തമാക്കി. അച്ഛനായിരുന്നു അമ്മയുടെ ലോകം. അച്ഛൻ മരിച്ച് കഴിഞ്ഞപ്പോൾ അമ്മ എങ്ങനെ ഇനി ജീവിക്കുമെന്ന് ഞങ്ങൾ വിചാരിച്ചു. ആരാണ് നമുക്കിനി എന്ന് ഞാനും മുകേഷേട്ടനും പറഞ്ഞു. മുമ്പ് അച്ഛനുണ്ടല്ലോ എന്ന ധെെര്യമുണ്ടായിരുന്നു. നമ്മൾ തന്നെ നമ്മുടെ കാര്യം നോക്കണം തീരുമാനങ്ങളെടുക്കണം എന്ന് പറഞ്ഞു.

പക്ഷെ ഞങ്ങൾ പോലും വിചാരിക്കാതെ അമ്മ പത്ത് അച്ഛൻ ചേർന്ന അത്രയും സ്ട്രോങായി. ഇപ്പോഴും അമ്മയ്ക്ക് ഒരാളെ കണ്ടാൽ നല്ലതാണോ എന്ന് ഉടനെ മനസിലാകും. അധികം അടുപ്പിക്കേണ്ട, നമ്മളെ പറ്റിക്കും എന്നെല്ലാം പറയും. ജീവിത പരിചയം കൊണ്ടാണത്.
നിങ്ങളേക്കാളൊക്കെ പ്രാക്ടിക്കൽ ബുദ്ധിയുള്ളത് അമ്മയ്ക്കാണെന്ന് എന്റെ ഭർത്താവ് പറയും. അമ്മ അഭിനയിക്കാൻ വേണ്ടിയാണ് ജീവിച്ചിരിക്കുന്നത്. അല്ലെങ്കിൽ ഈ പ്രായത്തിൽ കിടപ്പാകേണ്ട ആളാണ്. പുള്ളിക്കാരി രാവിലെ നമ്മളേക്കാൾ ഉഷാറായി ഗുഡ് മോണിംഗ് എന്ന് പറയുമെന്നും സന്ധ്യ രാജേന്ദ്രൻ പറയുന്നു.
മുകേഷ് നേരിട്ട വിവാദങ്ങളെക്കുറിച്ചും സന്ധ്യ രാജേന്ദ്രൻ സംസാരിച്ചു. ഇപ്പോഴല്ല പണ്ട് മുതലേ പ്രതിസന്ധികളുണ്ട്. പഠിക്കുന്ന കാലം തൊട്ടേയുണ്ട്. സ്കൂളിൽ ടീച്ചറെ കളിയാക്കിയെന്ന് പറഞ്ഞ് പരാതി വന്നു. ഡിസ്മിസ് ചെയ്യുമെന്ന് പറഞ്ഞു. അവസാനം പ്രിൻസിപ്പൽ അച്ഛനെ വിളിച്ച് കൊണ്ട് വരാൻ പറഞ്ഞു. അച്ഛനാണെന്ന് പറഞ്ഞ് ഒരു കസിനെ വിളിച്ച് കൊണ്ട് പോകാൻ നോക്കി. നിന്റെ വീട് എവിടെയാണെന്ന് ചോദിച്ചപ്പോൾ അങ്ങ് വയലിന്റെ അപ്പുറത്താണെന്ന് പറഞ്ഞു. അച്ഛൻ കിടപ്പാണ് വാത രോഗിയാണ്, അറിയാതെ കളിയാക്കിയതാണെന്നും പറഞ്ഞു. പ്രിൻസിപ്പലിന് അച്ഛനെ അറിയാം. പ്രിൻസിപ്പൽ ഇക്കാര്യം അച്ഛനോട് പറഞ്ഞു.
തമാശയാണ്. ആ പ്രായത്തിൽ കാണിക്കാവുന്ന എല്ലാ കുസൃതികളും കാണിച്ചിട്ടുണ്ട് പെട്ടെന്ന് വിഷമം തട്ടുന്നതാണ് പുള്ളിയുടെ സ്വഭാവം. അമ്മയ്ക്ക് വിഷമമാകുമോ എന്നതാണ് പുള്ളിയുടെ ഏറ്റവും വിഷമം. രാഷ്ട്രീയമാണ് അങ്ങനെയൊക്കെയുണ്ടാകുമെന്ന് അമ്മയ്ക്കറിയാം. കുടുംബം പിന്തുണ നൽകുന്നുണ്ടെന്നും സന്ധ്യ രാജേന്ദ്രൻ വ്യക്തമാക്കി. ആർക്ക് എന്ത് വന്നാലും എല്ലാ കുടുംബവും അങ്ങനെയാണ്. ഒറ്റപ്പെടുത്തില്ല. ആട്ടിൻകൂട്ടത്തിൽ ഒരു ആട് വഴി തെറ്റിയപ്പോൾ അതിന്റെ പിന്നാലെയാണ് യേശു പോയത്. അതേ പോലെ കുടുംബത്തിൽ ഒരാൾക്ക് ഒരു കുഴപ്പം വന്നാൽ മുഴുവൻ കുടുംബവും അവർക്കൊപ്പം നിൽക്കും. ഇതൊക്കെ സ്വാഭാവികമാണ്. മനുഷ്യ ജീവിതമല്ലേ. പല കാര്യങ്ങളും വരും. അതെല്ലാം തരണം ചെയ്തല്ലേ പറ്റൂയെന്നും സന്ധ്യ രാജേന്ദ്രൻ വ്യക്തമാക്കി.
പൊന്മാനിലേക്ക് അവസരം ലഭിച്ചതിനെക്കുറിച്ചും സന്ധ്യ രാജേന്ദ്രൻ സംസാരിച്ചു. ഇങ്ങനെയാെരു സിനിമ സംവിധാനം ചെയ്യുന്നുണ്ടെന്ന് പറഞ്ഞു. ഞാൻ അനുഗ്രഹിക്കാൻ തയ്യാറായി. ബുക്ക് തന്ന് ഈ നോവലാണ് സിനിമയാക്കുന്നതെന്ന് പറഞ്ഞു. നോക്കിയപ്പോൾ ഇന്ദുഗോപന്റെ പുസ്തകം. ഇഷ്ടപ്പെട്ട എഴുത്തുകാരനാണ്. ഇത് വായിക്കണം എന്ന് മനസിൽ വിചാരിച്ചു.
ഇതിലെ ആഗ്നസ് എന്ന ക്യാരക്ടർ ചേച്ചിയാണ് ചെയ്യുന്നതെന്ന് സംവിധായകൻ പറഞ്ഞു. അതെനിക്ക് ഭയങ്കര ഷോക്കായി. നമ്മളിൽ ഒരാൾ അത്രയും വിശ്വാസം അർപ്പിക്കുമ്പോൾ അത് വലിയൊരു ബാധ്യതയുമാണ്. പക്ഷെ അഭിമാനവുമാണ്. അഭിനയിപ്പിച്ചിട്ട് മോശമായെന്ന് പറയാൻ പാടില്ല. കഠിനമായ പരിശ്രമം എന്റെ ഭാഗത്ത് നിന്നുമുണ്ടായി. ബേസിൽ ജോസഫ് വളരെ നല്ല നടനാണെന്നും സന്ധ്യ രാജേന്ദ്രൻ പറയുന്നു.
ബേസിൽ നന്നായി സഹകരിച്ചു. ആദ്യ ദിനം തന്നെ അഭിനയിക്കുന്നത് ബേസിലിനൊപ്പമാണ്. പിരിവ് കിട്ടിയത് ഇത്രയേ ഉള്ളൂ എന്ന് പറയുന്ന സീൻ. മർമ്മപ്രധാനമായ ഘട്ടമാണ്. അതിന്റേതായ ടെൻഷൻ എനിക്കുണ്ടായിരുന്നു. കുറേ ഗ്യാപ്പിന് ശേഷം അഭിനയിക്കുന്നു എന്നൊരു ടെൻഷനും. ചേച്ചി ടെൻഷനിക്കേണ്ടെന്ന് ബേസിൽ പറഞ്ഞു. രണ്ട് മൂന്ന് ടേക്ക് പോയി.
ഇത്രയും തിരക്കുള്ള ആളെ കൊണ്ട് വന്ന് നമ്മൾ മൂലം വെെകുന്നു എന്നത് എനിക്ക് ബുദ്ധിമുട്ടായിരുന്നു. അതും രാത്രിയിലാണ് ഷൂട്ട്. ബേസിൽ അപ്പോൾ വളരെ സഹകരിച്ചു. കൂളായി പറഞ്ഞോ ടെൻഷനിക്കേണ്ടെന്ന് പറഞ്ഞു. ബേസിൽ ആ ക്യാരക്ടറിനെ അപ്രോച്ച് ചെയ്ത രീതിയുണ്ട്. വളരെ സിൻസിയറായിരുന്നു. ഒരു ടേക്കിൽ മണലിൽക്കൂടെ ബെെക്ക് ഉരുട്ടിക്കൊണ്ട് വരണം.
അത് നിസാരമല്ല. എട്ടോ പത്തോ ടേക്ക് പോയി. അപ്പോഴേക്കും ലെെറ്റ് പോകും. പിറ്റേന്ന് വീണ്ടും. ഒരു മടിയുമില്ലാതെ അതൊക്കെ ചെയ്തെന്നും സന്ധ്യ രാജേന്ദ്രൻ ഓർത്തു. നോവൽ വായിച്ചപ്പോൾ തന്നെ അജീഷ് എന്ന കഥാപാത്രം മനസിൽ കയറിയതാണ്. എല്ലാ മനുഷ്യരിലും ഒരു പിപി അജീഷുണ്ട്. പൊരു തി നേടാൻ പറ്റുമെന്ന സന്ദേശം പൊന്മാനിലുണ്ടെന്നും സന്ധ്യ രാജേന്ദ്രൻ വ്യക്തമാക്കി.
പൊന്മാനിൽ ചെളിയിലെ ഫെെറ്റ് രംഗം തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും സന്ധ്യ രാജേന്ദ്രൻ പറയുന്നു. കാൽ ചവിട്ടാൻ പറ്റാത്ത വെള്ളമാണ്. അവിടെയും മനുഷ്യർ ജീവിക്കുന്നുണ്ട്. ഏത് സാഹചര്യത്തിലും മനുഷ്യൻ ഉദ്ദേശിച്ചാൽ ജീവിക്കാൻ പറ്റും. സിനിമ കണ്ടപ്പോൾ രണ്ട് പേരും ചെളിയിലെ ഫെെറ്റ് രംഗം കണ്ട് രണ്ട് പേരോടും അഭിമാനം തോന്നിയെന്നും സന്ധ്യ രാജേന്ദ്രൻ പറയുന്നു.
ഒടിടി റിലീസിന് ശേഷമാണ് പൊന്മാൻ വലിയ തോതിൽ ചർച്ചയായത്. ജോതിഷ് ശങ്കറാണ് സംവിധായകൻ. ജിആർ ഇന്ദുഗോപന്റെ നാലഞ്ച് ചെറുപ്പക്കാർ എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയത്. ബേസിൽ ജോസഫ്, സജിൻ ഗോപു, ലിജോമോൾ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തത്. സന്ധ്യ രാജേന്ദ്രനെ തുടർന്നും സജീവമായി സിനിമകളിൽ കാണാൻ പ്രേക്ഷകർ ആഗ്രഹിക്കുന്നുണ്ട്. പൊന്മാനിന് ശേഷം നടിയെ വീണ്ടും കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.


Click it and Unblock the Notifications











