twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പാവാടയില്‍ പൃഥ്വി തുടക്കം മുതല്‍ ഹാപ്പിയായിരുന്നു: എഴുത്തുകാരന്‍ പറയുന്നു

    By Aswini
    |

    പാവാട എന്ന ചിത്രത്തിലേക്ക് പ്രേക്ഷകരെ ആദ്യം ആകര്‍ഷിക്കുന്നത് ആ പേര് തന്നെയാണ്. എങ്ങനെ ഈ പേര് എന്ന് ചോദിച്ചപ്പോള്‍, ചിത്രത്തിന് അതിനേക്കാള്‍ നല്ലൊരു പേര് നല്‍കാനില്ല എന്നായിരുന്നു എഴുത്തുകാരന്‍ ഷിബിന്‍ ഫ്രാന്‍സിന്റെ മറുപടി. പാവാടയുടെ വിശേഷങ്ങള്‍ ഷിബിന്‍ ഫില്‍മിബീറ്റിനോട് സംസാരിക്കുന്നു

    കേരളത്തിലെ കള്ളുകുടിയനായ പാമ്പ് ജോയിയുടെ കഥ പറയാന്‍ ചിക്കാഗോയില്‍ സെറ്റില്‍ഡായ ഒരു മലയാളി എങ്ങനെ കേരളത്തിലെത്തി എന്ന് ചോദിയ്ക്കുമ്പോള്‍ വളരെ എളിമയോടെ ഷിബിന്‍ പറഞ്ഞു തുടങ്ങി, ആദ്യമേ പറയട്ടെ ഞാന്‍ പാവാടയുടെ കഥാകാരന്‍ മാത്രമാണ്. തിരക്കഥയും സംഭാഷണവും എഴുതിയത് ബിപിന്‍ ചന്ദ്രയാണ്...

    shibin-francis

    പാവാട എന്ന സിനിമയിലേക്ക് ഷിബിന്‍ ഫ്രാന്‍സിസ് എന്ന എഴുത്തുകാരന്‍ എത്തുന്നത് എങ്ങനെയാണ് ?
    അതെ, പാവാട എന്റെ ആദ്യത്തെ സിനിമയാണ്. സ്‌കൂള്‍ കാലഘട്ടം മുതല്‍ എഴുത്തിനോട് താത്പര്യമുണ്ടായിരുന്നു. കഥാമത്സരങ്ങളിലെല്ലാം പങ്കെടുക്കുമായിരുന്നെങ്കിലും ഒന്നിലും സമ്മാനങ്ങളൊന്നും കിട്ടിയിരുന്നില്ല. പക്ഷെ വളര്‍ന്നപ്പോഴും എഴുതാന്‍ എവിടെയൊക്കെയോ താത്പര്യമുണ്ടായിരുന്നു. എട്ട് പത്ത് വര്‍ഷം അതിന്റെ പിന്നാലെ നടന്നു. ഒരു സിനിമാ ബാക്ക്ഗ്രൗണ്ടും എനിക്കില്ല. ഒടുവിലാണ് പാവാടയില്‍ എത്തുന്നത്.

    ഇന്‍ഡസ്ട്രിയില്‍ ഇതിനോടകം ഇരുത്തമുറപ്പിച്ച തിരക്കഥാകൃത്താണ് ബിപിന്‍ ചന്ദ്ര. എങ്ങനെയിരുന്നു അദ്ദേഹത്തിനൊപ്പമുള്ള എക്‌സ്പീരിയന്‍സ്?
    ബിപിന്‍ ചന്ദ്രയെ എനിക്ക് നേരത്തെ അറിയാമായിരുന്നു. അടുത്ത സുഹൃത്തുക്കളാണ്. പാവാടയുടെ കഥ പറഞ്ഞ് കേള്‍പ്പിച്ചപ്പോള്‍ എന്നെക്കാള്‍ കോണ്‍ഫിഡന്‍സ് അദ്ദേഹത്തിനായിരുന്നു. ആ കഥയും കഥാപാത്രങ്ങളും എന്നെക്കാള്‍ റീച്ചായത് അദ്ദേഹത്തിലാണ്. വളരെ കോണ്‍ഫിഡന്റായിരുന്നു.

    പേര് കൊണ്ട് ആദ്യം പ്രേക്ഷകരുടെ അറ്റന്‍ഷന്‍ സ്വീകരിക്കുകയാണ് ഇപ്പോള്‍ മലയാള സിനിമ. പാവാടയും മറ്റൊന്നല്ല. എങ്ങിനെയാണ് ഈ പേരിലെത്തിയത്?
    പാവാട എന്നത് വെറുതെ കൊടുത്തതല്ല. സിനിമയില്‍ ആ പരാമര്‍ശമുണ്ട്. എന്താണ് പരാമര്‍ശം എന്ന് സിനിമ റിലീസ് ചെയ്യുമ്പോള്‍ അറിയാം. സിനിമ ഡിമാന്റ് ചെയ്യുന്ന ഏറ്റവും യോജിച്ച പേരാണ് പാവാട എന്ന് സിനിമ കണ്ടു കഴിഞ്ഞാല്‍ മനസ്സിലാവും. പേര് സജസ്റ്റ് ചെയ്തത് ബിപിന്‍ ചന്ദ്രയാണ്. കഥ പറയുമ്പോള്‍ അതിലുണ്ടായിരുന്നത് അദ്ദേഹം നോട്ട് ചെയ്തതാണ്. പിന്നീട് മണിയന്‍പിള്ള രാജുവിനൊക്കെ ആദ്യം കണ്‍വിന്‍സായത് ഈ പേരാണ്

    shibin-francis

    2014 ന്റെ തുടക്കം മുതല്‍ പാവാടയുടെ വിശേഷങ്ങള്‍ പ്രേക്ഷകര്‍ കേട്ടുതുടങ്ങിയിരുന്നു. സത്യത്തില്‍ എത്രനാളായി?
    2011 മുതല്‍ ഞാന്‍ ഈ കഥയുമായി യാത്ര തുടങ്ങിയതാണ്. ബിപിന്‍ ചന്ദ്രയുമായി സംസാരിച്ച ശേഷം പിന്നീട് ഇതൊരു പ്രൊജക്ടാകുന്നത് 2014 ലാണ്. പൃഥ്വിരാജിനെ തീരുമാനിച്ചതോടെ പിന്നെ ഒരു വര്‍ഷം എടുത്തതേയുള്ളൂ. അത് മറ്റൊന്നും കൊണ്ടല്ല, അദ്ദേഹം കമ്മിറ്റ് ചെയ്ത ചില ചിത്രങ്ങള്‍ ചെയ്തു തീര്‍ക്കേണ്ടതുണ്ടായിരുന്നു. അതുവരെ ഞങ്ങള്‍ കാത്തിരുന്നു.

    ചിത്രത്തില്‍ ആദ്യം പറഞ്ഞ് കേട്ടത് നായികയായി ശോഭന എത്തുന്നു എന്നാണ്. പിന്നീട് മഞ്ജുവാണെന്ന് വന്നു. അതിന് ശേഷമാണ് ആശ ശരത്തിലെത്തുന്നത്. അതുപോലെ ബിജു മേനോന് വച്ചിരുന്ന വേഷമാണ് അനൂപ് മേനോനിലെത്തിയതെന്നും കേട്ടു.?
    പാവാടയെ സംബന്ധിച്ച് ഒത്തിരി ഗോസിപ്പുകള്‍ വന്നിട്ടുണ്ട്. അതൊക്കെ കേട്ട് തള്ളിക്കളയുകയായിരുന്നു ഞങ്ങള്‍. ശോഭനയെ ആലോചിച്ചു എന്നുള്ളത് സത്യമാണ്. സമയത്തിന്റെ പ്രശ്‌നങ്ങള്‍ കൊണ്ടും മറ്റുപലകാരണങ്ങള്‍ക്കൊണ്ടുമാണ് ആശ ശരത്തിലെത്തിയത്. മഞ്ജുവിനെ പരിഗണിച്ചു എന്നത് വെറും കിംവദന്തിമാത്രം. ബിജു മേനോനുമായും സംസാരിച്ചിരുന്നു. പിന്നീട് ഡേറ്റില്‍ ഒത്തുവരാത്തതിനാലാണ് അനൂപ് മേനോനിലെത്തിയത്.

    മണിയന്‍പിള്ള രാജു നിര്‍മാതാവായി എത്തിയത്?
    വെള്ളാനകളുടെ നാടൊക്കെ നിര്‍മിച്ച ആളാണ് രാജുച്ചേട്ടന്‍. പാവാടയുടെ കഥ കേട്ടപ്പോള്‍ തന്നെ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടിരുന്നു. വളരെ സപ്പോര്‍ട്ടീവാണ് അദ്ദേഹം

    shibin-francis

    മൊയ്തീന്‍, അമര്‍, ശാന്തനു... പൃഥ്വി അടുത്തിടെ ചെയ്ത മൂന്ന് ചിത്രങ്ങളിലെയും കഥാപാത്രങ്ങള്‍ സിനിമയോളമോ അതിനു മുകളിലോ ഹിറ്റാണ്. അങ്ങെനോക്കുമ്പോള്‍ ആരാണ് പൃഥ്വിയ്ക്ക് പാമ്പ് ജോയ്?
    പാമ്പ് ജോയ് പൃഥ്വി ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമായ വേഷമാണ്. അത് തന്നെയായിരുന്നു അദ്ദേഹത്തിനും സിനിമയിലേക്ക് ആദ്യം ആകര്‍ഷിച്ചത്. മുമ്പ് ചെയ്ത ചിത്രങ്ങളുമായി ഒരു തരത്തിലും താരതമ്യം ചെയ്യാനും അവസരമില്ല. ആ കഥാപാത്രത്തിന്റെ ജനുവിന്‍നസ്സാണ് സിനിമയെ രസകരമാക്കുന്നത്

    അഭിനേതാവ് എന്നതിനപ്പുറം സിനിമയുടെ മറ്റ്കാര്യങ്ങളെയും നിരീക്ഷിക്കുന്ന ആളാണ് പൃഥ്വിരാജ്. തിരക്കഥ കേട്ടപ്പോള്‍ എന്തായിരുന്നു പൃഥ്വിയുടെ പ്രതികരണം.?
    തിരക്കഥയിലും മറ്റ് കാര്യങ്ങളിലൊന്നും അദ്ദേഹം ഇടപെട്ടതേയില്ല. കഥ കേട്ടപ്പോള്‍ തന്നെ പൃഥ്വി ഓകെ പറഞ്ഞു. വളരെ ഹാപ്പിയായിരുന്നു അദ്ദേഹം. പവാടയുടെ ഷൂട്ടിങിന് മുമ്പും ശേഷവും അദ്ദേഹം വളരെ കംഫര്‍ട്ടബിളായിരുന്നു. ആസ്വദിച്ചാണ് ചെയ്തത്. എഴുത്തുകാര്‍ക്ക് പ്രധാന്യം നല്‍കുന്ന അഭിനേതാക്കളാണ് പൃഥ്വിയും ദുല്‍ഖറുമൊക്കെ (ഷിബിന്‍ സ്വന്തമായി തിരക്കഥയെഴുതുന്ന അടുത്ത ചിത്രത്തിലെ നായകന്‍ ദുല്‍ഖര്‍ സല്‍മാനാണ്)

    അമല്‍ നീരദിന്റെ ചിത്രത്തിലൂടെ സ്വതന്ത്ര തിരക്കഥാകൃത്താകുകയാണ്. എങ്ങിനെയാണ് ആ എന്‍ട്രി?
    അമലേട്ടനെ എനിക്ക് നേരത്തെ പരിചയമൊന്നുമില്ല. ഒരു കഥ പറയാനുണ്ട് എന്ന് പറഞ്ഞപ്പോള്‍ ഓകെ പറഞ്ഞു. സബ്ജക്ട് കേട്ടപ്പോള്‍ തന്നെ അദ്ദേഹം ഹാപ്പിയായിരുന്നു. കോണ്‍ഫിഡന്‍സുമുണ്ടായിരുന്നു. എഴുതി തുടങ്ങിക്കൊള്ളാന്‍ പറഞ്ഞു.

    shibin-francis

    അഞ്ച് സുന്ദരികളിലെ കുള്ളന്റെ ഭാര്യ എന്ന ചിത്രത്തിനു ശേഷം ദുല്‍ഖര്‍ സല്‍മാനും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രമാണ്. എന്താണ് അതിന്റെ വിശേഷം?
    പാവാടയെ സംബന്ധിച്ച് എനിക്കൊരുപാട് സമയമുണ്ടായിരുന്നു. മാത്രമല്ല ഡയലോഗ്, തിരക്കഥ തുടങ്ങിയ തലവേദനകളൊന്നും എനിക്കില്ല. എല്ലാം തയ്യാറാക്കിയത് ബിപിന്‍ ചന്ദ്രയാണ്. അമലേട്ടന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം എനിക്കുള്ളതാണ്. അതിന്റെ ടെന്‍ഷനുണ്ടെങ്കിലും ഹാപ്പിയാണ്. സിനിമയെ കുറിച്ച് ഇപ്പോള്‍ കൂടുതലൊന്നും പറയാന്‍ കഴിയില്ല. സ്‌ക്രിപ്റ്റിങ്ങൊക്കെ പൂര്‍ത്തിയായി. മറ്റ് ജോലികള്‍ നടന്നുകൊണ്ടിരിയ്ക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് ഫെബ്രുവരി 15 ഓടെ തുടങ്ങാനാണ് പദ്ധതി.

    വളരെ പ്രതീക്ഷയിലാണ് ഷിബിന്‍. പാവാട പ്രേക്ഷകരെ ഒരിക്കലും നിരാശപ്പെടുത്തില്ല എന്ന വാഗ്ദാനം അദ്ദേഹത്തിന്റെ സംസാരത്തിലുണ്ടായിരുന്നു. ജനുവരി 15ന് തിയേറ്ററുകളിലെത്തുന്ന പാവാടയ്ക്കും ടീമിനും ഫില്‍മിബീറ്റിന്റെ ആശംസകള്‍.

    English summary
    Prithviraj was happy from the beginning of Pavada says the writer Shibin Francis
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X