നല്ല സിനിമയെ പ്രേക്ഷകര്‍ സ്വീകരിക്കും - രാജീവ് കുമാര്‍

By Super

ഹിന്ദി ചിത്രം ചെയ്യാനുള്ള കാരണം..?

ആര്‍. മോഹനാണ് ഞാന്‍ ഹിന്ദിയിലെത്താനുള്ള പ്രധാന കാരണം. ചാണക്യനു ശേഷം ഞാന്‍ എന്‍എഫ്ഡിസിക്ക് ഒരു സ്ക്രിപ്റ്റ് നല്‍കി. അതിന് ലോണുള്‍പ്പെടെയുള്ളവ നല്‍കാന്‍ അവര്‍ തയ്യാറായിരുന്നു. എന്നാല്‍ പ്രമേയത്തിന്റെ വ്യാപ്തി കാരണം ചിത്രം ഹിന്ദിയില്‍ ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പക്ഷെ അതിനു കൂടുതല്‍ ചെലവു വരുന്നതു കാരണം ഞാന്‍ പദ്ധതി ഉപേക്ഷിച്ചു. ഹിന്ദിയില്‍ ഇത്രയും വലിയൊരു പ്രൊജക്ട് ചെയ്യാന്‍ കഴിയുമോ എന്ന സംശയവും ഉണ്ടായിരുന്നു.

അടുത്തിടെ ആര്‍. മോഹന്റെ ഒരു ചിത്രം സംവിധാനം ചെയ്യാന്‍ അവസരം കൈവന്നു. ഹിന്ദിയിലാണ് ചിത്രം ചെയ്യുന്നതെങ്കില്‍ കൂടുതല്‍ പണം നല്‍കാം എന്ന് മോഹന്‍ ഉറപ്പും നല്‍കി. അങ്ങനെയാണ് ഹിന്ദിയിലെത്തുന്നത്. ചിത്രത്തിന്റെ സ്ക്രിപ്റ്റ് മലയാളത്തിലാണ് തയ്യാറാക്കിയത്. സംഭാഷണം ഹിന്ദിയിലും. ചിത്രം പൂര്‍ത്തിയായതിനു ശേഷമാണ് ഒരു സംവിധായകന് ഒരു ഭാഷയും തടസ്സമല്ല എന്നു ഞാന്‍ മനസ്സിലാക്കിയത്.

രാജാ കോ റാണി സെ പ്യാര്‍ ഹോ ഗയായിലെ പ്രമേയമെന്താണ്..?

ആകെക്കൂടി ചിത്രം ഒരു മുത്തശ്ശിക്കഥ പോലെയാണ്. നായകന്‍ മുത്തശ്ശിക്കഥ കേട്ടു വളര്‍ന്നവനാണ്. അതില്‍ ഒന്ന് അവന്റെ ജീവിതത്തില്‍ തന്നെ സംഭവിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

ഹിന്ദി ചിത്രം വിവാദത്തില്‍പ്പെട്ടതിനെക്കുറിച്ച്...

ഒരു പബ്ലിസിറ്റി സ്റണ്ട് മാത്രം. അരമിനിറ്റ് മാത്രം ടിവിയില്‍ കണ്ട രംഗം വെച്ച് വിവാദം കുത്തിപ്പൊക്കുന്നത് മണ്ടത്തരമല്ലേ. വിവാദത്തിനു കാരണക്കാരായവര്‍ ആരും ചിത്രം കണ്ടിട്ടില്ല. സെന്‍സര്‍ ബോര്‍ഡ് ഞങ്ങള്‍ക്ക് ഇതിനകം തന്നെ യു സര്‍ട്ടിഫിക്കറ്റ് തന്നിട്ടുണ്ട്. കുട്ടിയാനയുടെ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ ഞങ്ങള്‍ ഉപയോഗിച്ച ആധുനിക സാങ്കേതിക വിദ്യയെക്കുറിച്ചുപോലും കേള്‍ക്കാന്‍ വിവാദം ഉയര്‍ത്തിയവര്‍ തയ്യാറാകുന്നില്ല. ഞങ്ങളും മനുഷ്യരല്ലേ... മൃഗങ്ങളോടും മറ്റു സഹജീവികളോടും ഞങ്ങള്‍ക്കും അനുകമ്പയും കരുണയുമുണ്ട്. ആനയെ വെച്ച് ചിത്രീകരിച്ച എല്ലാ രംഗങ്ങളിലും ഒരു ഡോക്ടറും സെറ്റിലുണ്ടായിരുന്നു.

ടിവി ചാനലുകള്‍ക്ക് പുതിയ ചിത്രങ്ങളുടെ രംഗങ്ങള്‍ നല്‍കുന്നതിനെക്കുറിച്ച് വിവാദമുണ്ടായിരുന്നുവല്ലോ. എന്താണ് ഇക്കാര്യത്തില്‍ താങ്കളുടെ അഭിപ്രായം..?

പ്രശ്നത്തെ മറ്റൊരു രീതിയില്‍ നോക്കിക്കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇത്തരത്തിലുള്ള സാധാരണ പ്രശ്നങ്ങളില്‍ ഇടപെട്ട് വിവാദം ഉണ്ടാക്കാതെ മലയാളസിനിമ നേരിടുന്ന യാഥാര്‍ത്ഥ പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹാരം കാണുകയാണ് വേണ്ടത്. ഒന്നോ രണ്ടോ മാസം എല്ലാ ചിത്രങ്ങളുടെയും ഷൂട്ടിംഗും മറ്റു പരിപാടികളും നിര്‍ത്തിവെച്ച് എല്ലാ ചലച്ചിത്രപ്രവര്‍ത്തകരും ചേര്‍ന്ന് മലയാള സിനിമ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യണം. അങ്ങനെവന്നാല്‍ പുതിയ പ്രമേയവും കഥയുമായി വ്യത്യസ്ത ചിത്രങ്ങള്‍ നിര്‍മ്മിക്കണമെന്ന ഒരു അന്തിമതീരുമാനത്തില്‍ അവര്‍ എത്തിയേക്കും.

അപ്പോള്‍ മലയാള സിനിമയില്‍ നല്ല കഥകളുടെ അഭാവം ശരിക്കുണ്ട്... അല്ലേ..?

അതല്ല ഞാനുദ്ദേശിച്ചത്. മലയാളത്തില്‍ ഇപ്പോഴും നല്ല കഥകളെ അടിസ്ഥാനമാക്കി ചിത്രങ്ങളുണ്ടാകുന്നുണ്ട്. പക്ഷെ അതാര്‍ക്കും വേണ്ട.

ആര്‍ക്ക്..? പ്രേക്ഷകര്‍ക്കോ..?

തീര്‍ച്ചയായും അല്ല. പ്രമേയത്തില്‍ വ്യത്യസ്തതും പുതുമയുമുണ്ടാകുമ്പോള്‍ അവര്‍ സ്വീകരിക്കുന്നുണ്ട്. കണ്ണെഴുതി പൊട്ടും തൊട്ട് പ്രേക്ഷകര്‍ സ്വീകരിച്ചില്ലേ..? അത്തരത്തിലുള്ള ചിത്രങ്ങള്‍ കാണാന്‍ അവര്‍ക്ക് അവസരം കൊടുത്താലല്ലേ സ്വീകരിക്കുകയോ തള്ളുകയോ ചെയ്യുന്ന പ്രശ്നം ഉദിക്കുന്നുള്ളൂ. ഇക്കാര്യത്തില്‍ ടിവിയെയും കുറ്റപ്പെടുത്തേണ്ട ആവശ്യമില്ല. കേരളത്തിലെ പ്രേക്ഷകര്‍ക്ക് നല്ല സിനിമകള്‍ നല്‍കിയാല്‍ അവര്‍ സ്വീകരിക്കും എന്നു തന്നെയാണ് എന്റെ വിശ്വാസം. അതിനാല്‍ പ്രേക്ഷകരെ മുന്നില്‍കണ്ട് നല്ല ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ സംവിധായകരും നിര്‍മ്മാതാക്കളും വിതരണക്കാരും തിയേറ്ററുടമകളും ഒന്നിച്ചു പ്രവര്‍ത്തിക്കുകയാണ് വേണ്ടത്.

ഇപ്പോഴത്തെ ചിത്രങ്ങളില്‍ സാങ്കേതിക വിദ്യയുടെ അതിപ്രസരം ഉണ്ടെന്നു തോന്നുണ്ടോ..?

ഒരു പാട് തെറ്റിദ്ധാരണകളുള്ള ഒരു മേഖലയാണിത്. പ്രേക്ഷകരുടെ ആസ്വാദനശേഷി കൂട്ടുകയാണ് യഥാര്‍ത്ഥത്തില്‍ സാങ്കേതികവിദ്യകള്‍ ചെയ്യുന്നത്. എന്നാല്‍ ഇത് നമ്മള്‍ ശരിയായ രീതിയിലാണ് ഉപയോഗിക്കുന്നതെന്ന് എനിക്കഭിപ്രായമില്ല. തിയേറ്ററില്‍ ബഹളം സൃഷ്ടിക്കാനല്ലേ ഇപ്പോള്‍ ഡിടിഎസ് ഉപയോഗിച്ചു വരുന്നത്. ആക്ഷന്‍ ചിത്രങ്ങളിലും ഹൊറര്‍ ചിത്രങ്ങളിലും മാത്രമാണ് ഇത് ഉപയോഗിക്കുന്നത്. ഒരു സാധാരണ ചിത്രത്തിലും ഡിടിഎസ് ഉപയോഗിക്കാവുന്നതാണ്. ശബ്ദകോലാഹലത്തിനിടയില്‍ ഡിടിഎസിന് ഒന്നും ചെയ്യാനില്ലെന്നും ഓര്‍ക്കണം. ആധുനിക സാങ്കേതിക വിദ്യകള്‍ ശരിയായ രീതിയില്‍ ഉപയോഗിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അത് ചിത്രത്തിന് കൂടുതല്‍ സഹായകമാകും.

മലയാള സിനിമയുടെ ഭാവിയെക്കുറിച്ചെന്താണ് അഭിപ്രായം..?

പുതിയ ചിന്താഗതികളുള്ള ഒരു തലമുറ വരേണ്ടതുണ്ട്. അത്തരത്തിലുള്ളവര്‍ വരുമെന്ന് എനിക്കുറപ്പുണ്ട്. മറ്റൊന്നു കൂടി: എന്തു തന്നെയായാലും സിനിമ ഇവിടെ നശിക്കാന്‍ പോകുന്നില്ല... മറിച്ച് അതിവിടെ തുടരുക തന്നെ ചെയ്യും.

More from Filmibeat

Read more about: rajeev kumar director
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X