ഷോകളിൽ നിന്നുള്ള കൊല്ലം സുധിയുടെ പണമെല്ലാം എവിടെ പോയി? രേണു സുധി മറുപടി നൽകുന്നു-അഭിമുഖം
സോഷ്യൽ മീഡിയ മുഴുവനും രേണു സുധിയാണ് ചർച്ചാ വിഷയം. ഭർത്താവ് നടൻ കൊല്ലം സുധിയുടെ കൊല്ലം സുധിയുടെ മരണ ശേഷം അഭിനയ രംഗത്ത് സജീവമാകുകയാണ് രേണു സുധി. ആൽബം സോങ്സും ഫോട്ടോഷൂട്ടുമെല്ലാമായി രേണു സുധി തിരക്കുകളിലാണ്. ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് രേണു.
മാതാപിതാക്കളുടെ പിന്തുണ...
വളരെയധികം കഷ്ടപ്പെട്ടാണ് ഇന്ന് പിടിച്ച് നിൽക്കുന്നത്. നമ്മളെ ആശ്രയിക്കുന്ന മക്കളും ഫാമിലിയുമുണ്ട്. അവരും കൂടെ തളർന്ന് പോകും. ആരെന്ത് പറഞ്ഞാലും മുന്നോട്ട് എന്ന ഒറ്റ തീരുമാനത്തിലാണ് ഇപ്പോൾ ഇങ്ങനെ പിടിച്ച് നിൽക്കുന്നത്. വീട്ടിൽ എന്റെ പപ്പയും അമ്മയുമുണ്ട്. സുധി ചേട്ടൻ ഉള്ളപ്പോഴും ഇവിടെ അവരുണ്ടായിരുന്നു. കാരണം കുഞ്ഞിനെ നോക്കാൻ വേറെ ആരുമില്ല. അവന്റെ കാര്യങ്ങളൊക്കെ നോക്കുന്നത് അവരാണ്. ചേച്ചിയും ഫാമിലിയും തൊട്ട് പിറകിൽ ഒരു വാടക വീട്ടിലാണ് താമസിക്കുന്നത്. ചേച്ചിയുടെ മക്കളും എന്റെ കുഞ്ഞും ഒരുമിച്ച് പഠിച്ച് വളരുന്നു. കിച്ചു കൊല്ലത്ത് നിന്ന് പഠിക്കുകയാണ്. അവധിക്ക് വരും.

കിച്ചുവിനും സുധി ചേട്ടനും വേണ്ടിയെടുത്ത തീരുമാനം...
ഷൂട്ടിന് ഒറ്റയ്ക്കാണ് പോകുന്നത്. കാരണം ഒപ്പം വരാൻ ആരുമില്ല. അമ്മയ്ക്കും പപ്പയ്ക്കും കുഞ്ഞിനെ നോക്കണം. പിന്നെ വേറാരെയും ഒപ്പം കൊണ്ട് പോകാനില്ല. ജീവിതത്തിലേ ഒറ്റയ്ക്കാണെന്നും രേണു സുധി പറയുന്നു. ഏവിയേഷൻ കോഴ്സ് പഠിച്ച് കൊണ്ടിരുന്ന സമയത്താണ് സുധി ചേട്ടനും മോനും വരുന്നത്. എന്റെ പഠിത്തം ഉഴപ്പി. കരിയർ പോലും ഉപേക്ഷിച്ചാണ് അവർക്ക് വേണ്ടി ജീവിച്ചത്. ട്രെയിനിംഗ് വരെ കഴിഞ്ഞതാണ്. നെടുമ്പോശേരി എയർപോർട്ടിൽ ജോലി ശരിയായതാണ്. സുധി ചേട്ടന്റെ ഫ്രണ്ട് അവിടെയുണ്ട്. ഭാര്യയെ വിട്ടോളൂ, ജോലി സെറ്റാണെന്ന് അവർ പറഞ്ഞു.
അന്ന് കിച്ചു കുഞ്ഞാണ് ഏഴാം ക്ലാസിൽ പഠിക്കുന്നു. അച്ഛാ ഈ അമ്മയെ നമുക്ക് ഇപ്പോൾ കിട്ടിയതല്ലേ, അമ്മയെ ജോലിക്ക് വിടേണ്ട, അമ്മ വേറെ സ്ഥലത്തും നമ്മൾ രണ്ട് പേരും വേറെ സ്ഥലത്തുമാകമെന്ന് പറഞ്ഞു. കിച്ചു ഇങ്ങനെയാണ് പറയുന്നത്, നീ എന്താണ് തീരുമാനിക്കുന്നതെന്ന് സുധി ചേട്ടൻ ചോദിച്ചു. എനിക്ക് നിങ്ങൾ മതി, നിങ്ങളാണ് എനിക്ക് വലുത് എന്ന് ഞാൻ പറഞ്ഞു. കിച്ചുവിന് അമ്മയില്ലായിരുന്നു. ഞാൻ വന്നപ്പോൾ അവനെന്നെ കണ്ടത് അമ്മയായിട്ടാണ്. അത് കൊണ്ട് താൻ ജോലി വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നെന്നും രേണു സുധി പറഞ്ഞു.
സുധി ചേട്ടന്റെ വീടെന്ന സ്വപ്നം
കൊവിഡ് വന്നത് കൊണ്ടാണ് സുധി ചേട്ടന്റെ വീട് എന്ന സ്വപ്നം നടക്കാതെ പോയത്. അതിന് മുമ്പേയാണ് വീടിന് അഡ്വാൻസ് കൊടുത്തത്. കുഞ്ഞ് ജനിച്ച സമയമാണ്. ആറ് മാസം കൊണ്ട് ക്ലിയർ ചെയ്യാമെന്ന് കരുതി. എന്നാൽ അത് നടന്നില്ല. പിന്നെ ചേട്ടന് മാനസികമായി ഭയങ്കര പ്രശ്നങ്ങളായിരുന്നു. ചേട്ടന്റെ കൂടെ ഞങ്ങളും നിന്നത് കൊണ്ട് തളർന്ന് പോയില്ല. പിന്നീട് ചെക്ക് കേസ് വന്നു. കൂടെ നിന്നവർ പണി കൊടുത്തതാണ്. അവർക്ക് എന്റെ മുന്നിൽ പോലും വരാൻ കഴിയില്ല.
സുധി ചേട്ടന്റെ പണമെല്ലാം എവിടെ പോയി എന്ന് ചോദിക്കുന്നവരോട്
സുധി ചേട്ടനും ഞാനും തമ്മിൽ ഏഴ് വർഷത്തെ ബന്ധം മാത്രമാണ്. അതിന് മുന്നത്തെ കാര്യങ്ങൾ അറിയില്ല. മഴവിൽ മനോരമയിലെ ഷോയെല്ലാം കഴിഞ്ഞ ശേഷമാണ് എനിക്ക് ഏട്ടനെ കിട്ടുന്നത്. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ കുഞ്ഞുണ്ടായി. അതിനിടെ ലോക്ഡൗൺ വന്നു. ഒന്നും സമ്പാദിക്കാൻ പറ്റിയില്ല. സുധി ചേട്ടൻ പണം കണക്ക് പറഞ്ഞ് വാങ്ങില്ലായിരുന്നു. കൂടെയുള്ളവരും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. മരിക്കുന്നതിന് രണ്ട് മൂന്ന് ദിവസം എന്നോട് പറഞ്ഞത് ആറ് മാസത്തിനകം വീട് പണിയും എന്ന് പറഞ്ഞതാണ്. പക്ഷെ മരിക്കുന്നത് വരെ നല്ല വീട്ടിൽ കഴിയാൻ സുധി ചേട്ടന് കഴിയാഞ്ഞതിൽ വിഷമമുണ്ടെന്നും രേണു സുധി വ്യക്തമാക്കി.


Click it and Unblock the Notifications











