എനിക്കിത് ബാഹുബലിയേക്കാള്‍ വെല്ലുവിളി നിറഞ്ഞ സിനിമ! മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് സാബു സിറിള്‍!
മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടായ പ്രിയദര്‍ശനും മോഹന്‍ലാലും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റ സിംഹം. മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍ പ്രഖ്യാപിച്ചതിനു ശേഷമായിരുന്നു പ്രിയദര്‍ശന്റെ തന്റെ മോഹന്‍ലാല്‍ ചിത്രവും പ്രഖ്യാപിച്ചിരുന്നത്. ഒപ്പം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം പ്രിയന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം.
പ്രഖ്യാപന വേള മുതല്‍ക്കുതന്നെ വളരെയധികം ആവേശത്തോടെയാണ് ചിത്രത്തിനു വേണ്ടി ആരാധകര്‍ കാത്തിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം മകന്‍ പ്രണവും ചിത്രത്തിലുണ്ടാവുമെന്ന വാര്‍ത്ത എല്ലാവരിലും സന്തോഷമുണ്ടാക്കിയിരുന്നു. ബാഹുബലിയിലൂടെ ശ്രദ്ധേയനായ സാബു സിറിളാണ് ചിത്രത്തിന്റെ കലാസംവിധായകന്‍. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ബാഹുബലിയേക്കാള്‍ വെല്ലുവിളി നിറഞ്ഞൊരു ചിത്രമാണിതെന്ന് സാബു സിറിള്‍ പറഞ്ഞിരുന്നു.

സാബു സിറിള്‍ പറഞ്ഞത്
ഇന്ത്യന്‍ സിനിമയില്‍ ഇറങ്ങിയ ബ്രഹ്മാണ്ട ചലച്ചിത്രങ്ങള്‍ക്കു കലാസംവിധാനം നിര്‍വ്വഹിച്ചിട്ടുളളയാളാണ് സാബു സിറിള്‍. ബാഹുബലി, യന്തിരന്‍ പോലുളള ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ കഴിവുകള്‍ അടയാളപ്പെടുത്തിയ ചിത്രങ്ങളായിരുന്നു. ബാഹുബലിയേക്കാള്‍ വെല്ലുവിളി നിറഞ്ഞ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹമെന്നാണ് സാബു സിറിള്‍ പറയുന്നത്. അടുത്തിടെ നടന്നൊരു ഒരഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഒരു കലാസംവിധായകനെന്ന നിലയില്‍ ബാഹുബലിയിലോ എന്തിരനിലോ അനുഭവിക്കാത്ത വെല്ലുവിളിയാണ് കുഞ്ഞാലി മരക്കാറില്‍ ഉളളതെന്ന് അദ്ദേഹം പറയുന്നു.

വലിയ ഗവേഷണം ആവശ്യമുളള സിനിമ
ഇതൊരു ചരിത്ര സിനിമയായതിനാല്‍ വളരെയധികം ഗവേഷണം ആവശ്യമാണെന്നും സാബു സിറിള്‍ പറയുന്നു. കഥ നടക്കുന്ന കാലത്തെ വേഷവിധാനങ്ങള്‍, ഉപയോഗിച്ചിരുന്ന വസ്തുക്കള്‍, ജലനൗകകളുടെ രൂപം, യുദ്ധോപകരണങ്ങള്‍ തുടങ്ങി എല്ലാ കാര്യത്തിനും ശ്രദ്ധ വേണം. ഇതെല്ലാം പുന:സൃഷിക്കാനായി വലിയൊരു ടീം തന്നെ എന്റെ കൂടെയുണ്ട്. പ്രിയദര്‍ശനും മോഹന്‍ലാലിനൊപ്പവും വീണ്ടും പ്രവര്‍ത്തിക്കാനായതില്‍ സന്തോഷമുണ്ട്. സാബു സിറിള്‍ പറയുന്നു.

നൂറ് കോടി ബഡ്ജറ്റ്
മലയാളത്തില്‍ ഇത്തരമൊരു ബഡ്ജറ്റില്‍ സിനിമയൊരുക്കുന്നതില്‍ സന്തോഷമുണ്ടെന്നും സാബു സിറിള്‍ പറയുന്നു. നൂറ് കോടി ബഡ്ജറ്റിട്ട് സിനിമ എടുക്കുന്നതില്‍ വ്യക്തിപരമായി സന്തോഷമുണ്ടെന്നും പ്രതിഭയുടെ കാര്യത്തില്‍ മുന്നിലുളള മലയാളത്തില്‍ നിര്‍മ്മാതാക്കള്‍ പണം മുടക്കാന്‍ തയ്യാറാകുന്നത് വലിയ കാര്യമാണെന്നും സാബു സിറിള്‍ പറഞ്ഞു.

കുഞ്ഞാലി മരക്കാര്‍ നാലാമനായി മോഹന്‍ലാല്‍
കുഞ്ഞാലി മരക്കാര്‍ നാലാമനായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ഒടിയനു ശേഷമുളള മോഹന്‍ലാലിന്റെ കരിയറിലെ വെല്ലുവിളി നിറഞ്ഞൊരു കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്നാണ് അറിയുന്നത്. സാമൂതിരിപ്പടയില്‍ നിന്നും തീരദേശത്തെ സംരക്ഷിച്ച കുഞ്ഞാലി മരക്കാറുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. മലയാളത്തില്‍ പുറത്തിറങ്ങാനിരിക്കുന്നവയില്‍ എറ്റവും ചെലവേറിയ ചിത്രമാണിതെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.

പ്രണവിന്റെ സാന്നിദ്ധ്യം
മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പക്കാലമായരിക്കും പ്രണവ് അവതരിപ്പിക്കുക. മരക്കാറില്‍ അച്ഛനും മകനും ഒന്നിക്കുന്നുവെന്ന വാര്‍ത്ത സിനിമാ പ്രേമികളില്‍ സന്തോഷമുണ്ടാക്കിയിരുന്നു. ചിത്രത്തിന്റെ സംവിധായകനായ പ്രിയദര്‍ശന്‍ തന്നെയായിരുന്നു ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ എല്ലാവരെയും അറിയിച്ചിരുന്നത്.

പ്രിയദര്‍ശന്റെ സംവിധാനം
മരക്കാറില്‍ ലാലേട്ടന്റെ പ്രകടനത്തിനൊപ്പം പ്രിയദര്‍ശന്റെ മേക്കിങ്ങും എല്ലാവരും ഉറ്റുനോക്കുന്നൊരു കാര്യമാണ്. തെന്നിന്ത്യന്‍ സിനിമകളിലും ബോളിവുഡിലും തന്റെ കഴിവ് തെളിയിച്ച പ്രിയദര്‍ശന്റെ മറ്റൊരു മികച്ച ചിത്രമായിരിക്കും മരക്കാറെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഒപ്പം എന്ന ചിത്രത്തിനു ശേഷമാണ് മലയാളത്തില്‍ പുതിയ സിനിമയുമായി പ്രിയദര്‍ശന്‍ എത്തുന്നത്.

വമ്പന്‍ താരനിര
വലിയ താരനിരയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിനു പിന്നില്‍ അണിനിരക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെ താരങ്ങളും ചിത്രത്തില്‍ എത്തുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. പ്രഭു,നാഗാര്ജുന,സുനില്‍ ഷെട്ടി തുടങ്ങിയ താരങ്ങളാണ് ചിത്രത്തിന്റെ ഭാഗമാവുക. നടന്‍ മധുവാണ് ചിത്രത്തില്‍ കുഞ്ഞാലി മരയ്ക്കാര്‍ ഒന്നാമനായി എത്തുന്നത്.

മോഹന്‍ലാല്‍ പറഞ്ഞത്
ചിത്രീകരണത്തിനു മുന്‍പും ശേഷവും വളരെയെറെ ശ്രദ്ധ ആവശ്യമുളെളാരു ചിത്രമാണ് മരക്കാറെന്ന് മുന്‍പ് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഈ സിനിമയ്ക്കായി പ്രിയദര്‍ശന്‍ വളരെയധികം അധ്വാനിച്ചിട്ടുണ്ടെന്നും ഒരു കാലഘട്ടത്തിന്റെ ചരിത്രമാണ് സിനിമയാക്കുന്നതെന്നും അത് അത്ര എളുപ്പമുളള കാര്യമല്ലായെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications











