For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജനങ്ങള്‍ ഇഷ്ടപ്പെടുന്നിടത്തോളം സിനിമയില്‍ തുടരും - സംയുക്താ വര്‍മ്മ

  By Super
  |

  Samyulta
  മലയാള സിനിമയില്‍ തന്റേടമുള്ള സ്ത്രീ കഥാപാത്രങ്ങളാണ് സംയുക്താ വര്‍മ്മയെ തേടിയെത്തുന്നത്. വീണ്ടും ചില വീട്ടുകാര്യങ്ങളിലെ ആദ്യകഥാപാത്രം തന്നെ സംയുക്തയെ മലയാളത്തിന്റെ പ്രിയതാരമാക്കി. മഞ്ജുവാര്യര്‍ സിനിമയോട് വിടപറഞ്ഞതോടെ നായികാദാരിദ്യ്രം നേരിട്ടിരുന്ന മലയാളത്തിന് സംയുക്തയുടെ രംഗപ്രവേശം അനുഗ്രഹമായി.

  മലയാള ചലച്ചിത്രത്തില്‍ വളരെ അപൂര്‍വമായി മാത്രം ഉണ്ടാകാറുള്ള വ്യക്തിത്വമുള്ള സ്ത്രീ കഥാപാത്രത്തെയാണ് വീണ്ടും ചില വീട്ടുകാര്യങ്ങളില്‍ സംയുക്ത അവതരിപ്പിച്ചത്. യാഥാര്‍ത്ഥ്യത്തോട് ഏറെ അടുത്തുനില്‍ക്കുന്ന ഇതിലെ ഭാവനയെന്ന തന്റേടിയായ ഗ്രാമീണയുവതിയെ മലയാള പ്രേക്ഷകര്‍ സ്വാഗതം ചെയ്തു. തുടര്‍ന്നും സംയുക്തക്ക് കൈനിറയെ ഓഫറുകള്‍ വന്നു.

  ലാല്‍ ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കില്‍, ജോഷിയുടെ വാഴുന്നോര്‍, മോഹന്റെ അങ്ങനെ ഒരവധിക്കാലത്ത, രാജസേനന്റെ നാടന്‍ പെണ്ണും നാട്ടു പ്രമാണിയും, ഫാസിലിന്റെ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ തുടങ്ങിയ ചിത്രങ്ങളില്‍ സംയുക്ത ശ്രദ്ധേയമായ അഭിനയം കാഴ്ചവെച്ചു. സംയുക്ത അഭിനയിച്ച ലെനിന്‍ രാജേന്ദ്രന്റെ മഴ ഇപ്പോള്‍ കേരളത്തിലെ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്.

  വരും നാളുകളില്‍ മലയാളസിനിമയില്‍ ഒരു പിടി നല്ല കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുമെന്ന് കരുതുന്ന സംയുക്തയുമായി ഒരഭിമുഖം.

  സിനിമയില്‍ അഭിനയിക്കണമെന്ന മോഹം എപ്പോഴെങ്കിലുമുണ്ടായിരുന്നോ?

  ഇല്ല. ഒരിക്കലും ഞാനതെക്കുറിച്ചു ചിന്തിച്ചിട്ടുപോലുമില്ല. വളരെ യാദൃച്ഛികമായാണ് ഞാനീ രംഗത്തെത്തിയത്.

  കലാപ്രതിഭകളും മറ്റും ഇപ്പോള്‍ സിനിമയില്‍ ഭാഗ്യം പരീക്ഷിക്കുകയാണല്ലോ. സംയുക്ത കലാമത്സരങ്ങളിലൊക്കെ പങ്കെടുക്കാറുണ്ടോ?

  പതിനാലു വര്‍ഷം ഞാന്‍ നൃത്തം അഭ്യസിച്ചിട്ടുണ്ട്. പക്ഷേ ഒരൊറ്റ മത്സരത്തില്‍ പോലും പങ്കെടുത്തിട്ടില്ല. എന്റെ ചെറിയമ്മ (ഊര്‍മ്മിള ഉണ്ണി)യ്ക്ക് അതിഷ്ടമല്ല.

  അഭിനയത്തില്‍ ആരാണ് വഴികാട്ടി?

  നൃത്തത്തിലെന്ന പോലെ അഭിനയത്തിലും ചെറിയമ്മ തന്നെയാണ് എന്റെ വഴികാട്ടി. ചെറിയമ്മയെന്നാല്‍ എനിക്ക് അമ്മയെപ്പോലെയാണ്.

  ഫാസിലും മോഹന്‍ലാലും ഒത്തുള്ള സംയുക്തയുടെ ചിത്രമായ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ പ്രതീക്ഷിച്ചത്ര വിജയമായില്ലല്ലോ. അതെക്കുറിച്ച്?

  ആ ചിത്രം എന്തായാലും ഒരു പരാജയമായിരുന്നില്ല. പിന്നെ എല്ലാ ചിത്രങ്ങളും സൂപ്പര്‍ ഹിറ്റാകണമെന്നില്ലല്ലോ.

  മഴ എന്ന ചിത്രത്തില്‍ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണല്ലോ അവതരിപ്പിക്കുന്നത്?

  മാധവിക്കുട്ടി (കമല സുരയ്യ)യുടെ നഷ്ടപ്പെട്ട നീലാംബരി എന്ന ചെറുകഥയെ ആസ്പദമാക്കിയുള്ള ചിത്രമാണത്. ഡോക്ടര്‍ ഭദ്രയെന്ന കഥാപാത്രത്തെയാണ് ഞാനവതരിപ്പിക്കുന്നത്. ഭദ്രയുടെ ജീവിതത്തിലെ രണ്ടു കാലഘട്ടം എനിക്കവതരിപ്പിക്കേണ്ടതുണ്ട് - ചെറുപ്പവും വാര്‍ദ്ധക്യവും. വളരെ പ്രതീക്ഷയോടെയാണ് ഞാനീ ചിത്രത്തെ നോക്കുന്നത്.

  ഈ രംഗത്ത് നടികള്‍ കൂണുപോലെ വന്നു പോകുന്നു. അഭിനയത്തോട് സംയുക്തയുടെ നിലപാടെന്ത്?

  ഈ രംഗത്തു തുടരുന്നത്ര കാലം ഞാന്‍ സീരിയസാണ്. പിന്നെ എത്രകാലം ഇവിടെ തുടരുമെന്ന് പറയാനാവില്ല. ജനങ്ങള്‍ ഏറെ ശ്രദ്ധിക്കുന്ന മാധ്യമമാണ് ചലച്ചിത്രം. മാധ്യമങ്ങളിലെവിടെ നോക്കിയാലും ചലച്ചിത്രതാരങ്ങളെ കാണാം. അതുകൊണ്ട് അവരെ ജനങ്ങള്‍ പെട്ടെന്നു മടുക്കുകയും ചെയ്യാം. എല്ലാ ജോലിക്കും പരിമിതികളുണ്ട്. എന്നായാലും നമുക്കു പിരിഞ്ഞു പോകേണ്ടതുണ്ട്. ജനങ്ങള്‍ എങ്ങനെ അംഗീകരിക്കുന്നുവെന്നതിന് അനുസരിച്ചേ എത്രകാലം ഇവിടെ തുടരുമെന്ന് പറയാനാവൂ.

  മലയാള സിനിമയില്‍ സ്ത്രീകഥാപാത്രങ്ങള്‍ക്കു പ്രാധാന്യം കുറവാണെന്ന അഭിപ്രായത്തോടു യോജിക്കുന്നുണ്ടോ?

  എനിക്കതിനോടു യോജിപ്പില്ല. ചിന്താവിഷ്ടയായ ശ്യാമള, അഗ്നിസാക്ഷി, കന്മദം എന്നിവയൊക്കെ സ്ത്രീക്കു പ്രാധാന്യമുള്ള ചിത്രങ്ങളല്ലേ. എല്ലാ ചിത്രങ്ങളിലും സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കണമെന്നു ശഠിക്കരുത്. ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കഴിയുന്ന നടികള്‍ ഇവിടെയില്ല. അല്ലെങ്കില്‍ അവരെ ജനം അംഗീകരിക്കുന്നില്ല എന്നതാണ് വാസ്തവം. ധാരാളം ടാലന്‍റഡ് ആയ നടികള്‍ മലയാളത്തിലുണ്ട്. നന്നായി നൃത്തം ചെയ്യുന്നവര്‍, നല്ല സുന്ദരികള്‍, നന്നായി അഭിനയിക്കുന്നവര്‍ - പക്ഷെ എന്തുകൊണ്ടോ അവരെ ജനം അംഗീകരിക്കുന്നില്ല.

  പ്രശസ്തിയും ആരാധനയുമൊക്കെ ആസ്വദിക്കുന്നുണ്ടോ?

  തീര്‍ച്ചയായും. ഈ പ്രശസ്തിയും ബഹളവുമൊക്കെ ഞാന്‍ ഇഷ്ടപ്പെടുന്നു. ഇതൊരു പുതിയ അനുഭവമാണല്ലോ.

  വായനയെങ്ങനെ?

  അല്‍പസ്വല്‍പം വായിക്കും. ജ്യോതിഷവും തത്വശാസ്ത്രവുമാണ് ഇഷ്ടവിഷയം. എന്നുകരുതി അതില്‍ അഗാധ പാണ്ഡിത്യമൊന്നുമില്ല. ഞാന്‍ കോളേജില്‍ പഠിച്ച തത്വശാസ്ത്ര ശകലങ്ങള്‍ എനിക്കിഷ്ടമായി. എന്റെ അച്ഛന്‍ നല്ലൊരു വായനക്കാരനും എഴുത്തുകാരനുമാണ്. അച്ഛന്റെ കവിതകള്‍ (പ്രസിദ്ധീകരിച്ചിട്ടില്ല) ഞാന്‍ വായിക്കാറുണ്ട്. എങ്കിലും മലയാളത്തിലെ ഒട്ടുമിക്ക കവിതകളും എനിക്കു മനസ്സിലാകാറില്ല. പി. കുഞ്ഞിരാമന്‍ നായരുടെ മഴവില്ല് ആണ് ഇഷ്ടപ്പെട്ട കവിത.

  Read more about: samyukta varma actress
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X