»   » സരോജ്കുമാര്‍ താനല്ലെന്ന് മോഹന്‍ലാല്‍

സരോജ്കുമാര്‍ താനല്ലെന്ന് മോഹന്‍ലാല്‍

Posted By: നിര്‍മല്‍
Subscribe to Filmibeat Malayalam
Mohan Lal-Sreenivasan
പത്മശ്രീ ഡോ. ഭരത് സരോജ്കുമാര്‍ ആരായിരുന്നുവെന്ന് നിങ്ങള്‍ ഓര്‍ക്കുന്നില്ലേ. ശ്രീനിവാസന്‍ സൃഷ്ടിച്ച സാങ്കല്‍പ്പികമായ ഒരു കഥാപാത്രം. മലയാള സിനിമയിലെ ദുഷിച്ച പ്രവണതകളിലേക്ക് ശ്രീനിവാസന്‍ കണ്ണോടിച്ചപ്പോള്‍ ഇവിടെയുണ്ടായ കോലാഹലം കുറച്ചൊന്നുമായിരുന്നില്ല. സരോജ്കുമാര്‍ മോഹന്‍ലാലിനെ കളിയാക്കാന്‍ ഉണ്ടാക്കിയതെന്നായിരുന്നു പ്രധാന ആരോപണം.

ലാലിന്റെ ഫാന്‍സുകാരും ആന്റണി പെരുമ്പാവൂരുമെല്ലാം ശ്രീനിവാസനെതിരെ തിരിഞ്ഞത് സരോജ്കുമാര്‍ എന്ന ചിത്രം കണ്ടിട്ടായിരുന്നു. ചിത്രം റിലീസായപ്പോള്‍ ശ്രീനിവാസന്‍ കേട്ടത്ര തെറി വേറെയാരും കേട്ടിട്ടുണ്ടാകില്ല. ഈ ചിത്രം തന്നെക്കുറിച്ചല്ല എന്നാണ് മോഹന്‍ലാല്‍ ഇപ്പോള്‍പറയുന്നത്. അതുമാത്രമല്ല ഇങ്ങനെയൊരു സിനിമ ഉണ്ടാക്കിയെന്നതിന്റെ പേരില്‍ ശ്രീനിവാസനുമായി അകല്‍ച്ചയൊന്നുമില്ലെന്നും ഇനിയും ശ്രീനിയുടെ ചിത്രങ്ങളില്‍ അഭിനയിക്കുമെന്നും ലാല്‍ ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍പറഞ്ഞു.

സിനിമയില്‍ പറഞ്ഞതിലും കൂടുതല്‍ ശ്രീനിവാസന്‍ ലാലിനോട് നേരിട്ടു പറഞ്ഞിട്ടുണ്ടത്രെ. തന്നെക്കുറിച്ചോ മമ്മൂട്ടിയെക്കുറിച്ചോ ആണ് ആ സിനിമ എന്നത് ചിലര്‍പറഞ്ഞുണ്ടാക്കിയതാണ്. ഞങ്ങള്‍ക്കങ്ങനെ തോന്നിയിട്ടില്ല. ഇപ്പോള്‍പറഞ്ഞതിലും കൂടുതല്‍ കാര്യങ്ങള്‍ ശ്രീനിവാസന്‍ അടുത്ത സിനിമയില്‍ പറയുമായിരിക്കുമെന്നാണ് ലാല്‍ പറയുന്നത്. സരോജ്കുമാര്‍ എന്ന ചിത്രം താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും ലാല്‍ പറയുന്നു. ഇതുകൊണ്ടൊന്നും താനും ശ്രീനിയും ഒന്നിക്കാതിരിക്കില്ല എന്നും ലാല്‍ പറയുന്നുണ്ട്.

അപ്പോള്‍ സരോജ്കുമാര്‍ എന്നചിത്രം റിലീസ് ചെയ്തപ്പോള്‍ ഇവിടെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത് ആരായിരുന്നു. ശ്രീനിവാസനെതിരെ ക്യാമാറാമാന്‍ വിപിന്‍മോഹനനോട് ഭീഷണിയുടെ സ്വരത്തില്‍ ആന്റണി പെരുമ്പാവൂര്‍ സംസാരിച്ചതെന്തിനായിരുന്നു....
മോഹന്‍ലാല്‍ നായകനായ ഉദയനാണ് താരം എന്ന ചിത്രത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച കഥാപാത്രമായിരുന്നു തെങ്ങുമൂട് രാജപ്പന്‍ എന്ന സരോജ്കുമാര്‍. റോഷന്‍ ആന്‍ഡ്രൂസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ ലാല്‍ ആയിരുന്നു നായകന്‍.

ചിത്രം വന്‍ഹിറ്റായപ്പോഴാണ് ശ്രീനിവാസന്‍ രണ്ടാംഭാഗത്തിനു തിരക്കഥയെഴുതിയത്. പുതിയ സംവിധായകനായിരുന്നു സരോജ്കുമാര്‍ എന്ന ചിത്രം സംവിധാനം ചെയ്തത്. ഇതില്‍ മലയാള സിനിമയിലെ സൂപ്പര്‍താരങ്ങള്‍ കാട്ടിക്കൂട്ടുന്ന സിനിമക്കുപുറത്തെകാര്യങ്ങളെ പച്ചയോടെ കളിയാക്കുകയായിരുന്നു ശ്രീനിവാസന്‍ ചെയ്തത്.

എന്നാല്‍ സിനിമ വെറുംകളിയാക്കല്‍മാത്രമായപ്പോള്‍ തിയറ്ററില്‍ വേണ്ടത്ര ശ്രദ്ധിക്കാതെ പോയി.ഇതേ തുടര്‍ന്ന് ലാലും ശ്രീനിയും ഇനി ഒന്നിച്ചഭിനയിക്കില്ല എന്ന് ചിലര്‍ പറഞ്ഞിരുന്നു. അതിനെ പാടേ മായ്ച്ചുകളയുന്ന രീതിയിലാണ് മോഹന്‍ലാല്‍ ഇവിടെ പറഞ്ഞിരിക്കുന്നത്. ലാലും ശ്രീനിയും ഒന്നിച്ചപ്പോള്‍ ലഭിച്ച സൂപ്പര്‍ സിനിമകള്‍ ഇപ്പോഴും നാം ടിവിക്കു മുന്നില്‍ ആസ്വദിച്ചുകാണുകയാണ്. ആ നല്ല നാളുകള്‍ വീണ്ടും വരുമെന്ന് പ്രതീക്ഷിക്കാം.

English summary
Padmashree Bharath Dr Saroj Kumar has been in the headlines for all the wrong reasons.it was seen as particularly targeting superstar Mohanlal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam