'എന്തിന് കഷ്ടപ്പെടുന്നുവെന്ന് തോന്നും, ഒന്നും ഞാൻ തീരുമാനിക്കുന്നതല്ല ആരോ എന്നേയും കൊണ്ട് സഞ്ചരിക്കുന്നതാണ്'

ഒരു നടനാകണമെന്ന സ്വപ്നത്തിന്‍റെ പുറകെയുള്ള സഞ്ചാരമാണ് ഇന്ന് മലയാളം സീരിയൽ മേഖലയിൽ അറിയപ്പെടുന്ന താരമാക്കി യുവനടൻ അച്ചു സു​ഗന്ധിനെ മാറ്റിയത്. സീരിയലിൽ അസിസ്റ്റന്റ് ഡയറക്ടായി പ്രവർത്തിച്ചു... പിന്നീട് പതിയെ ക്യാമറയ്ക്ക് പിന്നിൽ നിന്നും മുന്നിലേക്ക്... ആദ്യമായി പ്രേക്ഷകർ അച്ചുവിനെ ശ്ര​ദ്ധിച്ച് തുടങ്ങിയത് സാന്ത്വനം വീട്ടിലെ കണ്ണനായി എത്തിയപ്പോൾ മുതലാണ്. അതൊരു കരിയർ ബ്രേക്കായിരുന്നു. കണ്ണനെന്ന കഥാപാത്രം വഴി ലഭിച്ച സൗഭാ​ഗ്യങ്ങളേയും സ്നേഹത്തെയും കുറിച്ച് അച്ചു സു​ഗന്ധ് എന്നും വാചാലനാകാറുണ്ട്.

സാന്ത്വനം പരമ്പര അവസാനിച്ചശേഷം സംവിധാന മോഹം സാധിച്ചെടുക്കാനുള്ള ശ്രമത്തിന് പിന്നാലെയാണ് അച്ചു. അതിനുള്ള ആദ്യപടിയായി ഒരു ​ഹ്രസ്വചിത്രം താരം സംവിധാനം ചെയ്യാൻ ആരംഭിച്ചു. സാന്ത്വനത്തിലെ വൈറൽ കപ്പിൾ ശിവനും അഞ്ജലിയുമാണ് നായകനും നായികയും. സാന്ത്വനം സീരിയലിനുശേഷമുള്ള ജീവിതത്തെ കുറിച്ചും തന്റെ സംവിധാന സ്വപ്നങ്ങളെ കുറിച്ചും ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ അച്ചു സു​ഗന്ധ് പങ്കുവെക്കുകയാണിപ്പോൾ.

Serial Actor Achu Sugandh

സാന്ത്വനം പരമ്പര അവസാനിച്ചതിന് ശേഷമുള്ള ജീവിതത്തെ കുറിച്ച്?

സീരിയൽ അവസാനിച്ചുവെന്നത് തന്നെ വലിയ വിഷമമുണ്ടാക്കുന്നതാണ്. മാത്രമല്ല ഇപ്പോഴും പുറത്തിറങ്ങുമ്പോൾ ആളുകൾ തിരിച്ചറിയുന്നുണ്ട്. അത് സാന്ത്വനം നൽകിയ ഫെയിം തന്നെയാണ്. ഇപ്പോഴും കണ്ണായെന്നാണ് ആളുകൾ വിളിക്കുന്നത്. അതിനൊന്നും കുറവ് വന്നിട്ടില്ല. സാന്ത്വനം സീരിയലിനെ എന്റെ ലൈഫിലെ ടേണിങ് പോയിന്റായും ഭാ​ഗ്യവുമായിട്ടാണ് ഞാൻ കരുതുന്നത്. ഞങ്ങൾ ഒരു കുടുംബം പോലെയായിരുന്നു.

പിന്നെ സാന്ത്വനത്തിലെ ക്ലിപ്പിങ്സ് സോഷ്യൽമീഡിയയിൽ മെൻഷൻ ചെയ്ത് വരുമ്പോൾ നെഞ്ചിൽ ഒരു നീറ്റലാണ്. സാന്ത്വനം സീരിയിൽ ചെയ്തിരുന്ന സമയം അത്രത്തോളം ഇഷ്ടപ്പെട്ടിരുന്നു. ആ​ദിത്യൻ സാറിനെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. സാർ നമ്മളെ വിട്ട് പോയെങ്കിലും അദ്ദേഹത്തിന്റെ നല്ല ഓർമകൾ മനസിലുണ്ട്. വാനമ്പാടി, സാന്ത്വനം എന്നീ രണ്ട് സീരിയലുകളിലാണ് ഞാൻ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചത്.

പ്ലസ് ടു, പത്താം തരം കാലഘട്ടത്തിലേക്ക് ഒരിക്കൽ കൂടി തിരികെ പോകാൻ കഴിഞ്ഞിരുന്നുവെങ്കിൽ ആ​ഗ്രഹിക്കാറില്ലേ... അതുപോലെ സാന്ത്വനം സീരിയൽ ഷൂട്ട് കാലഘട്ടത്തിലേക്ക് വീണ്ടും ഒന്ന് പോകാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് തോന്നാറുണ്ട്. വാനമ്പാടി സീരിയലിൽ അസിസ്റ്റന്റ് ഡയറക്ടറായി കയറിയ കാലം മുതൽ ഒന്ന് കൂടി റിവേഴ്സ് ചെയ്യാൻ പറ്റിയിരുന്നെങ്കിലെന്നും തോന്നാറുണ്ട്.

പുതിയ പരമ്പരകളിലേക്ക് അവസരങ്ങൾ വന്നിട്ടുണ്ടോ? വീണ്ടും സീരിയലുകളിൽ കഥാപാത്രമായി കാണാൻ സാധിക്കുമോ?

പുതിയ വർക്കുകളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല. എന്റെ മാതാപിതാക്കളൊക്കെ സീരിയൽ നടന്റെ അച്ഛനും അമ്മയും എന്ന രീതിയിലാണ് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ പുതിയ സീരിയലുകളിലൊന്നും എന്നെ കാണാത്തതിനാൽ വേറെ സീരിയൽ കിട്ടാത്തതുകൊണ്ടാണോ എന്നൊക്കെ ആളുകൾ ചോദിക്കുന്നുണ്ട്. അത് അവ​ർക്കും ഒരു വിഷമമാണ്. സീരിയലുകളിലേക്ക് എന്നെ വിളിക്കുന്നുണ്ട്. പക്ഷെ എന്റെ ആ​ഗ്രഹം സിനിമ സംവിധാനമാണ്. ക്വാളിറ്റിയുള്ള നല്ല കുറേ സിനിമകളെടുക്കണമെന്ന ആ​ഗ്രഹത്തിന് പിന്നാലെയാണ്.

അതുകൊണ്ടാണ് പുതിയ പ്രോജക്ടുകളിലൊന്നും എന്നെ കാണാത്തത്. സംവിധാനത്തിലേക്ക് കടക്കാൻ വേണ്ടി സമയം എടുത്ത് സ്ക്രിപ്റ്റും പ്ലാനിങ്ങുമെല്ലാം നടത്തി ചെയ്യാനുള്ള ശ്രമത്തിലാണ് ഞാൻ. അച്ഛനും അമ്മയോടും മാത്രമല്ല എന്നോടും ആളുകൾ ചോദിക്കാറുണ്ട്. പുതിയ സീരിയലുകളിൽ അവസരം ലഭിച്ചില്ലേയെന്ന്. പക്ഷെ കൃത്യമായി ഒരു മറുപടി അവരോടൊന്നും നമുക്ക് പറയാൻ പറ്റില്ല. പറഞ്ഞാലും അവർക്ക് മനസിലായി കൊള്ളണമെന്നില്ല.

അതുകൊണ്ട് അവസരം വന്നില്ലെന്നുള്ള മറുപടിയാണ് പറയാറ്. കുറേ സീരിയലുകളിലേക്ക് വിളിച്ചിരുന്നു. സംവിധാന മോഹമുള്ളതുകൊണ്ട് മാത്രമാണ് അഭിനയിക്കാത്തത്. അല്ലാതെ സീരിയൽ അവസരങ്ങൾ നിഷേധിക്കാൻ മാത്രമുള്ള വലിയ നടനായി ഞാൻ വളർന്നതുകൊണ്ടല്ല. സംവിധായകനാകണമെന്നുള്ള ആ​ഗ്രഹത്തിന്റെ പുറത്താണ് ഈ റിസ്ക്ക് ഞാൻ എടുക്കുന്നത്. പിന്നെ സാമ്പത്തികമായിട്ടാണെങ്കിലും വർക്കുള്ളപ്പോൾ മാത്രമാണ് വർക്കുള്ളത്.

അല്ലാത്തപ്പോൾ നമ്മളെ ആരും വിളിക്കില്ലല്ലോ. സാന്ത്വനം ഫെയിം ആയതുകൊണ്ടാണ് മറ്റ് സീരിയലുകളിലേക്ക് ക്ഷണം വന്നത്. അത് എനിക്ക് നന്നായിട്ട് അറിയാം. സംവിധാനമോഹം ഒന്ന് കൊണ്ട് മാത്രമാണ് സീരിയൽ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്നത്. അല്ലാതെ അവസരങ്ങൾ ഒരുപാട് വരുന്നതുകൊണ്ട് നിഷേധിക്കുന്നതല്ല.

സീരിയലിൽ അഭിനയിച്ച് തുടങ്ങിയശേഷം സിനിമയിൽ നിന്നും അവസരങ്ങൾ വന്നിട്ടുണ്ടോ?

സാന്ത്വനത്തിന്റെ ഭാ​ഗമായശേഷം കുറച്ച് സിനിമകളിലേക്ക് ക്ഷണം വന്നിരുന്നു. പക്ഷെ സീരിയൽ കമ്മിറ്റ് ചെയ്ത് നിൽക്കുന്ന സമയത്ത് ഒരുപാടുനാൾ ബ്രേക്ക് എടുത്ത് സിനിമയിൽ അഭിനയിക്കാൻ കഴിയില്ല. നമുക്ക് സാന്ത്വനമാണല്ലോ വലുത്. വന്നത് ചെറിയ ചെറിയ അവസരങ്ങളായിരുന്നു. അതുകൊണ്ട് അത് അങ്ങ് ഉപേക്ഷിക്കും. എനിക്ക് അഭിനയത്തേക്കാൾ കംഫർട്ട് സംവിധാനമാണ്. അതുകൊണ്ട് ആക്ടിങ്ങിലേക്ക് അധികം നോക്കുന്നില്ല.

Serial Actor Achu Sugandh

സാന്ത്വനം സീരിയൽ അവസാനിച്ചശേഷമുള്ള ആരാധകരുടെ പ്രതികരണങ്ങൾ?

സീരിയൽ കഴിഞ്ഞപ്പോൾ മുതൽ ഇപ്പോൾ വരെയും ഇൻസ്റ്റ​ഗ്രാം എടുത്ത് നോക്കിയാൽ ഒരുപാട് ആളുകളുടെ മെസേജുകൾ കാണാം. സാന്ത്വനം സീരിയൽ നിങ്ങൾ എന്തിനാണ് നിർത്തിയത് എന്നൊക്കെ ചോദിച്ചാണ് മെസേജ് വരാറുള്ളത്. സാന്ത്വനത്തെ ഇഷ്ടപ്പെട്ട് ഒരുപാട് പേർ മെസേജ് അയക്കുന്നത് ഒരു സന്തോഷമുള്ള കാര്യമാണ്. ആളുകളുടെ കണ്ണായെന്നുള്ള വിളി കേൾക്കുന്നതും സന്തോഷം നൽകുന്നു.

ആദ്യമായി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രത്തിന്റെ വിശേഷങ്ങൾ വിശദീകരിക്കാമോ?

ഞാൻ ആദ്യമായി സംവിധാനം ചെയ്യുന്നത് ഒരു ഷോർട്ട്ഫിലിമാണ്. സാന്ത്വനത്തിലെ ശിവനും അഞ്ജലിയുമായ ​ഗോപിക അനിലിനേയും സജിൻ ചേട്ടനേയും ജോഡിയാക്കിയാണ് ഷോർട്ട്ഫിലിം ചെയ്യുന്നത്. ഒരു ചെറിയൊരു വർക്കാണ്. എങ്ങനെയാകുമെന്ന് അറിയാൻ ഒന്ന് ചെയ്ത് നോക്കുകയാണ്. എല്ലാം നമ്മൾ ചെയ്ത് പഠിക്കുകയാണല്ലോ ചെയ്യാറ്.

ഞാൻ ഒരുപാട് സിനിമകൾ അസിസ്റ്റ് ചെയ്തിട്ടുള്ളയാളല്ല. കൂടുതലും സീരിയലിലാണ് പ്രവർത്തിച്ചിട്ടുള്ളത്. പിന്നെ ഇപ്പോഴത്തെ തലമുറയ്ക്ക് കൂടി ഇഷ്ടപ്പെടുന്ന രീതിയിൽ വേണമല്ലോ മെയ്ക്ക് ചെയ്ത് എടുക്കാൻ. അതിനുള്ള ശ്രമത്തിലും കൂടിയാണ്. അത് പുറത്തിറങ്ങട്ടേ... വേറൊരാളെ കാണിച്ചാലേ പറയാൻ പറ്റു അത് എന്താണെന്ന്.

കാരണം കണ്ട് കണ്ട് അതിനെ കുറിച്ചുള്ള ജഡ്ജ്മെന്റൊക്കെ നമുക്ക് പോകും. ഒരു കുഞ്ഞ് വർക്കാണ്.‍ വലിയ ഭീകര കഥയോ പരിപാടികളോ ഇല്ല. പിന്നെ പാരലലായി രണ്ട് സിനിമയുടെ സ്ക്രിപ്റ്റ് എഴുതുന്നുണ്ട്. ഈ ഷോർട്ട്ഫിലിം കഴിഞ്ഞിട്ട് ഒരു വെബ് സീരിസ് കൂടി ചെയ്യണമെന്ന് ആ​ഗ്രഹമുണ്ട്. അതിന്റെ പണിപ്പുരയിൽ കൂടിയാണ്.

അഭിനയത്തിൽ നിന്നും സംവിധാനത്തിലേക്ക് മാറിയശേഷം അനുഭവിച്ച വ്യത്യാസങ്ങൾ

ഞാൻ ആദ്യം അസിസ്റ്റന്റ് ഡയറക്ടറായാണ് ഈ മേഖലയിലേക്ക് വന്നത്. പിന്നെ അഭിനയിക്കുമ്പോൾ നമുക്ക് റെസ്റ്റ് എടുക്കാനും മറ്റുമൊക്കെ സമയമുണ്ട്. അതുകൊണ്ട് മെന്റലി ഓക്കെയായിരിക്കും. തമാശ പറയാനും കിടന്നുറങ്ങാനുമെല്ലാം സമയം കിട്ടും. സംവിധാനത്തിലുള്ളതുപോലുള്ള കഷ്ടപ്പാട് അഭിനയത്തിന് ഇല്ലെന്നാണ് ഞാൻ ചെയ്തിടത്തോളം എനിക്ക് മനസിലായത്. അസിസ്റ്റന്റ് ഡയറക്ടറായപ്പോൾ മുതൽ നല്ല സ്ട്രസ്സുണ്ടാവാറുണ്ട്.

പക്ഷെ എനിക്ക് ആ സ്ട്രസ് ഇഷ്ടമാണ്. അഭിനയം എന്ന ഉദ്ദേശത്തോടെയാണ് വന്നതെങ്കിലും അസിസ്റ്റന്റ് ഡയറക്ടറായശേഷമാണ് എനിക്ക് സംവിധാനമാകും കുറച്ച് കൂടി നല്ലതെന്ന് മനസിലായത്. പിന്നെ നമ്മളെ ആളുകൾ ട്രെസ്റ്റ് ചെയ്ത് വരണമെങ്കിൽ ഷോർട്ട് ഫിലിം പോലുള്ള വർക്കുകൾ ചെയ്ത് കാണിക്കണം. സ്ക്രീൻ പ്ലെ എങ്കിലും നന്നായി ചെയ്ത് കാണിക്കണമെന്നുണ്ട്. അതിന്റെ ഓട്ടത്തിലും സ്ട്ര​ഗിളിലുമാണ്. ചില സമയത്ത് എന്തിനാണ് ഇത്ര കഷ്ടപ്പെടുന്നത് എന്നൊക്കെ തോന്നും.

പിന്നെ ഒന്നും ഞാനായി എടുത്ത തീരുമായിട്ടല്ല ഒരാൾ നമ്മളെയും കൊണ്ട് സഞ്ചരിക്കുന്നതായാണ് തോന്നാറുള്ളത്. അതെന്താണെന്ന് അറിയില്ല. അപകടമാണോ അബ​ദ്ധമാണോ അവസാനം രണ്ടും ഇല്ലാതാകുമോ എന്നൊക്കെയുള്ള തോന്നലും വരാറുണ്ട്. എന്താകുമെന്ന് അറിയില്ല. എങ്കിലും ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സംവിധാനത്തിൽ ഒന്നും ചെയ്യാൻ പറ്റിയില്ലെങ്കിലും അവസാനമാകുമ്പോൾ ശ്രമിച്ചിരുന്നുവെന്നെങ്കിലും എനിക്ക് ആശ്വസിക്കാമല്ലോ.

നടൻ ദിലീപുമായുള്ള സാദൃശ്യം മൂലം മോശം അനുഭവങ്ങളോ കരിയറിൽ തടസങ്ങളോ ഉണ്ടായിട്ടുണ്ടോ?

ദിലീപേട്ടനുമായുള്ള സാദൃശ്യം കൊണ്ട് മോശം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. എല്ലാ ആക്ടേഴ്സിലും അവർ ഇഷ്ടപ്പെടുന്ന നടന്റെ ഷെയ്ഡ് കാണുമല്ലോ. ദിലീപേട്ടനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. രൂപസാദൃശ്യമുള്ളതുകൊണ്ടാണ് ദിലീപേട്ടന്റെ കാര്യം എല്ലാവരും പറയുന്നത്. പക്ഷെ ഞാൻ കൂടുതലും അനുകരിക്കാൻ ശ്രമിക്കാറ് വിജയിയെയാണ്. പക്ഷെ അതൊന്നും ആർക്കും തോന്നാത്തത് സാദൃശ്യം ഇല്ലാത്തതുകൊണ്ടാവും.

പഴയ ദിലീപേട്ടന്റെ ലുക്കുണ്ടെന്ന് എല്ലാവരും പറയാറുണ്ട്. നല്ല കാര്യമാണ് അതിലൂടെയും ആളുകൾ നമ്മളെ അറിയുമല്ലോ. ദിലീപേട്ടനുമായി സാദൃശ്യമുണ്ടെന്ന് എനിക്ക് ഇതുവരെ ഫീൽ ചെയ്തിട്ടില്ല. അദ്ദേഹം സുന്ദരനാണല്ലോ. പിന്നെ എല്ലാവരും പറയുന്നത് കേൾക്കുമ്പോൾ അഭിമാനമാണ്. കൂട്ടുകാരൊക്കെ ഞാൻ ഇത് പറയുമ്പോൾ എന്നെ കളിയാക്കും.

സീരിയൽ താരങ്ങളെ സിനിമാ മേഖല അവ​ഗണിക്കുന്നുവെന്ന് പല സീരിയൽ താരങ്ങളും പറഞ്ഞ് കേൾക്കാറുണ്ട്. സീരിയൽ താരങ്ങൾ‍ക്ക് സിനിമയിൽ അവസരങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ടാണെന്ന് തോന്നിയിട്ടുണ്ടോ?

സീരിയൽ താരങ്ങൾക്ക് സിനിമയിൽ അവസരം ലഭിക്കാൻ ബുദ്ധിമുട്ടാണെന്ന് തോന്നിയിട്ടില്ല. ഷാരൂഖ് ഖാൻ വരെ സീരിയലിൽ അഭിനയിച്ചിട്ടല്ലേ സിനിമയിലേക്ക് വന്നത്. ബി​ജു മേനോൻ അടക്കമുള്ളവരും അങ്ങനെയാണല്ലോ. ഇപ്പോഴും ഒരുപാട് പേർ ഇത്തരത്തിൽ സജീവമായി വരുന്നുണ്ടല്ലോ.

പിന്നെ പരിശ്രമം വേണം. സീരിയലിൽ മാത്രം അഭിനയിച്ചിട്ട് സിനിമയിലേക്ക് ആരെങ്കിലും വിളിക്കുമെന്ന് പ്രതീക്ഷിച്ചിട്ട് കാര്യമില്ലല്ലോ. നമ്മൾ തന്നെ അന്വേഷിക്കണം, അവസരം ചോ​ദിക്കണം, സ്ട്ര​ഗിൾ ചെയ്യണം. അല്ലാതെ സീരിയൽ സിനിമയിലേക്ക് പോകാൻ ഒരു തടസമാണെന്ന് തോന്നിയിട്ടില്ല.

അടുത്തിടെ ​ഗൃഹപ്രവേശനം പൂർത്തിയായ പുതിയ വീടിന്റെ വിശേഷങ്ങൾ...

പുതിയ വീടിന്റെ പാലുകാച്ചൽ കഴിഞ്ഞു. അച്ഛനും അമ്മയും അനിയത്തിയുമാണുള്ളത്. ഹാപ്പിയായി പോകുന്നു. പുതിയ വീട്ടിൽ താമസിക്കുന്നതിന്റെ സന്തോഷത്തിലാണ് എല്ലാവരും. ഞങ്ങളുടെ നാട്ടിൽ നിന്നും കുറച്ച് മാറിയാണ് വീട് വെച്ചിരിക്കുന്നത്. എല്ലാവരേയും പരിചയപ്പെട്ട് വരുന്നതേയുള്ളു. വീട്ടിൽ ഞാനുണ്ടാകുന്നത് ചുരുക്കമാണ്. വർക്കിന്റെ ആവശ്യത്തിന് വേണ്ടി എറണാകുളത്തും ഫ്രണ്ടിന്റെ ഒപ്പം കൊല്ലത്തുമൊക്കെയാണ് എപ്പോഴും.

സഹോദരിയുടെ വിവാഹം നിശ്ചയിച്ച സാഹചര്യത്തിൽ അച്ചുവിന്റെ വിവാഹവും ഉടൻ പ്രതീക്ഷിക്കാമോ?

വിവാഹം കഴിക്കാൻ വേണ്ടി പ്രായമായിട്ടില്ലല്ലോ... ഞാനൊരു കൊച്ചുകുട്ടിയല്ലേ...(ചിരിക്കുന്നു). സിനിമ ചെയ്യണം നല്ലൊരു സംവിധായകനാകണം ആ ഒരു ചിന്ത മാത്രമെ ഇപ്പോൾ മനസിൽ വെച്ചിട്ടുള്ളു. കല്യാണത്തിനെ കുറിച്ചൊന്നും അങ്ങനെ ആലോചിച്ചിട്ടില്ല. പ്രോപ്പറായി നമുക്ക് ഒരു ജോലി വേണമല്ലോ. പറയാൻ എന്തെങ്കിലും ഒരു സംഭവമുണ്ടെങ്കിൽ അല്ലേ പെണ്ണ് വരെ കിട്ടൂ. കല്യാണം അടുത്തൊന്നും ഉണ്ടാവില്ല.

More from Filmibeat

Read more about: Santhwanam serial Onam 2024
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X