മറിയം വന്നു വിളക്കൂതി: പുതിയ സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ച് താരങ്ങൾ
തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ച ചിത്രമായിരുന്നു പ്രേമം. ഈ സിനിമയിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകരുടെ ഇടയിൽ വലിയ ശ്രദ്ധനേടുകയുണ്ടായി. ഇപ്പോൾ വീണ്ടും പ്രേമത്തിലൂടെ താരങ്ങളെല്ലാം ഒരുമിക്കുകയാണ്, 'മറിയം വന്ന് വിളക്കൂതി' എന്ന പുതിയ ചിത്രത്തിലൂടെ. ജനുവരി 31 ന് ചിത്രം പ്രദർശനത്തിനെത്തും. ഇതേസമയം, തിയേറ്ററുകളിൽ സിനിമ എത്തും മുൻപ് മറിയം ടീമിന് പ്രേക്ഷകരോട് ഒരു കാര്യം പറയാനുണ്ട് — പ്രേമം അല്ല മറിയം വന്നു വിളക്കൂതി.
'മറിയം വന്ന് വിളക്കൂതി', ചിത്രത്തിന്റെ പേരുതന്നെ പ്രേക്ഷകരിൽ ആകാംക്ഷയുണർത്തുന്നുണ്ട്. ഇപ്പോഴിതാ, ഈ പേരിന് പിന്നിലെ കഥ വെളിപ്പെടുത്തുകയാണ് മറിയം ടീം. ഫിൽമീബീറ്റ് മലയാളത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പേരിനെ കുറിച്ചും സിനിമയെ കുറിച്ചുമുള്ള കാര്യങ്ങൾ താരങ്ങളായ സിജു വിൽസണും ശബരീഷ് വർമ്മയും ഷിയാസും പങ്കുവെച്ചത്.

പിറന്നാൾ ആഘോഷത്തിനായി ബാല്യകാല സുഹൃത്തുക്കൾ ഒത്തു കൂടുന്നതും ശേഷമുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സേതു ലക്ഷ്മിയാണ് സിനിമയിൽ ഒരു പ്രധാന വേഷം ചെയ്യുന്നത്. ഇവരുടെ 'മറിയാമ ഹൗസ്' എന്ന വീടിനു തൊട്ടടുത്താണ് കൂട്ടുകാരുടെ ഒത്തുകൂടൽ.
'കിളി പോയി' എന്ന സിനിമയ്ക്ക് ശേഷം മലയാളത്തിൽ പുറത്തിറങ്ങുന്ന സ്റ്റോണർ കോമഡിയാണ് മറിയം വന്ന് വിളക്കൂതി. അധികമാരും പരീക്ഷിക്കാത്ത മേഖലയാണിതെന്നും അഭിമുഖത്തിൽ സിജു വിത്സൺ പറഞ്ഞു.

കരിയറിൽ ഇതുവരെ ചെയ്തിട്ടില്ലാത്ത കഥപാത്രത്തെയാണ് ചിത്രത്തിൽ സിജു അവതരിപ്പിക്കുന്നത്. ക്യാരക്ടറിന്റെ പേര് ഉമ്മൻ കോശി. സ്ത്രീകളോട് അമിതമായി ഇടപഴകുന്ന വ്യക്തിത്വം. തനിയ്ക്ക് പെർഫോം ചെയ്യാൻ പറ്റുന്ന എനർജറ്റിക്കായ കഥാപാത്രമാണ് ഉമ്മൻ കോശിയെന്ന് സിജു സധൈര്യം പറയുന്നു.
ബാലുവായാണ് ശബരീഷ് വർമ്മ എത്തുന്നത്. സുഹൃത്തുക്കൾ സംസാരിക്കുമ്പോൾ അവരെ കൊച്ചാക്കുക ബാലുവിന്റെ പ്രധാന പരിപാടിയാണ്. ബാലുവിന് കുടുംബ പ്രാരാബ്ധമുണ്ട്. സംശയാലുവായ കഥപാത്രമാണ് ഷിയാസിന്റേത്. റോണിയായി കിച്ചുവും ചിത്രത്തിലെത്തുന്നു.

പേരിന് പിന്നിൽ
മന്ദാകിനി എന്നായിരുന്നു ചിത്രത്തിന് ആദ്യം നിശ്ചയിച്ച പേര്. പക്ഷെ സിനിമയുടെ ഷൂട്ട് തുടങ്ങിയപ്പോഴേക്കും പേരിനോട് സാമ്യമുള്ള ഒരുപിടി ചിത്രങ്ങൾ പുറത്തിറങ്ങി. പ്രേക്ഷകർക്കിടയിൽ ആശയക്കുഴപ്പത്തിന് ഇടവരുത്തേണ്ടെന്ന് കരുതിയാണ് തുടർന്ന് പേര് മാറ്റുന്നത്.
'മറിയം വന്നു വിളക്കൂതി' എന്ന പേര് ഉൾക്കൊള്ളാൻ ആദ്യം കുറച്ചു പ്രയാസപ്പെട്ടു. എന്നാൽ ഇന്നാലോചിക്കുമ്പോൾ ഈ പേരാണ് ചിത്രത്തിന് ഏറ്റവും അനയോജ്യമെന്ന് തോന്നുന്നു — സിജു അഭിപ്രായപ്പെട്ടു. സേതു ലക്ഷ്മിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. മറിയാമ ജോർജായി സേതു ലക്ഷ്മി തിരശ്ശീലയിൽ എത്തും.

'പ്രേമത്തിൽ സേതു ലക്ഷ്മി ചേച്ചി ഒരു പ്രാധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പക്ഷേ സിനിമയില്‍ ആരും ചേച്ചിയെ കണ്ടിട്ടുണ്ടാവില്ല, ശബരീഷ് വർമ സൂചിപ്പിച്ചു.
'പ്രേമം സിനിമയിൽ കോളേജിലെ ഒരു പ്രധാനകഥാപാത്രത്തെയാണ് ചേച്ചി അവതരിപ്പിച്ചത്. പക്ഷെ എഡിറ്റിങ് വേളയിൽ ഈ ഭാഗങ്ങൾ ഉപേക്ഷിക്കേണ്ടി വന്നു. തിരക്കഥ വ്യതിചലിച്ചു പോകുന്നു എന്ന കാരണത്താലായിരുന്നു ഇത്', ശബരീഷ് വ്യക്തമാക്കി. എന്തായാലും പുതിയ ചിത്രത്തിൽ മറിയാമ ജോർജിന് വലിയ പ്രാധാന്യമുണ്ട്. മറിയാ ജോർജിനെ പൂർണതയിൽ അവതരിപ്പിക്കാൻ സേതു ലക്ഷ്മിക്ക് കഴിഞ്ഞെന്ന് സിജുവും ശബരീഷും ഷിയാസും ഒരേ സ്വരത്തിൽ പറയുന്നു.
അഭിമുഖത്തിന്റെ പൂർണ രൂപം ചുവടെ കാണാം.


Click it and Unblock the Notifications











