തനിയാവര്‍ത്തനത്തിലെ ബാലന്‍ മാഷ് അദ്ദേഹത്തെ വേട്ടയാടി! തുറന്ന് പറഞ്ഞ് സിന്ധു ലോഹിതദാസ്
മമ്മൂട്ടിയുടെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ ചിത്രമായിരുന്നു 1987ല്‍ പുറത്തിറങ്ങിയ തനിയാവര്‍ത്തനം. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തിനു വേണ്ടി തിരക്കഥയൊരുക്കിയിരുന്നത് ലോഹിത ദാസ് ആയിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളിലൊന്നായി ചിത്രത്തിലെ ബാലന്‍ മാഷ് മാറിയിരുന്നു. അത്രത്തോളം ആ കഥാപാത്രത്തെ അനശ്വരമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.
ലോഹിതദാസിന്റെ മികച്ചൊരു കഥയില്‍ തന്നെയായിരുന്നു സംവിധായകന്‍ തനിയാവര്‍ത്തനം ഒരുക്കിയിരുന്നത്. വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞ ചിത്രം തിയ്യേറ്ററുകളിലും മികച്ച വിജയം നേടിയിരുന്നു. മമ്മൂട്ടിക്ക് ലോഹിതദാസ് സമ്മാനിച്ച മികച്ച കഥാപാത്രങ്ങളിലൊന്നു കൂടിയായിരുന്നു തനിയാവര്‍ത്തനത്തിലെ ബാലന്‍ മാഷ്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ തനിയാവര്‍ത്തനത്തിലെ ബാലന്‍ മാഷ് ലോഹിതദാസിനെ വേട്ടയാടിയിരുന്നതായി ഭാര്യ സിന്ധു വെളിപ്പെടുത്തിയിരുന്നു.

തനിയാവര്‍ത്തനം
ലോഹിത ദാസിന്റെ കരിയറില്‍ ഇറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നു കൂടിയായിരുന്നു തനിയാവര്‍ത്തനം. കരിയറിന്റെ തുടക്കത്തിലായിരുന്നു ചിത്രത്തിന്റെ തിരക്കഥ അദ്ദേഹം എഴുതിയിരുന്നത്. മമ്മൂട്ടി നായകനായി എത്തിയ ചിത്രത്തില്‍ തിലകന്‍,മുകേഷ്,ആശ ജയറാം, ഫിലോമിന,കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിലെത്തിയിരുന്നു. ബാലന്‍ മാഷായുളള മമ്മൂട്ടിയുടെ പ്രകടനം തന്നെയായിരുന്നു ചിത്രത്തില്‍ മികച്ചുനിന്നിരുന്നത്. എംജി രാധാകൃഷ്ണന്‍ ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വ്യത്യസ്ത പ്രമേയം
കുടുംബത്തില്‍ പാരമ്പര്യമായി പുരുഷന്മാര്‍ക്കുണ്ടാകുന്ന ഭ്രാന്തിന്റെ വിഹ്വലതകളിലുഴലുന്ന ബാലന്‍മാഷ് എന്ന കഥാപാത്രത്തിന്റെ സങ്കീര്‍ണ മനോഭാവമായിരുന്നു ചിത്രത്തിന്റെ പ്രമേയം. 1987ലാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. തിയേറ്ററുകളില്‍ നിന്ന് ചിത്രം കണ്ട് പുറത്തിറങ്ങുമ്പോള്‍ കണ്ണ് കലങ്ങാത്തവരായി ആരുമുണ്ടായിരുന്നില്ല. കൂടാതെ കൊമേഷ്യല്‍ വിജയത്തിന് പുറമെ ചിത്രത്തിന് ഒട്ടേറെ പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു മമ്മൂട്ടിക്ക് ലഭിച്ചിരുന്നത്.

മമ്മൂട്ടിയുടെ കഥാപാത്രം ലോഹിതദാസിനെ വേട്ടയാടി
അടുത്തിടെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തനിയാവര്‍ത്തനത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം ലോഹിതദാസിനെ വേട്ടയാടിയിരുന്നതായി സിന്ധു പറഞ്ഞിരുന്നത്. "മമ്മൂട്ടിയെ നായകനാക്കി തനിയാവര്‍ത്തനം ചെയ്തു കഴിഞ്ഞ ശേഷം പനി വരുമ്പോള്‍ അദ്ദേഹം പിച്ചുംപേയും പറയുമായിരുന്നു. ബാലേട്ടന്‍, മമ്മൂട്ടിയുടെ കഥാപാത്രം പാവമായിരുന്നു. പതിനായിരം രൂപയ്ക്ക് വേണ്ടി ബാഗ് കൊണ്ടു പോയി എന്നൊക്കെ പറയും. കുറച്ച് കാലം ഞാനും വല്ലാത്ത അവസ്ഥയില്‍ ആയിപ്പോയിരുന്നു, സിന്ധു പറയുന്നു

അദ്ദേഹത്തിന് കുറച്ച് പ്രശ്‌നങ്ങളുണ്ടായിരുന്നു
മലയാള സിനിമയില്‍ ലോഹിതദാസിന് കുറച്ച് പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മരണശേഷം അവരെല്ലാം ഇവിടെയുളള കാര്യങ്ങള്‍ തിരക്കാറുണ്ട്. ഒറ്റയ്ക്ക് നില്‍ക്കുമ്പോള്‍ വേരിന് ശക്തിയുണ്ടാകുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍,താങ്ങാന്‍ ആളുണ്ടാകുമ്പോള്‍ ശക്തി ക്ഷയിക്കുകയാണ് ചെയ്യുക,എന്റെ എറ്റവും വലിയ സമ്പാദ്യം ഈ ഏകാന്തതയാണ്. സാറിന്റെ അവസാന പത്ത് ദിവസം എന്റെ കൂടെയായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് ഇരുന്ന് അവസാനം കണ്ട സിനിമ വെങ്കലം ആണ്.സിന്ധു അഭിമുഖത്തില്‍ പറഞ്ഞു.


Click it and Unblock the Notifications











