സൂഫിയും സുജാതയിലെ ബാങ്ക് വിളിക്ക് പിന്നിലെ രഹസ്യം! വെളിപ്പെടുത്തി ദേവ് മോഹന്‍
സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് ദേവ് മോഹന്‍. സിനിമയിലെ സൂഫിയായുളള പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചത്. അരങ്ങേറ്റ ചിത്രത്തില്‍ തന്നെ മികച്ച പ്രകടനമായിരുന്നു നടന്‍ കാഴ്ചവെച്ചത്. ജയസൂര്യ, അദിഥി റാവു തുടങ്ങിയവര്‍ക്കൊപ്പമാണ് ദേവും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തിയത്. സൂഫിയുടെയും സുജാതയുടെയും പ്രണയമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലമാവുന്നത്.
Recommended Video
സൂഫിയും സുജാതയും വിശേഷങ്ങള്‍ വണ്‍ഇന്ത്യ മലയാളവുമായി ദേവ് മോഹന്‍ പങ്കുവെച്ചിരുന്നു. സിനിമ ഇറങ്ങിയ ശേഷം ആദ്യം വിളിച്ചത് ജയസൂര്യ ആയിരുന്നുവെന്ന് ദേവ് പറയുന്നു. നീ നന്നായി ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ഒരു പുതുമുഖത്തിന്റെ പ്രശ്‌നങ്ങളൊന്നുമില്ലാതെ നീ നന്നായിട്ട് തന്നെ ആ റോള്‍ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ജയേട്ടന്റെ വാക്കുകള്‍ കേട്ടപ്പോള്‍ വലിയ സന്തോഷം തോന്നി. കാരണം അദ്ദേഹത്തിന്റെ സിനിമകളെല്ലാം ഞാന്‍ കാണാറുണ്ട്. ജയേട്ടനെ പോലൊരു മികച്ച നടനില്‍ നിന്നും അത്തരമൊരു പ്രശംസ ലഭിച്ചപ്പോള്‍ വലിയ സന്തോഷമാണുണ്ടായത്. ആരങ്ങേറ്റ ചിത്രമാണെന്ന് അതിഥിയോട് ആദ്യമേ പറഞ്ഞിരുന്നുവെന്നും അവരുടെ ഭാഗത്തുനിന്നും വലിയ പിന്തുണയാണ് ലഭിച്ചതെന്നും ദേവ് പറയുന്നു.

തെറ്റുമൊന്നുളള പേടിയൊന്നും വേണ്ട, സമയമെടുത്ത് സമാധാനത്തോടെ ചെയ്താല്‍ മതിയെന്ന് പറഞ്ഞു. ഷൂട്ടിംഗ് തുടങ്ങുന്നതിന് മുന്‍പ് എങ്ങനെ അഭിനയിക്കണമെന്ന് ഞങ്ങള്‍ പ്ലാന്‍ ചെയ്യുമായിരുന്നു. ഓഡീഷന്‍ 2018ന്റെ തുടക്കത്തിലാണ് നടന്നത്. അത് കഴിഞ്ഞ് ഒരുപാട് സമയം സ്‌ക്രിപ്റ്റ് വായിക്കാനും സംവിധായകന്‍ ഷാനവാസ് ഇക്കയുമായി സംസാരിക്കാനുമൊക്കെ സമയം കിട്ടിയിരുന്നു.

അപ്പോള്‍ കുറെ നാളത്തെ തയ്യാറെടുപ്പുകളൊടുവിലാണ് സൂഫിയായി അഭിനയിച്ചത്. സൂഫിയുടെ ആ റോളിന് വളരെയധികം പ്രത്യേകതകളുണ്ടായിരുന്നു. പ്രത്യേകിച്ച് സൂഫിയുടെ ആ കറക്കവും നടപ്പും വേഷവിധാനവും സംസാരവുമെല്ലാം. അതിനായി സൂഫിയെക്കുറിച്ച് കൂടുതലായി പഠിച്ചിരുന്നു. തുടര്‍ന്നാണ് ആ കഥാപാത്രം എനിക്ക് ചെയ്യാനായത്.

സിനിമ തുടങ്ങുന്നതിന് മുന്‍പ് ചിത്രത്തിലെ വാങ്ക് ഒരു ക്യാരക്ടറാണെന്ന് ഷാനവാസ് ഇക്ക പറഞ്ഞിരുന്നു. അല്ലാതെ അത് ഒരു ബാങ്ക് പാട്ട് പോലെയല്ല, അത് സിനിമയിലെ ഒരു ക്യാരക്ടറാണ്. കൃത്യമായി സിനിമയില്‍ അതിന് സ്വാധീനമുണ്ട്. പിന്നെ സൂഫിയുടെ ആ കറക്കവും. ആ പുളളി പത്തിരുപത്ത് കൊല്ലമായി പ്രാക്ടീസ് ചെയ്യുന്ന ഒരു കാര്യമാണത്. അപ്പോ അത് എളുപ്പത്തില്‍ ചെയ്യുകയും അതിന്റെ ഒരു ഫ്‌ളോയും ക്യാരക്ടറിനുണ്ടാവണം.

അപ്പോ അതെല്ലാം സൂഫിയുടെ ശരീര ഭാഷയിലുണ്ടാവണം. അത് നമുക്ക് വേറെ ആളെ വെച്ചൊന്നും ചെയ്യാന്‍ കഴിയില്ല. അത് ഞാന്‍ തന്നെ പഠിക്കണം. എനിക്ക് ഇക്ക അതേക്കുറിച്ചുളള വീഡിയോസ് ഒക്കെ അയച്ചുതന്നിരുന്നു. ഞാന്‍ അതെല്ലാം നോക്കി പ്രാക്ടീസ് ചെയ്തു. പക്ഷേ തുടക്കത്തില്‍ വളരെ ബുദ്ധിമുട്ടായിരുന്നു ചെയ്യാന്‍. ഡാന്‍സ് ഒന്നും അത്ര വശമില്ലാത്ത ആളാണ് ഞാന്‍.

10 സെക്കന്‍ഡ് ചെയ്യുമ്പോഴേക്കും തലചുറ്റലും, ഛര്‍ദ്ദിക്കാന്‍ വരുക, വേദന എടുക്കുക അങ്ങനെ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി ഏകദേശം ഏട്ടൊന്‍പത് മാസത്തോളം എടുത്താണ് അത് ചെയ്തത്. ശരിക്കും സംവിധായകന്റെ പിന്തുണ ഉളളത് കൊണ്ടാണ് അങ്ങനെ ചെയ്യാന്‍ പറ്റിയത്. സിനിമാ പാരമ്പര്യമൊന്നുമില്ലാത്ത ആളാണ് താനെന്നും ദേവ് മോഹന്‍ പറയുന്നു. വീട്ടില് എല്ലാവരും സിനിമകളെല്ലാം കാണാറുണ്ട്. 2018ന്റെ തുടക്കത്തിലായിരുന്നു ഓഡീഷന്‍.

ഞാനൊരു ബയോഡാറ്റ തയ്യാറാക്കി ഫ്രൈഡേ ഫിലിം ഹൗസിലേക്ക് അയച്ചു. തുടര്‍ന്ന് കൊച്ചിയില്‍ ഒഡീഷനായി എത്തി. അന്ന് വിജയ് ബാബു സാറിനെയും ഷാനവാസ് ഇക്കയെയുമാക്കെ പരിചയപ്പെട്ടു. അവര്‍ സീനുകള്‍ ചെയ്ത് കാണിക്കാന്‍ പറഞ്ഞു. ഞാന്‍ അത് ചെയ്തു. പിന്നെയാണ് സിനിമയുടെ കഥ പറയുന്നതും സൂഫിയുടെ ക്യാരക്ടറാണുളളതെന്നും പറയുന്നത്. അഭിമുഖത്തില്‍ ദേവ് മോഹന്‍ പറഞ്ഞു.


Click it and Unblock the Notifications