»   » മോഹന്‍ലാല്‍ തോളില്‍ കൈ വച്ച് സ്‌നേഹത്തോടെ പറഞ്ഞു, കേരളം നിന്നെ ഒരു സൂപ്പര്‍ സ്റ്റാര്‍ ആക്കട്ടെ

മോഹന്‍ലാല്‍ തോളില്‍ കൈ വച്ച് സ്‌നേഹത്തോടെ പറഞ്ഞു, കേരളം നിന്നെ ഒരു സൂപ്പര്‍ സ്റ്റാര്‍ ആക്കട്ടെ

Posted By: ശ്രീകാന്ത് കൊല്ലം
Subscribe to Filmibeat Malayalam

അന്യ സംസ്ഥാന തൊഴിലാളികള്‍, ബംഗാളികള്‍, ആസ്സാമികള്‍.... ഇങ്ങനെ കുറെ വാക്കുകള്‍ കുറച്ച് വര്‍ഷങ്ങളായി കേരളത്തില്‍ സര്‍വ്വ സാധാരണമായി കേള്‍ക്കുന്നു. ഏതാനും വര്‍ഷങ്ങളായി കേരളത്തിലെ ഇത്തരക്കാരുടെ വരവ് വളരെ അധികം കൂടുതലാണ്. അവരുടെ ഗള്‍ഫ് എന്നാണ് നമ്മുടെ കൊച്ച് കേരളത്തെ നാം തന്നെ വിശേഷിപ്പിക്കുന്നത്. അത്തരത്തില്‍ ജോലി തേടി മൂന്നര വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍ എത്തിയതാണ് 'സുമംഗല്‍ സിന്‍ഹ' എന്ന ആസ്സം സ്വദേശിയായ ഇരുപത്തിമൂന്നുകാരന്‍.

ആസ്സാമിലെ ഉദല്‍ഗുഡി ജില്ലയില്‍ നമ്പര്‍ 2 ജംഗ്ലിള്‍ ബ്ലോക്കാണ് ജന്മദേശം. പരേതനായ സഹദേവ് സിന്‍ഹയുടെയും പ്രമീള സിന്‍ഹയുടെയും മകനാണ് സുമംഗല്‍. സുമംഗല്‍ ഉള്‍പ്പടെ ആറ് സഹോദരന്മാര്‍ അടങ്ങുന്നതാണ് കുടുംബം.

ഏതാണ്ട് മൂന്നര കൊല്ലം മുന്‍പ് ഒരു സുഹൃത്തിന്റെ സഹായത്തോടെ ജോലി അന്വേഷിച്ച് കേരളത്തില്‍ എത്തിയതാണ് സുമംഗല്‍. എറണാകുളം കാക്കനാട് ഇന്‍ഫോ പാര്‍ക്കില്‍ വിപ്രോ കമ്പനിയുടെ കാന്റീന്‍ ജീവനക്കാരനായി ആയിരുന്നു തുടക്കം. ഏതാണ്ട് രണ്ട് രണ്ടര വര്‍ഷത്തോളം അവിടുത്തെ കാന്റീന്‍ ജോലിയില്‍ തുടര്‍ന്നു. അവിടെ നിന്ന് പ്രമോഷന്‍ പോലെ അല്പം കൂടി നല്ല ഒരു ജോലിയിലേക്ക്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്റെ അടുത്തുള്ള സ്ഥലമായ പള്ളിമുക്കില്‍ സൂപ്പര്‍ ബേക്കറി എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. ഇപ്പോള്‍ ഏഴെട്ട് മാസമായി ഇവിടെയാണ് ജോലി.

കാക്കനാട് കാന്റീന്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്നപ്പോള്‍ ആയിരുന്നു സുമംഗല്‍ സഹസംവിധായകന്‍ ആയ രാഹുല്‍ രാമകൃഷണന്റെ ശ്രദ്ധയില്‍പെട്ടത്. സിനിമയില്‍ അഭിനയിക്കാന്‍ മോഹമുണ്ടോ എന്നായി ചോദ്യം. കേട്ടപാടെ തന്നെ കളിയാക്കിയതാണോ എന്ന ഞെട്ടലോടെ സുമംഗല്‍ അല്‍പനേരം നിന്നുപോയി. തുടര്‍ സംഭാഷണത്തില്‍ ഇന്ന സ്ഥലത്തേക്ക് ഇന്ന തീയതിയില്‍ നേരില്‍ വരാന്‍ പറഞ്ഞു. ക്ഷണപ്രകാരം തന്റെ ആദ്യ ചിത്രത്തിന്റെ സംവിധായകനായ വിശാഖ് GS ന്റെ അടുത്ത് ചെന്നു. മസാല റിപ്പബ്ലിക് എന്ന ഒരു ചിത്രം അണിയറയില്‍ ഒരുങ്ങുന്നു എന്നും അതില്‍ സുമംഗലിന് ഒരു ചെറിയ വേഷം ഉണ്ടെന്നുമാണ് വിശാഖ് പറഞ്ഞത്. അങ്ങനെ ആദ്യ ചിത്രം 2014 ല്‍ മസാല റിപ്പബ്ലിക്കില്‍ ഒരു പാന്‍ പരാഗ് കച്ചവടക്കാരന്റെ വേഷത്തില്‍ എത്തി.

മമ്മൂക്കയ്ക്ക് ഒപ്പമായിരുന്നു അടുത്ത വേഷം. സലാം ബാപ്പു സംവിധാനം ചെയ്ത 'മംഗ്ലീഷ്' എന്ന ചിത്രത്തില്‍ മമ്മൂട്ടിയും വിനയ് ഫോര്‍ട്ടും ഉള്ള കോമ്പോ സീനില്‍ ഒരു മിനിറ്റ് വേഷം സുമംഗലും ചെയ്തു. കേട്ട് കേള്‍വിയിലും സിനിമകളിലും പോസ്റ്ററുകളിലും മാത്രം കണ്ടിരുന്ന മമ്മൂക്കയെ നേരില്‍ കണ്ടതും സംസാരിച്ചതും ഒക്കെ ഒരു സ്വപ്നം പോലെ ആയിരുന്നു എന്നും പറഞ്ഞു.

2015ല്‍ പുറത്തിറങ്ങിയ ശ്രീ വരുണ്‍ സംവിധാനം ചെയ്ത ഒന്നാം ലോക മഹായുദ്ധത്തില്‍ ആയിരുന്നു അടുത്ത വേഷം. ചിത്രത്തില്‍ ചെമ്പന്‍ വിനോദ് ജോസിന്റെ ഗുണ്ടാ സംഘത്തിലെ ഒരാളായി എത്തി. ഇതില്‍ ടോവിനോ തോമസ് ആയിരുന്നു മുഖ്യ വേഷത്തില്‍.

കുടുംബ പ്രേക്ഷകര്‍ ഏറെ സ്വീകരിച്ച ചന്ദ്രേട്ടന്‍ എവിടെയാ എന്ന ദിലീപ് ചിത്രം ആയിരുന്നു അടുത്തതായി സുമംഗലിനെ തേടിയെത്തിയത്. അതിലും ചെമ്പന്‍ വിനോദ് ജോസുമായി ഒരു മിനിറ്റ് ദൈര്‍ഘ്യം ഉള്ള സീനില്‍ എത്തുന്നുണ്ട്. അങ്ങനെ ജനപ്രിയനായകന്റെ ഒരു സിനിമയിലും മുഖം കാണിച്ചു.

അടുത്ത ചിത്രം M പദ്മകുമാര്‍ ഒരുക്കിയ കനല്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലായിരുന്നു. ഇതില്‍ ലാലേട്ടനും അനൂപ് മേനോനും ഒപ്പം ട്രെയിനില്‍ വച്ചുള്ള സീനില്‍ വരുന്നുണ്ട്. ലാലേട്ടന്‍ തന്നെയാണ് ചിത്രത്തില്‍ ഒരു സംഭാഷണത്തില്‍ കൂടി സുമംഗലിനെ ഇന്‍ട്രൊഡ്യൂസ് ചെയ്യുന്നത്. 'ഇതാണ് ആസ്സാമില്‍ നിന്ന് ജോലി തേടി കേരളത്തില്‍ എത്തി ഇവിടുത്തെ മലയാള സിനിമയില്‍ അഭിനയിച്ച പയ്യന്‍, കേരളം നിന്നെ ഒരു സൂപ്പര്‍ സ്റ്റാര്‍ ആക്കട്ടെ' ഇങ്ങനെ ലാലേട്ടന്‍ സുമംഗലിന്റെ തോളില്‍ കൈയിട്ട് സ്‌നേഹത്തോടെ പറയുന്നുണ്ട്. മസാല റിപ്പബ്ലിക്ക് എന്ന കന്നി ചിത്രത്തിന്റെ പേരും ലാലേട്ടന്‍ കൂട്ടത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

2015 വര്‍ഷാന്ത്യത്തില്‍ റിലീസ് ചെയ്ത സ്‌റ്റൈല്‍ എന്ന ആക്ഷന്‍ ഫിലിം ആയിരുന്നു അടുത്തത്. ഡോ: റോണി ഡേവിഡ് നടത്തുന്ന ഒരു വര്‍ക്ക്‌ഷോപ്പിലെ ജീവനക്കാരനായ ബംഗാളി ആയി എത്തുന്നു. ഉണ്ണി മുകുന്ദന്‍ കൂടി ഉള്ള ആ സീനില്‍ ഒരു ഹിന്ദി ഡയലോഗും വച്ച് കാച്ചുന്നുണ്ട്.

പൊന്നാനിയില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി ഷാനവാസ് സ ബാവക്കുട്ടി ഒരുക്കിയ കിസ്മത്ത് ആയിരുന്നു അടുത്ത ചിത്രം. 2016-ല്‍ പുറത്തിറങ്ങിയ ഈ ചിത്രം കണ്ട ആരും സുമംഗലിന്റെ അതിലെ വേഷവും പ്രകടനവും മറക്കില്ല. സുമംഗല്‍ എന്ന പേരില്‍ തന്നെയാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മുതലാളിയുടെ ബൈക്ക് ഓടിച്ച് കൊണ്ട് പോയതും തുടര്‍ന്ന് പോലീസ് പിടിച്ച് സ്റ്റേഷനില്‍ കൊണ്ട് വരുന്നതും മറ്റും ആണ് വേഷം. പോലീസുമായുള്ള സംഭാഷണങ്ങളും മറ്റും ചിരി ഉണര്‍ത്തുന്നതായിരുന്നു.

''മേം കുന്ദ മാര നഹി ഹേ''

താന്‍ ഇതുവരെ ചെയ്തതില്‍ വച്ച് അല്പം വലിയ വേഷം ആയിരുന്നു എന്ന് സുമംഗല്‍ സന്തോഷത്തോടെ പറയുന്നു.

ഇപ്പോള്‍ ഒന്ന് രണ്ട് സിനിമകളിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ചിത്രത്തിന്റെ പേരോ ആരുടെ ചിത്രം എന്നോ സുമംഗലിന് അറിയില്ല. മലയാള സിനിമാപേരുകളും മറ്റും പരിചിതമായി വരുന്നതേ ഉള്ളു കക്ഷിക്ക്. എങ്കിലും മമ്മൂക്ക- ലാലേട്ടന്‍ ഈ പേരുകള്‍ ഏതൊരു മലയാളിയെയും പോലെ ഇതിനോടകം സുമംഗലും നെഞ്ചിലേറ്റി.

ഇപ്പോള്‍ പ്രതിദിനം 580 രൂപ ദിവസക്കൂലിയിലാണ് ജോലി ചെയ്യുന്നത്. വര്‍ഷത്തില്‍ രണ്ട് തവണ നാട്ടില്‍ പോകാറുണ്ട്. താമസം ബേക്കറി ഉടമ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഒരു നേരത്തെ വിശപ്പടക്കാന്‍ അല്ലെങ്കില്‍ കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന നിരവധി പേരില്‍ ഒരാളായ സുമംഗല്‍ ഈ നിലയില്‍ എത്തിയതില്‍ നമ്മുക്കും അഭിമാനിക്കാം. മലയാള സിനിമയേയും മലയാളികളേയും സ്‌നേഹിക്കുന്ന സുമംഗലിന് ഇനിയും നല്ല നല്ല സിനിമകള്‍ തേടിയെത്തട്ടെ, ഉന്നതങ്ങളില്‍ എത്തിച്ചേരട്ടെ എന്ന പ്രാര്‍ത്ഥനയോടെ ...........

English summary
Sumangal Sinha in Masala Republic malayalam movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam