വിയർക്കുമ്പോൾ ടൊവിനോയുടെ നിറം മാറും, കറുപ്പ് കിട്ടാനില്ല, കൊത്തയ്ക്ക് വേണ്ടി ദുൽഖറും കറുപ്പിക്കുന്നു; സുരഭി
പ്രേക്ഷകർ ഓണം റിലീസിന് കാത്തിരിക്കുന്ന സിനിമയാണ് അജയന്റെ രണ്ടാം മോഷണം. ടൊവിനോ തോമസ് നായകനാകുന്ന സിനിമ സംവിധാനം ചെയ്യുന്നത് മിന്നൽ മുരളി ഉൾപ്പെടെയുള്ള സിനിമകളുടെ അസോസിയേറ്റായി പ്രവർത്തിച്ച ജിതിൻ ലാലാണ്. ജഗദീഷ്, സുരഭി ലക്ഷ്മി, ഐശ്വര്യ രാജേഷ്, കൃതി ഷെട്ടി, ബോസിൽ ജോസഫ് എന്നിവരും സിനിമയിൽ അണിനിരക്കുന്നു. ഫിൽമിബീറ്റ് മലയാളവുമായുള്ള അഭിമുഖത്തിൽ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ടൊവിനോ തോമസും സുരഭി ലക്ഷ്മിയും. തന്റെ കരിയർ ഗ്രാഫിനെക്കുറിച്ചും സുരഭി പരാമർശിച്ചു.
സുരഭിയെ പോലൊരു പെർഫോമറെയാണ് വേണ്ടതെന്ന് സംവിധായകർ പറയാറുണ്ട്. പക്ഷെ പ്രൊഡ്യൂസേർസ് പലപ്പോഴും അവരെ മാറ്റാനാണ് പറയാറ്. മാർക്കറ്റ് വലിയൊരു ഫാക്ടറാണ്. പദ്മ എന്ന സിനിമയിൽ പ്രൊഡ്യൂസർ മാറി. സുരഭിക്ക് ചെയ്യാൻ പറ്റുമെന്ന് പറഞ്ഞാണ് അന്ന് അനൂപേട്ടൻ വിളിച്ചതെന്നും സുരഭി വ്യക്തമാക്കി. അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിൽ പ്രാധാന്യമുള്ള കഥാപാത്രമാണ് തനിക്ക് ലഭിച്ചതെന്നും സുരഭി പറയുന്നു.

ടൊവിനോ കഥാപാത്രത്തിന് ഫിസിക്കലും മെന്റലിയും നന്നായി ട്രെയ്ൻ ചെയ്തിട്ടുണ്ട്. ഒരു തിയറ്റർ പേഴ്സണെ വെച്ച് പരിശീലനം നേടിയാണ് വന്നത്. അതുകാെണ്ട് തന്നെ ഒരു താരമെന്നതിനപ്പുറം നല്ലൊരു ആക്ടറുടെ എനർജിയാണ് ടൊവിനോയിൽ നിന്നും തനിക്ക് കിട്ടിയതെന്നും സുരഭി പറഞ്ഞു. എനിക്ക് ടെൻഷനുണ്ടായിരുന്നു. ടൊവിനോയ്ക്കൊപ്പം അഭിനയിക്കാൻ ഇഷ്ടം പോലെ സുന്ദരികളായ നടിമാരെ ലഭിക്കില്ലേ എന്ന് സംവിധായകനോട് ചോദിച്ചു.
സുന്ദരികളായ നടിമാരെ വേറെ നടിമാരെ വെച്ചിട്ടുണ്ടെന്ന് അദ്ദേഹം മറുപടി നൽകിയെന്നും സുരഭി ചിരിയോടെ ഓർത്തു. ടൊവിനോ നല്ല നിറമുള്ള ആളാണല്ലോ. കഥാപാത്രത്തിനായി നന്നായി കറുപ്പിച്ചു. കൈയിലും കാലിലുമെല്ലാം ടാറ്റൂ ചെയ്തിട്ടാണ് സെറ്റിൽ വരിക. പോത്തൻകോട്ട് ഒരു മരവുമില്ലാത്ത സ്ഥലത്ത് രാത്രി നടന്ന് വരുന്ന സമയത്ത് മണിയൻ വരുന്നു എന്നാണ് നമുക്കെല്ലാം തോന്നിയത്. സീനുകളെടുക്കുമ്പോൾ തൊടുമ്പോൾ മേക്കപ്പ് ഇളകുന്നത് കാരണം ടൊവിനോയുടെ തനി നിറം പുറത്ത് വരും.

അന്നാണെങ്കിൽ കറുപ്പ് കിട്ടാനില്ല. അതേസമയം കിംഗ് ഓഫ് കൊത്തയ്ക്ക് വേണ്ടി ദുൽഖർ കറുപ്പിക്കുന്നു. മറ്റൊരു നായകനും. കറുപ്പ് കിട്ടാനില്ലെന്ന് മേക്കപ്പ് മാൻ പറയും. ദിവസവും കുറെ കറുപ്പ് വേണം. വിയർക്കുമ്പോൾ പോകുമെന്നും സുരഭി ചൂണ്ടിക്കാട്ടി. സംവിധായകൻ ജിതിൻ ലാലിനാെപ്പമുള്ള അനുഭവങ്ങൾ ടൊവിനോയും അഭിമുഖത്തിൽ പങ്കുവെച്ചു.
കൂതറ എന്ന സിനിമ ചെയ്യുന്ന സമയത്താണ് ജിതിനെ ആദ്യമായി കാണുന്നത്. പിന്നെ എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയിലേക്ക് വന്നപ്പോൾ എനിക്ക് ആകെ പരിചയമുണ്ടായിരുന്നത് ജിതിനെയാണ്. അവിടെ നിന്ന് ഞങ്ങൾ തമ്മിൽ നല്ല സൗഹൃദമുണ്ടായി. കൽക്കി ചെയ്യുമ്പോഴും അവൻ അസോസിയേറ്റ് ആയിരുന്നു. 2017 ലാണ് അജയന്റെ രണ്ടാം മോഷണത്തിന് കമ്മിറ്റ് ചെയ്തത്. എന്റെ ഡേറ്റ് ക്ലാഷ് മാത്രമായിരുന്നില്ല വിഷയം. ഈ സിനിമ ചെയ്യാൻ ഞാൻ പാകപ്പെട്ടിരുന്നില്ല. അന്ന് ചെയ്തിരുന്നെങ്കിൽ ഇതിന്റെ നാലിലൊന്ന് ബഡ്ജറ്റിൽ ചെയ്യേണ്ടി വരുമായിരുന്നു.
2020 ൽ അനൗൺസ് ചെയ്യുന്നതിന് മുമ്പേ നിനക്ക് വേറൊരു സിനിമ ചെയ്തൂടെ എന്ന് ജിതിനോട് ചോദിച്ചിരുന്നു. കുഴപ്പമില്ല, ഇതാണ് എന്റെ ആദ്യത്തെ പടമെന്ന് ജിതിൻ പറഞ്ഞു. സിനിമയുടെ തയ്യാറെടുപ്പിന് സമയം മാറ്റി വെക്കാനില്ലാത്ത സാഹചര്യവും ഉണ്ടായിരുന്നു. ഒടുവിൽ സിനിമ ചെയ്യാറായപ്പോഴേക്കും നമ്മളും സ്ക്രിപ്റ്റും പാകപ്പെട്ടെന്നും ടെവിനോ തോമസ് വ്യക്തമാക്കി.


Click it and Unblock the Notifications