ഉമാശങ്കരി തിരിച്ചുവരുന്നു! രണ്ടാംവട്ടമാണ് ഭാഗ്യലക്ഷ്മിയില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചതെന്ന് സ്വരൂപ്
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് സുപരിചിതനായ താരങ്ങളിലൊരാളായ സ്വരൂപ് സംവിധാനത്തില്‍ തുടക്കം കുറിക്കുകയാണ്. ഭാഗ്യലക്ഷ്മി എന്ന ഷോര്‍ട്ട് ഫിലിമിന്‍റെ തിരക്കുകളിലാണ് അദ്ദേഹം. ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന നായികമാരിലൊരാളായ ഉമാശങ്കരിയെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുകയെന്ന ദൗത്യവും ഏറ്റെടുത്തിരിക്കുകയാണ് സ്വരൂപ്. ഷോര്‍ട്ട് ഫിലം ചിത്രീകരണത്തിനിടയില്‍ ഇരുവരും ഒരുമിച്ചുള്ള വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.
ഉമാശങ്കരിയെ എടുത്തുയര്‍ത്തി വട്ടം ചുറ്റുന്ന സ്വരൂപിനെയായിരുന്നു വീഡിയോയില്‍ കണ്ടത്. ഭാഗ്യലക്ഷ്മിയുടെ വിശേഷങ്ങളെക്കുറിച്ച് സ്വരൂപ് ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. തെന്നിന്ത്യന്‍ സിനിമകളിലെല്ലാം ഒരുപോലെ തിളങ്ങിയ നായികയാണ് ഉമാശങ്കരി. വിവാഹത്തോടെയായിരുന്നു താരം അഭിനയത്തില്‍ നിന്നും മാറിനിന്നത്. ഭാഗ്യലക്ഷ്മിയെക്കുറിച്ച് പറഞ്ഞപ്പോള്‍ തുടക്കത്തില്‍ അവര്‍ സമ്മതിച്ചിരുന്നില്ലെന്നും വീണ്ടും സമീപിച്ചപ്പോഴാണ് അഭിനയിക്കാന്‍ തയ്യാറായതെന്നും അദ്ദേഹം പറയുന്നു. ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ചതിന് ശേഷം യൂട്യൂബിലൂടെ ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്യാനുള്ള തീരുമാനത്തിലാണ് താനെന്നും അദ്ദേഹം പറയുന്നു.

ഉമാശങ്കരി പറഞ്ഞത്
സംഗീതപ്രാധാന്യമുള്ള ഷോര്‍ട്ട് ഫിലിമാണ് ഭാഗ്യലക്ഷ്മിയെന്നും ഇതില്‍ ഉമ ശങ്കരി അഭിനയിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സ്വരൂപ് താരത്തെ സമീപിച്ചത്. വിവാഹശേഷം നിരവധി അവസരങ്ങള്‍ തേടിയെത്തിയിരുന്നുവെങ്കിലും അതൊന്നും താരം സ്വീകരിച്ചിരുന്നില്ല. സ്വരൂപിന്‍റെ ഈ ആവശ്യവും ഉമാ ശങ്കരി സമ്മതിച്ചിരുന്നില്ല. പ്രസവശേഷം ശരീരഭാരം കൂടിയെന്നും പഴയ രൂപത്തിലേക്ക് പെട്ടെന്ന് തിരിച്ചുവരാനാവില്ലെന്നുമായിരുന്നു താരം പറഞ്ഞത്.

മധുവിന്‍റെ വരവ്
മലയാള സിനിമയുടെ കാരണവരായ മധുവും ഈ ഹ്രസ്വചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മലയാളത്തില്‍ അത്ര സജീവമായിരുന്നില്ലെങ്കിലും താരങ്ങളെല്ലാമായി സ്വരൂപിന് നല്ല സൗഹൃദമുണ്ടായിരുന്നു. ഒരുകാലത്ത് മലയാള സിനിമയില്‍ സജീവമായിരുന്ന സംവിധായകനായ ലിസബേബിയുടെ സ്വന്തക്കാരനോട് താരങ്ങള്‍ക്കെല്ലാം പ്രത്യേക താല്‍പര്യമാണ്. സ്വരൂപിന്‍റെ ക്ഷണം സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു മധു.

വീണ്ടും വിളിച്ചു
മധുവിന്‍റെ ഡേറ്റ് ലഭിച്ചതിന് പിന്നാലെയായി സ്വരൂപ് വീണ്ടും ഉമാശങ്കരിയെ വിളിക്കുകയായിരുന്നു. ആരൊക്കെയാണ് അഭിനയിക്കുന്നതെന്നായിരുന്നു ഇത്തവണ ഉമാശങ്കരി ചോദിച്ചത്. മുത്തച്ഛന്‍റെ വേഷത്തിലെത്തുന്നത് മധുവാണെന്നറിഞ്ഞതോടെ താരത്തിന്‍റെ തീരുമാനവും മാറുകയായിരുന്നു. ഇതിനിടയില്‍ ഉമയുടെ ഫോട്ടോ കണ്ട സ്വരൂപ് പറയുന്നത്ര വണ്ണമൊന്നും തോന്നുന്നില്ലെന്നും സാരിയില്‍ സുന്ദരിയായി അഭിനയിക്കാന്‍ ഇപ്പോഴും കഴിയുമെന്നും ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. ആ പിന്തുണയോടെയാണ് താരം ചെന്നൈയിലേക്ക് എത്തിയത്.

അഭിനയവും സംവിധാനവും
അഭിനയത്തില്‍ സജീവമായിരുന്നുവെങ്കിലും സംവിധാനം ചെയ്യണോയെന്ന ആശയക്കുഴപ്പമുണ്ടായിരുന്നു സ്വരൂപിന്. അയര്‍ലണ്ട് ജീവിതത്തില്‍ ലഭിച്ച ഗുരുതുല്യനായ ഫിലിംമേക്കർ പോൾ കെല്ലി, അഭിഭാഷക സുഹൃത് മിഷേൽ ക്രോണിൻ, അഭിനേത്രിയായ ജെന്നി ഡിക്സൺ ഇവരുടെ പിന്തുണ ലഭിച്ചതോടെയാണ് അദ്ദേഹം സംവിധാനവുമായി മുന്നേറാന്‍ തീരുമാനിച്ചത്.

പിന്നണിയിലും മുന്നണിയിലും
പഴയകാല അഭിനേത്രി അനുരാധയുടെ മകളും ഭോജ്പൂരി അടക്കമുള്ള ഭാഷകളിൽ സുപ്രസിദ്ധയായ നർത്തകി അഭിനയശ്രീ ആയിരുന്നു കൊറിയോഗ്രാഫി നിർവഹിച്ചത്. കമൽഹാസന്റെ ദശാവതാരത്തിൽ മേക്കപ്മാനായിരുന്ന കോതണ്ഡപാണി ചമയവും പ്രിയദർശൻ സിനിമകളിൽ സ്ഥിരമായി സ്റ്റിൽ ഫോട്ടോഗ്രാഫി ചെയ്യുന്ന ലക്ഷ്മികാന്തൻ സ്റ്റീൽസ് കൈകാര്യം ചെയ്തു. കെ രാജഗോപാലായിരുന്നു എഡിറ്റിംഗ്. അടുത്തിടെ അന്തരിച്ച നടനായ സത്താര്‍, സബിത ആനന്ദ്, ശാരി , അനുരാധ, ദീപ, ഉണ്ണിമേരിയുടെ മകൻ നിർമൽ, സുമിത്ര തുടങ്ങിയവരെ അണിനിരത്തിയാണ് സ്വരൂപ് ഈ കൊച്ചുസിനിമ ഒരുക്കിയത്.

ഉമാശങ്കരിയെ എടുത്തുയര്‍ത്തിയ രംഗം
ചെന്നൈയിലെ സ്റ്റുഡിയോയിൽ കൊറിയോഗ്രാഫി ചെയ്യുന്നതിനിടയിലാണ് അഭിനയശ്രീ ഉമയെ എടുത്തു വട്ടം ചുറ്റാൻ കഴിയുമോയെന്ന് സ്വരൂപിനോട് ചോദിച്ചത്. നിഷ്പ്രയാസമായി അദ്ദേഹം അത് ചെയ്യുകയായിരുന്നു. യൂണിറ്റ് ഒന്നടങ്കം കൈയ്യടിച്ചിരുന്നുവെങ്കിലും സ്വരൂപ് അത് വലിയ കാര്യമായെടുത്തില്ല. യൂറോപ്പിലുള്ള തന്‍റെ സുഹൃത്തുക്കൾക്ക് വീഡിയോ അയച്ചുകൊടുത്തപ്പോഴാണ് അദ്ദേഹം ശരിക്കും ഞെട്ടിയത്. ഇത്രയും ഭാരമുള്ള യുവതിയെ പൊക്കിയെടുത്തു വട്ടം ചുറ്റുകയെന്നത് ചില്ലറ കാര്യമല്ലെന്നായിരുന്നു അവര്‍ പറഞ്ഞത്.


Click it and Unblock the Notifications











