കേരളത്തിലെ തിയേറ്ററുടമകള്‍ സൂപ്പര്‍സ്റ്റാറുകളുടെ സിനിമകള്‍ മാത്രമേ സ്വീകരിക്കൂ: റഹ്മാന്‍
കേരളത്തിലെ തിയേറ്ററുകളുടമകള്‍ സൂപ്പര്‍സ്റ്റാറുകളുടെ സിനിമകള്‍ മാത്രമേ പ്രദര്‍ശിപ്പിയ്ക്കുകയുള്ളൂ എന്ന് റഹ്മാന്‍. കലാമൂല്യമല്ല, താരസമ്പന്നതയാണ് കേരളത്തിലെ തിയേറ്ററുടമകള്‍ നോക്കുന്നത്. എത്ര ചെറിയ ബഡ്ജറ്റ് ചിത്രമായാലും, മോശമായ പടമാണെങ്കിലും തിയേറ്ററുടമകള്‍ താരനിര നോക്കിയാണ് സിനിമകള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിയ്ക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ റഹ്മാന്‍ പറഞ്ഞു.
തന്റെ ഒടുവിലത്തെ റിലീസായ 36 വയതനിലെ എന്ന ചിത്രത്തിനും കേരളത്തിലെ തിയേറ്ററില്‍ ഈപ്രശ്‌നം നേരിടേണ്ടതായി വന്നു എന്നും റഹ്മാന്‍ പറയുന്നു. 36 വയതിനില്‍ എന്ന ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിയ്ക്കുന്നത്. ആ സന്തോഷത്തിലാണ് ഇപ്പോള്‍ താരം. ട്രാഫിക് എന്ന ചിത്രത്തിന് ശേഷം റഹ്മാന് ലഭിയ്ക്കുന്ന മികച്ച വേഷമാണ് 36 വയതിനിലെ എന്ന തമിഴ് ചിത്രത്തിലേത്.

ജ്യോതികയുടെ അഭിനയത്തെ കുറിച്ചും റഹ്മാന്‍ വാചാലനായി. ജ്യോതികയുടെ അധികം സിനിമകളൊന്നും ഞാന്‍ കണ്ടിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അവരുടെ അഭിനയത്തെ കുറിച്ച് എനിക്ക് വലിയ ധാരണകളുമുണ്ടായിരുന്നില്ല. മഞ്ജു അവതരിപ്പിച്ച വേഷം ജ്യോതികയ്ക്ക് കഴിയുമോ എന്ന് ആദ്യം എനിക്ക് സംശയമുണ്ടായിരുന്നു. എന്നാല്‍ തന്നെ നടി ശരിയ്ക്കും ഞെട്ടിച്ചു എന്നാണ് റഹ്മാന്‍ പറയുന്നത്.
പ്രസിഡന്റിനെ കാണാന്‍ പോകുന്ന ക്ലൈമാക്‌സ് രംഗമാണ് ആദ്യം ഷൂട്ട് ചെയ്തത്. അപ്പോള്‍ തന്നെ ജ്യോതികയിലെ അഭിനയ മികവിനെ കുറിച്ച് ബോധ്യമായി. അഭിനേത്രി എന്നതിനപ്പുറം നല്ലൊരു വ്യക്തി കൂടെയാണ് ജ്യോതിക. താനൊരു സൂപ്പര്‍സ്റ്റാറിന്റെ ഭാര്യയാണെന്നോ, അഭിനയിക്കുന്ന ചിത്രത്തിന്റെ നിര്‍മാതാവിന്റെ ഭാര്യയാണെന്നോ ഉള്ള ഗമയൊന്നും ജ്യോതികയ്ക്കുണ്ടായിരുന്നില്ല. എല്ലാവരോടും നല്ലരീതിയിലാണ് പെരുമാറുന്നത്- റഹ്മാന്‍ പറഞ്ഞു.


Click it and Unblock the Notifications











