ഷോട്ട് ശരിയായില്ലെന്ന് പറഞ്ഞ് സത്യേട്ടനെ വിളിച്ചാലുള്ള മറുപടി, കൽപ്പന ഇന്ന് ജീവിച്ചിരുന്നെങ്കിൽ...; ഉർവശി
തെന്നിന്ത്യൻ സിനിമാ ലോക കണ്ട ഏറ്റവും വലിയ പ്രതിഭകളിലാെരാളാണ് നടി ഉർവശി. ജനപ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ നേടിയ ഉർവശിക്ക് ഒട്ടനവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഉർവശിക്ക് പകരം ഉർവശി മാത്രം എന്നാണ് പ്രേക്ഷകർ പറയാറുള്ളത്. എന്നാൽ അഭിനയ മികവിൽ ഉർവശിയെ പോലും പിന്നിലാക്കാൻ പറ്റുന്ന നടിയായിരുന്നു ഉർവശിയുടെ സഹോദരി അന്തരിച്ച കൽപ്പന. എന്നാൽ ഉർവശിയെ പോലെ വലിയ അവസരങ്ങൾ കൽപ്പനയ്ക്ക് ലഭിച്ചിട്ടില്ല. കോമഡി റോളുകളാണ് കൂടുതലും കൽപ്പന ചെയ്തത്. മരിക്കുന്നതിന് കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് കൽപ്പനയ്ക്ക് ശ്രദ്ധേയ റോളുകൾ ലഭിച്ചത്.
സ്പിരിറ്റ്, ചാർലി, ദ ഡോൾഫിൻസ്, ബാംഗ്ലൂർ ഡേയ്സ് തുടങ്ങിയ സിനിമകളിൽ തന്നിലെ അഭിനേത്രിയെ പുറത്തെടുക്കാൻ കൽപ്പനയ്ക്ക് സാധിച്ചു. ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ കൽപ്പനയെക്കുറിച്ച് പരാമർശിച്ചിരിക്കുകയാണ് ഉർവശി. മിനി ചേച്ചി (കൽപ്പന) ഇന്ന് ജീവിച്ചിരുന്നെങ്കിൽ ഏറ്റവും സീരിയസായ റോൾ ചെയ്തേനെ. അതിൽ ഇന്നത്തെ ഡയരക്ടേർസിനോട് എനിക്ക് അങ്ങേയറ്റം ബഹുമാനമുണ്ടെന്നും ഉർവശി പറയുന്നു. പണ്ട് കോമഡി വേഷങ്ങൾ ചെയ്തിരുന്ന ജഗദീഷിന് നായകനാകാൻ ആത്മവിശ്വാസം നൽകിയത് ഉർവശിയാണ്. ഇതേക്കുറിച്ചും നടി സംസാരിച്ചു.
ജഗദീഷേട്ടൻ അന്നേ ഗൗരവമുള്ള ആളാണ്. വ്യക്തിപരമായി അറിയുന്നതല്ലേ. ഗൗരവമുള്ള റോൾ ചെയ്യാനാകുമെന്ന് അന്ന് തോന്നി. മറിച്ച് ചിന്തിക്കേണ്ട ഒരു കാര്യവുമില്ല. നല്ല വിദ്യഭ്യാസവും വിവരവുമുള്ളയാളാണെന്നും ഉർവശി ചൂണ്ടിക്കാട്ടി. തനിക്ക് പ്രിയപ്പെട്ട സംവിധായകരിൽ ചിലരെക്കുറിച്ചും ഉർവശി സംസാരിച്ചു. കോമഡിയുടെ അളവ് അറിയുകയെന്നത് വളരെ പാടാണ്. അതിൽ അഗ്രഹഗണ്യരായ രണ്ട് സംവിധായകരെയേ കണ്ടിട്ടുള്ളൂ.

ഒന്ന് സിഗീതം ശ്രീനിവാസ റാവു സാറിനെയും സത്യേട്ടനെയും. ഹ്യൂമർ പെർഫോം ചെയ്യുന്നതിന്റെ കറക്ട് മീറ്റർ സത്യേട്ടന് അറിയാം. മറ്റ് സിനിമകളിലൊക്കെ പെട്ട് പോയി സത്യേട്ടന്റെ സിനിമകളിലേക്ക് വരുമ്പോൾ ചെറിയ ചേഞ്ച് വരും. പക്ഷെ ഫസ്റ്റ് ഷോട്ടിൽ തന്നെ സത്യേട്ടൻ അത് മാറ്റിയെടുക്കും. ആ സംഗതി വേണ്ട, കുറച്ചൂടെ കുറയ്ക്കാം എന്ന് പറയും. പല സന്ദർഭങ്ങളിലും അന്തം വിട്ട് പോയിട്ടുണ്ട്. ചില ഷോട്ട് എടുത്ത് കഴിയുമ്പോൾ എന്തോ പോലെ എനിക്ക് തോന്നും.
രാത്രി ഒമ്പതരയാകുമ്പോൾ വിളിക്കും. സത്യേട്ടാ, ആ ഷോട്ട് എടുത്ത് ശരിയായോ എന്ന് ചോദിക്കും. ശരിയായി, അത് കൊണ്ടാണ് ഓക്കെ പറഞ്ഞത്, മിണ്ടാതെ കിടന്നുറങ്ങൂ എന്ന് സത്യേട്ടൻ പറയും. അത് ശരിയായോ ഇത് ശരിയായോ എന്ന് തന്നെയാണ് ആലോചന. എന്താണ് പെർഫോം ചെയ്തെന്ന് എനിക്കറിയില്ല. മോണിറ്റർ നോക്കുകയുമില്ല. നോക്കിയാലും എനിക്കെന്നെ ജഡ‍്ജ് ചെയ്യാനറിയില്ല. അങ്ങനെ തന്നെയാണ് സിംഗീതം സാറും. അത്ര കൃത്യമായി ഹ്യൂമർ അഭിനയിക്കുമ്പോൾ ഇരുവരും വിലയിരുത്തുമെന്നും ഉർവശി പറഞ്ഞു.
എൽ ജഗദമ്മ ഏഴാം ക്ലാസ് ബിയാണ് ഉർവശിയുടെ പുതിയ സിനിമ. ഭർത്താവ് ശിവപ്രസാദാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത്. തമിഴിലും മലയാളത്തിലും സജീവമാണ് ഉർവശിയിന്ന്. ഉള്ളൊഴുക്ക് എന്ന സിനിമയിലൂടെ 2024 ലെ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ഉർവശി നേടി. പാർവതി തിരുവോത്താണ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം ചെയ്തത്. ഉർവശിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications











