For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വ്യത്യസ്തതയാണ് എന്റെ ശക്തി - വിനയന്‍

  By Super
  |

  വിനയന്‍ ഇന്ന് മലയാളത്തിലെ ഒന്നാം കിട സംവിധായകരില്‍ ഒരാളാണ്. തന്റെ പേരില്‍ മാത്രം പ്രേക്ഷകരെ തിയേറ്ററുകളില്‍ എത്തിക്കാന്‍ സാധിക്കുന്ന ചുരുക്കം സംവിധായകരില്‍ ഒരാള്‍. കെ.എസ്.ഇ.ബിയിലെ ജോലി വലിച്ചെറിഞ്ഞ് സിനിമാലോകത്തെത്തിയ വിനയന്റെ ആദ്യചിത്രങ്ങളൊന്നും തന്നെ ശ്രദ്ധിക്കപ്പെടാതെ പോയി. ആയിരം ചിറകുള്ള മോഹം, സൂപ്പര്‍ സ്റാര്‍, കന്യാകുമാരിയില്‍ ഒരു കവിത എന്നിവയായിരുന്നു ആദ്യ ചിത്രങ്ങള്‍. പിന്നീട് ഹൊററും കോമഡിയും കൂട്ടിച്ചേര്‍ത്ത് സംവിധാനം ചെയ്ത ആകാശഗംഗയിലൂടെയാണ് വിനയന്‍ ശ്രദ്ധേയനായത്. 99-ല്‍ മൂന്ന് ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത വിനയന്റെ വാസന്തിയും ലക്ഷ്മിയും ഞാനും എന്ന ചിത്രം വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. വിഷുവിന് തിയേറ്ററുകളിലെത്തിയ ദൈവത്തിന്റെ മകനും സാമാന്യം തരക്കേടില്ലാത്ത വിജയം കൊയ്തു. ഇപ്പോള്‍ വാര്‍ ആന്റ് ലൗ എന്ന ചിത്രത്തിന്റെ പണിപ്പുരയിലായ വിനയന്‍ ഇന്ത്യാഇന്‍ഫോയുമായി സംസാരിക്കുന്നു.

  വളരെ റിയലിസ്റിക്കായ വാസന്തിക്കു ശേഷം മുഴുനീള ഹാസ്യചിത്രമായ ദൈവത്തിന്റെ മകന്‍ സംവിധാനം ചെയ്യാനുള്ള കാരണം?

  വ്യത്യസ്തതയാണ് എന്റെ ശക്തി. വിനയന് റിയലിസ്റിക് ചിത്രങ്ങള്‍ മാത്രമേ ചെയ്യാന്‍ കഴിയൂ എന്ന് ആളുകളെക്കൊണ്ട് പറയിക്കാന്‍ ഞാനിഷ്ടപ്പെടുന്നില്ല. പ്രേക്ഷകര്‍ എന്റെ ചിത്രങ്ങള്‍ മുന്‍വിധിയോടുകൂടി കാണാന്‍ ഞാനിഷ്ടപ്പെടുന്നില്ല.

  അടുത്ത ചിത്രമായ വാര്‍ ആന്റ് ലൗ ഒരു യുദ്ധചിത്രമാണോ?

  ഏയ് അല്ല. ഇതൊരു ലൗസ്റോറിയാണ്. മൈന്‍ പരിശോധിക്കുന്നതില്‍ വിദഗ്ധനായ ഒരു ചെറുപ്പക്കാരന്റെ കഥയാണിത്. കാര്‍ഗില്‍ യുദ്ധ സമയത്ത് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പിടിയലകപ്പെട്ട ചെറുപ്പക്കാരന്‍ ഇന്ത്യയെ അങ്ങേയറ്റം വെറുക്കുന്ന ഒരു പാക്ക് മേജറിന്റെ കസ്റഡിയിലാണ്. പാരമ്പര്യമായി കേരളത്തിലെ ഒരു കുടുംബത്തില്‍ ജനിച്ച ഈ മേജറിന്റെ മകളുമായി ചെറുപ്പക്കാരന്‍ പ്രണയത്തിലാകുന്നു. എന്നാല്‍ മേജര്‍ നേതൃത്വം നല്‍കുന്ന തീവ്രവാദികള്‍ തന്നെ ഈ പെണ്‍കുട്ടിയെ ആക്രമിക്കുന്നു. പിന്നീട് ഇന്ത്യന്‍ സൈനികര്‍ മോചിപ്പിക്കുന്ന പെണ്‍കുട്ടി ത്രിവര്‍ണപതാകയുമായി നിയന്ത്രണരേഖ മുറിച്ചു കടക്കുകയാണ്. ദിലീപാണ് ചെറുപ്പക്കാരനെ അവതരിപ്പിക്കുന്നത്. നായിക ഒരു പുതുമുഖമായിരിക്കും. തിരക്കഥ ജെ. പള്ളാശ്ശേരിയുടേതാണ്.

  അടുത്തിടെ നടന്ന യുദ്ധത്തിന്റെ സമയത്തുണ്ടായ ദേശീയ ബോധം ചൂഷണം ചെയ്യാനാണോ താങ്കള്‍ കാര്‍ഗില്‍ പ്രമേയമായെടുത്തത്?

  അതെ. ദക്ഷിണേന്ത്യ ഇത്രയും ഭാഗഭാക്കായ ഒരു യുദ്ധം വേറെ ഉണ്ടായിട്ടില്ല. കേരളത്തിലെ നിരവധി സൈനികര്‍ യുദ്ധത്തില്‍ മരിച്ചിട്ടുണ്ട്. എല്ലാ മുസ്ലിംകളും പാക്കിസ്ഥാന്‍ അനുകൂലികളാണെന്ന തെറ്റിദ്ധാരണ മാറ്റാനും ഞാന്‍ ഈ ചിത്രത്തില്‍ ശ്രമിക്കുന്നു. കലാഭവന്‍ മണി ജീവന്‍ കൊടുക്കുന്ന കഥാപാത്രം ഞാനൊരു ഇന്ത്യന്‍ മുസ്ലിമാണെന്ന് വ്യക്തമാക്കുന്നുണ്ട്.

  താങ്കളുടെ അടുത്ത ചിത്രത്തില്‍ നായകന്‍ മമ്മൂട്ടിയാണല്ലോ. ഇനി സൂപ്പര്‍സ്റാറുകളെ വെച്ചു മാത്രമേ ചിത്രമെടുക്കൂ എന്നതിന്റെ സൂചനയാണോ ഇത്?

  മമ്മൂട്ടിക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന ഒരു കഥ ലഭിച്ചു. മമ്മൂട്ടിക്ക് വേണ്ടി ഞാന്‍ കഥ ഉണ്ടാക്കിയതല്ല. മോഹന്‍ലാലിനെ വെച്ചും ഒരു ചിത്രം എടുക്കാന്‍ ആലോചനയുണ്ട്. എന്നാല്‍ ഞാന്‍ സൂപ്പര്‍സ്റാറുകളുടെ പിന്നാലെയാണെന്ന് ഇതിനര്‍ത്ഥമില്ല. എന്റെ ചിത്രങ്ങളുടെ അടിസ്ഥാനം കഥയാണ്.

  മമ്മൂട്ടിക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന ആ കഥാപാത്രം ഏതാണ്?

  ഒമര്‍ മുക്തറിലെ ആന്റണി ക്വിന്നിന് സമാനമായ ഒരു കഥാപാത്രമാണത്. 95-കാരനായ ഒരു മുസ്ലിം സ്വാതന്ത്യ്രസമരസേനാനിയാണ് ചിത്രത്തിലെ മുഖ്യകഥാപാത്രം. ഒരു അമ്പലം ബോംബെറിഞ്ഞ് തകര്‍ത്ത് അനേകം ഹിന്ദുക്കളെ കൊന്നതിന്റെ പേരില്‍ വൃദ്ധന്റെ 45-കാരനായ മകന്‍ വധശിക്ഷ നേരിടുകയാണ്. 95-കാരനെ മമ്മൂട്ടിക്ക് മാത്രമേ അവതരിപ്പിക്കാന്‍ കഴിയൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു. നമുക്ക് കാണാം.

  വാസന്തിയുടെ തമിഴ് റീമേക്കിനെക്കുറിച്ചെന്തെങ്കിലും...?

  മലയാളചിത്രം ഷൂട്ട് ചെയ്ത അതേ ലൊക്കേഷനില്‍ വെച്ചായിരിക്കും തമിഴ് ചിത്രവും ചിത്രീകരിക്കുക. കലാഭവന്‍ മണി ചെയ്ത കഥാപാത്രം വിക്രമാണ് തമിഴില്‍ ചെയ്യുന്നത്.

  കലാഭവന്‍ മണിക്ക് സംസ്ഥാന അവാര്‍ഡ് നിരസിച്ചതും അതുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളെക്കുറിച്ചും താങ്കളുടെ അഭിപ്രായമെന്താണ്?

  സംഭവത്തില്‍ മണിയുടെ പ്രതികരണം തീര്‍ത്തും അപക്വമായിരുന്നു. വാസന്തിയുടെ സ്ക്രീനിംഗ് കഴിഞ്ഞപ്പോള്‍ ജൂറി ചെയര്‍പെഴ്സണ്‍ സായ് പരഞ്ജ്പെ അനുമോദിച്ചതാണ്. എന്നാല്‍ മണി സിനിമയിലെത്തുന്നതിന് മുമ്പ് ഒരു മിമിക്രിക്കാരനായിരുന്നുവെന്നും അദ്ദേഹം ഇത് പല സ്റേജുകളില്‍ അവതരിപ്പിച്ചതാണെന്നും ജൂറി അംഗമായ ലെനിന്‍ രാജേന്ദ്രന്‍ അവരെ അറിയിച്ചു. അവരുടെ പേരില്‍ മറ്റുള്ളവരാണ് അവാര്‍ഡുകള്‍ തീരുമാനിച്ചത്.

  Read more about: vinayan director
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X