ഹെയർ ട്രാൻസ്പ്ലാന്റേഷൻ കാരണം ഓഫീസിൽ കിട്ടിയ പണി; മുടിയില്ലാത്തവർക്കേ അതിന്റെ വിഷമം മനസ്സിലാവൂ; സാജൻ
ഗീതാ ഗോവിന്ദമാണ് സാജൻ സൂര്യയുടെ പുതിയ സീരിയൽ. ഒരിടവേളയ്ക്ക് ശേഷമാണ് നടൻ ടെലിവിഷൻ പ്രേക്ഷകർക്ക് മുന്നിലേക്ക് വരുന്നത്. ഇതിനകം സീരിയൽ ശ്രദ്ധ നേടിക്കഴിഞ്ഞു.
ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് സാജൻ സൂര്യ. വർഷങ്ങളായി ടെലിവിഷൻ രംഗത്ത് തുടരുന്ന നടൻ ഒരു സർക്കാർ ജീവനക്കാരൻ കൂടിയാണ്. ഗീതാ ഗോവിന്ദമാണ് സാജന്റെ പുതിയ സീരിയൽ. ഒരിടവേളയ്ക്ക് ശേഷമാണ് കേന്ദ്ര കഥാപാത്രമായി സാജൻ ഒരു സീരിയലിൽ എത്തുന്നത്. ഫിൽമിബീറ്റിന് നൽകിയ അഭിമുഖത്തിൽ തന്റെ കരിയറിനെക്കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് നടൻ.
'മക്കളായ മാളവികയും മീനാക്ഷിയും തമ്മിൽ എട്ട് വയസ്സിന്റെ വ്യത്യാസമുണ്ട്. വീട്ടിലവർ അടിയാണ്. പക്ഷെ ലോകത്തിൽ ഏറ്റവും ഇഷ്ടമുള്ള കാഴ്ചയെന്തെന്ന് ചോദിച്ചാൽ ഞാൻ പറയും രാവിലെയായാൽ രണ്ട് പേരും കൂടി കെട്ടിപ്പിടിച്ച് കിടക്കുന്നതാണ്. സഹോദരൻമാർ തമ്മിൽ അവസാനം വരെയും സ്നേഹമുണ്ടായിരിക്കുക എന്നതാണ് അച്ഛനമ്മമാരുടെ സന്തോഷം'
'മൂത്ത മകളോട് ചോദിച്ചു നീ സീരിയൽ കണ്ടോയെന്ന് ആദ്യ എപ്പിസോഡ് കണ്ടു പിന്നെ കണ്ടിട്ടില്ലെന്ന് പറഞ്ഞു. അവൾ എറണാകുളത്ത് ബിഎസ്സി സൈക്കോളജിക്കാണ് പഠിക്കുന്നത്. അവരുടെ ഫ്രണ്ട്സിന്റെയടുത്ത് പോയപ്പോൾ അച്ഛൻ വണ്ടിയിലിരുന്നാൽ മതി. അച്ഛൻ ആർട്ടിസ്റ്റാണെന്ന് പറയാൻ എനിക്ക് താൽപര്യമില്ലെന്ന് പറഞ്ഞു. അതെന്താണെന്ന് ചോദിച്ചപ്പോൾ സെലിബ്രിറ്റിയുടെ മകളായി അവർ കാണേണ്ടെന്ന് പറഞ്ഞു'

'രണ്ടാമത്തെ ആളോട് സീരിയൽ കാണാറുണ്ടോയെന്ന് ചോദിച്ചപ്പോൾ അവരൊക്കെ കാണാറുണ്ടാവും എനിക്കറിയില്ലെന്ന ആറ്റിറ്റ്യൂഡായിരുന്നു. അല്ലാതെ അവർക്ക് എന്റെ മക്കളാണെന്ന ഇമേജൊന്നുമില്ല. ഒന്നാമത്തെ കാര്യം എന്റെ മക്കളാണെന്ന രീതിയിൽ ജാഡ കാണിക്കാനൊന്നുമില്ല,' സാജൻ പറഞ്ഞു.
താൻ ഹെയർ ട്രാൻസ്പ്ലാന്റേഷൻ നടത്തിയത് സോഷ്യൽ മീഡിയയിൽ ചർച്ചയായതിനെക്കുറിച്ചും സാജൻ സംസാരിച്ചു. 'സാജൻ സൂര്യ എന്ന് അടിച്ചാൽ ചെയ്താൽ ആദ്യം വരുന്നത് ഹെയർ ട്രാൻസ്പ്ലാന്റേഷനാണ്. ഓഫീസിൽ ഞങ്ങളുടെഐജി തമിഴനാണ്. കുറേ വർഷമായി അദ്ദേഹം വന്നിട്ട്. ഇപ്പോഴാണ് ആരോ പറഞ്ഞ് കൊടുത്ത്ത് ഞാൻ ആക്ടറാണെന്ന്'
'നിങ്ങൾ അഭിനയിക്കുന്നുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ഞാൻ പറഞ്ഞു സീരിയൽ ചെയ്യുന്നുണ്ടെന്ന്. പേര് അടിച്ച് നോക്കിയപ്പോൾ ആദ്യം വന്നത് ഹെയർ ട്രാൻസ്പ്ലാന്റേഷൻ. ഇതല്ല സാറെന്ന് ഞാൻ പറഞ്ഞു'

'ഹെയർ ട്രാൻസ്പ്ലാന്റേഷൻ ഭയങ്കര കോൺഫിഡൻസ് തരുന്നുണ്ട്. മുമ്പ് വളരെ കോൺഷ്യസായിരുന്നു. മുടി ഇല്ലാത്ത ആൾക്കേ അതിന്റെ വിഷമം മനസ്സിലാവൂ. മറ്റുള്ളവർ ചോദിക്കും എന്തിനാണ് മുടിയെന്ന്. കണ്ണില്ലാത്തവനേ അതിന്റെ ദുഃഖമറിയൂ എന്ന് പറയുന്ന പോലെയാണ് മുടിയുടെ കാര്യവും'
'എല്ലാ നടൻമാരും ഇത് രഹസ്യമായാണ് ചെയ്യുന്നത്. അത് ഓരോരുത്തരുടെ കാര്യമാണ്. ഹെയർ ട്രാൻസ്പ്ലാന്റേഷൻ എന്ന് പറയുന്നത് ഇവിടെ അംഗീകരിക്കാത്ത കാര്യമാണ്. നമ്മുടെ ആളുകളുടെ വിചാരം ലക്ഷക്കണക്കിന് രൂപയാവും ഇത് ചെയ്യാനെന്നാണ്'
'പക്ഷെ സാധാരണക്കാരന് വരെ ഇത് ചെയ്യാൻ പറ്റും. സൗകര്യമുള്ള വീടിന് വേണ്ടി ഇരുപതും ഇരുപത്തഞ്ചും ലക്ഷം രൂപ ലോണെടുക്കുന്ന സമയത്ത് ഇതിന് വളരെ തുച്ഛമായ പണമേ ആവുന്നുള്ളൂ. അത്യാവശ്യം പോയാൽ അമ്പതിനായിരം മുതൽ ഒരു ലക്ഷം വരെ'

'മുമ്പ് ഇതിന്റെ ചെലവ് പത്തും ഇരുപതും ലക്ഷമാണെന്ന് കേട്ടിട്ടേയുള്ളൂ. ഇതിനെ പറ്റി അവബോധം കൊടുക്കുന്നത് സേവനമാണെന്ന് ഞാൻ വിശ്വസിക്കുന്നു,' സാജൻ സൂര്യ പറഞ്ഞു. അടുത്ത സുഹൃത്തായിരുന്ന നടൻ ശബരിയുടെ വിയോഗത്തെക്കുറിച്ചും താരം സംസാരിച്ചു.
'എന്നെ പോലെ തന്നെ രണ്ട് പെൺകുട്ടികളാണ് അവനും. എന്റെ ഇളയ ആളെ കണ്ടാണ് അവനും ചെറിയൊരാൾ വേണമെന്ന് തോന്നിയത്. നഷ്ടം നഷ്ടമാണ്. എന്നെ പോലെ ഒരു സുഹൃത്തിന് ഇത്രയും നഷ്ടമാണെങ്കിൽ അവന്റെ കുടുംബത്തിന്റെ നഷ്ടം അത്രയും വലുതായിരിക്കും'
'പിന്നെ അവർക്ക് ജീവിച്ചല്ലേ പറ്റൂ. അവർക്ക് ആയുർവേദിക് ഹോസ്പിറ്റലുണ്ട്. ശബരിയുടെ വരുമാന മാർഗം സീരിയൽ അല്ലായിരുന്നു. അവൻ പോയതിന്റെ സാമ്പത്തിക പ്രശ്നങ്ങളുണ്ട്. അത് അവർക്ക് നികത്താൻ പറ്റാത്തതല്ല,' സാജൻ സൂര്യ പറഞ്ഞു.


Click it and Unblock the Notifications











