ജീവിതം അവസാനിച്ചു എന്ന് കരുതിയ നിമിഷം,രാമലീല കണ്ട് നിവിനും മോഹന്‍ലാലും പറഞ്ഞത്; സംവിധായകന്‍ പറയുന്നു
ഒരുപാട് വെല്ലുവിളികളും പ്രതിസന്ധിയും നേരിട്ടിട്ടാണ് ദിലീപിന്റെ രാമലീല എന്ന ചിത്രം റിലീസ് ചെയ്തത്. ഒരു സംവിധായകനും കേള്‍ക്കാന്‍ ആഗ്രഹിക്കാത്തത് പലതും കേട്ടു എന്നും, റിലീസ് ചെയ്യുന്നത് വരെ പേടിയും അങ്കലാപ്പുമായിരുന്നു എന്നും സംവിധായകന്‍ അരുണ്‍ ഗോപി പറയുന്നു. ദുബായിലെ മലയാളം റേഡിയോ സ്‌റ്റേഷന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അരുണ്‍.
റിലീസ് ചെയ്ത് ചിത്രത്തിന് മികച്ച അഭിപ്രായങ്ങള്‍ കിട്ടി തുടങ്ങിയപ്പോഴാണ് സമാധാനം ആയത്. റിലീസ് ചെയ്യും എന്ന കാര്യത്തില്‍ ഉറപ്പുണ്ടായിരുന്നു. എന്നാല്‍ ഒരു ഘട്ടത്തില്‍ എല്ലാം അവസാനിച്ചു എന്ന് തിരിച്ചറിഞ്ഞപ്പോള്‍, ജീവിതം അവസാനിച്ചു എന്നു വരെ ചിന്തിച്ചുപോയി എന്ന് അരുണ്‍ പറഞ്ഞു. ചിത്രത്തിന് ലഭിച്ച ഏറ്റവും മികച്ച പ്രതികരണത്തെ കുറിച്ചും അരുണ്‍ ഗോപി സംസാരിക്കുന്നു.

റിലീസ് ആയപ്പോഴുള്ള അവസ്ഥ..
ഇപ്പോള്‍ എന്താണ് തന്റെ അവസ്ഥ എന്ന് പറയാന്‍ കഴിയില്ല എന്നാണ് അരുണ്‍ പറയുന്നത്. രാമലീല എന്ന ചിത്രം തുടങ്ങുമ്പോള്‍ ഒരു ഭാഗ്യമായിട്ടാണ് കരുതിയത്. സച്ചിയേട്ടന്റെ തിരക്കഥ, ജനപ്രിയ നായകന്‍ എന്നൊക്കെ ആയപ്പോള്‍ വലിയ സന്തോഷമായിരുന്നു. പെട്ടന്ന് എല്ലാം തകിടം മറിഞ്ഞു. വിവാദങ്ങളും പ്രശ്‌നങ്ങളും. എന്നാല്‍ സിനിമ റിലീസ് ചെയ്തപ്പോള്‍ സന്തോഷം തിരിച്ചുകിട്ടി. എല്ലാം പെട്ടന്ന് പെട്ടന്ന് മാറിമറിയുന്നത് കാരണം ഇപ്പോഴത്തെ അവസ്ഥ പറയാന്‍ കഴിയില്ല എന്നാണ് അരുണ്‍ പറഞ്ഞത്.

ദിലീപിന് മാത്രം
രാമനുണ്ണി എന്ന കഥാപാത്രം ദിലീപേട്ടനെ മാത്രം മനസ്സില്‍ കരുതി ഉണ്ടാക്കിയ കഥാപാത്രമാണെന്ന് സംവിധായകന്‍ പറയുന്നു. അദ്ദേഹത്തിന് മാത്രമേ ആ കഥാപാത്രം വളരെ അനായാസം ചെയ്യാന്‍ സാധിക്കുകയുള്ളൂ. വളരെ സീരിയസായ കാര്യങ്ങള്‍ പറയുമ്പോഴും ഉള്ളില്‍ നര്‍മം സൂക്ഷിക്കുന്ന ആളാണ് ദിലീപേട്ടന്‍. രാമനുണ്ണി എന്ന കഥാപാത്രത്തിന് ആ നിഷ്‌കളങ്കത ആവശ്യമാണ്. ദിലീപേട്ടന് വേണ്ടി തന്നെയാണ് രാമനുണ്ണി ഉണ്ടായത്

ദൈവത്തിന്റെ കൈ
രണ്ടാമത് ഇറക്കിയ ടീസര്‍ ദിലീപേട്ടന്റെ നിലവിലെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ടത് ശരിയ്ക്കും ദൈവത്തിന്റെ കരങ്ങളാണ്. ആ ടീസര്‍ നേരത്തെ ഉണ്ടാക്കിയതാണ്. ദിലീപേട്ടന്‍ കണ്ടതുമാണ്. അത് പിന്നീട് സാഹചര്യവുമായി ബന്ധപ്പെട്ടപ്പോള്‍ റിലീസ് ചെയ്തു

100 കോടി ക്ലബ്ബിലെത്തുമോ?
അങ്ങനെ എത്തിയാല്‍ നല്ലത്.. പക്ഷെ നിര്‍മാതാവ് ടോമിച്ചന് അക്കാര്യത്തില്‍ വലിയ ആകാംക്ഷയൊന്നും ഇല്ലത്രെ. നേരത്തെ ഒരു ചിത്രം എത്തിയതാണല്ലോ. എന്നാലും കഴിഞ്ഞ ദിവസം എന്നോട് പറയുകയായിരുന്നു, 'ഒരു നൂറ് കോടിയൊക്കെ ആയേക്കും കേട്ടോ' എന്ന്.

ജീവിതം തീര്‍ന്നു എന്ന് ചിന്തിച്ചത്
സിനിമ റിലീസ് ആകുമോ ഇല്ലയോ എന്ന കാര്യത്തില്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നില്ല. എന്ത് തന്നെ സംഭവിച്ചാലും ടോമിച്ചന്‍ സിനിമ റിലീസ് ചെയ്യുമായിരുന്നു. പക്ഷെ പെട്ടന്നൊരു ഘട്ടത്തില്‍ തിയേറ്റര്‍ തല്ലിപ്പൊളിക്കുമെന്നും പൈറസി ഇറക്കുമെന്നും ബോംബ് വച്ച് നശിപ്പിക്കുമെന്നുമൊക്കെ ആഹ്വാനം വന്നപ്പോള്‍ ഇവിടെ ജീവിതം തീര്‍ന്നു എന്ന് ചിന്തിച്ചു പോയി.

ഏറ്റവും പേടിച്ചത്
ചാനലുകളിലൊക്കെ ചെന്നിരിക്കാനായിരുന്നു ഏറ്റവും പേടി. പൊതുവെ ഒരു പുതുമുഖ സംവിധായകന്‍ ചെന്നിരിയ്ക്കുമ്പോള്‍, 'പറയൂ എന്താണ് സിനിമയെ കുറിച്ചുള്ള പ്രതീക്ഷ' എന്നാണ് ചോദിക്കുന്നത്. എന്നാല്‍ എന്നോട് ചോദിച്ചത്, 'എന്തൊക്കെയാണ് ആശങ്കകള്‍ പങ്കുവയ്ക്കൂ, എന്തൊക്കെ ദുരന്തങ്ങളാണ് പ്രതീക്ഷിക്കുന്നത്' എന്നൊക്കെയാണ്. അതെന്നെ വേദനിപ്പിച്ചു.

സിനിമ റിലീസായപ്പോള്‍ ലാല്‍ പറഞ്ഞത്
എല്ലാം കഴിഞ്ഞ് സിനിമ റിലീസായപ്പോള്‍ ഏറ്റവും സന്തോഷിപ്പിച്ചത് മോഹന്‍ലാല്‍ സാറിന്റെയും നിവിന്‍ പോളിയുടെയുമൊക്കെ പ്രതികരണങ്ങളാണ്. സിനിമ കണ്ടിട്ട് ലാലേട്ടന്‍ പറഞ്ഞു, 'സിനിമ ഒത്തിരി ഇഷ്ടപ്പെട്ടു.. സംവിധായകന്‍ നന്നായിട്ടുണ്ട്' എന്നൊക്കെ.

നിവിന്‍ പോളി പറഞ്ഞത്
രാമലീല കണ്ടതിന് ശേഷം നിവിന്‍ പോളി വിളിച്ചു പറഞ്ഞത്, 'ഞാന്‍ സാധാരണ ചിരിയ്ക്കാറൊന്നുമില്ല... സെക്കന്റ് ഹാഫ് കണ്ടപ്പോള്‍ ഞാന്‍ ചിരിച്ച് ഔട്ടായിപ്പോയി... ഞാന്‍ ഭയങ്കര ഹാപ്പിയാണ്' എന്നൊക്കെയാണ്. അതൊക്കെ വലിയ സന്തോഷമാണ്.

ചിരിച്ച ആ സീന്‍
നിവിന്‍ ചിരിച്ചു എന്ന് പറയുന്ന ആ സീന്‍ പത്ത് തവണ ടേക്ക് പോയതാണ്. 'ഹേ ഗോവ എത്തിയോ.. ഞാന്‍ പാസ്‌പോര്‍ട്ട് എടുത്തില്ല' എന്ന് പറഞ്ഞ് ഷാജോണ്‍ ചേട്ടന്‍ (കലാഭവന്‍ ഷാജോണ്‍) ചാടി എഴുന്നേല്‍ക്കുന്ന സീനാണത്. ആ രംഗം എടുക്കുമ്പോള്‍ ദിലീപേട്ടന് ചിരി നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. പത്ത് തവണ ടേക്ക് പോയ ശേഷവും ദിലീപേട്ടന്‍ ചിരിച്ചു. ഷാജോണ്‍ ചേട്ടന്റെ മിക്ക സീനും അങ്ങനെയായിരുന്നു.

രാമലീല കോമഡിയല്ല
അതേ സമയം രാമലീല എന്ന ചിത്രം കോമഡി അല്ല, സീരിയസായിട്ടാണ് ചിത്രീകരിച്ചത് എന്ന് അരുണ്‍ വ്യക്തമാക്കി. ചില സാഹചര്യ കോമഡികള്‍ മാത്രമേ ചിത്രത്തിലൂള്ളൂ. രാമലീല എന്ന പേരിന് പ്രത്യേകിച്ച് അര്‍ത്ഥമൊന്നുമില്ല. രാമനുണ്ണിയുടെ കഥ. രാമന്‍ അനുഭവിച്ചത് പോലെ ചെയ്യാത്ത തെറ്റിന് ക്രൂശിക്കപ്പെടുന്നു എന്നതാണ് അര്‍ത്ഥമാക്കിയത്.

സോഷ്യല്‍ മീഡിയ വേദനിപ്പിച്ചു
സോഷ്യല്‍ മീഡിയയില്‍ ഞാന്‍ വളരെ ആക്ടീവായിരുന്നു. പക്ഷെ ഇത്തരം സംഭവങ്ങളൊക്കെ ഉണ്ടായപ്പോള്‍ ഞാന്‍ അതിലെല്ലാത്തില്‍ നിന്നും ഒഴിവായി. ഫേസ്ബുക്ക് ഇല്ലാത്തത് കൊണ്ടാണ് ഞാന്‍ ജീവിച്ചിരുന്നത്. അത്രയ്ക്ക് ക്രൂരമായിരുന്നു ചില എഴുത്തുകള്‍. സിനിമ റിലീസ് ചെയ്യുന്ന ദിവസം കരിദിനമായി ആചരിയ്ക്കും എന്നൊക്കെ പറഞ്ഞ് കേട്ടപ്പോള്‍ ഞെട്ടിപ്പോയി. ഇതൊക്കെ കണ്ട് നിസ്സഹായകനായി നോക്കി നില്‍ക്കാനേ കഴിയൂ. അതുകൊണ്ട് എല്ലാം ഡിസ് ലൈക്ക് ചെയ്തു- അരുണ്‍ ഗോപി പറഞ്ഞു.


Click it and Unblock the Notifications