twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചന്ദ്രമൗലി അറിഞ്ഞില്ല, നിര്‍മ്മലയുടെ സങ്കടം!

    By Staff
    |

    'റോക്ക് ആന്റ് റോള്‍' കണ്ടിറങ്ങിയപ്പോള്‍, ഒരു ഷോട്ട്, ഒരേയൊരു ഷോട്ട്, വിട്ടുപോകാന്‍ വിസമ്മതിച്ച് കൂടെയിറങ്ങി വന്നു. രോഹിണി അവതരിപ്പിച്ച നിര്‍മ്മലയെന്ന കഥാപാത്രം ഒരാഘോഷത്തില്‍ നിന്നും അല്‍പം പിന്നോട്ട് മാറി നിര്‍ക്കുന്ന ആ ഷോട്ടാണ് മനസില്‍ കുരുങ്ങിപ്പോയത്.

    ചലച്ചിത്രസംഗീതത്തില്‍ പാട്ടെഴുത്തുകാരന്‍ എപ്പോഴും ഒരടി പിന്നിലാണെന്ന സത്യം സംവിധായകന്‍ ഈ രംഗത്തില്‍ വിളിച്ചു പറയുന്നു. ചലച്ചിത്ര മേഖലയില്‍ നിലനില്‍ക്കുന്ന പോക്കണം കെട്ട ഒരു നീതികേടിന്റെ കനലാണ് കാണികളുടെ ഉളളിലേയ്ക്ക് സംവിധായകന്‍ രഞ്ജിത്ത് എറിയുന്ന ഈ ഷോട്ട് .

    ദയാ ശ്രീനിവാസന്‍ എന്ന സുന്ദരിയായ ഗായികയുടെ മനസു കവര്‍ന്ന ഈണമൊരുക്കി പാടിത്തകര്‍ത്ത ചന്ദ്രമൗലിയ്ക്കു മേല്‍ സുഹൃത്തുക്കളുടെ അഭിനന്ദന വര്‍ഷം. ഞാന്‍ മുമ്പേ ഞാന്‍ മുമ്പേ എന്ന മട്ടില്‍ ഐസക്കും വിശ്വനാഥനും ബാലുവും മീനാക്ഷിയും ഗുണശേഖരനും ചെന്നൈ ഗുണ്ട സെയ്ദാപേട്ട ഗിരിയും മൗലിയെ പൊതിയുകയാണ്. ആ ബഹളത്തില്‍ നിന്നും അല്‍പം പിന്നോട്ടു മാറി പകച്ച മുഖഭാവത്തോടെ നില്‍ക്കുന്നു, നിര്‍മ്മല.

    റോക്ക് ആന്റ് റോളിലെ പ്രസ്തുത കഥാസന്ദര്‍ഭത്തിനു വേണ്ട വരികള്‍ എഴുതുന്നത് നിര്‍മ്മലയെന്ന കഥാപാത്രമാണ്. ദയാ ശ്രീനിവാസന്‍ എന്ന ഗായികയുടെ ഉളളിലേയ്ക്ക് ഒഴുകിയിറങ്ങുന്ന ഈണം ചന്ദ്രമൗലിക്ക് വീണു കിട്ടുമ്പോള്‍, ആ ഈണത്തിനൊപ്പിച്ച് വരികള്‍ ആരെഴുതുമെന്ന ചോദ്യം ഉയരുന്നു. നിര്‍മ്മലയുടെ ഭര്‍ത്താവും വയലിനിസ്റ്റുമായ ഐസക്കാണ് തന്റെ ഭാര്യയെ ആ ചുമതലയ്ക്ക് നിര്‍ദ്ദേശിക്കുന്നത്.

    ഭര്‍ത്താവിന്റെയും സുഹൃത്തുക്കളുടെയും സ്നേഹപൂര്‍ണമായ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങിയാണ് നിര്‍മ്മല "രാവേറെയായ് പൂവേ, ഒരു ചെമ്പനീര്‍ പൂവേ, ഒരു യാത്രികനീ വഴി പോകെ നനുത്തൊരു, കാല്‍പ്പെരുമാറ്റം കേട്ടുണരൂ" എന്ന ഗാനം രചിക്കുന്നത്.

    വിവാഹനിശ്ചയ വേദിയില്‍ നിന്നും ദയാ ശ്രീനിവാസനെ പിടിച്ചിറക്കി ചന്ദ്രമൗലി തന്റെ പാട്ടു കേള്‍പ്പിക്കുന്നു. നേരത്തെ സൂചിപ്പിച്ചതു പോലെ സര്‍വരും ചന്ദ്രമൗലിയ്ക്കു മേല്‍ നിലയ്ക്കാത്ത കരഘോഷത്തിന്റെ അകമ്പടിയോടെ വാഴ്ത്തുമൊഴികളുടെ പുഷ്പവൃഷ്ടി നടത്തുന്നു.

    ആരും ഒരഭിനന്ദനം പോലും ഗാനമെഴുതിയ നിര്‍മ്മലയ്ക്കു മേല്‍ ചൊരിയുന്നില്ല. വഴിയാത്രികന്റെ നനുത്ത കാല്‍പ്പെരുമാറ്റം കേട്ടുണരാന്‍ ചെമ്പനീര്‍ പൂവിനോട് അപേക്ഷിച്ച കവി മനസ് ആഘോഷങ്ങള്‍ക്ക് അരയടി പിന്നില്‍.

    തന്റെ വരികള്‍ക്ക് ഒരു നല്ലവാക്കു പോലും പകരം നല്‍കാതെ ഭര്‍ത്താവും സുഹൃത്തുക്കളും ചന്ദ്രമൗലിയെ കെട്ടിപ്പുണര്‍ന്ന് കയ്യടിച്ചഭിനന്ദിക്കുന്നത് കണ്ടുനിന്ന നിര്‍മ്മലയുടെ മനസില്‍ കൂടുകെട്ടിയത് വെറും നിര്‍വികാരതയും നിസംഗതയുമാണോ? അതോ പകയുടെ കയ്പോ?

    തന്റെ ഈണത്തിന് മനോഹരമായ വരികളുടെ തൊങ്ങലുകള്‍ തുന്നിച്ചേര്‍ത്ത കവിമനസിന് ചന്ദ്രമൗലിയുടെ വക ഒരു നന്ദിയോ അഭിനന്ദനമോ ഈ ചിത്രത്തിലില്ല. ഒരു നോട്ടം കൊണ്ടു പോലും നിര്‍മ്മലയോട് ചന്ദ്രമൗലി നന്ദി അറിയിക്കുന്നില്ല.

    ചലച്ചിത്ര സംഗീതത്തില്‍ സംഗീതസംവിധായകനും ഗായകനും കിട്ടുന്ന പണമോ മാധ്യമ ലാളനയോ അംഗീകാരമോ ഗാനരചയിതാവിന് കിട്ടുന്നില്ല എന്ന അവസ്ഥയാണ് പാട്ടെഴുത്തുകാരന്‍ കൂടിയായ രഞ്ജിത്ത് ഈ രംഗത്തിലൂടെ നമ്മോട് പറയുന്നത്.

    ബ്ലാക്ക് എന്ന സ്വന്തം ചിത്രത്തില്‍ "അമ്പലക്കര തെച്ചിക്കാവില്‍ പൂരം" എന്ന ഗാനം എഴുതിയ വകയില്‍ രഞ്ജിത്തും ഗാനരചയിതാവാണ്. മാത്രവുമല്ല, മമ്മൂട്ടി 'തീപ്പെട്ടി ചന്ദ്രന്‍' എന്ന ഓട്ടോ ഡ്രൈവറാകുന്ന റിക്ഷാക്കാരനിലും രഞ്ജിത്തിന്റെ വക ഗാനമുണ്ടെന്ന് വാര്‍ത്തയുണ്ട്.

    ഓണമടക്കം ഏതാഘോഷത്തിനും ചാനലുകളില്‍ പാട്ടുകാരുടെ അഭിമുഖക്കെട്ടുകാഴ്ചയുണ്ടാകാറുണ്ട്. യേശുദാസും കെഎസ് ചിത്രയും തുടങ്ങി ഏതെങ്കിലും ഒരു ഗായകനോ ഗായികയോ ഒരു ഗാനരചയിതാവിനെ ഓര്‍ത്തതായി ആരുടെയെങ്കിലും ഓര്‍മ്മയിലുണ്ടോ?

    രാജാ സാറിനെയും രവീന്ദ്രന്‍ മാഷിനെയും ജോണ്‍സണ്‍ മാഷിനെയും വിദ്യാസാഗര്‍ സാറിനെയും പേര്‍ത്തും പേര്‍ത്തും ഓര്‍മ്മിച്ചും പുകഴ്ത്തിയും വശം കെടുത്തുന്ന ഇവര്‍ എപ്പോഴെങ്കിലും ഓ എന്‍വിയെയോ ശ്രീകുമാരന്‍ തമ്പിയെയോ കൈതപ്രത്തെയോ ഗിരീഷ് പുത്തഞ്ചേരിയെയോ വയലാര്‍ ശരത്തിനെയോ ഓര്‍ക്കാറുണ്ടോ?

    കെ എസ് ചിത്രയ്ക്ക് ആദ്യ ദേശീയ അവാര്‍ഡ് നേടിക്കൊടുത്തത് 'സിന്ധുഭൈരവി' എന്ന ചിത്രമാണ്. ഈ ചിത്രത്തിലെ ഏഴു പാട്ടുകള്‍ക്കും ഇളയരാജ ഒരുക്കിയ ഈണത്തെക്കുറിച്ച് വാചാലയാകാന്‍ ചിത്രയ്ക്ക് എല്ലാ അവകാശവുമുണ്ട്. ഒരല്‍പം പരിഗണന പാട്ടെഴുതിയ വൈരമുത്തുവിനും നല്‍കേണ്ടേ?

    മലയാളത്തില്‍ ചിത്രയ്ക്ക് ആദ്യ ദേശീയ അവാര്‍ഡ് കിട്ടിയത് 'നഖക്ഷതങ്ങളി'ലെ "മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി" എന്ന ഗാനത്തിനാണ്. രണ്ടുവര്‍ഷത്തിനു ശേഷം വൈശാലിയെ പാട്ടുകള്‍ വഴി വീണ്ടും നല്ലഗായികപ്പട്ടം ചിത്രയെ തേടിയെത്തിയപ്പോള്‍ അന്നും വരികള്‍ ഓഎന്‍വിയുടെ വകതന്നെയായിരുന്നു.

    ഏതെങ്കിലും ചാനലില്‍ ഇനി ചിത്രയുടെ അഭിമുഖം കേള്‍ക്കാനിടയായാല്‍ ഓഎന്‍വിയെ ചിത്ര എത്ര തവണ അനുസ്മരിക്കുമെന്ന് ഒന്ന് പരീക്ഷിച്ചു നോക്കൂ.

    തമിഴില്‍ ചിത്രയ്ക്ക് കിട്ടിയ മൂന്ന് ദേശീയ അവാര്‍ഡുകളില്‍ രണ്ടിലും വരികള്‍ വൈരമുത്തുവിന്റെ വക. സിന്ധുഭൈരവിയും മിന്‍സാരക്കനവുമാണ് ആ ചിത്രങ്ങള്‍.

    ഏറ്റവും ഒടുവില്‍ ചിത്രയെ മികച്ച ഗായികാപദത്തിലെത്തിച്ചത് ചേരന്റെ 'ആട്ടോഗ്രാഫ് ' എന്ന ചിത്രത്തിലെ "ഒവ്വൊരു പൂക്കളുമേ" എന്ന ഗാനം. ദക്ഷിണേന്ത്യായാകെ ഏറ്റുപാടിയ ആ വരികള്‍ എഴുതിയത് പാ വിജയ്.

    ആരെങ്കിലും ചോദിച്ചാല്‍ ഭാഷയറിയാത്തു കൊണ്ട് അര്‍ത്ഥം മനസിലായില്ലെന്ന ന്യായം ചിത്ര പറയുമോ ആവോ?

    ഇത് ചിത്രയുടെ മാത്രം അവസ്ഥയല്ല. പാട്ടുകൊണ്ട് മാത്രമല്ല, വിനയം കൊണ്ടും ലാളിത്യം കൊണ്ടും നിറഞ്ഞ ചിരി കൊണ്ടും നമ്മുടെയൊക്കെ മനസ് കവര്‍ന്ന ചിത്ര പോലും പാട്ടെഴുത്തുകാരെ വേണ്ടവിധം അനുസ്മരിക്കാറില്ലെന്ന് പറഞ്ഞെന്നേയുളളൂ.

    ഗായകരുടെ, സംഗീത സംവിധായകരുടെ പൊതുവായ ഈ സ്വഭാവമാണ് രഞ്ജിത്ത് മേല്‍പ്പറഞ്ഞ ഒരു ഷോട്ടിലൂടെ നമ്മുടെ ശ്രദ്ധയിലേയ്ക്ക് വലിച്ചിടുന്നത്. അംഗീകാരത്തിന്റെ പ്രസാദം പുരളാത്ത സര്‍ഗചൈതന്യത്തിന്റെ എല്ലാ നിരാശയും നിര്‍മ്മലയുടെ മുഖത്തുണ്ട്. ചിലരെയെങ്കിലും ഈ കാഴ്ച വല്ലാതെ വേദനിപ്പിക്കും.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X