സൗഹൃദത്തിന്റെ കെമിസ്‌ട്രിയുമായി വിജി തമ്പി
സൗഹൃദത്തിന്റെ കഥയുമായി വിജി തമ്പി വീണ്ടും. കോളെജ് ക്യാമ്പസിലെ അഞ്ച് പെണ്‍കുട്ടികളുടെ സൗഹൃദം പശ്ചാത്തലമാക്കിയൊരുക്കുന്ന ചിത്രത്തിന് 'കെമിസ്‌ട്രി'യെന്നാണ് പേരിട്ടിരിയ്‌ക്കുന്നത്.
മലയാളത്തിലെ മുന്‍നിര സംവിധായകന്‍മാരിലൊരാളായ വിജി തമ്പിയ്‌ക്ക് അടുത്ത കാലത്തൊന്നും നല്ലൊരു ഹിറ്റ് സമ്മാനിയ്‌ക്കാന്‍ കഴിഞ്ഞിട്ടില്ല. പൃഥ്വിരാജ്-ഇന്ദ്രജിത്ത് ടീമിനെ നായകന്‍മാരാക്കി ഒരുക്കിയ നമ്മള്‍ തമ്മിലിന് ശേഷമാണ് പുതിയ സിനിമയുമായി ഈ സംവിധായകന്‍ വീണ്ടുമെത്തുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയായി അഞ്ച് വര്‍ഷം പെട്ടിയ്‌ക്കുള്ളില്‍ വിശ്രമിച്ച നമ്മള്‍ തമ്മില്‍ ബോക്‌സ് ഓഫീസില്‍ ഒരു ചലനവും സൃഷ്ടിക്കാതെയാണ കടന്നു പോയത്. കാലപഴക്കം തന്നെയായിരുന്നു ചിത്രത്തിന് വിനയായത്.
ചിത്രത്തിലെ താരനിര്‍ണയത്തിന്റെ തിരക്കുകളിലാണ് സംവിധായകനിപ്പോള്‍. ബാലതാരമായി വന്ന് തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ശരണ്യ മോഹന്‍ കെമിസ്‌ട്രിയിലുണ്ടാവുമെന്ന് സൂചനയുണ്ട്. ശരണ്യയ്‌ക്ക് പുറമെ ശില്‌പാ ബാലയെയും ചിത്രത്തിലെ അഞ്ച് നായികമാരിലൊരാളായി തിരഞ്ഞെടുത്തിട്ടുണ്ട്.
വൈഷ്‌ണവി ക്രിയേഷന്‍സ് നിര്‍മ്മിയ്‌ക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിയ്‌ക്കുന്നത് സഞ്‌ജീവ് ശങ്കറാണ്. ജൂലൈ പകുതിയോടെ കെമിസ്‌ട്രിയുടെ ഷൂട്ടിംഗ് ആരംഭിയ്‌ക്കാനാണ് പ്ലാന്‍.


Click it and Unblock the Notifications











