twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരു ഭൂകമ്പമായി തന്മാത്ര

    By Staff
    |

    ഒരു ഭൂകമ്പമായി തന്മാത്ര
    ജനവരി 2, 2006

    കാഴ്ചയ്ക്കു കിട്ടിയ കൈയടി നിലയ്ക്കുന്നതിനു മുമ്പാണ് തന്മാത്രയുമായി ബ്ലെസ്സിയെത്തിയത്. മലയാള സിനിമ കണ്ട ഒരു അപൂര്‍വ കാഴ്ചയായി തന്മാത്രയെയും സിനിമാസ്വാദകര്‍ വിലയിരുത്തുന്നു. ഇത്തരമൊരു ചിത്രത്തിനു വേണ്ടിയാണ് മലയാള സിനിമ നീണ്ട കാലമായി കാത്തിരുന്നത്.

    മലയാളസിനിമയുടെ സുവര്‍ണ കാലഘട്ടത്തിന്റെ സ്പാര്‍ക്കുകള്‍ നിറഞ്ഞതാണ് തന്മാത്ര എന്ന ചിത്രം. പത്മരാജനും കെ.ജി.ജോര്‍ജും ഉള്‍പ്പെടെയുള്ള സംവിധായകര്‍ മലയാളത്തിന് മികച്ച സിനിമകള്‍ സമ്മാനിച്ച സുവര്‍ണ കാലഘട്ടത്തെ ഓര്‍മിപ്പിക്കുന്നതിനൊപ്പം ഈ ചിത്രം പുതിയ കാലത്തിന്റെ സിനിമ കൂടിയാവുന്നു.

    തന്നെ കൊതിപ്പിച്ച അപൂര്‍വം സിനിമകളേയുള്ളൂവെന്നും അതിലൊന്ന് തന്മാത്രയാണെന്നും പ്രിയദര്‍ശന്‍ പറയുന്നു. ബ്ലെസ്സി മലയാള സിനിമയ്ക്കുണ്ടായ ഭാഗ്യമാണെന്നും ഇങ്ങനെയൊരു സംവിധായകനോട് തനിക്ക് അസൂയ തോന്നുന്നുവെന്നും കൂടുതല്‍ നല്ല രീതിയില്‍ സിനിമകളൊരുക്കണമെന്ന തോന്നലാണ് ഈ സിനിമ കണ്ടപ്പോള്‍ തനിക്കുണ്ടായതെന്നും പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ സമകാലീന മലയാള സിനിമയില്‍ തന്മാത്രയുണ്ടാക്കിയ ഭൂകമ്പത്തിന്റെ ശക്തിയാണ് ബോധ്യമാവുന്നത്.

    കെട്ടുകാഴ്ചകളില്‍ നിന്ന് മുക്തമായ കാമ്പുള്ള സിനിമാനുഭവം എന്നതാണ് തന്മാത്രയുടെ പ്രധാന സവിശേഷത. സമകാലീന മലയാള സിനിമ കെട്ടുക്കാഴ്ചകള്‍ക്കിടയില്‍ എത്രമാത്രം അകക്കാമ്പില്ലാതെ വികലമായെന്നും അതില്‍ നിന്ന് മുക്തമാവണമെന്ന ആഗ്രഹം മുഖ്യധാരാ സിനിമാ സംവിധായകര്‍ക്കു തന്നെയുണ്ടെന്നും വ്യക്തമാക്കുന്നതാണ് പ്രിയദര്‍ശന്റെ വാക്കുകള്‍. നമ്മുടെ മുഖ്യധാരാ സിനിമക്കാരെ നേരെ നടത്താന്‍ തന്മാത്ര ഇത്തിരി പ്രചോദനമാവുമെങ്കില്‍ അതില്‍ ഒട്ടേറെ അഭിമാനിക്കാന്‍ ബ്ലെസ്സിക്ക് വകയുണ്ട്.

    പ്രദര്‍ശനവിജയത്തില്‍ എവിടെയെത്തി നില്‍ക്കുന്നുവെന്നതിലുപരി ഇത്തരമൊരു സിനിമ മലയാളത്തിന്റെ ആവശ്യമായിരുന്നുവെന്ന നിലയിലാണ് തന്മാത്രയുടെ വിജയം ആഘോഷിക്കപ്പെടുന്നത്. മലയാള സിനിമ വര്‍ഷങ്ങളായി ഇത്തരമൊരു ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു.

    മലയാളത്തിലെ മുഖ്യധാരാ സിനിമയുടെ രൂപഘടന പിന്തുടരുന്ന ചിത്രമല്ല തന്മാത്ര. അതിനാടകീയമായ ആഖ്യാനശൈലി തീര്‍ത്തും വെടിഞ്ഞ ബ്ലെസ്സി നിറവുള്ള ജീവിതമുഹൂര്‍ത്തങ്ങളിലൂടെ ധന്യമായ ദൃശ്യാനുഭവം പകരുന്നതിലാണ് ശ്രദ്ധിച്ചിരിക്കുന്നത്. സിനിമയിലെ രമേശന്‍ എന്ന കഥാപാത്രത്തിനു സംഭവിക്കുന്ന ദുരന്തം ഏതൊരാള്‍ക്കും വന്നുപിണയാവുന്ന ഒന്നായി പ്രേക്ഷകന് അനുഭവപ്പെടുന്നത് ഈ ആഖ്യാനശൈലി കൊണ്ടാണ്. കാണുന്നവര്‍ തന്നെ കഥാപാത്രങ്ങളായി മാറുന്ന ഒരു എംപതിയിലേക്ക് സിനിമയുടെ ആസ്വാദനത്തെ വളര്‍ത്തുന്ന ആഖ്യാനത്തിന്റെ കരുത്താണ് ഈ ചിത്രത്തിനുള്ളത്.

    തിരക്കഥ ഒരുക്കുന്നതില്‍ പാലിച്ചിരിക്കുന്ന അതീവസൂക്ഷ്മതയും ഈ ചിത്രത്തെ ഒരു മികച്ച അനുഭവമാക്കുന്നതില്‍ ബ്ലെസ്സിയെ സഹായിച്ചിട്ടുണ്ട്. ഒഴിവാക്കാമായിരുന്നുവെന്നു തോന്നുന്ന ചില സംഭാഷണങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഒരു എഴുത്തുകാരന്റെ മികവ് സിനിമയുടെ ക്രാഫ്റ്റിിംഗില്‍ തെളിഞ്ഞുനില്‍ക്കുന്നു.

    രാജമാണിക്യങ്ങളും നരസിംഹ വേലായുധന്‍മാരും മിമിക്രി പെണ്‍വേഷങ്ങളും അരങ്ങുവാഴുന്ന മലയാള സിനിമയില്‍ രമേശന്‍ എന്ന കഥാപാത്രം പ്രേക്ഷകര്‍ക്ക് പകരുന്നത് വേറൊരു കാഴ്ചയാണ്. ജീവിതത്തോട് ഒട്ടിനില്‍ക്കുന്ന മുഹൂര്‍ത്തങ്ങളിലേക്ക് രമേശന്‍ പ്രേക്ഷകരെ കൊണ്ടുപോവുമ്പോള്‍ കെട്ടുക്കാഴ്ചകളുടെ താണ്ഡവങ്ങളില്‍ നിന്ന് നീണ്ട കാലത്തിനു ശേഷം പ്രേക്ഷകന് മോചനമാവുന്നു.

    മോഹന്‍ലാല്‍ സംവിധായകന്റെ കൈയിലെ കളിമണ്ണാണെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. ആ കളിമണ്ണ് കൊണ്ട് വികലമായ സൃഷ്ടികളൊരുക്കാനും മികച്ച ശില്പങ്ങള്‍ തീര്‍ക്കാനും കഴിയും. ബ്ലെസ്സി തന്മാത്രയിലൂടെ എല്ലാ അര്‍ത്ഥത്തിലും അത് പ്രേക്ഷകനെ ബോധ്യപ്പെടുത്തുന്നുണ്ട്. ഇത്രയേറെ അഭിനയപാടവമുള്ള നടന്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി എത്രമാത്രം ദുരുപയോഗം ചെയ്യപ്പെടുകയായിരുന്നുവെന്ന് തന്മാത്ര കാണുമ്പോള്‍ പ്രേക്ഷകന് ബോധ്യമാവുന്നുണ്ട്.

    വൃദ്ധനായും മന്ദബുദ്ധിയായും ചരിത്രനായകരായും പല നടന്‍മാരും മികച്ച രീതിയില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഒരു കുട്ടിയായി അഭിനയിക്കുക എന്നത് ആദ്യസംഭവം. മറവിരോഗം ബാധിച്ച് ഒരു പത്തുവയസുകാരന്റെ ഓര്‍മയും ബുദ്ധിയും മാത്രമുള്ള, മനസുകൊണ്ട് ഒരു കുട്ടിയായി മാറിക്കഴിഞ്ഞ ഒരാളായി അഭിനയിക്കുക എന്നത് ഒര നടനെ സംബന്ധിച്ച് വളരെ വലിയ വെല്ലുവിളിയാണ്. രമേശന്‍ എന്ന കഥാപാത്രത്തിന്റെ ഈ ദുരന്തത്തെ അവതരിപ്പിക്കുമ്പോള്‍ മോഹന്‍ലാല്‍ നേരിട്ടത് തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളിയാണ്.

    ഏറെ കാലമായി പ്രേക്ഷകര്‍ കാത്തിരുന്ന ഒരു മോഹന്‍ലാല്‍ കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് കാണാനായി. അതിലുമുപരി ഈ അഭിനയപ്രതിഭയുടെ സാധ്യതകള്‍ പരമാവധി ചൂഷണം ചെയ്യാനാവുന്ന ഒരു കഥാപാത്രത്തെയാണ് ബ്ലെസ്സി ഒരുക്കിയത്.

    മലയാളം കണ്ട ഏറ്റവും മികച്ച സംവിധായകരുടെ കൂട്ടത്തിലേക്ക് വെറും രണ്ട് ചിത്രങ്ങളിലൂടെ ബ്ലെസ്സി സ്ഥാനം പിടിച്ചുകഴിഞ്ഞു. പത്മരാജന്റെ ശിഷ്യനായി തുടങ്ങി ജയരാജ് വരെയുള്ള ഒട്ടേറെ സംവിധായകരുടെ സഹായിയായി പ്രവര്‍ത്തിച്ച ബ്ലെസ്സി നീണ്ട കാത്തിരിപ്പിനു ശേഷം സ്വതന്ത്രസംവിധായകനായപ്പോള്‍ അത് മലയാളത്തിലേക്ക് പുതിയൊരു പ്രതിഭയുടെ വരവ് കൂടിയായി.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X