മമ്മൂട്ടി പ്രതിഫലമില്ലാതെ അഭിനയിച്ച ചിത്രം
നല്ല സിനിമകളുമായി സഹകരിക്കുമ്പോള്‍ പ്രതിഫലക്കാര്യത്തില്‍ മമ്മൂട്ടി പല വിട്ടുവീഴ്ചകളും ചെയ്യാറുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന്റെയും ടി.വി.ചന്ദ്രന്റെയും സിനിമകളില്‍ പ്രതിഫലം ഏറെ കുറച്ചാണ് മമ്മൂട്ടി അഭിനയിച്ചത്.
ഇപ്പോള്‍ അത്തരം സിനിമകളില്‍ അഭിനയിക്കാന്‍ താത്പര്യം കാണിക്കാറില്ലെങ്കിലും കച്ചവട സിനിമക്കാര്‍ പതിവുശൈലി വിട്ടൊരുക്കുന്ന ഓഫ്ബീറ്റ് സിനിമകളോട് മമ്മൂട്ടിക്ക് താത്പര്യമുണ്ട്. രഞ്ജിത്തിന്റെ കയ്യൊപ്പ് എന്ന ചിത്രത്തില്‍ മമ്മൂട്ടി അഭിനയിച്ചത് മുന്‍കൂട്ടി ഡേറ്റ് നല്‍കാതെയാണ്. നേരത്തെ ഡേറ്റ് നല്‍കിയിരുന്ന ചിത്രങ്ങള്‍ക്കിടയിലെ ഒരു ഇടവേള ഈ ചിത്രത്തിനായി മമ്മൂട്ടി നീക്കിവച്ചു. അങ്ങനെ 12 ദിവസത്തിനുള്ളില്‍ കയ്യൊപ്പ് പൂര്‍ത്തിയായി.
കയ്യൊപ്പില്‍ മമ്മൂട്ടി പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചതെന്ന് ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാവുമായ രഞ്ജിത്ത് പറഞ്ഞു. ചന്ദ്രോത്സവം, പ്രജാപതി എന്നീ ചിത്രങ്ങളുടെ വന്‍പരാജയത്തിനു ശേഷം സ്വയം നിര്‍മിച്ച് രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ മമ്മൂട്ടി പ്രതിഫലം വേണ്ടെന്നുവച്ചു.
ജനവരി 12നാണ് കയ്യൊപ്പ് തിയേറ്ററുകളിലെത്തുന്നത്. ഒരു മണിക്കൂര്‍ 40 മിനുട്ട് മാത്രമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. സംവിധായകന്‍ ലാല്‍ ജോസിന്റെ നേതൃത്വത്തിലുള്ള പവര്‍ടെക് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.


Click it and Unblock the Notifications