ലോഹിതദാസിന് വിലക്ക്
ലോഹിതദാസിന് വിലക്ക്
ജനവരി 03, 2005
കോഴിക്കോട്: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ലോഹിതദാസിന് വിലക്കേര്‍പ്പെടുത്താന്‍ നിര്‍മാതാക്കളുടെ സംഘടന തീരുമാനിച്ചു. നിര്‍മാതാവായ മിലന്‍ ജലീലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ലോഹിതദാസിന് വിലക്കേര്‍പ്പെടുത്താനുള്ള തീരുമാനം.
ലോഹിതദാസിനെ കൊണ്ട് സിനിമ സംവിധാനം ചെയ്യിക്കുകയോ അദ്ദേഹത്തില്‍ നിന്ന് തിരക്കഥ ആവശ്യപ്പെടുകയോ ചെയ്യരുതെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
ജയറാമിനെ നായകനാക്കി മൂന്ന് വര്‍ഷം മുമ്പ് നിര്‍മിക്കാനിരുന്ന ചിത്രത്തിന് തിരക്കഥ നല്‍കാമെന്ന് പറഞ്ഞിരുന്ന ലോഹിതദാസ് തിരക്കഥയെഴുതി നല്‍കുകയോ അഡ്വാന്‍സായി വാങ്ങിയ ഒരു ലക്ഷം രൂപ തിരികെ നല്‍കുകയോ ചെയ്തില്ലെന്നാണ് മിലന്‍ ജലീലിന്റെ പരാതി. ഈ ചിത്രത്തിനായി ഗാനങ്ങളും മറ്റും റെക്കോഡ് ചെയ്തിരുന്നതിനാല്‍ തനിക്ക് വന്‍തുക നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി ലോഹിതദാസ് 12 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് മിലന്‍ ജലീലിന്റെ ആവശ്യം.
അതേ സമയം തന്നോട് യാതൊരു വിശദീകരണവും തേടാതെയാണ് വിലക്കേര്‍പ്പെടുത്തിയതെന്ന് ലോഹിതദാസ് പറഞ്ഞു. വിദേശയാത്ര മൂലം തിരക്കഥാ രചനയ്ക്ക് തടസം നേരിട്ടിരുന്നു. തിരിച്ചെത്തിയതിന് ശേഷം തിരക്കഥ പൂര്‍ത്തിയാക്കാമെന്ന ജലീലിന് ഉറപ്പുനല്‍കിയിരുന്നതാണ്.
ജലീല്‍ നിര്‍മിച്ച സൂത്രധാരന്‍ എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തതിന് പ്രതിഫലമായി ലഭിച്ച ഒരു ലക്ഷം രൂപയുടെ ചെക്ക് ഇതുവരെ മാറിയിട്ടില്ല. എങ്കിലും അഡ്വാന്‍സായി ലഭിച്ച ഒരു ലക്ഷം രൂപ തിരികെ നല്‍കാന്‍ താന്‍ തയ്യാറാണ്- ലോഹിതദാസ് വ്യക്തമാക്കി.
കലാരംഗത്തു നിന്ന് പിന്‍മാറില്ലെന്നും തിയേറ്ററുകളില്‍ റിലീസിംഗ് ആവശ്യമില്ലാത്ത ചെറുസിനിമകളോ സീരിയലുകളോ നാടകങ്ങളോ ചെയ്തു മുന്നോട്ടുപോവുമെന്നും ലോഹിതദാസ് പറഞ്ഞു.
മാക്ട തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ ചില ഉരസലുകളാണ് ലോഹിതദാസിന് വിലക്കേര്‍പ്പെടുത്തിയതിന് പിന്നിലെന്ന് ആരോപണമുണ്ട്. ജയറാമിനെ നായകനാക്കി നിര്‍മിക്കാന്‍ ഉദ്ദേശിച്ചിരുന്ന ചിത്രത്തിന്റെ ഗാനങ്ങള്‍ മിലന്‍ ജലീല്‍ തന്നെ നിര്‍മിച്ച യാത്രക്കാരുടെ ശ്രദ്ധക്ക് എന്ന ചിത്രത്തിന് വേണ്ടി ഉപയോഗിച്ചിരുന്നുവെന്നും സിനിമാപ്രവര്‍ത്തകര്‍ പറയുന്നു.


Click it and Unblock the Notifications