ഭ്രാന്തനായി ദിലീപ്
ഭ്രാന്തനായി ദിലീപ്
ജനവരി 04, 2003
ജയരാജ് സംവിധാനം ചെയ്യുന്ന തിളക്കത്തില്‍ ദിലീപ് ഭ്രാന്തനായി അഭിനയിക്കുന്നു. കുഞ്ഞിക്കൂനനു ശേഷം ദിലീപ് അവതരിപ്പിക്കുന്ന വ്യത്യസ്ത കഥാപാത്രമാണ് തിളക്കത്തിലെ ഭ്രാന്തന്‍ ഉണ്ണി.
കുട്ടിക്കാലത്ത് നാടുവിട്ടുപോയ ഉണ്ണി 20 വര്‍ഷത്തിന് ശേഷം അഛനമ്മമാരുടെ അടുത്തേക്ക് തിരിച്ചെത്തി. എന്നാല്‍ അവന് ബുദ്ധിഭ്രമമുണ്ടെന്ന് അറിഞ്ഞതോടെ അവര്‍ തളര്‍ന്നു. അവന്റെ മനോരോഗം മാറ്റാന്‍ പല ചികിത്സകളും നടത്തി.
നീണ്ട ചികിത്സകള്‍ക്കു ശേഷം രോഗം മാറി. രോഗം മാറുന്നതോടെ എല്ലാ പ്രശ്നങ്ങളും തീരുമെന്ന് കരുതിയ അഛനമ്മമാര്‍ക്ക് തെറ്റി. രോഗം മാറിയപ്പോള്‍ അവന്‍ അഛനെയും അമ്മയെയും തിരിച്ചറിഞ്ഞില്ല. പണ്ട് നാടുവിട്ടുപോയ ഗ്രാമത്തില്‍ അഛനെയും അമ്മയെയും തേടി അവന്‍ പോവുകയും ചെയ്തു.
അതിനിടയില്‍ അവന്റെ സ്നേഹം തേടി ഒരാള്‍ കൂടിയെത്തിയിരുന്നു- അമ്മു.
അഛനും അമ്മയുമായി അഭിനയിക്കുന്നത് നെടുമുടി വേണുവും കെ. പി. എ. സി. ലളിതയുമാണ്. അമ്മുവിനെ അവതരിപ്പിക്കുന്നത് കാവ്യാ മാധവനാണ്.
ജയരാജിന്റെ കരുണത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വാവച്ചനും ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, നിഷാന്ത് സാഗര്‍, കൊച്ചു പ്രേമന്‍, മാമുക്കോയ, മച്ചാന്‍ വര്‍ഗീസ്, ജനാര്‍ദനന്‍, ബിന്ദുപണിക്കര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
ഹാസ്യ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള റാഫി മെക്കാര്‍ട്ടിനാണ് തിളക്കത്തിന്റെ തിരക്കഥ രചിക്കുന്നത്. ഗൗരവമുള്ള പ്രമേയം നര്‍മത്തിന്റെ പശ്ചാത്തലത്തിലാണ് ജയരാജ്-റാഫി മെക്കാര്‍ട്ടിന്‍ ടീം അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications