twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുരേഷ്ഗോപി ആശങ്കയില്‍

    By Super
    |

    ഭരത്ചന്ദ്രന്റെ ഐപിഎസിന്റെ വിജയത്തോടെ അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയ സുരേഷ് ഗോപി ജാഗ്രത പാലിക്കണമെന്നൊരു നിര്‍ദേശം ഞങ്ങള്‍ നേരത്തെ നല്‍കിയിരുന്നതാണ്. സൂക്ഷിച്ചില്ലെങ്കില്‍ തന്റെ കരിയറില്‍ നേരത്തെയുണ്ടായ പതനം ആവര്‍ത്തിക്കുന്നതിന് സാക്ഷിയാവേണ്ടിവരുമെന്ന മുന്നറിയിപ്പായിരുന്നു ഞങ്ങള്‍ നല്‍കിയിരുന്നത്. ആ മുന്നറിയിപ്പ് ഇപ്പോള്‍ യാഥാര്‍ഥ്യമാവുകയാണോ? അതെ, സുരേഷ് ഗോപി ഭയന്നു തുടങ്ങിയിരിക്കുന്നു.

    സിനിമയിലെ പൊലീസ് വേഷമെന്നു കേട്ടാല്‍ ആദ്യം സുരേഷ് ഗോപിയെ ഓര്‍മ വരുന്ന ഒരു കാലമുണ്ടായിരുന്നു. കമ്മിഷണര്‍, ഏകലവ്യന്‍ തുടങ്ങി ഒരു പിടി ചിത്രങ്ങളിലെ തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ മൂന്നാമത്തെ സൂപ്പര്‍താരം എന്ന വിശേഷണം സ്വയമെടുത്തു ചാര്‍ത്തിയ സുരേഷ് ഗോപിയുടെ പതനവും പെട്ടെന്നായിരുന്നു. സുരേഷ് ഗോപി ആവര്‍ത്തനവിരസത ജനിപ്പിക്കുന്ന കഥാപാത്രങ്ങളില്‍ മുഴുകി രസിച്ചിരുന്നപ്പോള്‍ ഒരു സൂപ്പര്‍താരത്തിന്റെ തകര്‍ച്ച ആരംഭിക്കുകയായിരുന്നു.

    മൂന്നു വര്‍ഷത്തോളം സിനിമയുടെ മുഖ്യധാരയില്‍ നിന്ന് പുറത്തുനില്‍ക്കേണ്ടിവന്ന ഗതികേടിലാണ് സുരേഷ് ഗോപി ചെന്നെത്തിയത്. പിന്നെ, ഭരത്ചന്ദ്രന്‍ ഐപിഎസിലൂടെ അവിശ്വസനീയമായ തിരിച്ചുവരവ്. ചിത്രം വിജയമായതോടെ സുരേഷ് ഗോപിക്ക് വീണ്ടും തിരക്കേറി. അദ്ദേഹം നായകനായ അരഡസനോളം ചിത്രങ്ങളുടെ ജോലികള്‍ പുരോഗമിക്കുന്നു.

    എന്നാല്‍ പഴയപടി പൊലീസ് വേഷങ്ങളുടെ ആവര്‍ത്തനം തുടര്‍ന്നാല്‍ പഴയ ദുര്യോഗം വീണ്ടും നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പാണ് ഞങ്ങള്‍ നല്‍കിയിരുന്നത്. കഥാപാത്രങ്ങള്‍ സ്വീകരിക്കുന്നതില്‍ സൂക്ഷിച്ച് തീരുമാനങ്ങളെടുത്തില്ലെങ്കില്‍ ആവര്‍ത്തിക്കുന്ന വേഷങ്ങള്‍ കണ്ട് പ്രേക്ഷകര്‍ക്ക് വീണ്ടും ചെടിക്കാനും വിജയകഥ വീണ്ടും പഴങ്കഥയാവാനും അധികം സമയമൊന്നും വേണ്ട.

    ഞങ്ങളുടെ മുന്നറിയിപ്പ് ശരിയാവുകയാണെന്ന സൂചനയാണ് ഇപ്പോള്‍ ടൈഗറിന്റെ പരാജയം തെളിയിക്കുന്നത്. ഭരത്ചന്ദ്രനു പിന്നാലെ സുരേഷ് ഗോപി വീണ്ടും പൊലീസ് വേഷത്തിലെത്തിയ ഈ ചിത്രം ശക്തമായ കഥയുടെയോ തിരക്കഥയുടെയോ പിന്‍ബലമില്ലാത്തതിനാല്‍ പരാജയമായി. ഭരത്ചന്ദ്രനു ശേഷം സുരേഷ് ഗോപിക്കു നേരിടേണ്ടിവന്ന ആദ്യത്തെ തിരിച്ചടി. തന്റെ രണ്ടാം വരവിലും സുരേഷ് ഗോപി ടൈപ്പ് ചെയ്യപ്പെടുന്നത് മറ്റൊരു പതനത്തിലേക്കാണോ അദ്ദേഹത്തെ നയിക്കുക എന്ന ഞങ്ങളുടെ ആശങ്ക തെറ്റായിരുന്നില്ലെന്ന് തെളിയിക്കുന്നതാണ് ടൈഗറിന് നേരിടേണ്ടിവന്ന പരാജയം.

    ടൈഗറിന്റെ പരാജയം സുരേഷ് ഗോപിയെ ആശങ്കയിലാഴ്ത്തിയിരിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. തന്റെ അടുത്ത ചിത്രങ്ങള്‍ ഒരുക്കുകയും പ്രദര്‍ശനത്തിനെത്തിക്കുകയും ചെയ്യുന്നത് ശ്രദ്ധാപൂര്‍വം വേണമെന്ന തീരുമാനത്തിലാണ് അദ്ദേഹം. അടുത്ത ചിത്രങ്ങളുടെ ഷെഡ്യൂളുകള്‍ അദ്ദേഹം മാറ്റിയത് ഈ തീരുമാനത്തിന്റെ ഭാഗമാണത്രെ.

    ഇതനുസരിച്ച് ജനവരി 21ന് റിലീസിംഗ് തീരുമാനിച്ചിരുന്ന രാഷ്ട്രം പ്രദര്‍ശനത്തിനെത്തിക്കുന്നത് ഫിബ്രവരി മധ്യത്തിലേക്ക് മാറ്റി. എ.കെ.സാജന്‍ സംവിധാനം ചെയ്യുന്ന ലങ്ക എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെയാക്കുകയും ചെയ്തു. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമായ ചിന്താമണി കൊലക്കേസിന്റെ ചിത്രീകരണവും നേരത്തെ തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്.

    ഷെഡ്യൂളുകള്‍ അഴിച്ചുപണിതാലും കഴമ്പില്ലാത്ത കഥകള്‍ പ്രേക്ഷകര്‍ നിരാകരിക്കുമെന്ന വസ്തുത സുരേഷ് ഗോപി മറക്കാതിരിക്കുക. അണിയറയില്‍ തന്നെ കാത്തിരിക്കുന്ന പൊലീസ് വേഷങ്ങളുടെ കഥകള്‍ക്ക് എത്രത്തോളം കഴമ്പുണ്ടെന്ന് പുനരാലോചന നടത്തുകയാണ് സുരേഷ്ഗോപി ആദ്യം ചെയ്യേണ്ടത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X