നായിക കാവ്യയെങ്കില്‍ ഗാനരംഗം വിദേശത്ത്
നായിക കാവ്യാ മാധവനെങ്കില്‍ ഗാനചിത്രീകരണം വിദേശത്തു വച്ചു തന്നെയാവണമെന്ന് ദിലീപിന് നിര്‍ബന്ധമുണ്ടോ? ദിലീപിന്റെ റണ്‍വേയിലെയും ലയേണിലെയും ഗാനരംഗങ്ങള്‍ വിദേശത്തു ചിത്രീകരിച്ചിരുന്നു. ഇപ്പോള്‍ ഇന്‍സ്പെക്ടര്‍ ഗരുഡിന്റെ ഗാനചിത്രീകരണത്തിനായി ദിലീപും കാവ്യയും വിദേശത്താണ്.
മുമ്പ് പല മലയാള ചിത്രങ്ങളും വിദേശത്ത് ചിത്രീകരിച്ചിരുന്നെങ്കിലും ഹിന്ദിയെയും തമിഴിനെയും അനുകരിച്ച് ഗാനരംഗങ്ങള്‍ ചിത്രീകരിക്കാനായി വിദേശരാജ്യങ്ങളിലെ ലൊക്കേഷനുകള്‍ തേടിപ്പോവുന്ന പ്രവണതക്ക് തുടക്കമിട്ടത് ഈയിടെയാണ്. കമലിന്റെ സ്വപ്നക്കൂട്, മഞ്ഞു പോലൊരു പെണ്‍കുട്ടി എന്നീ ചിത്രങ്ങളുടെ ഗാനരംഗങ്ങള്‍ വിദേശത്ത് ചിത്രീകരിച്ചു. സൂപ്പര്‍താര സാന്നിധ്യമില്ലാത്ത, വന്‍ബജറ്റിലൊരുക്കി വന്‍ലാഭം പ്രതീക്ഷിച്ചിറക്കുന്ന ചിത്രങ്ങളല്ലായിരുന്നിട്ടും ഈ ചിത്രങ്ങളുടെ ഗാനരംഗങ്ങള്‍ക്ക് പശ്ചാത്തലമായി യൂറോപ്പ് തന്നെ വേണമെന്ന് സംവിധായകന്‍ കമലിന് നിര്‍ബന്ധമുണ്ടായിരുന്നു.
പിന്നീട് ദിലീപും തന്റെ ചിത്രങ്ങളുടെ ഗാനരംഗങ്ങള്‍ വിദേശത്ത് ചിത്രീകരിക്കുന്ന പതിവ് തുടങ്ങി. ജോഷിയുടെ റണ്‍വേയിലായിരുന്നു ആദ്യം. സിങ്കപ്പൂരില്‍ വച്ച് ചിത്രീകരിച്ച ഗാനരംഗം സംവിധാനം ചെയ്യാന്‍ ലാല്‍ ജോസിനെ ഏല്പിക്കുകയായിരുന്നു.
പിന്നീട് ദിലീപ് ജോഷിയുടെ തന്നെ ചിത്രമായ ലയേണിന്റെ ഗാനചിത്രീകരണത്തിനും വിദേശലൊക്കേഷന്‍ തേടിപ്പോയി. ന്യൂസിലാന്റില്‍ വച്ചായിരുന്ന ചിത്രീകരണം. ഇപ്പോഴിതാ പുതിയ ചിത്രമായ ഇന്‍സ്പെക്ടര്‍ ഗരുഡിലെ ഗാനരംഗം ചിത്രീകരിക്കുന്നതിനായി ദിലീപ് ആസ്ത്രേല്യയിലേക്ക് തിരിച്ചിരിക്കുന്നു.
മൂന്ന് ചിത്രങ്ങളിലും നായിക കാവ്യാ മാധവനാണെന്നതാണ് പ്രത്യേകത. ഇതിനിടയില്‍ ദിലീപ് മറ്റ് നായികമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും ആ ചിത്രങ്ങളുടെ ഗാനരംഗങ്ങളൊന്നും വിദേശത്ത് ചിത്രീകരിച്ചിട്ടില്ല. ലയേണിനു ശേഷം ദിലീപിന്റെ ചക്കരമുത്തില്‍ കാവ്യ തന്നെയായിരുന്നു നായികയെങ്കിലും ആ ചിത്രത്തിലെ ഗാനരംഗത്തിനായി വിദേശത്ത് പോയില്ല. ദിലീപ് പൊട്ടനായി അഭിനയിക്കുന്ന ചിത്രത്തിലെ ഗാനരംഗം വിദേശത്ത് ചിത്രീകരിക്കുന്നതില്‍ അനൗചിത്യമുണ്ടല്ലോ....


Click it and Unblock the Notifications