വ്യാജ കാസറ്റും പ്രക്ഷേപണവും സിനിമയെ തളര്‍ത്തുന്നു
വ്യാജ കാസറ്റും പ്രക്ഷേപണവും സിനിമയെ തളര്‍ത്തുന്നു
ജനവരി 05, 2001
കൊച്ചി: വ്യാജ വീഡിയോ കാസറ്റുകളും കേബിള്‍ ടിവികള്‍ അനധികൃതമായി സിനിമ പ്രദര്‍ശിപ്പിക്കുന്നതും മലയാള സിനിമയ്ക്ക് വലിയ ഭീഷണിയായിരിക്കുന്നുവെന്ന് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ്.
പുതിയ ചിത്രങ്ങളുടെ വ്യാജ കസറ്റുകളും പ്രക്ഷേപണവും സിനിമാ തിയേറ്ററില്‍ എത്തുന്ന ആളുകളുടെ കാര്യമായ കുറവു വരുത്തിയിരിക്കുന്നു. ഇതിന്റെ നഷ്ടം അനുഭവിക്കുന്നു സിനിമാ നിര്‍മ്മാതാക്കളും വിതരണക്കാരും മറ്റുമാണ് - ചേംബറിന്റെ ഭാരവാഹികളായ സി.ആര്‍. രാമദാസും അബ്ദുള്‍ അസീസും വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
ഇക്കാരണം കൊണ്ട് സര്‍ക്കാരിനും മറ്റു സ്ഥാപനങ്ങള്‍ക്കും നഷ്ടമുണ്ടാകുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. ഇങ്ങനെ ചിത്രം പ്രദര്‍ശിപ്പിക്കുമ്പോള്‍ സര്‍ക്കാരിന് കിട്ടേണ്ട വിനോദ നികുതിയില്‍ കാര്യമായ കുറവുവരുന്നു.
അനധികൃതമായി വീഡിയോ കാസറ്റുകള്‍ ഉണ്ടാക്കുന്നതും കേബിള്‍ ടിവികളിലൂടെയുള്ള അവയുടെ പ്രക്ഷേപണം തടയുന്നതിനും പൊലീസിനെ സഹായിക്കാനായി ചേംബര്‍ ഒരു സെല്‍ രൂപീകരിച്ചിട്ടുണ്ട്. വ്യാജ കാസറ്റുകള്‍ വീട്ടില്‍ വെച്ച് കാണുന്നത് ഇന്ത്യന്‍ കോപ്പിറൈറ്റ് നിയമപ്രകാരം കുറ്റമാണെന്ന കാര്യവും ചേംബര്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications