»   » കൃഷ്ണലീലയുമായി പ്രിയനും ദിലീപും

കൃഷ്ണലീലയുമായി പ്രിയനും ദിലീപും

Posted By:
Subscribe to Filmibeat Malayalam

കൃഷ്ണലീലയുമായി പ്രിയനും ദിലീപും
ജനവരി 05, 2004

ദിലീപിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് കൃഷ്ണലീല എന്ന് പേരിട്ടു.

ചിത്രത്തില്‍ തമിഴ്-തെലുങ്ക് നടി സോണിയ അഗര്‍വാളാണ് നായിക. തമിഴിലെ പുതിയ താരമായ ധനുഷിന്റെ കാതല്‍ കൊണ്ടേനിലൂടെയാണ് സോണിയ അഗര്‍വാള്‍ ശ്രദ്ധേയയായത്.

പ്രിയദര്‍ശന്റെ കഥയ്ക്ക് ഉദയ്കൃഷ്ണ- സിബി. കെ തോമസ് ടീമാണ് തിരക്കഥ രചിക്കുന്നത്. ദിലീപിന്റെ ശുപാര്‍ശ പ്രകാരമാണത്രെ ചിത്രത്തിന്റെ തിരക്കഥ രചിക്കാന്‍ ഉദയ്കൃഷ്ണ- സിബി. കെ തോമസ് ടീമിനെ നിയോഗിച്ചത്. ദിലീപിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ സിഐഡി മൂസയുടെ തിരക്കഥ രചിച്ചത് ഉദയ്കൃഷ്ണ- സിബി. കെ തോമസ് ആണ്.

ദിലീപിനെ നായകനാക്കി ആദ്യമായാണ് പ്രിയദര്‍ശന്‍ ഒരു ചിത്രം ഒരുക്കുന്നത്. മമ്മൂട്ടി നായകനായ മേഘമാണ് ദിലീപ് നേരത്തെ അഭിനയിച്ചിട്ടുള്ള ഏക പ്രിയന്‍ ചിത്രം.

മോഹന്‍ലാല്‍ നായകനായ രണ്ട് ചിത്രങ്ങളുടെ പരാജയത്തിന് ശേഷമാണ് പ്രിയദര്‍ശന്‍ ദിലീപ് ചിത്രമൊരുക്കുന്നത്. പ്രിയന്‍-മോഹന്‍ലാല്‍ ടീമിന്റെ ഏറ്റവും ഒടുവിലത്തെ ചിത്രങ്ങളായ കാക്കക്കുയില്‍, കിളിച്ചുണ്ടന്‍മാമ്പഴം എന്നിവ വലിയ വിജയം നേടിയിരുന്നില്ല.

കലാഭവന്‍ മണി ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹാസ്യത്തിന്റെ പശ്ചാത്തലത്തില്‍ ഒരു പ്രണയകഥയാണ് കൃഷ്ണലീല പറയുന്നത്. സുരേഷ്കുമാറാണ് ചിത്രം നിര്‍മിക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X