മായാമോഹനചന്ദ്രനില്‍ കുഞ്ചാക്കോ-മീരാ ജാസ്മിന്‍
മായാമോഹനചന്ദ്രനില്‍ കുഞ്ചാക്കോ-മീരാ ജാസ്മിന്‍
ജനവരി 06, 2002
കുഞ്ചാക്കോ ബോബനെ നായകനാക്കി ഷിബു സംവിധാനം ചെയ്യുന്ന ചിത്രത്തിന് മായാമോഹനചന്ദ്രന്‍ എന്ന് പേരിട്ടു. നേരത്തെ ഈ ചിത്രത്തിന് പോസ്റ്മാനെ കാണാനില്ല എന്ന് പേരിടാനായിരുന്നു തീരുമാനിച്ചിരുന്നത്.
സൂത്രധാരനിലൂടെ അരങ്ങേറ്റം നടത്തിയ മീരാ ജാസ്മിന്‍ ആണ് ചിത്രത്തിലെ നായിക. സത്യന്‍ അന്തിക്കാടിന്റെ സഹസംവിധായകാനായി പ്രവര്‍ത്തിച്ചിട്ടുള്ള ഷിബു ആദ്യമായാണ് സ്വതന്ത്ര സംവിധായകനാവുന്നത്. ഷിബു തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും രചിക്കുന്നത്.
നാട്ടിന്‍പുറത്തെ പോസ്റ്മാനായ ശരത്ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. എല്ലാവര്‍ക്കും പ്രിയങ്കരനായ ശരത്ചന്ദ്രന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന മായ എന്ന പെണ്‍കുട്ടിയുടെ വേഷത്തില്‍ മീരാ ജാസ്മിനും.
മുകേഷ്, ജഗതി ശ്രീകുമാര്‍, ജഗദീഷ്, ചാരുഹാസന്‍, മാമുക്കോയ, ബിജു മേനോന്‍, നെടുമുടി വേണു, ഇന്നസെന്റ്, കൊച്ചിന്‍ ഹനീഫ്, മാള അരവിന്ദന്‍, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, കെ. പി. എ. സി. ലളിത, സിന്ധു എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് ഇളയരാജ സംഗീതം പകരുന്നു. ക്യാമറ സാലു ജോര്‍ജ്. സൗരവ് ആര്‍ട്സിനു വേണ്ടി സുരേഷും അര്‍ജുനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications