ജയറാമിന്റെ വിവേക്, ഇന്ദ്രജിത്തിന്റെ കിഷോര്‍
ജയറാമിന്റെ വിവേക്, ഇന്ദ്രജിത്തിന്റെ കിഷോര്‍
ജനവരി 06, 2005
വളരെ വ്യത്യസ്തമായ രീതിയില്‍ കുറ്റാന്വേഷണ കഥ പറയുന്ന ചിത്രമാണ് സതീഷ്പോള്‍ സംവിധാനം ചെയ്യുന്ന ഫിംഗര്‍പ്രിന്റ്. വിവേക് ശങ്കര്‍, കിഷോര്‍ വര്‍മ എന്നീ പൊലീസ് ഓഫീസര്‍മാരായി ജയറാമും ഇന്ദ്രജിത്തും ഈ ചിത്രത്തിലുടനീളം നിറഞ്ഞുനില്‍ക്കുന്നു.
രാമവര്‍മ തമ്പുരാന്റെ അനന്തരവന്‍മാരാണ് വിവേക് ശങ്കറും കിഷോര്‍ വര്‍മയും. തമ്പുരാന്റെ മകളായ പ്രീതി ഇരുവരുടെ മുറപ്പെണ്ണാണ്.
വ്യത്യസ്തസ്വഭാവക്കാരാണ് വിവേകും കിഷോറും. വിവേക് ശങ്കര്‍ കഷ്ടകാലത്തിന് പൊലീസില്‍ വന്നുപെട്ടുവെന്ന് കരുതുന്ന ആളാണെങ്കില്‍ പൊലീസ് ഓഫീസറാവാന്‍ ജനിച്ചയാളാണ് എന്ന വിശ്വാസമാണ് കിഷോര്‍ വര്‍മക്ക്.
മറ്റുള്ളവരുടെ മുന്നില്‍ കോമാളിയാണെന്ന് വിശ്വസിക്കുന്ന വിവേക് ശങ്കര്‍ എത്രയും പെട്ടെന്ന് റവന്യു വിഭാഗത്തിലേക്ക് മാറണമെന്ന് ആഗ്രഹിക്കുന്നയാളാണ്. ഇഷ്ടമില്ലാത്ത ജോലിയാണ് ചെയ്യുന്നതെങ്കിലും കൃത്യനിര്‍വഹണത്തില്‍ അയാള്‍ ഏറെ ശ്രദ്ധേ കാട്ടാറുണ്ട്. അതീവബുദ്ധിമാനായ പൊലീസ് ഓഫീസറാണ് അയാള്‍.
താന്‍ പൊലീസ് ഓഫീസറാവാന്‍ ജനിച്ചയാളാണെന്ന് വിശ്വസിക്കുന്ന കിഷോര്‍ വര്‍മ നോട്ടത്തിലും ഭാവത്തിലുമൊക്കെ പൊലീസ് ഓഫീസറുടെ ഗാംഭീര്യം നിലനിര്‍ത്താന്‍ ശ്രമിക്കുന്നയാളാണ്. വിവേക് ശങ്കറുടേതിന് നേരെ വിപരീതമായ സ്വഭാവമാണ് അയാളുടേത്.
നിഗൂഢമായ സാഹചര്യത്തില്‍ കൊട്ടാരത്തിലെ ഒരംഗം കൊല്ലപ്പെടുന്നു. വിവേകിനും കിഷോറിനുമാണ് അന്വേഷണ ചുമതല. പ്രതിസന്ധികളെ അതിജീവിച്ച് കൊലപാതകിയെ കണ്ടെത്താന്‍ വിവേകും കിഷോറും നടത്തുന്ന ശ്രമങ്ങളുടെ കഥയാണ് ഫിംഗര്‍പ്രിന്റ് പറയുന്നത്.
തമ്പുരാനായി നെടുമുടി വേണുവും പ്രീതിയായി ഗോപികയുമാണ് വേഷമിടുന്നത്. സായ്കുമാര്‍, ഇന്ദ്രന്‍സ്, മാള അരവിന്ദന്‍, ഉണ്ണി ശിവപാല്‍, മുരളിമേനോന്‍, ടോം ജോര്‍ജ്, സിറാജ്, സക്കറിയ, ജോജു തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.
ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നുവരികയാണ്. സംവിധായകനായ സിദ്ദിക്കാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സൂപ്പര്‍ ഹിറ്റായ ഫോര്‍ ദി പീപ്പിളിന്റെ നിര്‍മാതാവ് സാബു ചെറിയാനാണ് ആനന്ദഭൈരവിയുടെ ബാനറില്‍ ചിത്രം നിര്‍മിക്കുന്നത്. പാട്ടുകളൊന്നുമില്ല എന്ന സവിശേഷതയുണ്ട് ചിത്രത്തിന്.


Click it and Unblock the Notifications