മുക്കുവന്റെ വേഷത്തില്‍ മോഹന്‍ലാല്‍
മുക്കുവന്റെ വേഷത്തില്‍ മോഹന്‍ലാല്‍
ജനവരി 09, 2005
അഭിനയജീവിതത്തില്‍ പുതുമകള്‍ തേടുന്ന മോഹന്‍ലാല്‍ സമുദ്രം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മുക്കുവനായാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ വേഷമിടുന്നത്.
ടിവി സീരിയല്‍ രംഗത്തെ പ്രമുഖ സംവിധായകനായ എസ്. ജനാര്‍ദനന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ മുക്കുവനാവുന്നത്. ഇസഹാക്ക് എന്നാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. രണ്ട് കടലോര ഗ്രാമങ്ങള്‍ തമ്മിലുള്ള പകയുടെ കഥ പറയുന്ന ചിത്രത്തില്‍ ഒരു ഗ്രാമത്തിലെ മുക്കുവന്‍മാരുടെ നേതാവായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്. ജൂണില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.
മുക്കുവനായി മോഹന്‍ലാല്‍ വേഷമിടുന്നത് ആദ്യമായാണ്. മലയാളത്തിലെ പ്രഗത്ഭ നടന്‍മാരില്‍ പലരും മുക്കുവനായി വേഷമിട്ടിട്ടുണ്ട്. ചെമ്മീനില്‍ സത്യനും കൊട്ടാരക്കരയും അമരത്തില്‍ മമ്മൂട്ടിയും മുക്കുവനായി അഭിനയിച്ചിട്ടുണ്ട്.
നേരത്തെ ഹരിശ്രീ എന്ന പേരില്‍ ഒരു ചിത്രം മോഹന്‍ലാലിനെ നായകനാക്കി ഒരുക്കാന്‍ എസ്. ജനാര്‍ദനന്‍ പദ്ധതിയിട്ടിരുന്നു. സൗന്ദര്യയെയാണ് നായികയാക്കാന്‍ ഉദ്ദേശിച്ചിരുന്നത്. സൗന്ദര്യയുടെ മരണത്തെ തുടര്‍ന്ന് ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.


Click it and Unblock the Notifications