വിഷു ചിത്രങ്ങള്‍ തുടങ്ങുന്നു
വിഷു ചിത്രങ്ങള്‍ തുടങ്ങുന്നു
ജനവരി 9, 2006
മലയാളചലച്ചിത്ര വ്യവസായത്തിന് പുതിയ ആവേശം പകര്‍ന്ന വര്‍ഷമാണ് 2005. പത്തോളം ഹിറ്റ് ചിത്രങ്ങള്‍ ജനിച്ച 2005 നല്‍കിയ ഉണര്‍വോടെയാണ് പുതിയ വര്‍ഷത്തിലേക്ക് മലയാള സിനിമ കടക്കുന്നത്. നവോന്മേഷത്തോടെയും മുമ്പ് കണ്ടിട്ടില്ലാത്ത ആത്മവിശ്വാസത്തോടെയാണ് സിനിമാപ്രവര്‍ത്തകര്‍ 2006ല്‍ പുതിയ സിനിമകള്‍ തുടങ്ങുന്നത്.
സൂപ്പര്‍താരങ്ങള്‍ പൂര്‍വാധികം ശക്തിയോടെ മലയാള സിനിമയില്‍ പിടിമുറുക്കിയതോടെ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ദിലീപിനെയും സുരേഷ് ഗോപിയെയും കേന്ദ്രീകരിച്ച് നീങ്ങുകയാണ് മലയാള സിനിമ. 2006ല്‍ ആദ്യം ചിത്രീകരണം തുടങ്ങുന്നതും ഇവരുടെ ചിത്രങ്ങള്‍ തന്നെ. ഈ സിനിമകളെല്ലാം വിഷുവിന് റിലീസ് ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ആരംഭിക്കുന്നത്.
മമ്മൂട്ടി നായകനാവുന്ന ജോണി ആന്റണിയുടെ തുറുപ്പുഗുലാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിഗ് ജനവരി ഒമ്പതിനാണ് തുടങ്ങുന്നത്. 2006ല്‍ തൊമ്മനും മക്കളും, രാജമാണിക്യം എന്നീ ചിത്രങ്ങളില്‍ വിജയകരമായി നര്‍മരംഗങ്ങള്‍ ചെയ്ത് നിറഞ്ഞുനിന്ന മമ്മൂട്ടിയുടെ കോമഡി പ്രധാനമായ മറ്റൊരു ചിത്രമാണിത്. ആക്ഷനും പ്രാധാന്യമുള്ള തുറുപ്പുഗുലാന്‍ മമ്മൂട്ടിയുടെ വിജയക്കുതിപ്പ് തുടരുക എന്ന ലക്ഷ്യത്തോടെ അദ്ദേഹത്തിന്റെ മാനറിസങ്ങള്‍ പരമാവധി ചൂഷണം ചെയ്തൊരുക്കുന്ന കച്ചവട മസാല എന്നു പറയാവുന്ന ചിത്രമാണ്.
2005ല്‍ ഉദയനാണ് താരം, തന്മാത്ര എന്നീ ചിത്രങ്ങളിലെ അഭിനയമികവ് വെളിപ്പെടുത്തുന്ന കഥാപാത്രങ്ങളിലൂടെ നടനെന്ന നിലയില്‍ ഉജ്വലമായ തിരിച്ചുവരവ് നടത്തിയ മോഹന്‍ലാല്‍ അഭിനയസാധ്യതയുള്ള മറ്റൊരു ചിത്രത്തിലൂടെയാണ് പുതുവര്‍ഷം തുടങ്ങുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നത് ജനവരി 10നാണ്. വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ.
അച്ചുവിന്റെ അമ്മക്കു ശേഷം മീരാജാസ്മിന്‍ നായികയാവുന്ന മലയാള ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. ഭരത്ഗോപി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഇന്നസെന്റ്, ജഗതി തുടങ്ങിയ പ്രമുഖതാരങ്ങളും വേഷമിടുന്നു. സത്യന്‍ അന്തിക്കാട് തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രം ഏപ്രില്‍ ഏഴിന് റിലീസ് ചെയ്യും.
ടൈഗറിനു ശേഷം സുരേഷ് ഗോപിയെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രമായ ചിന്താമണി കൊലക്കേസിന്റെ ഷൂട്ടിംഗ് ജനവരി ഒമ്പതിനാണ് തുടങ്ങുന്നത്. എ.കെ.സാജനാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. രഞ്ജിത് നിര്‍മിക്കുന്ന ചിത്രം വിഷുവിന് ഹിറ്റ് ചിത്രങ്ങളുടെ വിതരണക്കാരെന്ന് പേരെടുത്ത ലാല്‍ ക്രിയേഷന്‍സാണ് തിയേറ്ററുകളിലെത്തിക്കുന്നത്.
ദിലീപ് ഇരട്ടവേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന കമല്‍ ചിത്രം പച്ചക്കുതിരയുടെ ചിത്രീകരണവും ജനവരിയില്‍ തുടങ്ങും. ചാന്തുപൊട്ടിനു ശേഷം ദിലീപും ഗോപികയും നായികനായകന്‍മാരാകുന്ന ചിത്രമാണിത്. നര്‍മപ്രധാനമായി ഒരുക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിക്കുന്നത് ടി.എ.ഷാഹിദാണ്.


Click it and Unblock the Notifications