നയന്‍താരയും മംമ്തയും ശീതസമരത്തില്‍?
അസിനും നയന്‍താരയും തമ്മിലുള്ള പോരിന്റെ കഥകള്‍ തമിഴ് സിനിമാ പ്രസിദ്ധീകരണങ്ങള്‍ക്ക് ഇഷ്ടവിഭവങ്ങളായിരുന്നു. അസിന്‍ നന്നായി നൃത്തം വയ്ക്കുമെന്നും നയന്‍താരക്ക് നൃത്തം ചെയ്യാന്‍ അറിയില്ലെന്നും നൃത്തസംവിധായിക കല പറഞ്ഞതിനോട് നയന്‍താര പ്രതികരിച്ചത് ക്ഷോഭത്തോടെയാണ്. അസിന്‍ മാത്രമാണോ നൃത്തക്കാരിയെന്ന നയന്‍താരയുടെ ചോദ്യത്തിന് അസിനും ചില മറുപടികള്‍ പറഞ്ഞു. പോരും വിവാദവും മൂത്തു.
മലയാളത്തില്‍ നിന്നും തമിഴിലെത്തി അവിടെ മുന്‍നിരയില്‍ സ്ഥാനമുറപ്പിച്ച രണ്ട് നടിമാര്‍ തമ്മിലാണ് ഈ പോര്. തെലുങ്കിലും സമാനമായ പോര് നടക്കുന്നുണ്ടെത്ര. അവിടെയും ഒരു ഭാഗത്ത് നയന്‍താര തന്നെയാണ്. മലയാളത്തില്‍ നിന്നെത്തിയ മറ്റൊരു നടിയാണ് മറുഭാഗത്ത്- മംമ്ത. മലയാളത്തില്‍ നിന്ന് അന്യഭാഷയിലെത്തിയ നടിമാര്‍ക്ക് പരസ്പരം കണ്ടുകൂടെന്ന് വരുമോ?
ലക്ഷ്മിയിലൂടെ തെലുങ്കിലെത്തിയ നയന്‍താര അവിടെ തിരക്കേറിയ നടിയാണ്. മംമ്ത തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്നതേയുള്ളൂ. യമദംഗ എന്ന ചിത്രത്തിലൂടെയാണ് മംമ്തയുടെ തെലുങ്കിലെ തുടക്കം. മംമ്തയെ നയന്‍താര ഒരു പ്രതിയോഗിയായി ഇപ്പോഴെ കണ്ടുതുടങ്ങിയിരിക്കുന്നുവെന്നാണ് തെലുങ്ക് സിനിമാ ലോകത്തെ സംസാരം.
ഈയിടെ തെലുങ്ക് ചിത്രം യോഗിയുടെ ഷൂട്ടിംഗിനു ശേഷം വിമാനത്തില്‍ ദോഹ വഴി സ്വിറ്റ്സര്‍ലാന്റിലേക്ക് മടങ്ങുന്ന നയന്‍താരയുടെ സഹയാത്രികയായി മംമ്തയുമുണ്ടായിരുന്നു. ഗള്‍ഫില്‍ താമസിക്കുന്ന അച്ഛനമ്മമാരെ കണ്ടതിനു ശേഷം മടങ്ങുകയായിരുന്ന മംമ്ത ദോഹയില്‍ നിന്നാണ് വിമാനത്തില്‍ കയറിയത്. ഹൈദരാബാദ് വരെ ഒരേ വിമാനത്തിലാണ് സഞ്ചരിച്ചതെങ്കിലും ഇരുവരും പരസ്പരം സംസാരിക്കാന്‍ തയ്യാറായില്ലത്രെ.
രണ്ടു പേരും ഒരേ ജനുസില്‍ പെട്ട നടിമാരായതു കൊണ്ടു തന്നെ പരസ്പരം പ്രതിയോഗികളായി കാണുക സ്വാഭാവികം. അന്യഭാഷയിലെത്തിയ മലയാള നടിമാരില്‍ ഗ്ലാമര്‍ പ്രദര്‍ശനത്തില്‍ നയന്‍താരയാണ് മുന്നില്‍. മലയാളചിത്രത്തില്‍ തന്നെ ലോഭമില്ലാതെ ഗ്ലാമര്‍ കാട്ടിയ നടിയാണ് മംമ്ത. നയന്‍താരയെ കടത്തിവെട്ടും വിധം മേനി പ്രദര്‍ശനം നടത്താന്‍ മംമ്ത തയ്യാര്‍. മംമ്ത തെലുങ്കില്‍ ക്ലിക്കായാല്‍ തനിക്ക് ഭീഷണിയാവുമെന്ന് നയന്‍ സ്വാഭാവികമായും കരുതുന്നുണ്ടാവും. എന്നാല്‍ താന്‍ ആര്‍ക്കും ഭീഷണിയല്ലെന്നും ആരോടും മത്സരിക്കാനില്ലെന്നുമാണ് മംമ്ത പറയുന്നത്.


Click it and Unblock the Notifications