twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപിന്റെ പ്രൊജക്ടുകള്‍ അനിശ്ചിതത്വത്തില്‍

    By Staff
    |

    ദിലീപിന്റെ പ്രൊജക്ടുകള്‍ അനിശ്ചിതത്വത്തില്‍
    ജനവരി 10, 2005

    2002ലും 2003ലും സൂപ്പര്‍ഹിറ്റുകളുമായി ജനപ്രിയ നായകന്‍ എന്ന പട്ടം എടുത്തണിയുകയായിരുന്നു ദിലീപ്. സൂപ്പര്‍താരങ്ങള്‍ മങ്ങിപ്പോയപ്പോള്‍ ദിലീപിന്റെ ചിത്രങ്ങള്‍ വന്‍വിജയം നേടി. എന്നാല്‍ 2004ല്‍ ഒരു സൂപ്പര്‍ഹിറ്റ് പോലും ക്രെഡിറ്റിലില്ലാതെ ദിലീപിന്റെ താരപ്രഭ മങ്ങിപ്പോയി. 2005ല്‍ ആകട്ടെ ദിലീപിന്റെ പ്രൊജക്ടുകള്‍ സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.

    ഒട്ടേറെ ചിത്രങ്ങള്‍ അനൗണ്‍സ് ചെയ്തിട്ടുണ്ടെങ്കിലും സൂപ്പര്‍താരങ്ങളെ സംബന്ധിച്ചിടത്തോളം അടുത്ത് അഭിനയിക്കാനിരിക്കുന്ന മൂന്ന് ചിത്രങ്ങളുടെ കാര്യത്തിലെങ്കിലും അവര്‍ക്ക് വ്യക്തമായ പദ്ധതികളുണ്ട്. ഷാജുണ്‍ കാര്യാലിന്റെ വടക്കുംനാഥന്‍ എന്ന ചിത്രത്തില്‍ ഇപ്പോള്‍ അഭിനയിച്ചുവരുന്ന മോഹന്‍ലാല്‍ ആ ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷം ഉദയനാണ് താരത്തിന്റെ ലൊക്കേഷനില്‍ വീണ്ടുമെത്തും. നേരത്തെ ചിത്രീകരണം തുടങ്ങിയ ഈ ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷം ഭദ്രന്റെ ഉടയോന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കും.

    ഷാഫിയുടെ തൊമ്മനും മക്കളും എന്ന ചിത്രത്തില്‍ അഭിനയിച്ചുവരുന്ന മമ്മൂട്ടിയുടെ അടുത്ത ചിത്രം പ്രമോദ് പപ്പന്‍ സംവിധാനം ചെയ്യുന്ന തസ്കരവീരന്‍ ആണ്. ഈ ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷം മമ്മൂട്ടി കമല്‍ ഒരുക്കുന്ന ചിത്രത്തില്‍ അഭിനയിച്ചുതുടങ്ങും.

    2005ലെ ആദ്യപകുതിയില്‍ ചെയ്യേണ്ട ചിത്രങ്ങളെ കുറിച്ച് സൂപ്പര്‍താരങ്ങള്‍ക്ക് വ്യക്തമായ ധാരണയുള്ളപ്പോള്‍ ദിലീപിന്റെ ഈ വര്‍ഷത്തെ ചിത്രങ്ങളേതൊക്കെയെന്ന കാര്യം അനിശ്ചിതത്വത്തിലാണ്. ജോണി ആന്റണി സംവിധാനം ചെയ്യുന്ന കൊച്ചിരാജാവ് ആണ് ദിലീപ് ഈ വര്‍ഷം അഭിനയിക്കുന്ന ആദ്യത്തെ ചിത്രം. ഈ ചിത്രത്തിന്റെ ചിത്രീകരണം കോട്ടയത്ത് തുടങ്ങി. ഈ ചിത്രത്തിന് ശേഷം ദിലീപ് അഭിനയിക്കുന്ന ചിത്രങ്ങളേതൊക്കെയെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.

    റാഫി മെക്കാര്‍ട്ടിന്റെയും ലാല്‍ ജോസിന്റെയും ഐ. വി. ശശിയുടെയും ചിത്രങ്ങളില്‍ ദിലീപ് അഭിനയിക്കുന്നുവെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഈ ചിത്രങ്ങള്‍ എപ്പോള്‍ തുടങ്ങുമെന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല.

    ഷാഫിയുടേതായി ചോട്ടാദാദ എന്ന ദിലീപ് ചിത്രത്തെ കുറിച്ചും നേരത്തെ അറിയിപ്പുണ്ടായിരുന്നതാണ്. എന്നാല്‍ തൊമ്മനും മക്കളും എന്ന മമ്മൂട്ടി ചിത്രത്തിന്റെ ചിത്രീകരണത്തില്‍ വ്യാപൃതനായിരിക്കുന്ന ഷാഫി ദിലീപ് ചിത്രം എന്ന് തുടങ്ങുമെന്ന കാര്യം വ്യക്തമല്ല.

    ലാല്‍ ജോസിന്റേതായി രണ്ടു ദിലീപ് ചിത്രങ്ങളാണ് അനൗണ്‍സ് ചെയ്തിരുന്നത്- അത്ഭുതവിളക്ക്, സിന്‍സിയേര്‍ലി യുവേഴ്സ്. ലാല്‍ജോസ്-ദിലീപ് ടീമിന്റെ ക്രിസ്തുമസ് ചിത്രമായ രസികന്‍ അത്ര നല്ല അഭിപ്രായമല്ല പ്രേക്ഷകരിലുണ്ടാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ലാല്‍ ജോസിന്റെ ഈ ചിത്രങ്ങളെന്ന് തുടങ്ങുമെന്ന കാര്യത്തിലും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X